സൂര്യനാരായണൻ കാവിലേക്ക് കാലെടുത്തു വെച്ചതും, എവിടുന്നെന്നറിയില്ല അയാൾക്ക് മുൻപിൽ സീൽക്കാരശബ്ദത്തോടെ ഒരു കുഞ്ഞു കരിനാഗം പ്രത്യക്ഷപ്പെട്ടു..
രുദ്ര ശ്വാസമടക്കി പിടിച്ചു നിൽക്കുകയായിരുന്നു.. പക്ഷെ അവളെ അത്ഭുതപ്പെടുത്തി കൊണ്ട് സൂര്യനാരായണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു… അതേ ചിരിയോടെ അയാൾ തലയൊന്ന് കുനിച്ചു കുഞ്ഞി നാഗത്തിന് നേരേ കണ്ണുകൾ ചിമ്മി കാണിച്ചു..
ഒരു നിമിഷം കൂടെ അങ്ങനെ നിന്നതിനു ശേഷമാണ് അത് അടുത്തുള്ള കുറ്റിച്ചെടികൾക്കിടയിലേക്ക് പതിയെ ഇഴഞ്ഞു നീങ്ങിയത്..
രുദ്ര കണ്ണുകൾ ചിമ്മാതെ നോക്കി നിൽക്കവേ സൂര്യനാരായണൻ അവൾക്കരികെയെത്തി..
“ഉം.. തമ്പുരാട്ടിക്കുട്ടിയ്ക്ക് എന്ത് പറ്റി…?”
രുദ്രയ്ക്ക് വാക്കുകൾ കിട്ടിയില്ല.. അല്ലെങ്കിലും സൂര്യനാരായണന്റെ സാമീപ്യത്തിൽ വാക്കുകൾ പിണങ്ങി നിൽക്കാറാണ് പതിവ്..
മായാജാലക്കാരൻ… അവളുടെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു..
“അന്യർക്ക് പ്രവേശനമില്ല എന്നുള്ള ബോർഡൊന്നും കണ്ടില്ല.. അതാണ് കയറി വന്നത്.. ഇങ്ങനെയൊരു കാവൽക്കാരൻ ഉള്ളത് അറിഞ്ഞില്ല..”
വീണ്ടും ആ മനം മയക്കുന്ന അതേ പുഞ്ചിരി..
“ന്ത് മായാജാലമാ കാട്ടീത്..?കുഞ്ഞൻ ആരെയും അങ്ങനെ അകത്തേയ്ക്ക് കടത്തി വിടാറില്ല്യാ ..”
“അങ്ങനെയാണോ..?”
“മനയ്ക്കൽ ഉള്ളവരോടൊപ്പമല്ലാതെ പുറത്ത് നിന്നാരെയും കാവിലേക്ക് കയറ്റാറില്ല്യ അവൻ..”
“ഓ.. അപ്പോൾ ഇയാളുടെ അംഗരക്ഷകനാണ് അവൻ..”
സൂര്യന്റെ ചുണ്ടിലൊരു കുസൃതിച്ചിരി വിടർന്നു.. രുദ്ര വേഗം നോട്ടം മാറ്റി.. ആ കണ്ണുകൾ അതിലേക്ക് പിടിച്ചു വലിക്കുന്നത് പോലെ.. എന്താണിങ്ങനെ..?
“ഞാൻ.. ഞാൻ.. പോണൂ..”
അവൾ തിരിഞ്ഞതും പിറകിൽ നിന്നാ ശബ്ദം കേട്ടു..
“ഹാ ഒന്ന് നിൽക്കെടോ.. ഞാനുമൊന്ന് പ്രാർത്ഥിച്ചോട്ടെ.. ഇനി എങ്ങാനും തനിച്ചു നിൽക്കുന്നത് കണ്ടിട്ട് തന്റെ ബോഡിഗാർഡിന് കലിയിളകിയാലോ..?”
ഒന്ന് സംശയിച്ചിട്ടാണ് രുദ്ര തിരിഞ്ഞു നിന്നത്.. ചിരിയോടെ തന്നെ സൂര്യൻ കണ്ണുകളടച്ചു കൈകൾ കൂപ്പി..
നാഗത്തറയിലെ നാളം തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു.. മഞ്ഞൾ പൊടി നിറഞ്ഞിരുന്ന തറയിൽ ഇലഞ്ഞി പൂക്കളും ഇട കലർന്നു കിടന്നിരുന്നു..
കർപ്പൂരത്തിന്റെയും മഞ്ഞളിന്റെയും സുഗന്ധത്തിനൊപ്പം ഇളം കാറ്റിൽ അവിടമാകെ ഇലഞ്ഞിപ്പൂമണവും പരന്നിരുന്നു..
രുദ്ര കണ്ണിമയ്ക്കാതെ അയാളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..കട്ടിയുള്ള കൂട്ട് പുരികങ്ങൾക്ക് താഴെ ഇടതൂർന്ന പീലികളുള്ള നേർത്ത ചാരനിറമുള്ള കൃഷ്ണ മണികളും നീണ്ടുയർന്ന നാസികയും ആ മുഖത്തിനൊരു തീക്ഷണഭാവം നൽകിയിരുന്നു..പക്ഷെ ആ ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി.. അതായിരുന്നു രുദ്രയെ മോഹിപ്പിച്ചത്..
പൊടുന്നനെയാണ് സൂര്യൻ കണ്ണുകൾ തുറന്നത്.. കൈകൾ കൂപ്പിക്കൊണ്ട് തന്നെ പുരികമുയർത്തിയാണ് എന്തേയെന്നു ചോദിച്ചത്. രുദ്ര ജാള്യതയോടെ ഒന്നുമില്ലെന്ന് മുഖം വെട്ടിച്ചു.. നാഗത്തറയിൽ നിന്നും മഞ്ഞൾപൊടി എടുത്തു നെറ്റിയിൽ തൊടുന്നത് കണ്ടു..
ഒരുമിച്ചായിരുന്നു തിരികെ നടന്നത്..
“രുദ്രയുടെ അച്ഛൻ വന്നിട്ടുണ്ടോ..?”
“ഉം.. ഇന്നലെ… അച്ഛനെ അറിയോ..?”
“നിഹം ഗ്രൂപ്പിന്റെ സാരഥിയെ അറിയുമോയെന്ന് ചോദിക്കേണ്ട ആവശ്യമുണ്ടോ രുദ്രാ…?”
ഒന്നും പറയാതെ രുദ്ര പതിയെ ഒന്ന് പുഞ്ചിരിച്ചു.. സൂര്യന്റെ കണ്ണുകൾ ആ കവിളുകളിൽ തെളിഞ്ഞ നുണക്കുഴികളിലായിരുന്നു.. ഇരട്ടകളാണെങ്കിലും, രൂപസാമ്യം ഉണ്ടെങ്കിലും,വേഷത്തിലും ഭാവത്തിലുമൊന്നും രുദ്രയും ഭദ്രയും തമ്മിൽ ഒരു ചേർച്ചയുമില്ലല്ലോയെന്ന് അയാളോർത്തു..
കറുത്ത കരയുള്ള ബ്ലൗസും നേര്യേതും അണിഞ്ഞ അവളുടെ ഇരുകൈകളിലും കറുത്ത കുപ്പിവളകൾ കണ്ടു.. കഴുത്തിലെ വീതിയേറിയ കറുത്ത ചരടിൽ കോർത്തിട്ടത് വെള്ളിയിൽ തീർത്ത നാഗരൂപമായിരുന്നു.. കാതിൽ കറുത്ത മൊട്ടുകമ്മൽ.. കരിമഷിയെഴുതിയ വിടർന്ന കണ്ണുകൾക്ക് മുകളിലെ കറുത്ത വട്ടപ്പൊട്ടും കണ്ടാണ് അയാൾ ചോദിച്ചത്..
“ഇയാൾക്ക് കറുപ്പിനോട് പ്രത്യേക ഇഷ്ടം വല്ലതുമുണ്ടോ..?”
“ഉം..”
രുദ്ര മൂളിയതേയുള്ളൂ.. സൂര്യനാരായണന് കറുപ്പിനോട് ഇഷ്ടമാണെന്ന് എവിടെയോ വായിച്ചതിന് ശേഷമാണ് താനും കറുപ്പിനെ പ്രണയിച്ചു തുടങ്ങിയതെന്ന് അവൾ പറഞ്ഞില്ല..
ഒരിക്കലും കരുതിയതല്ല ഇങ്ങനെ കൂടെ നിൽക്കാൻ പറ്റുമെന്ന്.. എന്തിന്.. കാണാൻ തന്നെ പറ്റുമെന്ന്.. എന്നിട്ടിപ്പോൾ.. തന്നോട് സംസാരിക്കുന്നു.. ചിരിക്കുന്നു.. അവളുടെ ഉള്ളം തുടികൊട്ടുന്നുണ്ടായിരുന്നു..
“താനും കഥകളും കവിതകളുമൊക്ക എഴുതുമെന്ന് തന്റെ അങ്കിൾ പറഞ്ഞല്ലോ..?”
“അത്.. ഞാൻ.. വെറുതെ ഓരോന്ന്..”
“വല്ലപ്പോഴും ഒന്ന് കൊണ്ട് വന്നു കാണിക്കെടോ.. കൊള്ളൂലെങ്കിൽ ശ്രീയേട്ടൻ അങ്ങനെ പറയില്ല..”
“ശ്രീ മാമ്മൻ ന്താ പറഞ്ഞേ..?”
ആകാംക്ഷ നിറഞ്ഞ കണ്ണുകളിലേക്ക് നോക്കി ചിരിയോടെ സൂര്യൻ പറഞ്ഞു..
“അനന്തരവൾ നന്നായി എഴുതുമെന്ന്..”
“ചുമ്മാ പറഞ്ഞതാ..”
അവളുടെ മുഖത്തും ഒരു ചിരി തെളിഞ്ഞു..
“ആണോ..?”
ആ ചുണ്ടുകളിലെ കുസൃതിച്ചിരി തിരിച്ചു വന്നിരുന്നു..
“ഉം…”
“ഇയാളപ്പോൾ മിണ്ടാപ്പൂച്ചയാണല്ലേ..?”
രുദ്ര അയാളെ നോക്കി..
“ചോദ്യങ്ങൾക്കൊക്കെ ഒന്ന് രണ്ടു വാക്കുകളിൽ ഒതുങ്ങുന്ന മറുപടിയും മൂളലും..വാക്കുകൾ പിശുക്കുന്നു..”
ഈ സാന്നിധ്യമാണ് തന്നെ മൗനത്തെ കൂട്ടുപിടിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് അവൾ മനസ്സിൽ പറഞ്ഞു..
കാവിൽ നിന്നും പുറത്തേക്കിറങ്ങിയപ്പോൾ രുദ്ര പറഞ്ഞു..
“ഞാൻ പൊയ്ക്കോട്ടേ.. ഒത്തിരി വൈകി..”
“ശരി.. കാണാം..”
വീണ്ടും ആ ചിരി.. അയാളുടെ മുഖത്തേക്ക് നോക്കാതെ അവൾ ധൃതിയിൽ മനയ്ക്കലേക്ക് നടന്നു..ഇത്തിരി മുകളിലെത്തി ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ കാവിന്റെ പടികളിൽ നിൽക്കുന്നയാളെ കണ്ടു.. രുദ്ര വേഗം തല വെട്ടിച്ചു നടന്നു..
അവൾ കണ്ണുകളിൽ നിന്നും മറഞ്ഞതിന് ശേഷമാണ്, തുമ്പ് കെട്ടിയിട്ട നീണ്ടു ചുരുണ്ട മുടിയിഴകളിൽ നിന്നും താഴെ വീണു കിടന്നിരുന്ന തുളസിക്കതിരിൽ സൂര്യനാരായണന്റെ നോട്ടമെത്തിയത്.. അയാൾ അതെടുത്തു ചുണ്ടുകളിൽ ചേർത്തു… തിരിഞ്ഞു നോക്കിയപ്പോൾ കുഞ്ഞു നാഗം ചെമ്പകക്കൊമ്പിൽ പിണഞ്ഞു കിടക്കുന്നത് കണ്ടു.. ചെറു ചിരിയോടെ തന്നെ സൂര്യനാരായണൻ നാഗക്കാവിന്റെ പടികളിറങ്ങി നടന്നു..
########## ######### ##############
ഭദ്ര കുറ്റിച്ചെടികളെയും വള്ളിപ്പടർപ്പുകളെയും വകഞ്ഞു മാറ്റി നീലിമലക്കാവിനു മുൻപിൽ എത്തിയപ്പോൾ തൊട്ട് പിറകെ ആദിത്യനുമുണ്ടായിരുന്നു..
അയാളുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..
പൊടി പിടിച്ചു കിടക്കുന്ന കോവിലിന്റെ പടികളിൽ താഴെത്തെ പടിയിൽ ഒരടയാളം ഭദ്ര കണ്ടു..
അവളുടെ നോട്ടം കണ്ടാവും ആദിത്യൻ പറഞ്ഞു..
“രണ്ടു ദിവസം മുൻപാണ് ഇവിടെ ഒരാൾ മരിച്ചു കിടന്നത്..കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാട്.. വിഷം തീണ്ടിയതാണെന്നാണ് കേൾവി… പക്ഷെ..”
ആദിത്യൻ അർദ്ധോക്തിയിൽ നിർത്തി..
ഭദ്ര ഞെട്ടലോടെ ഒരു കാൽ പിറകോട്ടു വലിച്ചതും ആദിത്യന്റെ മുഖത്തൊരു പരിഹാസച്ചിരി തെളിഞ്ഞു..
“എന്തേ.. ഗോസ്റ്റ് ഹണ്ടർ പേടിച്ചു പോയോ..?”
അമർത്തിയ ശബ്ദത്തിൽ അയാൾ തുടർന്നു ..
“ഇവിടെ ഇങ്ങനെയൊക്കെയാണ്.. ദുർമരണങ്ങൾ അന്വേഷിക്കാൻ വന്ന ആദ്യത്തെ പോലീസ് ഓഫീസറെ പിന്നെ ആരും കണ്ടിട്ടില്ല.. മിസ്സിംഗ്.. രണ്ടാമത്തെയാൾ ദേ ആ കുളത്തിലാണ് മരിച്ചു കിടന്നത്..”
ആദിത്യൻ വിരൽ ചൂണ്ടിയിടത്തേക്ക് നോക്കിയ ഭദ്രയുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചു.. പൊട്ടി പൊളിഞ്ഞ പടവുകൾക്കുള്ളിലെ പായൽ നിറഞ്ഞ വെള്ളത്തിൽ അപ്പോഴും വെള്ളാമ്പലുകൾ വിടർന്നിരുന്നു..
കോവിലിനുള്ളിൽ നിന്നും പൊടുന്നനെയൊരു മണിയൊച്ച കേട്ടു.. ഭദ്ര നടുക്കത്തോടെ നോക്കി നിൽക്കവേ ആദിത്യൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു..
“പോവാം..”
ആ ശബ്ദത്തിൽ ശാസനയായിരുന്നു.. ഒന്നും പറയാതെ ഭദ്ര അയാൾക്ക് പിറകെ നടന്നു..
ശ്രീകോവിലിനുള്ളിൽ മഹാകാളിയുടെ കൈയിൽ ചുറ്റികിടന്ന വെള്ളിനാഗത്തിന്റെ നീലക്കണ്ണുകൾ തിളങ്ങി.. അടച്ചിട്ട കോവിലിനുള്ളിൽ വാതിലിനരികിലായി തൂക്കിയിട്ടിരുന്ന മണി അപ്പോഴും ആടികൊണ്ടിരുന്നു..
“ഭദ്ര ഇട്സ് മൈ ഫൈനൽ വാണിങ്.. മേലാൽ നീ അവിടേക്ക് കയറിയാൽ.. അങ്ങോട്ട് നോക്കിയെന്നറിഞ്ഞാൽ..പിന്നെ നീ ഈ ആദിനാരായണന്റെ തനിസ്വരൂപം കാണും..”
പുറത്ത് വഴിയിലേക്കെത്തിയപ്പോൾ ആദിത്യൻ അവൾക്ക് നേരേ വിരൽ ചൂണ്ടി പറഞ്ഞു..ആദിത്യന്റെ മുഖം കണ്ടതും ഭദ്ര തിരിച്ചൊന്നും പറയാൻ നിന്നില്ല..
“എന്താടി നിന്റെ നാവിറങ്ങിപ്പോയോ..? എനിക്കറിയാം നീ ഇപ്പോൾ മനസ്സിൽ എന്നെ വെല്ലുവിളിയ്ക്കയാണെന്ന്..”
ഭദ്ര മുഖം ചുളിച്ചു നിന്നതേയുള്ളൂ..
പൊടുന്നനെ ആദിത്യൻ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു…
“ഹേയ് നിൽക്ക്..”
“വീട്ടിൽ പോടി..”
ബുള്ളറ്റ് നീങ്ങുന്നതിനിടെ ആദിത്യൻ തിരിഞ്ഞു നോക്കി പറഞ്ഞതും ഭദ്ര ഒരു നിലവിളിയോടെ കുനിഞ്ഞിരുന്നു..
“എന്നെ.. എന്നെ എന്തോ കടിച്ചു..”
ആദിത്യൻ ഭയപ്പാടോടെ വണ്ടി നിർത്തി.. മിന്നൽപ്പിണറിന്റെ വേഗത്തിലാണ് അവൾ അടുത്തെത്തിയത്.. അയാളുടെ പിറകിൽ ചാടിക്കേറി ഇരുന്നു കൊണ്ട് പറഞ്ഞു..
“ഇനി മോൻ വണ്ടി വിട്..”
“എടി.. നിന്നെയുണ്ടല്ലോ..”
“ആദിത്യൻ മാഷ് വെറുതെ ബിപി കൂട്ടണ്ട.. വണ്ടി വിട്..”
അയാളുടെ ചുമലിൽ പിടിച്ചു കൊണ്ടു അവൾ തുടർന്നു..
“കാളിയാർ മഠത്തിന്റെ പടിവാതിലിൽ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ദേവിയമ്മയുടെയും പാറൂട്ടിയുടെയും മുൻപിലേക്ക് ചമ്മി നാറി കേറിചെല്ലാൻ ഈ ഭദ്രയെ കിട്ടൂല.. തോൽവിയേക്കാൾ നല്ലത് മരണമാണെന്ന് കരുതുന്ന രക്തമാണ് എന്റേത്..”.
ആദിത്യൻ പല്ലുകൾ കൂട്ടിഞെരിച്ചു മിണ്ടാതെ ഇരുന്നതേയുള്ളൂ..
കവലയിലെ കടകളിൽ നിന്നും എത്തി നോക്കുന്ന കണ്ണുകളിലെല്ലാം അത്ഭുതം നിറഞ്ഞിരുന്നു..
“ദേഹത്തോട്ട് വീഴാതെ തെല്ലങ്ങ് നീങ്ങിയിരിക്കെടി..”
“കുറച്ചൂടെ ഒട്ടിയിരിക്കാൻ പറയാറുണ്ടായിരുന്നതും ഞാൻ മറന്നിട്ടില്ല..”
ഭദ്ര അയാളുടെ ചുമലിലേക്ക് മുഖം ചേർത്ത് കൊണ്ട് പറഞ്ഞു..
“ഏത് നേരത്താണോ എന്തോ…”
ആദിത്യൻ പിറുപിറുക്കുന്നത് ഭദ്ര കേട്ടു.. അവൾ ചിരിച്ചു..
“ഹാ എനിക്ക് നല്ല ഓർമ്മയുണ്ട് മാഷേ.. അതൊരു മെയ് മാസപുലരിയിലായിരുന്നു.. കോളേജ് ക്യാമ്പസിലെ നിറയെ വാകപ്പൂക്കൾ വീണുകിടക്കുന്ന കല്പടവുകളിൽ വെച്ചാണ് ആദിനാരായണൻ ഈ ശ്രീഭദ്രയെ പ്രോപ്പസ് ചെയ്തത്..”
“താനതൊന്നും മറന്നില്ലേടോ ഇതു വരെ..?”
ഭദ്ര വീണ്ടും ചിരിച്ചു..
“അന്ന് ആദിനാരായണന്റെ പ്രണയം സ്വീകരിക്കുമ്പോൾ ഞാൻ പറഞ്ഞിരുന്നു.. ഇനി ഭദ്രയ്ക്ക് ആദിത്യനിൽ നിന്നുമൊരു മടക്കമില്ലെന്ന്.. മരിച്ചു മരവിച്ചു കിടക്കുമ്പോഴും ഭദ്രയുടെ പ്രണയത്തിനു ചൂടായിരിക്കുമെന്ന്.. അത് എപ്പോഴുമിങ്ങനെ കത്തി ജ്വലിച്ചു കൊണ്ടേയിരിക്കുമെന്ന്..”
ഭദ്രയുടെ കൈ അയാളുടെ ചുമലിൽ മുറുകി..
“അതിലേക്ക് എണ്ണ ഒഴിച്ചില്ലെങ്കിലും അതിങ്ങനെ ആളിപ്പർടന്നു ചുറ്റുമുള്ളതൊക്കെ ചുട്ടു ചാമ്പലാക്കുമെന്ന്..”
ഭദ്ര വീണ്ടും ചിരിച്ചു..
“ഭദ്രകാളി..”
ആദിത്യൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു..
“അതെ.. ഈ ശ്രീഭദ്രയ്ക്ക് ഭദ്രകാളിയാവനും അധികസമയമൊന്നും വേണ്ട മാഷേ..”.
“വല്യ ഡയലോഗ് അടിക്കാതെ എവിടെയാ ഇറങ്ങേണ്ടെന്നു പറയെടി..”
“എനിക്കിങ്ങനെ ചുമ്മാ ഈ ബുള്ളറ്റിന്റെ പിറകിലിരുന്ന് ഈ നാടൊക്കെ ഒന്ന് കണ്ടാൽ മതി..”
അരിശത്തോടെ ആദിത്യൻ തല കുടഞ്ഞു..
അരികിലെത്താനുള്ള വഴികൾ എല്ലാം അടച്ചിരുന്നുവെങ്കിലും എന്നെങ്കിലും ഈ വരവ് പ്രതീക്ഷിച്ചിരുന്നു.. ഭയപ്പെട്ടിരുന്നു…
ആദിത്യൻ വണ്ടി വളച്ചു നേരേ കാളിയാർ മഠത്തിലേക്ക് വിട്ടു.. എന്തു കൊണ്ടോ ഭദ്ര നിശ്ശബ്ദയായിരുന്നു.. അയാളും…
പ്രതീക്ഷിച്ച പോലെ പൂമുഖത്തു തന്നെ ദേവിയമ്മയും പാർവതിയും ഉണ്ടായിരുന്നു.. കാൽ കഴുകി ആദിത്യന് പിറകെ കോലായിലേക്ക് കയറിയപ്പോൾ ഭദ്ര ദേവിയമ്മയെ നോക്കിയൊന്ന് ചിരിച്ചു.. ഇപ്പോൾ പൊട്ടുമെന്ന ഭാവത്തിൽ മുഖം വീർപ്പിച്ചിരിക്കുന്ന പാറൂട്ടിയെ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഭദ്ര അവളെ നോക്കി കണ്ണിറുക്കി കാട്ടി.. പാറൂട്ടി മുഖം വെട്ടിത്തിരിച്ചിരുന്നു…
############# ######### ###########
പുലർച്ചെ പത്മ കാവിൽ തിരി വെയ്ക്കാനായി ഇറങ്ങിയപ്പോൾ അനന്തനും പൂമുഖത്തുണ്ടായിരുന്നു..
ഒന്നും പറയാതെ രണ്ടുപേരും നടന്നു.. അനന്തന്റെ പെർഫ്യൂമിന്റെ നേർത്ത സുഗന്ധം പത്മ അറിയുന്നുണ്ടായിരുന്നു.. എങ്കിലും അവൾ അയാളെ നോക്കിയതേയില്ല…
“നമ്മൾ തികച്ചും അന്യരായി പോയി അല്ലെ പത്മാ..?”
പതിഞ്ഞ ശബ്ദത്തിലാണ് അനന്തൻ ചോദിച്ചത്.. മുഖമുയർത്തിയപ്പോൾ ആ കണ്ണുകളിൽ തെളിഞ്ഞ നോവ് പത്മയ്ക്ക് കാണാമായിരുന്നു.. അവൾ ഒന്നും പറഞ്ഞില്ല..
താമരക്കുളത്തിനരികെ എത്തിയതും പത്മയുടെ ചുവടുകൾക്ക് വേഗത കൂടിയിരുന്നു.. അവൾ പടവുകൾക്ക് മീതെയുള്ള വെള്ളത്തിലേക്കോ വിടർന്നു നിൽക്കുന്ന താമരപ്പൂക്കളിലേക്കോ നോക്കിയില്ല..
ഒരിക്കൽ ഏറെ ഇഷ്ടമായിരുന്നിടം.. ഇപ്പോൾ ഉള്ളം നോവാതെ അങ്ങോട്ട് ഇറങ്ങാൻ സാധിക്കില്ല.. അമ്മേയെന്ന വിളി കാതുകളിൽ അലയടിക്കും.. പത്മ മിഴികൾ ഇറുകെ അടച്ചു തുറന്നു ധൃതിയിൽ നടന്നു.. നീണ്ട കൺപീലികളിൽ ഞെരിഞ്ഞമർന്ന നീർത്തുള്ളികൾ അനന്തൻ കണ്ടിരുന്നു..
നാഗക്കാവിൽ അവരെ കാത്ത് ഒരഥിതി ഉണ്ടായിരുന്നു..
മേലേരിയിലെ ദത്തൻ നമ്പൂതിരി.. ഭദ്രൻ തിരുമേനിയുടെ മകൻ…
പത്മ ഞെട്ടലോടെ അനന്തനെ നോക്കി.. അയാൾ ദത്തൻ തിരുമേനിയെ അവിടെ പ്രതീക്ഷിച്ചിരുന്നുവെന്ന് ആ മുഖഭാവം വ്യക്തമാക്കി..
നാളെ ആയില്യമാണെന്നും ഉൾക്കാവിൽ തിരി വെക്കണമെന്നും അനന്തൻ പറഞ്ഞത് അവൾ ഓർത്തു..
ദത്തൻ തിരുമേനി അവരെ നോക്കി പുഞ്ചിരിച്ചു.. പത്മയുടെ ഉള്ളിൽ ഭയം നിറയുന്നുണ്ടായിരുന്നു…എന്തിനോ..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
🔻 ആരോ ഒരാൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission