Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 46

Online Malayalam Novel Neelamizhikal

കഥയറിയാതെ ആട്ടം കാണുന്ന അവസ്ഥയിലായിരുന്നു പാർവതി.. ചുറ്റും നടക്കുന്നതൊന്നും മനസ്സിലാക്കാനോ വിശ്വസിക്കാനോ കഴിയാത്ത അവസ്ഥ..

രുദ്ര കൽത്തറയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങുമ്പോൾ അറിയാതെ പാർവതിയുടെ കാലുകളും ചലിച്ചു തുടങ്ങിയിരുന്നു.. താഴെ കിടന്നിരുന്ന കരിങ്കൽ തൂണിലേക്ക് വീണാൽ ചിന്നി ചിതറി പോവുമായിരുന്നു..

പക്ഷെ അവളുടെ പിറകിൽ നിന്നിരുന്ന സൂര്യനാരായണൻ മിന്നൽപ്പിണരിന്റെ വേഗതയിൽ കുതിക്കുന്നത് പാർവതി കണ്ടു..

ഒരു നിമിഷാർദ്ധത്തിന്റെ വ്യത്യാസത്തിലായിരുന്നു രുദ്രയെ അയാൾ കൈപ്പിടിയിൽ ഒതുക്കിയത്.. പക്ഷെ അവർ പരസ്പരം വിളിച്ചത്.. ?ആരാണ് ഊർമിളയും ദേവേട്ടനും..?

ഊർമിളയെന്ന പേര് പാർവതി കേട്ടിട്ടുണ്ട്.. കാളിയാർമഠത്തിലെ ഊർമിള തമ്പുരാട്ടി.. അശ്വതിയുടെയും ഉത്തരയുടെയും തോഴി..പക്ഷെ ദേവേട്ടൻ..?

എല്ലാവരും ഞെട്ടലടങ്ങാതെ രുദ്രയെയും സൂര്യനാരായണനെയും തന്നെ നോക്കിനിൽക്കുകയായിരുന്നു..

രുദ്രയുടെ മിഴികൾ നിറഞ്ഞിരുന്നു.. അവൾ പതിയെ അവന്റെ കവിളിൽ ഒന്ന് തൊട്ടു.. നിമിഷങ്ങൾ കൊണ്ടു ഒരായിരം കഥകൾ പറഞ്ഞു കഴിഞ്ഞിരുന്നു മിഴികൾ..

ദാരികയുടെ സീൽക്കാരം കേട്ടാണ് അവർ വേർപെട്ടത്..

സൂര്യന്റെ കൈപിടിച്ച് കൊണ്ടാണ് രുദ്ര വീണ്ടും മണ്ഡപത്തിന്റെ പടികൾ കയറിയത്.. ദാരികയ്ക്ക് മുൻപിൽ നിന്നാണ് അവൾ പറഞ്ഞത്..

“ഞാൻ ഊർമിളയുടെ പുനർജ്ജന്മം.. ഇത്‌ ഞാൻ സ്നേഹിച്ചിരുന്ന ദേവൻ.. ദേവൻ മാഷ്…”

ദാരികയുടെ കൂർത്ത നോട്ടത്തിന് മുൻപിൽ തെല്ലും പതറാതെ രുദ്ര തുടർന്നു..

“നിങ്ങളുടെ അവസ്ഥയ്ക്ക് കാരണക്കാരനായ അതേ ആളാണ് ഞങ്ങളെയും വേർപിരിച്ചത്…”

ദാരികയും ഉത്തരയും പരസ്പരം നോക്കി.. ഒന്നും മനസ്സിലായില്ലെങ്കിലും രണ്ടുപേരും ഊർമിളയെ വിശ്വസിക്കാൻ ഒരുക്കമല്ലായിരുന്നു..

ഊർമിള (രുദ്ര )യുടെ നെഞ്ചൊന്ന് വിങ്ങി.. ഒരിക്കൽ ഒരേ മനസ്സോടെ നടന്നവരാണ്.. ശത്രുക്കളെ പോലെ.. അവളൊന്ന് തിരിഞ്ഞു നോക്കി.. മണ്ഡപത്തിന് തെല്ലകലെയുള്ള കൂറ്റൻ അരയാലിനു പിന്നിലായി ഭൈരവന്റെ രൂപം മിന്നി മാഞ്ഞത് പോലെ അവൾക്ക് തോന്നി.. അയാളുടെ ചോരച്ച കണ്ണുകൾ അപ്പോഴും അശ്വതി (ദാരിക )യിലാണെന്ന് ഊർമിളയ്ക്ക് (രുദ്ര )തോന്നി..

“കാളിയാർമഠത്തിലെ അശ്വതി തമ്പുരാട്ടിയോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്..”

ദാരിക അവളെ തുറിച്ചു നോക്കി….

“ഒരാളെ നിഗ്രഹിക്കാനുപയോഗിച്ച ആയുധം.. ആ ആയുധമാണോ അതോ അത് ഉപയോഗിച്ച ആളാണോ തെറ്റ്‌ ചെയ്തത്…?”

ദാരിക ഒന്നും പറയാതെ ഊർമിളയെ തന്നെ നോക്കി നിന്നു…

“പറയ് അച്ചൂ… നിക്ക് ഇതിനുള്ള ഉത്തരം വേണം…”

“സംശയമെന്ത്.. ആ ആയുധം ഉപയോഗിച്ചവൻ തന്നെ..”

ഒരു മുരൾച്ചയോടെ രൂക്ഷമായാണ് ദാരിക പറഞ്ഞത് .

“എങ്കിൽ പിന്നെ എന്തിനാണ് താൻ വേട്ടയാടപ്പെടുന്നത് എന്ന് പോലും അറിയാത്ത ഈ പാവത്തിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതെന്തിന് …?”

ഭദ്രയെ ചൂണ്ടിയാണ് രുദ്ര പറഞ്ഞത്.. ദാരികയും ഉത്തരയും രുദ്രയെ രൂക്ഷമായി നോക്കി.. ദാരിക പൊട്ടിച്ചിരിച്ചു…പിന്നെ ആ നീലമിഴികൾ ആളിക്കത്തി…

“ഇവൾ.. ഇവളാണ്  ന്റെ ജീവിതം നശിപ്പിച്ചത്.. ന്റെ അഭിമാനം തകർത്തത്.. ഞാൻ സ്നേഹിച്ചവരെ എന്നിൽ നിന്നും അകറ്റിയത്..”

ദാരിക ഉത്തരയെ നോക്കി..

“ന്റെ മാത്രമല്ല.. ഇവളുടെയും.. “

“ഭദ്ര വെറും ആയുധം മാത്രമായിരുന്നു.. ഒരു കളിപ്പാവ…”

രുദ്രയുടെ (ഊർമിള )സ്വരം നേർത്തിരുന്നു..

ദാരിക പരിഹാസത്തോടെ ചിരിച്ചു..

“ന്റെ വാക്കുകൾ സത്യമല്ലെങ്കിൽ ഈ മണ്ഡപത്തിൽ യക്ഷിയമ്മയ്ക്ക് മുന്നിൽ ഇങ്ങനെ നിക്കാൻ കഴിയുന്നു തോന്നണുണ്ടോ അശ്വതി തമ്പുരാട്ടിയ്ക്ക്..?”

രുദ്രയുടെ (ഊർമിള )വാക്കുകൾ കേട്ട് ഒരു നിമിഷം ദാരികയും ഉത്തരയും മൗനത്തെ കൂട്ട് പിടിച്ചു..

രുദ്രയുടെ (ഊർമിള ) വലംകയ്യിൽ അപ്പോഴും സൂര്യന്റെ (ദേവൻ )ഇടതു കൈ ചേർന്നിരുന്നു..

“യക്ഷിയമ്മയെ സാക്ഷിയാക്കി നിക്കൊരു കഥ പറയാനുണ്ട് ന്റെ അച്ചുവിനോടും ഉത്തരയോടും..”

ദാരികയേയും ഉത്തരയെയും മാറി മാറി നോക്കി ഊർമിള (രുദ്ര ) യക്ഷിയമ്മയുടെ പ്രതിഷ്ഠയ്ക്ക് മുൻപിലേക്ക് നീങ്ങി നിന്നു.. ഇടതു കൈ നെഞ്ചിൽ ചേർത്തു.. മിഴികളടച്ചു പ്രാർത്ഥിച്ചു.. വീണ്ടുമൊരു പൂക്കാലത്തിനായി ഇലകൾ തളിർത്തിരുന്നു..മണ്ഡപത്തിലെ മുല്ല വള്ളികൾ മൊട്ടിട്ടിരുന്നു..

“ഞാൻ തുടങ്ങുന്നത് അവരുടെ കഥയിൽ നിന്നാണ്.. നാഗകാളിമഠത്തിലെ വിഷ്ണുവിന്റെയും സുഭദ്രയുടെയും.. പക്ഷെ നിക്ക് പറയാനുള്ളത്…”

രുദ്ര (ഊർമിള )മിഴികൾ തുറന്നു ഭദ്രയേയും ആദിത്യനെയും നോക്കി.. കരിങ്കൽ തൂണിൽ ചാരി മിഴികളടച്ചിരിക്കുകയായിരുന്നു ഭദ്ര.. മണ്ഡപത്തിന്റെ പടികളിൽ അവളെ തന്നെ നോക്കി നിസ്സഹായതയോടെ ആദിത്യനും..

“ഇവരുടെ കഥയാണ്.. വാഴൂരില്ലത്തെ ആദിത്യന്റെയും മേലേരിയിലെ നാഗകന്യയായിരുന്ന ഭദ്രയുടെയും കഥ.. പ്രണയിച്ചു പോയത് കൊണ്ടു മാത്രം ജീവിതം ചിന്നഭിന്നമായി പോയവരുടെ കഥ…

ആദിത്യൻ.. അനേകം ജന്മമെടുത്തിട്ടും ജീവന്റെ പാതി തൊട്ടരികിൽ ഉണ്ടായിട്ടും തിരിച്ചറിയാനാവാതെ പോയവൻ.. അവളെയല്ലാതെ മറ്റൊരു പെണ്ണിനെ നെഞ്ചിലേറ്റാൻ കഴിയാത്തവൻ..

ഭദ്ര.. ആരുടെയോ ദുരാഗ്രഹത്തിന്റെ ചതുരംഗപ്പലകയിൽ കരുവാകാൻ വിധിക്കപ്പെട്ടവൾ.. ഒരു പെണ്ണിനും സഹിക്കാനാവാത്ത ക്രൂരതകൾക്കിരയായവൾ.. ഒടുവിൽ പകയാൽ കണ്ണുകൾ മൂടപ്പെട്ട് ചതിയിൽ പെടുത്തിയവന്റെ കൈയിലെ തന്നെ കളിപ്പാവയായി മാറേണ്ടി വന്നവൾ.. തനിക്കായി ജന്മമെടുത്ത ജീവന്റെ പാതിയെ കണ്ടെത്താൻ കഴിയാതെ പോയവൾ…”

രുദ്ര (ഊർമിള )ഉത്തരയേയും ദാരികയേയും നോക്കി..

“ഇവരോടാണ് നിങ്ങളുടെ പ്രതികാരം…”

രുദ്ര പറഞ്ഞു തുടങ്ങുകയായിരുന്നു അവരുടെ കഥ.. യക്ഷിക്കാവിൽ ഒരില പോലും അനങ്ങിയില്ല.. രുദ്രയുടെ വാക്കുകൾക്ക് വേണ്ടി കാതോർക്കുകയായിരുന്നിരിക്കണം പ്രകൃതി പോലും..

രുദ്രയുടെ വാക്കുകൾ കേൾക്കുമ്പോൾ ആദ്യം ഉണ്ടായിരുന്ന ദാരികയുടെയും ഉത്തരയുടെയും പുച്ഛവും പരിഹാസവും ആശ്ചര്യത്തിനും അവിശ്വസനീയതയ്ക്കും വഴി മാറുന്നത് രുദ്ര കണ്ടു.. അവർ പലപ്പോഴും ഭദ്രയെ നോക്കുന്നുണ്ടായിരുന്നു.. പക്ഷെ ഭദ്ര മിഴികൾ തുറന്നില്ല.. കണ്ണുനീർത്തുള്ളികൾ കവിളിലൂടെ ഒഴുകിയെങ്കിലും…

ഒടുവിൽ രുദ്രയുടെ വാക്കുകൾ തന്റെ ഇരട്ടസഹോദരി ഭദ്രയിലും കാളിയാർമഠത്തിലെ ആദിനാരായണനിലും എത്തി നിന്നപ്പോൾ അവളുടെ മിഴികളും നിറഞ്ഞിരുന്നു.. ദാരിക നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടിരുന്നു…

“ഇല്ല്യാ.. ഞാനിതൊന്നും വിശ്വസിക്കില്ല്യാ…”

രുദ്ര പറഞ്ഞു നിർത്തിയതും ദാരിക അലറി.. ഉത്തര ഒന്നും പറഞ്ഞില്ലെങ്കിലും മിഴികൾ നിറഞ്ഞൊഴുകിയിരുന്നു…

രുദ്ര വീണ്ടുമെന്തോ പറയാൻ തുടങ്ങിയതും ഭദ്ര ആയാസപ്പെട്ട് കൈയുയർത്തി വിലക്കി…

“മതി…”

നേർത്തതെങ്കിലും ദൃഢമായിരുന്നു അവളുടെ സ്വരം..

“ഇനിയും ഇവൾക്ക് വിശ്വാസം വരണില്ലെങ്കിൽ ഇവൾ എന്റെ ജീവൻ കൊണ്ടു തൃപ്തിപ്പെടട്ടെ.. പക്ഷെ ഇവൾക്ക് അതാ അയാളെയും കൊല്ലേണ്ടി വരും..”

ആദിത്യനെ ചൂണ്ടിയാണ് ഭദ്ര പറഞ്ഞത്.. ആദിത്യൻ വീണ്ടും മണ്ഡപത്തിലേക്ക് കാലുയർത്തി.. ഈ തവണ പക്ഷെ തടസ്സങ്ങൾ ഒന്നുമുണ്ടായില്ല . അവൻ ഓടി ഭദ്രയ്‌ക്കരികിലെത്തി അവളെ കെട്ടിപ്പുണർന്നു..

“ഇതാ ദാരിക..നിന്റെ പ്രതികാരം തീരുമെങ്കിൽ ഞങ്ങളുടെ രണ്ടുപേരുടെയും ജീവനെടുക്കാം…”

ഭദ്ര വിളിച്ചു പറഞ്ഞെങ്കിലും ദാരികയ്ക്ക് ഉത്തരമുണ്ടായിരുന്നില്ല.. രുദ്ര സൂര്യന്റെ കൈ വിട്ട് വീണ്ടും യക്ഷിയമ്മയുടെ പ്രതിഷ്ഠയ്ക്ക് മുൻപിൽ കൈ കൂപ്പി…

“അമ്മയെക്കാളും വല്യ സത്യമില്ല്യ.. വഴി തെളിക്കേണം….”

പൊടുന്നനെയാണ് മണ്ഡപത്തിനു മുകളിലെ മുല്ലവള്ളികളിൽ നിന്നും പൂക്കൾ പൊഴിഞ്ഞത്…കൽമണ്ഡപത്തിൽ നിറയെ കുടമുല്ലപ്പൂക്കൾ വർഷിച്ചു കൊണ്ടാണ് യക്ഷിയമ്മ സാന്നിധ്യം അറിയിച്ചത്…

ആരും ഒന്നും പറഞ്ഞില്ല.. ആ നിശബ്ദതയ്ക്കൊടുവിൽ ഒരു പൊട്ടിക്കരച്ചിലുയർന്നു.. രുദ്ര മുഖം പൊത്തിക്കരയുന്ന ഉത്തരയ്ക്ക് മുൻപിലെത്തി..

“ഉത്തര അറിയേണ്ട ഒരു സത്യം കൂടെയുണ്ട്… ഇവിടെ ഓർമ്മകൾ നഷ്ട്ടപെട്ടു പോയ ഒരു പുനർജ്ജന്മം കൂടെയുണ്ട് … മുകുന്ദനുണ്ണി..”

മണ്ഡപത്തിന്റെ പടികൾക്ക് താഴെ ഉത്തരയെ (അംബിക )തന്നെ നോക്കി നിന്നിരുന്ന ശ്രീനാഥ്നെ രുദ്ര തന്നെയാണ് ഉത്തരയുടെ മുൻപിലേക്ക് നിർത്തിയത്..

“അന്ന് ഹരികൃഷ്ണന്റെ കൊലപാതകത്തിന് സാക്ഷിയായ മുകുന്ദനുണ്ണിയുടെ ഓർമ്മകളാണ് ഭൈരവൻ ആദ്യം ഇല്ലാതാക്കിയത്.. പിന്നെ നൃപനെന്ന ഗന്ധർവനെ ഉപയോഗിച്ച് അയാൾ മുകുന്ദനുണ്ണിയുടെ ജീവനെടുത്തു..”

ഉത്തര (അംബിക )കണ്ണിമയ്ക്കാതെ ശ്രീനാഥ്നെ (മുകുന്ദനുണ്ണിയെ)തന്നെ നോക്കി നിൽക്കുകയായിരുന്നു…

“മുകുന്ദനുണ്ണിയുടെ പുനർജ്ജന്മമാണ് ശ്രീനാഥ്‌.. ഇങ്ങനെ ഒരു അവസരം ഇല്ല്യായിരുന്നുവെങ്കിൽ നിങ്ങൾ തമ്മിൽ ഈ ജന്മം കാണില്ല്യായിരുന്നു.. കാരണം ഒരിക്കലും മുകുന്ദനുണ്ണിയ്ക്ക് ഉത്തരയെ തിരിച്ചറിയാൻ ആവില്ല്യാ.. പക്ഷെ അയാൾക്ക് മറ്റൊരു പെണ്ണിനെ സ്നേഹിക്കാനുമാവില്ല്യാ..”

മറ്റൊരു ലോകത്തിൽ എത്തിപ്പെട്ടത് പോലെയായിരുന്നു പാർവതി.. പരിചയമുള്ളവരാണെങ്കിലും അവർ മറ്റാരൊക്കെയോ ആയിത്തീർന്നത് പോലെ.. അവരുടെ ലോകം പുറത്ത് നിന്നും നോക്കി കാണുന്ന ഒരാൾ..

പറഞ്ഞു നിർത്തി മുഖമുയർത്തിയപ്പോഴാണ് രുദ്ര ദാരികയുടെ മുഖം കണ്ടത്… ദേഷ്യവും സങ്കടവും കൂടിക്കലർന്ന മുഖഭാവം.. കരിനീലമിഴികളിൽ തുളുമ്പാൻ വെമ്പി നിന്നു..

“അപ്പോൾ… ഞാൻ… ഞാൻ..”

ദാരികയുടെ ചിലമ്പിച്ച ശബ്ദം ഒരലർച്ചയായി യക്ഷിക്കാവിനെയാകെ പ്രകമ്പനം കൊള്ളിച്ചു..

“ന്റെ പ്രണയം പോലെ പ്രതികാരവും വിഡ്ഢിത്തമായിരുന്നെന്നോ… ഇല്ല്യാ.. ന്റെ കാത്തിരിപ്പ്… ഹാാാ…..”

കരിനീലമിഴികളിൽ അഗ്നി തെളിഞ്ഞു… അവളുടെ ഉള്ളുലഞ്ഞ അലർച്ച നാഗത്താൻകാവിലാകെ അലയടിച്ചു…

എല്ലാവരുടെയും ഉള്ളിലൊരു നോവായി മാറുകയായിരുന്നു ജീവിച്ചിരുന്നപ്പോൾ ഒരുറുമ്പിനെ പോലും നോവിക്കാത്ത അശ്വതി തമ്പുരാട്ടി..

ആദിത്യൻ ഭദ്രയെ ചേർത്തു പിടിച്ചിരുന്നു.. സൂര്യന്റെയും രുദ്രയുടെയും (ഊർമിളയും ദേവനും )കൈകൾ അപ്പോഴും ചേർന്നു തന്നെയായിരുന്നു.. അപരിചിതത്വത്തിന്റെ അകലം ഉണ്ടായിരുന്നെങ്കിലും ശ്രീനാഥ് അംബികയ്ക്കരികെ (ഉത്തരയും മുകുന്ദനുണ്ണിയും) തന്നെ ഉണ്ടായിരുന്നു…

“അശ്വതി തമ്പുരാട്ടിയുടെ പ്രതികാരം അങ്ങനെ പാഴായി പോവാനുള്ളതല്ല…”

പൊടുന്നനെയാണ് ആ ഗാംഭീര്യമുള്ള ശബ്ദം യക്ഷിക്കാവിൽ മുഴങ്ങിയത്…

അനന്തപത്മനാഭനും പത്മയും..നെറ്റിയിലും കൈത്തണ്ടയിലും ഭസ്മക്കുറി ചാർത്തിയ അനന്തൻ മേൽമുണ്ട് പുതച്ചിരുന്നു.. നെറ്റിത്തടത്തിൽ വെള്ളി നിറത്തിൽ നാഗച്ചിഹ്നം തെളിഞ്ഞിരുന്നു..പത്മയുടെ നെറ്റിയിലെ ചുവപ്പിന് കീഴെയും നാഗച്ചിഹ്നം തിളങ്ങിയിരുന്നു..

കല്മണ്ഡപത്തിന്റെ പടികളിൽ നിന്ന് യക്ഷിയമ്മയെ വണങ്ങിയതിന് ശേഷമാണ് അനന്തനും പത്മയും ഉള്ളിലേക്ക് കയറിയത്..

ഭട്ടതിരിപ്പാടും ദത്തൻ തിരുമേനിയും മറ്റുള്ളവരും യക്ഷിക്കാവിന് പുറത്തായിരുന്നു..

“ഞാൻ അനന്തപത്മനാഭൻ.. ഇത്‌ പത്മ.. അശ്വതി തമ്പുരാട്ടി ശ്രെവിച്ച കഥയിലെ വിഷ്ണുവും സുഭദ്രയും ഞങ്ങളാണ്..”

ദാരിക ഒന്നും ഉരിയാടാതെ അവരെ നോക്കി നിന്നു..

“ഭൈരവൻ.. അയാൾ ഇവിടെയുണ്ട്.. ഈ യക്ഷിക്കാവിൽ.. മേലേരിയിലെ ഭദ്രയുടെ ശാപത്താൽ വാഴൂരില്ലത്തെ പടിപ്പുരയിൽ തളയ്ക്കപ്പെട്ട ആ ദുരാത്മാവ് ഇന്ന് ഈ യക്ഷിക്കാവിൽ എത്തിയത് അശ്വതി തമ്പുരാട്ടിയുടെ പ്രതികാരത്തിന് ഇരയാവാൻ വേണ്ടി മാത്രമാണ്… കാലം കാത്ത് വെച്ചത്….”

ദാരികയുടെ നീലമിഴികൾ തിളങ്ങി…

“അവനെ ശിക്ഷിക്കേണ്ടത് അശ്വതി തമ്പുരാട്ടിയാണ്…”

അനന്തന്റെ വാക്കുകൾ കേട്ടതും ദാരികയുടെ മിഴികളിൽ തിളങ്ങിയ നീര്തുള്ളികൾ വറ്റി.. നീലമിഴികൾ ജ്വലിച്ചു.. മഴവില്ല് പോലുള്ള പുരികക്കൊടികൾക്കിടയിലെ കറുത്ത നാഗച്ചിഹ്നം വെട്ടിത്തിളങ്ങി.. മായിക സൗന്ദര്യം നിറഞ്ഞ വദനത്തിൽ സുവർണ്ണ ശല്കങ്ങൾ തെളിഞ്ഞു.. കരിനിലിച്ച നീണ്ട നാവ് പുറത്തേക്ക് നീട്ടിയവൾ നാഗരക്ഷസ്സായി മാറിയിരുന്നു…

ദാരികയ്ക്ക് കാണാമായിരുന്നു അരയാലിനപ്പുറത്തെ ആ രൂപം.. ആസക്തി നിറഞ്ഞിരുന്ന മിഴികളിൽ അപ്പോൾ ഭയം നിഴലിച്ചിരുന്നു.. കുടിലതയും സാമർഥ്യവും തിങ്ങിയിരുന്ന മുഖത്തപ്പോൾ നിസ്സഹായതയായിരുന്നു..

“ഭൈരവാ….”

ദാരികയുടെ അലർച്ച നാഗത്താൻകാവും കടന്നു കാളീശ്വരത്തെ ആകമാനം പ്രകമ്പനം കൊള്ളിച്ചു…

“നിന്റെ ആത്മാവിന് ഞാനൊരു ദേഹം നൽകുന്നു….”

കനത്ത നിശബ്ദതയിലേക്ക് ദാരികയുടെ പൊട്ടിച്ചിരി ഉയർന്നു.. സീൽക്കാരവും…

“പൊട്ടിയൊലിക്കുന്ന വ്രണങ്ങൾ നിറഞ്ഞു പഴുത്തു നാറുന്നൊരു ദേഹം..മരണമോ മോക്ഷമോ ഇല്ലാതെ അനേകായിരം വർഷങ്ങൾ നിന്റെ ആത്മാവ് ആ ശരീരത്തിൽ തടവിലാകും.. ആരാലും ആ ശരീരത്തിൽ നിന്നും നിനക്കൊരു മോചനമുണ്ടാവില്ല്യ.. ചുറ്റുമുള്ളവർ സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടു ഓരോ നിമിഷവും നീറി നീറി ഈ ജന്മം ഒന്നു കഴിഞ്ഞു കിട്ടണേയെന്ന് ഈശ്വരനോട് യാചിക്കും നീ… നീ ചവിട്ടിയരച്ച ജീവിതങ്ങളെ ഒരോർത്തോർത്തു ഉരുകി തീരും ഭൈരവാ നീ…”

ദാരിക വീണ്ടും പൊട്ടിച്ചിരിച്ചു…

ഹൃദയം നുറുങ്ങുന്നത് പോലൊരു അലർച്ച യക്ഷിക്കാവിലാകെ അലയടിച്ചു.. ഭൈരവൻ…അവിടമാകെ വീശിയടിച്ച കാറ്റിൽ കരിയിലകൾ ഉയർന്നു പൊങ്ങി.. മരച്ചില്ലകൾ ആടിയുലഞ്ഞു…

ഒട്ടുനേരത്തിനൊടുവിലെ നിശബ്ദതയിൽ ദാരിക ആദിത്യനെയും ഭദ്രയേയും നോക്കി.. ആദിത്യൻ അവളെ ചേർത്ത് പിടിച്ചിരുന്നു..

“മാപ്പ്.. എല്ലാത്തിനും…മറ്റൊരാളുടേതാണെന്ന് അറിയാതെ പ്രണയിച്ചു പോയി.. മോഹിച്ചു പോയി…”

ആത്മനിന്ദയാലെന്നോണം ദാരിക ഒന്നു ചിരിച്ചു…

“ഇന്ന് അശ്വതിയുടെ പ്രതികാരാഗ്നിയിൽ ആ പ്രണയത്തെയും ഞാനിവിടെ ഹോമിക്കുന്നു.. ബാക്കിയാവുന്നത് ദാരികയാണ്.. ദാരികയെന്ന നാഗരക്ഷസ്സ്.. കാത്തിരിക്കാൻ ആരുമില്ല്യാ..”

ദാരിക വീണ്ടുമൊന്ന് ചിരിച്ചു..

“അതുകൊണ്ട് തന്നെ നിങ്ങളെ പോലെയൊരു പുനർജ്ജന്മം ആഗ്രഹിക്കണുമില്ല്യാ…”

ദാരിക എല്ലാവരെയും മാറി മാറി നോക്കി..

“നിങ്ങൾക്കും നിങ്ങളുടെ തലമുറയ്ക്കും കാവലായി ഈ ദാരിക ഇവിടെയുണ്ടാകും.. ഈ യക്ഷിക്കാവിൽ.. യക്ഷിയമ്മയോടൊപ്പം…”

ആ നീലമിഴികൾ എത്തി നിന്നത് രുദ്ര (ഊർമിള )അംബിക (ഉത്തര)യിലുമായിരുന്നു..

അവളുടെ ആഗ്രഹം അറിഞ്ഞെന്നോണം രണ്ടുപേരും അവൾക്കരികെയെത്തി.. മൂവരുടെയും നോട്ടമിടഞ്ഞു..കണ്ണുകൾ നിറഞ്ഞു..

അവിടെ അപ്പോൾ അവർ മാത്രമായിരുന്നു.. അശ്വതിയും ഊർമിളയും ഉത്തരയും.. അപ്പോൾ അവർക്കിടയിൽ ആരുമില്ലായിരുന്നു.. എല്ലാത്തിനും സാക്ഷിയായി യക്ഷിയമ്മ മാത്രം.. മുല്ലപ്പൂക്കൾ അപ്പോഴും പൊഴിഞ്ഞു കൊണ്ടിരുന്നു.. അവരുടെ ബാല്യത്തെ ഓർമിപ്പിച്ചെന്നോണം…

ഉത്തരയും ഊർമിളയും (രുദ്രയും അംബികയും)നോക്കികൊണ്ടിരിക്കവേയാണ് ദാരികയുടെ ഉടലിൽ നിന്നും പുകച്ചുരുളുകൾ ഉയർന്നത്.. കറുത്ത പുകച്ചുരുളുകൾ അവശേഷിപ്പിച്ചു കൊണ്ടു അശ്വതി അവരുടെ കണ്മുന്നിൽ നിന്നും മാഞ്ഞു പോയി…

യക്ഷിയമ്മയുടെ പ്രതിഷ്ഠയിലെ കൈത്തണ്ടയിൽ ഒരു കുഞ്ഞു സ്വർണനാഗം പ്രത്യക്ഷമായി.. കരിനീലമിഴികളുമായി…

പൊടുന്നനെ പിറകിൽ നിന്നൊരു ശബ്ദം കേട്ടാണ് എല്ലാവരും തിരിഞ്ഞു നോക്കിയത്.. മണ്ഡപത്തിന്റെ പടികൾക്ക് താഴെ പാർവതി വീണു കഴിഞ്ഞിരുന്നു…

(തുടരും )

രുദ്ര  -ഊർമിള

സൂര്യനാരായണൻ  – ദേവൻ മാഷ്

ഉത്തര – അംബിക

ശ്രീനാഥ് – മുകുന്ദനുണ്ണി

ഒരു ഭാഗം കൂടെ.. കഥ ഏതാണ്ടൊക്കെ മനസ്സിലായെന്ന് കരുതുന്നു.. ഇല്ലെങ്കിൽ ആദ്യം മുതൽ ഒന്നൂടെ വായിച്ചോളൂ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.6/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 46”

Leave a Reply

Don`t copy text!