Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 43

Online Malayalam Novel Neelamizhikal

“ഭദ്രയും ഞാനും ആ വീട്ടിൽ താമസം തുടങ്ങി.. രണ്ടാമത്തെ ദിവസമാണ് ഗുപ്തൻ അത് പറയണത്.. അയാളുടെ അനന്തിരവൾക്കും മകൾക്കും കൂട്ടുകാരിയ്ക്കും സംഗീതം അഭ്യസിക്കണമെന്ന്.. അശ്വതി, ഊർമിള, ഉത്തര.. അശ്വതിയോളം വരില്ലെങ്കിലും ഉത്തരയും ഊർമിളയും സുന്ദരികൾ തന്നായിരുന്നു..നിക്ക് ഇതിൽപരം ഒരാനന്ദം വേറെയുണ്ടോ..”

ഭൈരവൻ ഒരു വഷളൻ ചിരി ചിരിച്ചു.. ഉള്ളിൽ തികട്ടിയ അറപ്പ് രുദ്ര കടിച്ചു പിടിച്ചിരുന്നു..സൂര്യന്റെ മുഖത്ത് ഇത്തരം ഭാവങ്ങൾ കാണുന്നത് രുദ്രയ്ക്ക് അസഹനീയമായിരുന്നു..

“ഭദ്ര ഒന്നിലും ഇടപെടാറില്ല്യായിരുന്നു..പ്പോഴും ഒരു മരവിച്ച ഭാവം.. ഒരിക്കൽ പോലും അവളൊന്ന് പുഞ്ചിരിച്ചു പോലും കണ്ടിട്ടില്ല്യാ.. ആരോടും അടുപ്പമില്ല്യ.. സംസാരമില്ല്യ.. അവളിൽ ഭാവമാറ്റം ഉണ്ടാവുന്നത് നാഗകാളിമഠത്തെ പറ്റി പറയുമ്പോൾ മാത്രായിരുന്നു.. നിക്ക് വേണ്ടതും അതായിരുന്നു.. അവളിലെ പ്രതികാരത്തിന്റെ ജ്വാല ഞാൻ എപ്പോഴും ആളികത്തിച്ചു കൊണ്ടേയിരുന്നു..”

ഭൈരവൻ ചിരിച്ചു.. പിന്നെ ചൂണ്ടുവിരൽ കൊണ്ടു പുരികത്തിലൊന്ന് തൊട്ടു..

“ആ കുട്ട്യോൾക്ക് ന്റെ രീതികളൊന്നും പിടിക്കണുണ്ടായിരുന്നില്യ.. കൊച്ചു

പെങ്കുട്ട്യോളല്ലേ..”

ഭൈരവൻ ചുണ്ടൊന്ന് കടിച്ചു പിടിച്ചു രുദ്രയെ നോക്കി.. പിടഞ്ഞെഴുന്നേറ്റ് മുഖത്തൊന്ന് പൊട്ടിക്കാൻ തോന്നിയെങ്കിലും രുദ്ര നോട്ടം മാറ്റിക്കളഞ്ഞു..

“ഭദ്രോട് അവരോട് ഒരു സൗഹൃദം ഇണ്ടാക്കാൻ പറഞ്ഞെങ്കിലും അവളത് കേട്ടില്ല്യാ.. പക്ഷെ പ്രണയിക്കുന്നവർ തമ്മിൽ അകന്നു പോവുന്നത് മാത്രം അവൾക്ക് സഹിക്കില്ല്യായിരുന്നു..”

ഭൈരവൻ പൊട്ടിച്ചിരിച്ചു..

“പ്രണയം.. വിഡ്ഢിത്തം.. അവളുടെ പ്രണയമാണ് അവളുടെ ജീവിതത്തെ അങ്ങനെയൊക്കെ ആക്കീത്.. പ്രണയിക്കുന്നോർ പലപ്പോഴും ബുദ്ധിയെ ഉപയോഗപ്പെടുത്താറില്ല്യാലോ.. ചുറ്റുമുള്ളതൊന്നും കണ്ണു തുറന്നു കാണാനും ശ്രെമിക്ക്യാറില്ല്യാ..”

ഭൈരവൻ പരിഹാസത്തോടെയാണ് പറഞ്ഞത്..

ഭൈരവൻ അവരുടെ കഥ പറഞ്ഞു തുടങ്ങി.. സൗഹൃദവും പ്രണയവും ചതിയും ഇടകലർന്ന വാക്കുകൾ.. രുദ്രയുടെ ഉള്ളിൽ എന്തെന്നില്ലാതെ അസ്വസ്ഥത പടർന്നു തുടങ്ങി.. മനസ്സിൽ ചില ചിത്രങ്ങൾ തെളിഞ്ഞു തുടങ്ങി…

അശ്വതി, ഊർമിള, ഉത്തര…

നേര്യേതിന്റെ തുമ്പ് കൂട്ടിപ്പിടിച്ചു അശ്വതി ഉമ്മറത്തേയ്ക്ക് എത്തിയപ്പോൾ ഊർമിള അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. നനവുണങ്ങാത്ത നീണ്ട മുടിയിഴകൾ പിറകിലേക്ക് എടുത്തിട്ട് അശ്വതി അവളുടെ അടുത്തെത്തിയപ്പോൾ ഊർമിള വഴിയിലേക്ക് നോക്കി കൊണ്ടു നിൽക്കുകയായിരുന്നു…

“ഉത്തര എത്തീല്യേ, ഈ പെണ്ണിത് എവിടെ പോയി കിടക്കാണ്..?”

അശ്വതി ചോദിച്ചു..

“വരാന്ന് പറഞ്ഞതാണ്.. പക്ഷെ.. വാര്യത്ത് എന്തൊക്ക്യോ പ്രശ്നണ്ട്.. ഉണ്ണ്യേട്ടനുമായുള്ള

കാര്യങ്ങളെ പറ്റി ഏതാണ്ടൊക്കെ വാര്യർ അറിഞ്ഞൂന്ന്.. കോവിലിലേക്ക് ഇനി പോണ്ടാന്ന് പറഞ്ഞു വിലക്കീന്നൊക്കെ പറഞ്ഞൂത്രേ..”

ഊർമിള പറഞ്ഞതും അശ്വതി നെഞ്ചിൽ കൈ വെച്ചു..

“ന്റെ കാവിലമ്മേ.. അനർത്ഥമൊന്നും സംഭവിക്കല്ലേ..”

“ഉണ്ണ്യേട്ടനുമായുള്ള വേളിയ്ക്കൊന്നും വാര്യത്തുള്ളോര് സമ്മതിക്കുമെന്ന് തോന്നണില്ല്യ..”

അത് അശ്വതിയ്ക്കും അറിയാമായിരുന്നു.. ദാരിദ്ര്യം വാഴുന്നൊരു ഇല്ലത്തുള്ളതാണ് മുകുന്ദനുണ്ണി.. അയാളെ മാത്രം ആശ്രയിച്ചു കഴിയുന്ന മൂന്നാല് ജന്മങ്ങളുണ്ടവിടെ… അങ്ങനൊരു ഇല്ലത്തേക്ക് ഒരിക്കലും കൃഷ്ണവാര്യർ മോളെ അയക്കാൻ പോണില്ല്യ ..

ന്നാലും.. മുകുന്ദനുണ്ണിയും ഉത്തരയും അശ്വതിയ്ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു.. ഊർമിളയ്ക്കും…

ചിന്തയിലാണ്ട് നിന്ന അശ്വതി വാതിൽപടി കടന്നു പൂമുഖത്തേക്ക് വന്നയാളിനെ കണ്ടില്ല..

“എങ്ങ്ടാ രണ്ട് പേരൂടി..?”

ആ ശബ്ദം കേട്ടതോടെ അശ്വതി ഞെട്ടിതിരിഞ്ഞു നോക്കി… ഹരിയേട്ടൻ.. രണ്ടു ദിവസമായി കണ്ടിട്ട്…

അശ്വതി കൊതിയോടെ നോക്കിയെങ്കിലും ഹരികൃഷ്ണൻ അവളെ ശ്രെദ്ധിച്ചതേയില്ല.. ചോദ്യം ഊർമിളയോടായിരുന്നു..

“കോവിലിലേയ്ക്കാണ് ഏട്ടാ.. ഉത്തരയെ കാത്ത് നില്ക്കാ..”

ഊർമിള പറഞ്ഞു..

“ഉം…”

ഒന്ന് മൂളി അശ്വതിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഹരി അവരെ കടന്നു പടിയിറങ്ങി പോയി.. മുണ്ടിന്റെ കോന്തല തെല്ലുയർത്തി പിടിച്ചവൻ നടന്നു പോവുന്നത് അശ്വതി കണ്ണിമയ്ക്കാതെ നോക്കി നിന്നു..

വേളിയ്ക്ക് നാൾ കുറിച്ചതിൽ പിന്നെ തന്റെ മുഖത്തേക്കൊന്ന് നോക്കീട്ട് കൂടിയില്ല്യ ഹരിയേട്ടൻ.. അന്ന് തന്നെ ഒരിക്കലും ഭാര്യയായി കാണാനാവില്ല്യന്നും ഈ കല്യാണത്തിൽനിന്നും ഒഴിയണമെന്നും ആവശ്യപ്പെട്ടതാണ്.. ഹരിയേട്ടന്റെ നിർബന്ധം കാരണം പറയാമെന്നു വെച്ചാലും അമ്മാവന്റെ മുഖത്ത് നോക്കി പറയാൻ ധൈര്യമില്ല്യ ..പറഞ്ഞിട്ടും കാര്യമൊന്നുമില്യ.. അവരുടെയൊക്കെ കണ്ണിൽ താനെന്നേ ഹരിയുടെ പെണ്ണാണ്..

കുഞ്ഞുടുപ്പിട്ട് നടക്കുന്ന പ്രായത്തിലെ കേട്ട് മനസ്സിൽ ഉറച്ചു പോയതാണ്.. ഹരിയുടെ പെണ്ണ്.. ഹരിയേട്ടനും തന്നെ വല്യ കാര്യമായിരുന്നു.. അതിന് ഉത്തര പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്.. ഒരേട്ടന്റെ കരുതലും സ്നേഹവുമായി ഒപ്പമുണ്ടായിരുന്നു..തന്റെയുള്ളിലെ പ്രണയം തിരിച്ചറിഞ്ഞതിൽ പിന്നെയാണ് വഴി മാറി നടക്കാൻ തുടങ്ങിയത്.. ഒഴിഞ്ഞു മാറാൻ തുടങ്ങിയത്.. കച്ചേരികളുടെ എണ്ണം കൂടാൻ തുടങ്ങിയത്…

പേടിയായിരുന്നു.. ആ മനസ്സ് മറ്റാരെങ്കിലും സ്വന്തമാക്കിയിരിക്കുമോയെന്ന്.. ഇല്ലെന്ന് ഉറപ്പ് വരുത്തിയത് ഊർമിളയാണ്.. തന്നെ ഊർമിളയുടെ സ്ഥാനത്തു കാണുന്നത് കൊണ്ടാണ് വേളിയ്ക്ക് സമ്മതമല്ലാത്തതെന്ന് കേട്ടപ്പോൾ ശ്വാസം നേരെ വീണു..കാത്തിരിക്കാൻ തയ്യാറാണ് ആ സ്നേഹത്തിനു വേണ്ടി, ഒരു നോട്ടത്തിന് വേണ്ടി, ജീവിതകാലം മുഴുവൻ..

ഈ ജന്മം ഹരിയേട്ടന്റെ സ്ഥാനത്തു മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാവില്ല്യ..

അശ്വതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“ഓ അപ്പോഴേക്കും അവള് ഒഴുക്കി തുടങ്ങി.. എടി അങ്ങേരുടെ സ്വഭാവം നിനക്കറിയാവണതല്ലേ.. ന്തായാലും വേളി ഒറപ്പിച്ചു.. ഇനി അതങ്ങട് കഴിയട്ടെ.. ഏട്ടൻ നിന്റെ പൊറകെ നടക്കും.. നീ നോക്കിക്കോ..”

ഊർമിളയുടെ സംസാരം കേട്ട് അശ്വതി ചിരിയോടെ കണ്ണുകൾ തുടച്ചു..

തെക്കേ തൊടിയിലൂടെ ഓടിക്കിതച്ചു വരുന്ന ഉത്തരയെ അപ്പോഴാണവർ കണ്ടത്..

“എവടാരുന്നെടി.. ത്ര നേരായി.. പൂജ കഴിഞ്ഞു കാണും..”

മുറ്റത്തേക്കിറങ്ങി നടന്നു കൊണ്ടു ഊർമിള ചോദിച്ചു.. മറുപടി ഒന്നും കേട്ടില്ല.. അശ്വതിയ്ക്കൊപ്പം നിന്നിരുന്ന ഉത്തര കരയുകയായിരുന്നു.. ഊർമിള തിരിഞ്ഞു നടന്നു..

“ന്താടി.. ന്തിനാ നീ കരയണേ..?”

“ഇനി കോവിലിലേക്ക് പോണ്ടാന്നാ അച്ഛന്റെ കല്പന.ആ വെളിച്ചപ്പാടും കൈമളും ന്തൊക്കെയോ പറഞ്ഞു പിടിപ്പിച്ചിരിക്കണൂ.. അച്ഛനും ഏട്ടമ്മാരുമൊക്കെ ആകെ ദേഷ്യത്തിലാ.. ചത്താലും ഉണ്ണിയേട്ടനൊപ്പം ജീവിക്കാൻ ആരും സമ്മതിക്കില്ല്യാ..”

അശ്വതിയും ഊർമിളയും എന്ത് പറയണമെന്നറിയാതെ നിന്നു..

“നിനക്ക് ഉണ്ണ്യേട്ടനോടൊന്ന് പറയാരുന്നില്ലേ..?”

ഊർമിളയാണ് ചോദിച്ചത്..

“ഞാനെന്ത് പറയാനാ ഊർമ്മി.. ഉണ്ണ്യേട്ടന്റെ ഇല്ലത്തെ അവസ്ഥയൊക്കെ നിനക്കറിയാലോ.. പലതവണ ഉണ്ണ്യേട്ടൻ ന്നെ ഇതൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രെമിച്ചതാ.. ന്നിട്ടും ഞാനാ ആ പാവത്തിനെ…”

ഉത്തര പൂർത്തിയാക്കാനാവാതെ തേങ്ങി കരഞ്ഞു..

“നീയിങ്ങനെ കരയാതെ.. കാവിലമ്മ ന്തേലും ഒരു വഴി കാണിച്ചു തരും.. വാ…”

കാവിലേക്ക് നടക്കുമ്പോൾ പതിവ് പോലെ അവർക്കിടയിൽ ചിരികളികൾ ഉണ്ടായിരുന്നില്ല..

നീലിമലകാവിൽ ആളുകൾ കുറവായിരുന്നു.. ചന്ദനത്തിന്റെയും കർപ്പൂരത്തിന്റെയും സുഗന്ധം നിറഞ്ഞ കോവിലിനു മുൻപിൽ എത്തിയപ്പോഴേ അവർ കണ്ടു.. നടവാതിൽ അടഞ്ഞു കിടക്കുകയാണ്.. അവിടെ നിന്നൊന്ന് തൊഴുതു അവർ അതിനടുത്തുള്ള പടുകൂറ്റൻ കാലഭൈരവ ശിലയ്‌ക്കരികിലേക്ക് നടന്നു.. കൽവിളക്കിലെ തിരി തെളിഞ്ഞു കത്തുന്നുണ്ട്.. കൂവളമാലയ്ക്കൊപ്പം വെള്ളിനിറത്തിൽ ശിരസ്സിൽ ത്രിശൂലചിഹ്നമുള്ള നാഗം  ഭൈരവന്റെ കഴുത്തിൽ ചുറ്റിപ്പിണഞ്ഞു കിടന്നിരുന്നു.. ഒരാൾ കൂടെയുണ്ട്.. കോവിലിലെ മഹാകാളിയുടെ വലം കൈത്തണ്ടയിൽ ചുറ്റിപ്പിണഞ്ഞ്.. ഉഗ്രവിഷമുള്ള നാഗങ്ങളാണെങ്കിലും കണ്ടു ശീലമായത് കൊണ്ടു കാളീശ്വരത്തുകാർക്ക് അവയെ പേടിയില്ല.. ഇന്നോളം ആരെയും ഉപദ്രവിച്ചിട്ടില്ല..

അവർ വീണ്ടും കോവിലിന്റെ അടഞ്ഞ വാതിലിനു മുൻപിൽ എത്തി നിമിഷങ്ങൾ കഴിഞ്ഞതും നട തുറന്നു..

ദീപപ്രഭയിൽ, ചുവന്ന പട്ടുടുത്ത മഹാകാളിയുടെ മുഖം വിളങ്ങി.. വലംകയ്യിലെ വെള്ളി നാഗം ശിരസ്സമർത്തി കിടന്നു..വെളിച്ചത്തിൽ അതിന്റെ ദേഹം തിളങ്ങുന്നുണ്ടായിരുന്നു..

അശ്വതി മിഴികളടച്ചു ഉള്ളുരുകി പ്രാർത്ഥിച്ചു.. വന്ന നേരമത്രയും കണ്ണുകളാൽ ചുറ്റും പരതിക്കൊണ്ടിരുന്ന ഊർമിളയും.. തേടിയ ആളെ കാണാതിരുന്ന നിരാശ്ശ ആ മുഖത്ത് പ്രകടമായിരുന്നു..

കാളിയമ്മയെ തൊഴുതു മിഴികൾ ഉയർത്തിയ ഉത്തരയുടെ നോട്ടം കോവിലിനുള്ളിൽ നിന്നും തീർത്ഥവുമായി ഇറങ്ങി വരുന്ന ആളിലായിരുന്നു.. ഉത്തരയുടെ നിറഞ്ഞ കണ്ണുകൾ കണ്ടതും മുകുന്ദനുണ്ണിയുടെ ഉള്ളു കലങ്ങി..

“കരയണ്ടാ.. ന്തേലും വഴി കാണാം..”

വാൽകിണ്ടിയിലെ തീർത്ഥം അവളുടെ കൈയിലേയ്ക്ക് ഇറ്റിച്ചുകൊടുക്കുന്നതിനിടെ മുകുന്ദനുണ്ണി ശബ്ദം താഴ്ത്തി ഉത്തരയോട് പറഞ്ഞു… എന്നിട്ടും അവളുടെ മുഖത്തെ വിഷാദം പൂർണ്ണമായും മാറിയില്ല..

അശ്വതിയ്ക്കും ഊർമിളയ്ക്കും തീർത്ഥവും പ്രസാദവും കൊടുത്തു അവരെ നോക്കിയൊന്ന് ചിരിച്ചു അകത്തേക്ക് കയറുന്നതിനിടെ മുകുന്ദനുണ്ണി തിരിഞ്ഞ് ഉത്തരയെ ഒന്ന് നോക്കി..

പറിച്ചെറിയാനാവാത്തത്ര ആഴത്തിൽ ഉത്തര അവന്റെ മനസ്സിൽ പടർന്നു പോയിരുന്നു..

തിരികെ നടക്കുമ്പോഴും ഊർമിളയുടെ കണ്ണുകൾ ആരെയോ തിരഞ്ഞു..

“ഇന്നും വന്നില്യല്ലേ..”

അശ്വതി മെല്ലെ ചോദിച്ചു.. ഊർമിളയുടെ മുഖം മങ്ങിയിരുന്നു..

“ഇല്ല്യ.. കണ്ടിട്ട് ആഴ്ച രണ്ടു കഴിഞ്ഞു…”

ഊർമിളയുടെ വാക്കുകൾ ഇടറിയിരുന്നു.. അശ്വതിയുടെ ഉള്ളം പിടഞ്ഞു.. തങ്ങൾക്ക് മാത്രമെന്തെ ഇങ്ങനെ..

ആൽത്തറയുടെ അടുത്തെത്തിയപ്പോഴാണ് ആ സംസാരം ഊർമിളയുടെ കാതിലെത്തിയത്… കോവിലിലേക്ക് മാല കെട്ടുന്ന വാരസ്യാരും കാളീശ്വരത്തെ സ്കൂളിലെ ഹെഡ് മാഷായ നാരായണൻ മാഷുമാണ്..

“അല്ല മാഷേ മ്മടെ ദേവൻ മാഷ് സ്ഥലം മാറി പോയീന്ന് കേട്ടല്ലോ..?”

“പോയി ദേവകിയമ്മേ , എല്ലാം പെട്ടന്നായിരുന്നു.. മാഷ് സ്ഥലം മാറ്റത്തിനു അപേക്ഷിച്ചിരുന്നു.. നാട്ടിൽ അമ്മ തനിച്ചേയുള്ളത്രെ.. ഉത്തരവ് വരണേന്റെ മുന്നേ ആള് ലീവെടുത്ത് നാട്ടിൽ പോയിരുന്നു.. പിന്നെ പെട്ടെന്നൊരീസം വന്നു സാധനങ്ങളൊക്കെ എടുത്തു പോയി..”

“ന്നാലും പോകുമ്പോ ഒന്ന് പറഞ്ഞൂടിയില്ല.. കൊല്ലം രണ്ടൂന്നായില്ല്യേ കാണാൻ തൊടങ്ങീട്ട്..നല്ലൊരു സ്നേഹോള്ള വാല്യക്കാരനായിരുന്നു..”

വാരസ്യർ പരിഭവം പറഞ്ഞു..

“ഓരോ തരക്കാരല്ലേ ദേവകിയമ്മേ..”

ഊർമിള ഞെട്ടിത്തരിച്ചു അനങ്ങാനാവാതെ നിൽക്കുകയായിരുന്നു..അശ്വതിയും ഉത്തരയും നിസ്സഹായരായി അവളെ നോക്കി…

“ന്താ കുട്ട്യോളെ ങ്ങനെ നിക്കണത്..?”

“ഒന്നൂല്ല്യ വാരസ്യാരെ ഊർമിളയ്ക്കെന്തോരു വയ്യായ്ക..”

അവർ കൂടുതലെന്തെങ്കിലും ചോദിക്കുന്നതിനു മുൻപേ ഊർമിളയുടെ കൈയിൽ ബലമായി പിടിച്ചു കൊണ്ടു അശ്വതി മുൻപോട്ട് നടന്നു.. ഊർമിള അപ്പോഴും ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല…

കാളിയാർമഠത്തിലേക്കുള്ള വഴിയിലെത്തിയപ്പോൾ അശ്വതിയുടെ കൈവിടുവിച്ചു ഇടവഴിയിലെ മൺതിട്ടയിലേക്കിരുന്ന് മുഖം മറച്ചു പൊട്ടിക്കരഞ്ഞു ഊർമിള.. അവളെ ആശ്വസിപ്പിക്കാനാവാതെ അശ്വതിയും ഉത്തരയും നിന്നു…

ദേവൻ മാഷ്.. നീലിമലക്കാവിൽ വെച്ചാണ് ഊർമിള അയാളെ ആദ്യം കണ്ടത്.. ആദ്യകാഴ്ചയിൽ തന്നെ അയാൾ അവളുടെ മനം കവർന്നിരുന്നു.. കോവിലിനു മുൻപിൽ കണ്ണുകളടച്ചു തൊഴുതു നിൽക്കുന്നയാളെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്നതിനിടെ അതറിഞ്ഞത് പോലെ അയാൾ അവളെ നോക്കി.. കണ്ണുകളിടഞ്ഞ

നിമിഷം ഊർമിള ചമ്മലോടെ മുഖം താഴ്ത്തി.. പിന്നെ അവളെ നോക്കിയില്ലെങ്കിലും അയാളുടെ മുഖത്തൊരു പുഞ്ചിരി ഊർമിള കണ്ടിരുന്നു.. പിന്നെ അതൊരു പതിവായി.. ഒന്നും പറയുകയോ നേരിട്ടൊന്നു പരസ്പരം ചിരിക്കുകയോ ചെയ്തില്ല.. പക്ഷെ ഒരാൾ നോക്കുന്നില്ലെന്ന് കരുതി മറ്റെയാൾ നോക്കും.. ഇടയ്ക്കെപ്പോഴെങ്കിലും പരസ്പരം അറിയുമ്പോൾ ഊർമിള നാണത്തോടെ മുഖം താഴ്ത്തും.. അയാളുടെ മുഖത്തൊരു ചിരിയും തെളിയും..

ഉത്തരയാണ് അയാളെപ്പറ്റി അന്വേഷിച്ചു കണ്ടെത്തിയത്..

വരത്തനാണ്.. കാളീശ്വരത്തെ സ്കൂളിൽ കണക്ക് മാഷായി വന്നതാണ്.. ദേവൻ മാഷ് അവിവാഹിതൻ.. നാട്ടിൽ അമ്മ മാത്രമേയുള്ളൂ..

അശ്വതിയും ഊർമിളയും ഒരുമിച്ചേ കോവിലിൽ പോവാറുള്ളൂ.. ഒരാൾക്ക് പറ്റില്ലെങ്കിൽ മറ്റേയാളും പോവില്ല.. പക്ഷെ ദേവൻ മാഷെ കണ്ടുതുടങ്ങിയതിൽ പിന്നെ തനിക്ക് പറ്റാത്തപ്പോഴൊഴികെ ഊർമിള കോവിലിൽ പോക്ക് മുടക്കിയിട്ടില്ല..

മിണ്ടാതെയും പറയാതെയും മാസങ്ങൾ കടന്നു പോയി..ദേവൻ മാഷെ നാട്ടുകാർക്കെല്ലാം വല്യ മതിപ്പായിരുന്നു..എല്ലാവരോടും സംസാരിക്കുന്നയാൾ ഊർമിളയോട് മാത്രം മിണ്ടിയില്ല..എന്തിന് അശ്വതിയോടും ഉത്തരയോടും പോലും ആള് പുഞ്ചിരിക്കും.. ചിലപ്പോൾ ഊർമിളയ്ക്ക് കലി കയറും.. ചില ദിവസങ്ങളിൽ തന്നെ നോക്കാതെ മുഖവും വീർപ്പിച്ചു നിൽക്കുന്ന ഊർമിളയെ കാണുമ്പോൾ ദേവൻ മാഷുടെ ചുണ്ടിലൊരു കുസൃതി ചിരി വിടരും..

അന്ന് ഊർമിള മാത്രമേ ഉണ്ടായിരുന്നുള്ളു.. നടയടച്ചിരുന്നു..പതിവ് പോലെ അവളുടെ കണ്ണുകൾ തൊട്ടടുത്തു കണ്ണുകളടച്ചു തൊഴുതു നിൽക്കുന്നയാളിലായിരുന്നു..

“ന്താണോ ഇത്രയൊക്കെ പ്രാർത്ഥിക്കാൻ..”

അവളുടെ പിറുപിറുപ്പ് കേട്ടു ദേവൻ കണ്ണുകൾ തുറന്നു നോക്കി.. ഒന്നുമറിയാത്ത

മട്ടിൽ നിൽക്കുന്ന ഊർമിളയെ കണ്ടതും ദേവന് ചിരി വന്നു..

ആൽത്തറയ്ക്കരികിൽ ആരോടോ സംസാരിച്ചു നിൽക്കുന്ന ദേവൻ മാഷെ കണ്ടാണവൾ പുറത്തേക്കിറങ്ങിയത്.. അവളൊന്ന് തിരിഞ്ഞു നോക്കുമ്പോഴും ആള് സംസാരത്തിലാണ്.. ഊർമിള ഓരോന്നാലോചിച്ചു പതിയെയാണ് നടന്നത്..ഇടവഴിയിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് പിറകിൽ ആരോ ഉണ്ടെന്ന് തോന്നിയത്.. ഞെട്ടിതിരിഞ്ഞതും ഒരു നിശ്വാസത്തിനകലെ അയാൾ.. ഊർമിള പെട്ടെന്ന് പിന്നോക്കം നീങ്ങി..

“ഇയാൾ ഇങ്ങനെ പ്രാർത്ഥിച്ചാൽ കാളിയമ്മ കേക്കില്ലാട്ടോ.. കുഞ്ഞാത്തോൽ ഇങ്ങനെ ന്നെ തന്നെ നോക്കി നിൽക്കാൻ ഞാനൊരു ബ്രാഹ്മണചെക്കനല്ല.. കീഴ്ജാതിക്കാരനാണ്..”

കാതോരം ആ ശബ്ദം കേട്ടപ്പോൾ പകപ്പോടെ ഊർമിള മുഖമുയർത്തി.. ആ തിളങ്ങുന്ന കണ്ണുകൾ കണ്ടതും അവളുടെ മുഖം ചുവന്നു.. തല താഴ്ത്തി നിൽക്കവേ ആ പതിഞ്ഞ ചിരിയും ആളും അകന്നുപോവുന്നതറിഞ്ഞു..

പിന്നെ കാണുമ്പോഴൊക്കെ ആരുമറിയാതെ ഒരു ചിരി അവൾക്കായി ആ ചുണ്ടിൽ തെളിയും.. ചിലപ്പോഴൊക്കെ ഇരുമിഴികളും അടച്ചു കാണിക്കും.. അവൾ തനിച്ചാവുമ്പോഴാണ് ഒന്നോ രണ്ടോ വാക്കുകൾ അവളെ തേടിയെത്തുന്നത്.. അതിനായി ഊർമിള കാത്തിരുന്നു..

പിന്നെയും തനിച്ചായൊരു ദിവസം പിറകിലെത്തിയത് അവളറിഞ്ഞിരുന്നു..

“ഊർമിളാ…”

ആദ്യമായാണ് പേര് വിളിക്കുന്നതു.. കളിയാക്കിയിട്ടാണെങ്കിലും കുഞ്ഞാത്തോലെന്നാണ് വിളിക്കാറ്…

“ഞാൻ നാട്ടിലേക്ക് സ്ഥലം മാറ്റത്തിനു അപേക്ഷിച്ചിട്ട്ണ്ട്.. നാട്ടിൽ അമ്മ തനിച്ചാണ്.. അമ്മയ്ക്ക് വയ്യാ.. കൊറേയായി ഒരാളെ കൂടെ കൂട്ടാൻ അമ്മ നിർബന്ധിക്കാൻ തുടങ്ങീട്ട്… ഈ കുഞ്ഞാത്തോലിനെ പറ്റി അമ്മോട് പറയട്ടെ ഞാൻ..”

ഒന്നു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കിയാണ് പറഞ്ഞത്..

“കാളിയാർമഠത്തിന്റെ പ്രൗഢി ന്നോടൊപ്പമുള്ള ജീവിതത്തിന് ഉണ്ടാവില്ല.. നല്ലോണം ആലോചിച്ചോളൂ…”

അവളെ ഒന്നു നോക്കി ആള് തിരിഞ്ഞു നടന്നിട്ടും ഊർമിളയ്ക്ക് അനങ്ങാൻ കഴിഞ്ഞില്ല..

പ്രണയം പറഞ്ഞിട്ടില്ല.. ഇഷ്ടമാണെന്ന് പോലും… വാഗ്ദാനങ്ങൾ നൽകിയിട്ടില്ല..

അച്ഛനെയും ഏട്ടനേയും പറ്റി ഓർത്തപ്പോൾ അവളുടെ ദേഹം വിറച്ചു.. ഇതെല്ലാം അറിഞ്ഞാൽ കാളിയർമഠത്തിലെ ഗുപ്തൻ തിരുമേനി തന്നെ കൊന്നുകളയാനും മടിക്കില്ല..

അന്നവൾ ആഹാരം കഴിച്ചില്ല.. തലവേദനിക്കുന്നുവെന്നും പറഞ്ഞു ഒരേ കിടപ്പായിരുന്നു.. പിറ്റേന്ന് കാവിലും പോയില്ല..

ദേവൻ മാഷിന്റെ കണ്ണുകൾ അവളെ തിരഞ്ഞിരുന്നുവെന്ന് അശ്വതി കളി പറഞ്ഞപ്പോൾ ഊർമിളയുടെ ഉള്ളൊന്ന് പിടഞ്ഞു.. അശ്വതിയോട് അവളെല്ലാം പറഞ്ഞു.. അശ്വതിയ്ക്കും പേടി തോന്നിയെങ്കിലും അവൾ ഒന്നും എതിർത്തു പറഞ്ഞില്ല..

കാളിയാർമഠത്തിന്റെ പ്രൗഢിയെക്കാളും ദേവൻമാഷിന്റെ സ്നേഹവും കരുതലും അവളെ മോഹിപ്പിച്ചിരുന്നു.. പിറ്റേന്ന് അശ്വതിയോട് പറഞ്ഞിട്ട് അവൾ തനിയെയാണ് കോവിലിലേയ്ക്ക് പോയത്.. തൊഴുതു മടങ്ങുമ്പോൾ അവൾ ദേവൻ മാഷിനെ നോക്കി കണ്ണുകൾ കൊണ്ടു പിറകെ വരാൻ കാണിച്ചു ..

ദേവൻ മാഷ് അരികിലെത്തുവോളം അവൾ കാത്ത് നിന്നു.. ഒരുമിച്ചാണ് നടന്നത്..

“ഇന്നലെ കാണാതിരുന്നപ്പോൾ ഞാൻ കരുതി…”

ഊർമിള അവന്റെ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ..

“ഊർമിള ഞാൻ നാളെ നാട്ടിൽ പോവാണ്..അമ്മയോട് കുഞ്ഞാത്തോലിനെ പറ്റി പറയാൻ.. ഇയാൾ കാത്തിരിക്കില്ലേ…”

ഒരു നിമിഷം കഴിഞ്ഞാണ് ഊർമിള പറഞ്ഞത്..

“മാഷിന്റെ അമ്മയോട് ഞാൻ ചോദിച്ചൂന്ന് കൂടെ പറയണം…”

ദേവൻ ഒന്നും പറഞ്ഞില്ല.. മുഖമുയർത്തിയ ഊർമിളയുടെ മുഖത്തൊരു ചിരി തെളിഞ്ഞു.. ആ തിളങ്ങുന്ന കണ്ണുകൾ കാണവേ ഊർമിളയുടെ മുഖം തുടുത്തു.. അവൾ നാണത്തോടെ പൊടുന്നനെ തിരിഞ്ഞു നടന്നു.. ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ ആള് കൈകെട്ടി ചിരിയോടെ അവളെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.. അവൾ അകലെ മറയുവോളം..

പിന്നെയും നാളുകൾ ഓടി മറഞ്ഞു.. ഊർമിളയുടെ മനസ്സിൽ മറക്കാനാവാത്ത വിധം ദേവൻ മാഷുടെ മുഖം പതിഞ്ഞു പോയിരുന്നു.. അപ്പോഴും സംസാരവും കളിചിരികളുമൊക്കെ കുറവായിരുന്നു..

ഒരു ദിനം എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ടാണ് കാത്ത് നിന്നത്..

“ഊർമിള.. സ്ഥലം മാറ്റത്തിന്റെ കാര്യം ശരിയായി വരണുണ്ട്.. അതിന് മുൻപ് ഞാൻ ഒന്നൂടെ നാട്ടിൽ പോവും.. ഈ കുഞ്ഞാത്തോലിന്റെ കാര്യം ഞാൻ അമ്മയോട് സൂചിപ്പിച്ചിട്ടുണ്ട്.. ന്നാലും പോയി പറയണം.. അടുത്ത തവണ വരുമ്പോൾ ന്റെ കൈ പിടിച്ചു ഒരാളൂടെ ഉണ്ടാവുമെന്ന്…”

ദേവന്റെ സ്വരം ആർദ്രമായിരുന്നു..

“ഞാൻ വരും കാളിയാർമഠത്തിലേക്ക്..”

ഊർമിളയുടെ മുഖത്തെ ഞെട്ടൽ കണ്ടാണ് പറഞ്ഞത്..

“തന്റെ അച്ഛൻ ഒരിക്കലും സമ്മതിക്കില്ലന്ന് അറിയാം.. ന്നാലും ഞാൻ വിളിച്ചാൽ തനിക്ക് വരാതിരിക്കാൻ ആവില്ലെന്നും…വരില്ലേ..?”

അത്രമേൽ ആർദ്രമായിരുന്നു ചോദ്യം… അറിയാതെ തന്നെ ഊർമിള പറഞ്ഞു പോയി..

“വരും..”

ആ ചുണ്ടിൽ തെളിഞ്ഞ പുഞ്ചിരിയിൽ ഊർമിളയുടെ മനം കുടുങ്ങി നിന്നു…

“ഒളിച്ചോടാൻ ദേവനെ കിട്ടില്ല.. തന്റെ ഇല്ലത്ത്

വന്നു ചോദിക്കാനുള്ള ധൈര്യം നിക്കുണ്ട്.. ഞാൻ വരും…”

ഊർമിള ഒന്നും പറഞ്ഞില്ല.. വലത്തെ കൈ കൊണ്ടു അവളുടെ കവിളിൽ ഒന്നു തഴുകി കൊണ്ടു ദേവൻ തിരിഞ്ഞു നടന്നപ്പോഴും ആ സ്പർശനം നൽകിയ ഞെട്ടൽ മാറിയിട്ടില്ലായിരുന്നു… ആ വാക്കുകളും…

അന്നാണ് അവസാനമായി കണ്ടത്.. എന്നിട്ട്.. ഒന്നും പറയാതെ ഇങ്ങനെ പൊയ്ക്കളഞ്ഞത്..

മനം തകർന്ന ഊർമിളയെ കൂട്ടികൊണ്ട് നാഗത്താൻ കാവിനുള്ളിലേയ്ക്കുള്ള വഴിയിലൂടെയാണവർ പോയത്.. അവർക്ക് മാത്രം അറിയുന്നയിടം.. അവർക്കേറെ പ്രിയമുള്ളയിടം..

ഏറെ കഴിഞ്ഞു തിരികെ കാളിയർമഠത്തിലേക്ക് നടക്കുമ്പോൾ ശങ്കരനാരായണൻറെ വീട്ടുമുറ്റത്ത് ദേവുവിനെ (ഭദ്ര)അവർ കണ്ടു.. അവർക്കെന്തോ ദേവുവിനെ ഇഷ്ടമായിരുന്നില്ല.. ഹരികൃഷ്ണനിൽ അവൾക്കൊരു കണ്ണുണ്ടെന്നും ഏട്ടൻ പോയ വഴിയേ നോക്കി നിൽക്കുന്നത് കണ്ടിട്ടുണ്ടെന്നും ഒരു നാൾ ഊർമിള കളി പറഞ്ഞതിൽ പിന്നെ പൊതുവെ സൗമ്യശീലയായ അശ്വതിയ്ക്ക് ദേവുവിനെ കാണുന്നതേ ചതുർത്ഥിയാണ്..

“കാളീശ്വരത്തെത്തി നാലാം നാളാണ് കാളിയാർമഠത്തിൽ വെച്ച് ഞാനവനെ കണ്ടത്.. ഗുപ്തന്റെ മകനെ.. അശ്വതിയുടെ മുറച്ചെറുക്കനെ.. ഹരികൃഷ്ണൻ.. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും അശ്വതിയെപോലൊരു സൗഭാഗ്യത്തെ സ്വീകരിക്കാൻ മടിക്കുന്ന അവനെ ഒരു വിഡ്ഢിയായാണ് ഞാൻ കരുതിയിരുന്നത്.. അവനെ കാണുന്നത് വരെ…”

ഭൈരവന്റെ വാക്കുകളാണ് രുദ്രയെ ഉണർത്തിയത്.. അവളുടെ മിഴികളിൽ നീലനിറം പടർന്നിരുന്നു.. നെറ്റിയിൽ നാഗചിഹ്നവും.. അസ്വസ്ഥതയോടെ അവൾ തലക്കുടഞ്ഞു.. മനസ്സിനെ നിയന്ത്രിക്കാൻ ശ്രെമിച്ചു… ഭൈരവനിൽ നിന്നും ഇനിയും അറിയാനുണ്ട്… മനസ്സ് മന്ത്രിച്ചു..

“ഹരികൃഷ്ണൻ.. അവനെ കണ്ട നിമിഷം ന്റെ ഉള്ളൊന്ന് വിറച്ചു.. ആദ്യകാഴ്ചയിൽ തന്നെ ഞാനവനെ തിരിച്ചറിഞ്ഞു.. ആദിത്യന്റെ പുനർജ്ജന്മം.. ഗുപ്തൻ പരിചയപ്പെടുത്തിയിട്ടും അവൻ ന്നോട് ഒട്ടും താല്പര്യം കാണിച്ചില്ല്യ .. അകത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞൊന്ന് നോക്കിയ അവൻറെ കണ്ണുകളിൽ ഞാൻ കണ്ടു ന്നോടുള്ള ഇഷ്ടക്കേട്..”

“ന്നെ ഒരിക്കലും തിരിച്ചറിയാൻ അവന് കഴിയില്ല്യ .. എങ്കിലും കണ്ടമാത്രയിൽ അവന്റെ മനസ്സിൽ വെറുപ്പ് നിറഞ്ഞത് ഞാനറിഞ്ഞു.. അവനെ കണ്ടതിൽ പിന്നെ അശ്വതിയോടുള്ള ഭ്രമത്തിലും മീതെയായിരുന്നു ന്റെ ഭയം.. ഹരികൃഷ്ണനും ദേവുവെന്ന ഭദ്രയും കണ്ടുമുട്ടിയാൽ ന്റെ അവസാനമാണ്.. പരസ്പരം കണ്ടാൽ ആ നിമിഷം അവര് തിരിച്ചറിയും.. അവർ തമ്മിൽ കാണാതിരിക്കാൻ ഞാൻ പാടുപെട്ടു.. എങ്കിലും ഹരികൃഷ്ണൻ പ്പോഴും കച്ചേരിയെന്നും പറഞ്ഞു കറങ്ങി നടക്കുന്നത് നിക്ക് ഗുണമായി.. എങ്കിലും പോവുമ്പോഴും വരുമ്പോഴും ഹരികൃഷ്ണന്റെ കണ്ണുകൾ ന്റെ വീടിനു നേരെ നീളുന്നതും അകത്താണെങ്കിലും അവനെ കാണുന്നില്ലെങ്കിലും ഭദ്ര അസ്വസ്ഥയാവുന്നതും ഞാൻ ശ്രെദ്ധിച്ചു…”

“ഹരികൃഷ്ണനെ കൊന്ന് പരകായ പ്രവേശത്തിലൂടെ അവന്റെ ദേഹം സ്വന്തമാക്കാനും ഞാൻ തീരുമാനിച്ചു.. അശ്വതിയെ സ്വന്തമാക്കുന്നതിനു വേണ്ടി ഭദ്രയെ ഇല്ലാതാക്കാനും നിക്ക് മടിയില്ല്യായിരുന്നു…”

അടുത്ത നിമിഷം ഭൈരവന്റെ (സൂര്യൻ ) മുഖം ഇരുണ്ടു…

“പക്ഷെ.. ആ നാഗപഞ്ചമി നാളിൽ.. അന്നാണ് എല്ലാം കൈവിട്ടു പോയത്.. ന്റെ

പദ്ധതികളെല്ലാം തകിടം മറഞ്ഞത്..”

രുദ്ര അയാളുടെ വാക്കുകൾക്കായി കാതോർത്തിരിക്കുകയായിരുന്നു…

“അന്ന് കാളിയർമഠത്തിൽ ആഘോഷമായിരുന്നു.. ബന്ധുക്കളും നാട്ടുകാരുമായി നിറയെ ആളുകൾ.. ഭദ്രയും ഞാനും അതിലൊക്കെ പങ്കു ചേർന്നു.. ഭദ്രയ്ക്ക് ഒട്ടും താല്പര്യം ഇണ്ടായിരുന്നില്ല്യ ..”

“പക്ഷെ അന്ന് വൈകുന്നേരം.. ഗുപ്തൻ പറഞ്ഞിട്ട് അശ്വതി ന്നെ തിരക്കി വീട്ടിലെത്തി..യാദൃശ്ചികമായി,ഭദ്രയെ മായാനിദ്രയിലാക്കി ഞാൻ ചെയ്തിരുന്ന പൂജാകർമ്മങ്ങൾക്ക് അവൾ സാക്ഷിയായി.. തെല്ല് നേരം പകച്ചു നിന്ന അവൾ പിന്തിരിഞ്ഞോടി.. മഠത്തിലേക്ക്.. ഞാൻ ഭയന്നു.. ഇതെല്ലാം അവൾ അവിടെ പറഞ്ഞാൽ.. താവഴിയിലെ മന്ത്രവും തന്ത്രവും അറിയാവുന്നവരടക്കം അവിടെണ്ട്…”

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 43”

  1. നന്നായിട്ടുണ്ട്. Gud wok . പിന്നെ അസുഗം ഒക്കെ മാറിയോ

Leave a Reply

Don`t copy text!