Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 5

Online Malayalam Novel Neelamizhikal

പത്മ പുലരും മുൻപേ തന്നെ ഉണർന്നിരുന്നു.. രാത്രി ഉറങ്ങിയില്ലെന്ന് തന്നെ പറയാം..

അനന്തേട്ടൻ വരുന്നെന്നു രുദ്ര പറഞ്ഞത് മുതലുള്ള വെപ്രാളമാണ്…

വർഷങ്ങളായി തമ്മിൽ കണ്ടിട്ട്.. ഒരിക്കൽ പ്രാണനായിരുന്നയാൾ… ഇങ്ങനെയൊരു വേർപിരിയൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല…

എന്നിട്ടും വിധി തങ്ങളെ അകറ്റി.. വിധി…?

വിധി മാത്രമല്ല..

പത്മയുടെ മുഖം വലിഞ്ഞു മുറുകി..

അമ്മേയെന്നൊരു വിളി കാതുകളിൽ അലയടിക്കുന്നത് പോലെ തോന്നിയതും അവൾ മിഴികൾ ഇറുകെ അടച്ചു…

ഇല്ല..ഇപ്പോഴും അനന്തേട്ടനോട് പൂർണ്ണമായും ക്ഷമിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ഇനി ഒരിക്കലും..?

അവൾ ദേഹത്ത് നിന്നും പുതപ്പെടുത്തത് മാറ്റി ധൃതിയിൽ വാഷ്റൂമിലേക്ക് നടന്നു..

കുളി കഴിഞ്ഞു വന്നു, കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി കോതുമ്പോൾ നീണ്ട മുടിയിഴകൾക്കിടയിൽ തെളിഞ്ഞ വെള്ളി രേഖകൾ കണ്ടു.. പത്മ പതിയെ മുടിയിൽ തലോടി.. ചുണ്ടിലൊരു വരണ്ട ചിരി തെളിഞ്ഞു…

ഒരു നിമിഷം അവൾക്ക് ആ കണ്ണാടിയിൽ കൂടെ അവളെ നോക്കി ചിരിച്ചു കൊണ്ട് കണ്ണിറുക്കി കാണിച്ചയാളുടെ നുണക്കുഴി ചിരി കണ്ടത് പോലെ തോന്നി..

തോന്നിയതാണെന്ന് അറിയാമെങ്കിലും അവൾ വെറുതെ തിരിഞ്ഞു നോക്കി.. കണ്ണുകൾ നിറഞ്ഞിരുന്നു..

പ്രാണനാണ് ഇപ്പോഴും.. ഒരു നോക്ക് കാണണമെന്ന ആഗ്രഹവും ഉള്ളിലുണ്ട്.. പക്ഷെ…

മുടി തുമ്പ് കെട്ടിയിട്ട് പത്മ നിലവറയിലേക്ക്  നടന്നു.. കെടാവിളക്കിൽ എണ്ണ പകർന്നു നാഗശിലയ്ക്ക് മുൻപിൽ കൈകൾ കൂപ്പുമ്പോൾ പത്മയുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു..

ചെപ്പിൽ നിന്നും സിന്ദൂരം സീമന്ത രേഖയിൽ ചാർത്തിയപ്പോൾ അവളുടെ കൈ വിറച്ചു.. മുടക്കം വരുത്തിയിട്ടില്ല ഇതു വരെ…

രുദ്ര  തലവേദനയാണെന്ന് പറഞ്ഞത് കൊണ്ട് അവൾക്ക് വേണ്ടി കാത്ത് നിൽക്കാതെ നാഗക്കാവിലേക്ക് നടന്നു..

തന്നെക്കാൾ കൃത്യമായി കാവിലെ ചടങ്ങുകൾ ഒരു മുടക്കവും വരുത്താതെ ചെയ്യുന്നവളാണ്…

പത്മ ഒന്ന് പുഞ്ചിരിച്ചു… രുദ്രയും ഭദ്രയും.. രാവും പകലും പോലെ അന്തരമുള്ളവർ..

ഈ നാഗക്കാവും മഠവുമൊക്കെയാണ് രുദ്രയുടെ ലോകം.. ആരെങ്കിലുമൊന്ന് തറപ്പിച്ച് നോക്കിയാൽ വിയർത്തു പോവുന്നവൾ..

പത്മയ്ക്ക് രുദ്രയെ കാണുമ്പോഴൊക്കെ മേലേരിയിലെ ഭദ്രയെ ഓർമ്മ വരും.. കഥകളിൽ മാത്രം കേട്ടവൾ.. ഭൂമിയ്ക്ക് നോവുമോ എന്ന് പേടിച്ചു മണ്ണിൽ കാലമർത്തി നടക്കാതിരുന്നവൾ..

അവൾ തന്നെയായിരുന്നു ശ്രീദയെന്ന  വിഷകന്യയായി പ്രതികാരതാണ്ഡവം ആടിയതും… പത്മ ഓർത്തു…

ഇവിടുത്തെ ഭദ്ര നേരേ തിരിച്ചാണ്.. എന്തിനെ പറ്റിയും സ്വന്തമായ അഭിപ്രായങ്ങളുണ്ട്.. അവളുടെ കാര്യങ്ങളിൽ അവസാനതീരുമാനം അവളുടേത് മാത്രമായിരിക്കും..

നാഗക്കാവിൽ തിരി തെളിയിക്കാറും  പ്രാർത്ഥിക്കാറുമൊക്കെ ഉണ്ടെങ്കിലും എന്തിനെയും ചോദ്യം ചെയ്യുന്ന സ്വഭാവമാണ് ഭദ്രയ്ക്ക്..

താമരക്കുളത്തിനരികെ എത്തിയതും പത്മ പടവുകളിലേക്ക് നോക്കി.. എവിടെയും അനന്തേട്ടന്റെ ഓർമ്മകൾ മാത്രമാണ്..

കാവിലേക്ക് കയറുന്നതിനിടെ അവൾ താഴെയുള്ള തന്റെ വീട്ടിലേക്ക് നോക്കി.. വെളിച്ചം കാണുന്നുണ്ട്.. ശ്രീക്കുട്ടനാവില്ല.. ആ എഴുത്തുകാരനാവും..

ഒട്ടും താല്പര്യം ഇല്ലായിരുന്നെങ്കിലും ശ്രീക്കുട്ടന്റെയും രുദ്രയുടെയും നിർബന്ധത്തിനു വഴങ്ങിയാണ് സമ്മതിച്ചത്..

അച്ഛനും അമ്മയും പോയതോടെ മിക്കവാറും അടച്ചിടാറാണ് പതിവ്.. വല്ലപ്പോഴുമേ ശ്രീക്കുട്ടൻ ഇങ്ങോട്ട് വരൂ…

ഒരു പാട് നിർബന്ധിച്ചെങ്കിലും വിവാഹത്തിന് താല്പര്യമില്ലെന്ന തീരുമാനത്തിൽ അവൻ ഉറച്ചു നിന്നു കളഞ്ഞു..

പത്മ ഒരു ദീർഘ നിശ്വാസത്തോടെ കാവിലേക്ക് കയറി…

കുഞ്ഞു നാഗം ചെമ്പകകൊമ്പിന്മേൽ  ചുറ്റി പിണഞ്ഞു കിടക്കുന്നത് കണ്ടു അവളൊന്ന് പുഞ്ചിരിച്ചു.. ആൾ മിക്കപ്പോഴും കാവിൽ തന്നെയാണ് ഇപ്പോൾ..

അനന്തേട്ടൻ പറയാറുള്ളത് പോലെ തന്റെ മറ്റൊരു അവകാശി..

ഇലഞ്ഞി പൂത്ത മണം അവിടമാകെ നിറഞ്ഞിരുന്നു..

നാഗത്തറയ്ക്കപ്പുറത്തെ കാഞ്ഞിരത്തിൽ പടർന്നു കയറിയ വള്ളികളിൽ നിറയെ ചുമപ്പും മഞ്ഞയും കലർന്ന പൂക്കൾ കണ്ടു..

പത്മ തിരി തെളിയിച്ചു കൈകൾ കൂപ്പാൻ തുടങ്ങിയതും നാഗപ്രതിഷ്ഠയ്ക്ക് മുൻപിലേക്ക് ഒരു പിടി മുല്ലപ്പൂക്കൾ വന്നു വീണു…

പത്മ ഞെട്ടലോടെ തല ചെരിച്ചതും അനന്തൻ കണ്ണുകളടച്ചു കൈകൾ കൂപ്പിയിരുന്നു..

പത്മയുടെ ഹൃദയമിടിപ്പ് ക്രമാതീതമായി വർദ്ധിക്കുന്നുണ്ടായിരുന്നെങ്കിലും അവൾ കൈകൾ കൂപ്പി പ്രാർത്ഥിച്ചു..

അവൾ തൊഴുതു തിരിഞ്ഞതും അനന്തൻ രണ്ടു ചുവടുകൾ മുൻപോട്ട് വെച്ചിരുന്നു.. തിരിഞ്ഞു നോക്കിയപ്പോൾ തന്റെ മിഴികൾ നിറയാതിരിക്കാൻ പത്മ പാടുപെടുകയായിരുന്നു…

അവൾ നോക്കിയതും അനന്തൻ പുഞ്ചിരിച്ചു.. തിരിച്ചൊന്നു പുഞ്ചിരിക്കാൻ പോലുമാവാതെ പത്മ അയാളെ കണ്ണുകളിൽ നിറയ്ക്കുകയായിരുന്നു…

നനവുണങ്ങാത്ത നീണ്ട മുടിയിഴകളിലും താടി രോമങ്ങളിലും എവിടെയൊക്കെയോ വെള്ളി പടർന്നിട്ടുണ്ട്..

കുസൃതി നിറഞ്ഞ ആ കണ്ണുകളുടെ തിളക്കവും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴികൾക്കും ഒരു മാറ്റവുമില്ല.. തൂവെള്ള ജുബ്ബയും വെള്ളിക്കരയുള്ള മുണ്ടും.. നെറ്റിയിൽ ഭസ്മക്കുറി..

“രുദ്ര പറഞ്ഞിരുന്നില്ലേ…?”

സൗമ്യമായിരുന്നു ശബ്ദം.. അപ്പോഴും പത്മ ഒന്നും പറഞ്ഞില്ല..

“പത്മ…?”

പത്മ പൊടുന്നനെ ഒന്ന് ഞെട്ടി.. പിന്നെ താഴേക്ക് നോക്കി പറഞ്ഞു..

“പറഞ്ഞിരുന്നു…”

“തന്റെ നോട്ടം കണ്ടപ്പോൾ ഞാൻ വരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് തോന്നി..”

പത്മയുടെ മുഖത്ത് ജാള്യത തെളിഞ്ഞിരുന്നു.. നടക്കുന്നതിനിടെയാണ് പറഞ്ഞത്..

“അത്.. ഞാൻ പെട്ടെന്ന്.. ഇവിടെ വെച്ച് കണ്ടപ്പോൾ..”

തന്നെ കണ്ടപ്പോൾ മുതൽ പാടുപെട്ട് അവൾ മറയ്ക്കാൻ ശ്രെമിക്കുന്ന പതർച്ച അനന്തന്റെ ചുണ്ടുകളിൽ ചിരി പടർത്തിയെങ്കിലും നിമി നേരം കൊണ്ട്  അയാളത് മറച്ചു..

“അനന്തേട്ടൻ ഇപ്പോഴെത്തിയതേയുള്ളൂ..?”

മുഖത്ത് നോക്കാതെയാണ് അവൾ ചോദിച്ചത്.. ഒരുമിച്ച് നടക്കുന്നതിനിടെ അനന്തന്റെ കണ്ണുകൾ അവളിലായിരുന്നു..

നെറ്റിയിലെ വലിയ ചുവന്ന പൊട്ടിനും സീമന്തരേഖയിലെ സിന്ദൂരത്തിനും മാത്രമേ മാറ്റമില്ലാതുള്ളൂ.. മഷിയെഴുതാത്ത കണ്ണുകളിലെ തിളക്കം മങ്ങിയിട്ടുണ്ട്.. അനന്തന്റെ ഉള്ളിൽ കാരമുള്ള് കൊണ്ട് കുത്തുന്നത് പോലെയുള്ള വേദന തോന്നി..

പത്മ ചോദ്യഭാവത്തിൽ മുഖമുയർത്തി നോക്കിയപ്പോഴാണ് അനന്തൻ മറുപടി പറഞ്ഞത്..

“ഞാൻ.. ഞാൻ ഇന്നലെ രാത്രി എത്തിയിരുന്നു പത്മ.. ഒരുപാട് ലേറ്റ് ആയിരുന്നു.. താൻ ഉറങ്ങിയിരുന്നു..രുദ്രയോട് ഞാനാണ് തന്നെ വിളിക്കണ്ടെന്ന് പറഞ്ഞത്..”

പത്മ ഞെട്ടലോടെ അനന്തനെ നോക്കി..

അപ്പോൾ.. അപ്പോൾ ഇന്നലെ രാത്രി.. അത് സ്വപ്നമായിരുന്നില്ലേ.. അനന്തേട്ടൻ കട്ടിലിൽ,  അരികെ വന്നിരുന്നതും മുടിയിൽ തഴുകിയതും നെറ്റിയിൽ ചുംബിച്ചതും ഒക്കെ.. സ്വപ്നം തന്നെയായിരുന്നില്ലേ…?

“എന്ത്‌ പറ്റി പത്മാ..?

“ഒന്നുമില്ല.. ഞാൻ വെറുതെ..”

അനന്തൻ ചിരിച്ചു.. പത്മ ഒന്നും മിണ്ടിയില്ല..

താമരക്കുളത്തിനരികെ എത്തിയതും അനന്തൻ പടവുകളിറങ്ങി താമരപ്പൂക്കൾ പൊട്ടിച്ചെടുത്തു… പത്മ നോക്കി നിന്നതേയുള്ളൂ..

അനന്തൻ തിരികെയെത്തി പൂക്കൾ അവൾക്ക് നേരേ നീട്ടിയതും പത്മ നിഷേധാർത്ഥത്തിൽ തലയാട്ടി..

“വാങ്ങിച്ചോടോ.. ഒരിക്കൽ ജീവനുതുല്യം സ്നേഹിച്ചവരെന്നതിലുപരി രുദ്രയുടെയും ഭദ്രയുടെയും മാതാപിതാക്കൾ എന്നൊരു ബന്ധം ബാക്കിയില്ലേ ഇപ്പോഴും..”

പത്മ ഒന്നും മിണ്ടിയില്ല..

“പേടിക്കണ്ട.. ഭർത്താവെന്നുള്ള അവകാശവും അധികാരവുമൊന്നും കാണിക്കില്ല.. വരേണ്ടത് അത്യാവശ്യം ആയത് കൊണ്ടാണ് ഈ വരവ് പോലും..”

പത്മയുടെ മിഴികൾ നിറഞ്ഞിരുന്നു..

“രുദ്രയ്ക്കും ഭദ്രയ്ക്കും മുൻപുണ്ടായവളെ എനിക്കൊരിക്കലും മറക്കാൻ കഴിയില്ല അനന്തേട്ടാ.. ആദ്യമായി എന്നെ അമ്മേയെന്ന് വിളിച്ചവൾ.. ഒന്നും മറക്കാനും പൊറുക്കാനും പത്മയ്ക്ക് കഴിയില്ല..”

പത്മയുടെ മിഴികൾ നിറഞ്ഞു കവിഞ്ഞിരുന്നു.. അവൾ ഓടി പോവുന്നതും നോക്കി നിൽക്കവേ അനന്തന്റെ ഉള്ള് പൊള്ളുന്നുണ്ടായിരുന്നു..

നാഗക്കാവിൽ നിന്നും ഒഴുകിയെത്തിയ കാറ്റിൽ “അച്‌ഛാ ”  എന്നൊരു വിളി കേട്ട പോലെ അയാൾക്ക് തോന്നി.. അനന്തന്റെയും മിഴികളിൽ നനവൂറിയിരുന്നു..

############## ############ #######

“എന്നിട്ട്…അവര് തമ്മിൽ സംസാരിച്ചോ..?”

കാളിയാർമഠത്തിലെ പൂമുഖത്തെ ചാരുപടിക്കരികെയായിരുന്നു ഭദ്ര.. ഫോണിലൂടെയുള്ള അവളുടെ ശബ്ദത്തിൽ ആകാംക്ഷ  നിറഞ്ഞിരുന്നു..

“കാവിൽ വെച്ചു സംസാരിച്ചു കാണണം.. അച്ഛനുള്ള ഫുഡ്‌ ഒക്കെ റെഡി ആക്കിയെങ്കിലും  ഞങ്ങളുടെ ഒപ്പം കഴിക്കാനൊന്നും അമ്മ വന്നില്ല.. പിന്നെ തലവേദനയാണെന്നും പറഞ്ഞു കിടക്കാൻ പോയി..”

“ഉം.. അല്ലെങ്കിലും പത്മദേവിയുടെ തലക്കനം പ്രശസ്തമാണല്ലോ..”

ഭദ്ര പറഞ്ഞു..

“ഡീ.. വേണ്ടാത്തത് പറഞ്ഞാലുണ്ടല്ലോ..”

രുദ്രയുടെ വഴക്ക് കേട്ട് നിൽക്കുമ്പോഴാണ് പൂമുഖത്തേക്ക് വന്ന ആദിത്യനെ ഭദ്ര കണ്ടത്..പിന്നാലെ ദേവിയമ്മയും പാർവതിയും ഉണ്ട്.. അയാളുടെ കൈയിൽ ബുള്ളറ്റിന്റെ കീ കണ്ടതും ഭദ്ര ഫോണിൽ പറഞ്ഞു..

“എടി നീ വെക്ക്.. ചീത്ത കേൾക്കാൻ ഞാൻ പിന്നെ വിളിച്ചോളാം..”

രുദ്രയുടെ മറുപടിയ്ക്ക് കാക്കാതെ കാൾ കട്ട്‌ ചെയ്തു ഫോൺ പോക്കറ്റിലേക്കിട്ട് ഭദ്ര വിളിച്ചു..

“ആദി സാർ..”

മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയ ആദിത്യൻ അവളുടെ വിളി കേട്ടതും നെറ്റി ചുളിച്ചു അവളെ നോക്കി..

“സാർ പുറത്തേയ്ക്ക് പോവാണോ..?”

“അതെ..”

തെല്ല് സംശയത്തോടെയാണ് ആദിത്യൻ മറുപടി പറഞ്ഞത്..

“ഒരു മിനിറ്റ്.. ഞാനും വരുന്നു.. എനിക്കൊരു സാധനം വാങ്ങാനുണ്ട്..”

ആദിയ്ക്ക് എതിർത്തു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അഴിച്ചിട്ട

നീണ്ട മുടി കൈ കൊണ്ട് കോതിയൊതുക്കി  മടക്കി കെട്ടി കൊണ്ട് ഭദ്ര മുറ്റത്തേക്കിറങ്ങിയിരുന്നു.. വാ തുറന്നു നിൽക്കുന്ന പാർവതിയെയും വ്യാകുലതയോടെ അവരെ നോക്കുന്ന ദേവിയമ്മയെയും നോക്കി ഭദ്ര കണ്ണിറുക്കി കാട്ടി..

ആദിത്യൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തതും ഭദ്ര പുറകിൽ കയറി ഇരുന്നു..

സ്കർട്ട് ആയത് കൊണ്ട് വൺ സൈഡ് ആയിട്ടാണ് ഇരുന്നത്.. നേരേ ഇരുന്നതും അവൾ വലം കൈ എടുത്തു ആദിത്യന്റെ ചുമലിൽ വെച്ചു.. തിരിഞ്ഞു നോക്കിയപ്പോൾ പാർവതിയുടെ ഉണ്ടക്കണ്ണുകൾ ഇപ്പോൾ താഴെ വീഴും എന്ന അവസ്ഥയിലാണ്.. ദേവിയമ്മയുടെ മുഖത്ത് അതിശയമായിരുന്നു..

“അതിൽ  ആരെയും അവൻ കയറ്റില്യാ ന്റെ കുട്ട്യേ..”

ദേവിയമ്മ പാർവതിയോട് ഇന്നലെ  പറയുന്നത് ഭദ്ര കേട്ടിരുന്നു..അത് കേട്ടപ്പോൾ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നിരുന്നു..

” ആദിനാരായണന്റെ രഥം” എന്ന് ഭദ്ര കളിയാക്കിയിരുന്ന ബുള്ളറ്റിലെ അവരുടെ യാത്രകൾ അവളുടെ മനസ്സിൽ തെളിഞ്ഞു നിന്നു..

കാളിയാർ മഠത്തിന്റെ മതിൽക്കെട്ടുകൾ കടന്നപ്പോഴാണ് അവളുടെ കൈ തട്ടിയെറിഞ്ഞു കൊണ്ട് ആദിത്യൻ പറഞ്ഞത്..

“തന്റെ വെളച്ചിൽ ഇവിടെടുക്കരുതെന്ന് ഞാൻ പറഞ്ഞതാണ്.. അറിയാലോ തനിക്കെന്നെ ശരിക്കും.. വലിച്ചു കീറി നാഗകാളി മഠത്തിൽ കൊണ്ടോയിടും ഞാൻ..”

“ഹൂ..ആദിനാരായണന്റെ ദേഷ്യം.. കണ്ടിട്ട് കാലമെത്രയായി..”

“ഭദ്രാ..”

താക്കീതിന്റെ സ്വരം കേട്ടിട്ടും അവൾ ചിരിച്ചതേയുള്ളൂ..

പല്ല് ഞെരിച്ചു കൊണ്ടാണ് അയാൾ തുടർന്നത്..

“മോളുടെ താളത്തിന് തുള്ളുന്ന അച്ഛനെ..”

ആദിത്യൻ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപേ ഭദ്രയുടെ ഇടം കൈയിലെ നീണ്ട നഖങ്ങൾ അയാളുടെ ചുമലിൽ അമർന്നിരുന്നു..

“ദേ ചെറുക്കാ… എന്റെ അച്ഛനെ പറ്റി വല്ലതും പറഞ്ഞാൽ ആരെന്നും ഏതെന്നും ഈ ഭദ്ര നോക്കില്ല.. അറിയാലോ..”

“ഡീ.. വിടെടി ഭദ്രകാളി..”

ചുമൽ കുടഞ്ഞുകൊണ്ട് ആദിത്യൻ പറഞ്ഞു..

“ഭദ്രയ്ക്ക് നാഗകാളി മഠത്തിലെ അനന്തപത്മനാഭൻ,എന്റെ അച്ഛൻ, കഴിഞ്ഞേ മറ്റാരുമുള്ളൂ.. ഈ ആദിനാരായണൻ പോലും…”

ഒരിക്കൽ ആദിത്യനിൽ അസൂയ ഉണർത്തിയിരുന്ന വാക്കുകൾ കേട്ടതും അയാളൊന്ന് വല്ലാതായി.. ഭദ്ര പിടി വിട്ടതും അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“സോറി..”

“ഉം.. വരവ് വെച്ചിരിക്കുന്നു..”

ആദിത്യൻ അറിയാതെ ഒന്ന് പുഞ്ചിരിച്ചു.. അവളിലേക്ക് ആകർഷിച്ചതും പുറകെ നടത്തിച്ചതും ഒക്കെ ഈ സ്വഭാവമാണ്..

ഭദ്രകാളി…

“എനിക്ക് ദേ അവിടെയാണ് പോവേണ്ടത്..”

ഭദ്ര ചൂണ്ടിയ ഇടത്തേയ്ക്ക് നോക്കിയതും ആദിത്യൻ ഞെട്ടി.. കാടുപിടിച്ചു കിടക്കുന്ന നീലിമലക്കാവ്..അറിയാതെ അയാളുടെ കാലുകൾ ബ്രേക്കിൽ അമർന്നു..

“ആർ യൂ മാഡ്ഡ്..? ഇട്സ് ടൂ ഡെയിഞ്ചറസ് ഭദ്രാ..”

ചാടിയിറങ്ങി പുഞ്ചിരിയോടെയാണവൾ പറഞ്ഞത്..

“ജീവിതമായാൽ കുറച്ചു അഡ്വഞ്ചറൊക്കെ വേണമെന്ന് പറഞ്ഞൊരാളുണ്ടായിരുന്നു..”..

ആദിത്യന്റെ മുഖം വലിഞ്ഞു മുറുകി.. ഭദ്രയുടെ മിഴികൾ കാവിലേക്കായിരുന്നു.. വാതിലിനപ്പുറം പത്തിവിടർത്തിയ വെള്ളിനാഗം കാത്തിരുന്നിരുന്നു.. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ…

############ ########### ##########

“മറ്റന്നാൾ ആയില്യമാണ്.. ഉൾക്കാവിനുള്ളിലെ കരിങ്കൽ മണ്ഡപത്തിലും ചിത്രകൂടത്തിലും ദീപം  തെളിയിക്കണം.. നമ്മൾ ഒരുമിച്ച്…”

അനന്തന്റെ വാക്കുകൾ കേട്ടതും പത്മ  അവിശ്വസനീയതയോടെ  അയാളെ നോക്കി.. പിന്നെ ജനാലയിലൂടെ പുറത്തേക്കും..

“നമ്മുടെ മക്കൾക്ക് വേണ്ടി.. നാഗകാളി മഠത്തിനു വേണ്ടി.. ആപത്ത് അരികെയെത്തിയെന്ന് ആരോ മനസ്സിലിരുന്നു മന്ത്രിക്കുന്നു..”

പത്മയെ വീണ്ടും അനന്തനെ നോക്കിയപ്പോൾ അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..

“അവരെയെങ്കിലും നമുക്ക് നഷ്ടമാവാതിരിക്കണ്ടേ…?”

തെല്ലകലെ നാഗക്കാവിൽ തിരി തെളിഞ്ഞിരുന്നു..

തൊഴുതു തിരിയുമ്പോഴാണ് രുദ്ര  കാവിലെ പടികൾ കയറി വരുന്നയാളെ കണ്ടത്..

അവളുടെ മുഖത്തും ദീപനാളത്തിന്റെ പ്രകാശമായിരുന്നു..

നാഗക്കാവിൽ കയറിയതും അയാൾ അവളെ നോക്കി മനോഹരമായൊന്നു പുഞ്ചിരിച്ചു…

രുദ്രയുടെ മുഖം തുടുത്തു.. അയാളുടെ മുൻപിൽ പൊടുന്നനെയാണ് കുഞ്ഞു കരിനാഗം പത്തി വിടർത്തിയത്… അയാൾ ചിരിച്ചതേയുള്ളൂ.. ഒരു നിമിഷം കഴിഞ്ഞതും കുഞ്ഞി നാഗം ഇഴഞ്ഞു മാറി നിൽക്കുന്നത് രുദ്ര കണ്ടു.. അവളുടെ മിഴികൾ വിടർന്നു..

അയാൾ…സൂര്യനാരായണൻ…

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!