Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 9

Online Malayalam Novel Neelamizhikal

രാവിലെ പൂമുഖത്തു നിന്നും എന്തോ സംസാരം കേട്ടിട്ടാണ് ഭദ്ര അങ്ങോട്ട്‌ ചെന്നത്.. ദേവിയമ്മയെയും ആദിത്യനെയും കൂടാതെ ചാരുപടിയിൽ ഇരിക്കുന്ന മറ്റൊരാളെയും ഭദ്ര കണ്ടു..

വലിഞ്ഞു മുറുകിയ മുഖത്തോടെ ആദിത്യൻ അവർക്കരികിലൂടെ ധൃതിയിൽ അകത്തേക്ക് കയറി പോവുന്നത് കണ്ടു..

വാദ്ധ്യാർ രാവിലെ കലിപ്പിലാണല്ലോ..

“ദേഹത്തൊന്നും പാടുകളും ചതവുകളുമൊന്നും കണ്ടില്ല്യാന്നാ കേട്ടത്.. ന്തോ കണ്ടു പേടിച്ചതാണെന്നാ കൃഷ്ണൻ വൈദ്യർ പറയണത്.. സമനില തെറ്റിയത് പോലെ പിച്ചും പേയും പറയണുണ്ട്… സന്ധ്യയ്ക്ക് പോണ്ടെന്ന് ഭാര്യയും മോളും ആവത് പറഞ്ഞിട്ടും കേൾക്കാണ്ടാണത്രേ കൈമൾ പോന്നത്.. രാവിലെ പത്രമിടാൻ പോണ ചെക്കനാണ്  ഇടവഴിയിൽ വീണു കെടക്കണത് കണ്ടത് ..”

ഒന്ന് നിർത്തി അയാൾ വീണ്ടും പറയുന്നത് ഭദ്ര കേട്ടു..

“ആ ചെക്കൻ പേടിച്ചു അലറി വിളിച്ചിട്ടാണ്  എല്ലാരും ഓടിക്കൂടിയത്.. കമിഴ്ന്നുള്ള കെടപ്പ് കണ്ടപ്പോ തീർന്നൂന്നാ ആദ്യം കരുതിയെ.. നേരെ കെടത്തീപ്പോ ശ്വാസണ്ട്.. മുഖത്ത് വെള്ളം തളിച്ച്, കണ്ണു തുറന്നപ്പോൾ ഒറ്റ അലർച്ചയായിരുന്നു.. “

ശബ്ദം തെല്ല് താഴ്ത്തി അയാൾ പറഞ്ഞു..

“പറയണതൊക്കെ ദാരികാന്നും, കാളിയാർമഠമെന്നും തമ്പുരാട്ടിയെന്നുമൊക്കെയാ.. എല്ലാരും പറയണത് അവൾ വീണ്ടും ഇറങ്ങീട്ടുണ്ടെന്നാ..”

“ന്നാലും അതെങ്ങനെയാ വാര്യരെ ..? അന്ന് മേലേടത്തെ ഭട്ടതിരിപ്പാട് വന്നു കാവിലെ ഏഴിലം പാലയിൽ ബന്ധിച്ചതല്ലേ അവളെ… പുറത്ത് നിന്നാരും അങ്ങോട്ട്‌ കയറാറൂല്ല്യാ .. ആ ആണിയും രക്ഷയും ആരേലും മരത്തിൽ നിന്നും ഊരിയെടുക്കാതെ..ങ്ങനെയാ അവൾ…?”

“നിക്കൊന്നും അറിയില്ല്യാ ന്റെ  ആത്തോലമ്മേ.. ന്തായാലും മെമ്പർ യോഗം വിളിച്ചിണ്ട്.. മിക്കവാറും എല്ലാരൂടെ മഠത്തിലേക്ക് വരാൻ സാധ്യതണ്ട്..”

“ഞാൻ.. ഞാനിപ്പോൾ ന്താ ചെയ്യാ വാര്യരെ..?”

“കൊച്ചു തിരുമേനി…?”

“അവൻ ഒന്നും പറയില്ല്യാ  .. ന്ത്‌ കേട്ടാലും..”

അപ്പോഴാണ് ഭദ്രയെ അയാൾ കണ്ടത്.. നോട്ടം കണ്ടാണ് ദേവിയമ്മ പറഞ്ഞത്..

“ഹാ വാര്യരെ ഇത് ഭദ്ര.. ബന്ധത്തിലുള്ള കുട്ടിയാണ്.. ന്തോ പഠിത്തകാര്യത്തിന് വന്നതാണ്.. കുറച്ച്ണ്ടാവും ഇവടെ..”

വാര്യർ അവളുടെ നേരെ നോക്കി തലയാട്ടി..

“മോളേ ഇതാണ് പാറൂട്ടിയുടെ അച്ഛൻ.. രാഘവവാര്യർ..”

ദേവിയമ്മ ഭദ്രയോടായി പറഞ്ഞു..

ഭദ്രയെ നോക്കി ഒന്ന് ചിരിച്ചിട്ട് അയാൾ എഴുന്നേറ്റു ചുമലിലെ തോർത്ത്‌ കൊണ്ട് മുഖം തുടച്ചിട്ട് പറഞ്ഞു..

“ന്നാ ഞാൻ പോവാ ആത്തോലമ്മേ.. ശ്രീധരന്റെ തെക്കേ തൊടിയിൽ പയ്യിനെ കെട്ടീട്ടാണ് വന്നത്..”

“അല്ലാ ഇന്ന് പാറൂട്ടീനെ കണ്ടില്ല്യാലോ ഇങ്ങട്ട്..?”

ദേവിയമ്മ ചോദിച്ചു..

“ഓളിന്ന് കോട്ടേലമ്പലത്തിൽ തൊഴാൻ പോയി അംബികയോടൊപ്പം…”

“ഓ…”

വാര്യർ യാത്ര പറഞ്ഞിറങ്ങി..

ഭദ്രയെ നോക്കിയൊന്നു ചിരിച്ചു ദേവിയമ്മ അകത്തേക്ക് കയറി പോയി..

പൂമുഖത്തെ തൂണിൽ ചാരി നിൽക്കവേ ഭദ്രയുടെ നോട്ടം നാഗത്താൻ കാവിലേക്കായിരുന്നു..കാടുപിടിച്ചു കിടക്കുന്ന കാവിൽ ഒട്ടേറെ രഹസ്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്ന് ഭദ്രയ്ക്ക് തോന്നി..

ഫോണെടുക്കാനായി മുറിയിലേക്ക് നടക്കുമ്പോൾ പെട്ടെന്നുള്ള ഒരു തോന്നലിലാണ് മുകളിലേക്കുള്ള ഗോവണിപ്പടികൾ കയറിയത്…

ആള് ബാൽക്കണിയിലായിരുന്നു.. കൈവരിയിൽ പിടിച്ചു പുറത്തേക്ക് നോക്കി നിൽക്കുന്നത് കണ്ടു.. രാവിലെ കണ്ട അതേ  ഭാവമാണ് മുഖത്ത് ഇപ്പോഴും..

ഒന്നും പറയാതെ അരികിൽ ചെന്നു നിന്നു.. കുറച്ചു സമയം കഴിഞ്ഞപ്പോൾ കേട്ടു..

“ഭദ്രാ ലീവ് മി അലോൺ…”

സ്വരം ശാന്തമായിരുന്നു.. നോട്ടം ഇപ്പോഴും പുറത്തേക്ക് തന്നെയാണ്..

“എനിക്ക് സംസാരിക്കാനുണ്ട്..”

ഭദ്ര മെല്ലെ പറഞ്ഞു..

“എനിക്കൊന്നും കേൾക്കാനുമില്ല പറയാനുമില്ല…”

“കേട്ടേ പറ്റൂ..”

“ഭദ്ര പ്ലീസ്‌.. ഒരിക്കൽ ഞാൻ തന്നെ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്.. സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു.. പക്ഷെ..”

ആ വിരലുകൾ കൈവരിയിൽ മുറുകുന്നത് കണ്ടു..

“പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ ഒന്നുമില്ല.. കാരണം… പ്ലീസ്.. അണ്ടർസ്റ്റാൻഡ് മി എനിക്ക് തന്നെ സ്വീകരിക്കാൻ പറ്റില്ല..ശരിയാണ് തന്റെ പിന്നാലെ നടന്നു പ്രണയം പിടിച്ചു വാങ്ങിയതും മോഹിപ്പിച്ചതും എല്ലാം ഞാൻ തന്നെയാണ്.. എന്റെ തെറ്റാണ്.. സമ്മതിക്കുന്നു..”

“കാരണം ആദിനാരായണൻ തന്റെ അച്ഛന്റെയും സഹോദരങ്ങളുടെയും മരണത്തെ പറ്റിയുള്ള അന്വേഷണത്തിലാണ് അല്ലെ..? “

പെട്ടെന്ന് മുഖം തിരിച്ചു അവളെ നോക്കിയെങ്കിലും ആദിത്യൻ ഒന്നും പറഞ്ഞില്ല..

“പേടിക്കണ്ട,അതിനിടയിൽ ഒരു തടസ്സമായി പഴയ പ്രണയവും പറഞ്ഞു ഞാൻ വരില്ല..പക്ഷെ ഞാൻ പറയാൻ പോവുന്ന മറ്റൊരു കാര്യം നിങ്ങൾക്ക് താല്പര്യം ഉള്ളതാണ്..”

ഭദ്രയും പുറത്തേക്ക് നോക്കി തന്നെയാണ് പറഞ്ഞത്.. ആദിത്യൻ മറുപടി പറയാതെ അവളെ നോക്കിയപ്പോൾ ഭദ്ര തുടർന്നു..

“എന്നെ ഇവിടെ എത്തിച്ചത് അവളാണ്.. ദാരിക.. കാളീശ്വരത്തുകാരുടെ പേടി സ്വപ്നം.. കാളിയാർമടത്തിലെ അശ്വതി തമ്പുരാട്ടി..”

ആദിത്യന്റെ മുഖത്തെ ഞെട്ടൽ ഭദ്ര കാണുന്നുണ്ടായിരുന്നു..

“സത്യം.. ഒന്നും പറയാതെ ആദിയേട്ടൻ എന്റെ ജീവിതത്തിൽ നിന്നും പോയപ്പോഴാണ് ബാല്യം മുതൽ എന്റെ സ്വപ്നങ്ങളെ വേട്ടയാടുന്ന ആ നീലകണ്ണുകളെ പറ്റി അന്വേഷിക്കാൻ തുടങ്ങിയത്.. ഒരു കണക്കിന് ഓർമ്മകളിൽ നിന്നും ഒളിച്ചോടാൻ വേണ്ടിയാണ് ഞാൻ പാരാ സൈക്കോളജി പഠിക്കാൻ തീരുമാനിച്ചത്.. ആ കണ്ണുകളെ പറ്റിയുള്ള അന്വേഷണമാണ് എന്നെ എവിടെ എത്തിച്ചത്..”

“വാട്ട്‌ ദി ഹെൽ ആർ യൂ ടോക്കിങ് ഭദ്രാ..? നിന്റെ സ്വപ്നത്തിൽ കാണുന്ന കണ്ണുകളും ദാരികയും തമ്മിൽ എന്ത്‌ ബന്ധം..?”

“ആ കണ്ണുകൾ മാത്രമല്ല ഞാൻ കണ്ടിട്ടുള്ളത്.. കാളിയാർമഠവും നാഗത്താൻ കാവും നീലിമല കോവിലും എല്ലാം ഞാൻ കണ്ടിട്ടുണ്ട്..ഒരുപാട് തവണ..”

ആദിത്യന്റെ മുഖത്ത് അവിശ്വസനീയഭാവം തെളിഞ്ഞു..

“സത്യം ആദിയേട്ടാ.. എന്നെ അസ്വസ്ഥയാക്കി കൊണ്ടിരുന്ന സ്വപ്നങ്ങളെ തിരിച്ചറിയാൻ വേണ്ടിയുള്ള അലച്ചിലിലായിരുന്നു ഞാൻ..പാരാസൈക്കോളജിയെ പറ്റി പഠിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ മാത്രമേ കൂടെ നിന്നുള്ളൂ.. പിന്നെ എന്റെ പ്രൊഫസ്സർ രവീന്ദ്രൻ സാറും..തീസിസിനെ പറ്റിയുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം കാളീശ്വരത്തെ പറ്റി എന്നോട് പറഞ്ഞത്.. അദ്ദേഹം കാണിച്ച ചിത്രങ്ങൾ കണ്ടപ്പോൾ എന്റെ ദേഹം വിറച്ചുപോയിരുന്നു..നിരന്തരമെന്നോണം എൻ്റെ ഉറക്കത്തെ അലട്ടിക്കൊണ്ടിരിക്കുന്ന ചിത്രങ്ങൾ..”

ഭദ്രയുടെ നോട്ടം കാവിലേക്കായിരുന്നു..

“ആ കണ്ണുകളെ പിന്തുടർന്നാണ് ശ്രീ ഭദ്ര കാളിയർമഠത്തിൽ എത്തിയത്.. ഒരിക്കൽ എന്നെ പറഞ്ഞു മോഹിപ്പിച്ച മറ്റൊരാൾ കൂടെ ഇവിടെ ഉണ്ടെന്ന് അറിഞ്ഞത് പിന്നീടാണ്..”

“ഭദ്ര ഞാൻ…”

ഭദ്ര ഒന്ന് ചിരിച്ചു, പിന്നെ പതിയെ പറഞ്ഞു..

“അന്ന് മനസ്സ് തന്നപ്പോൾ സുഖത്തിലും ദുഖത്തിലുമൊക്കെ കൂടെയുണ്ടാവുമെന്ന് ഞാൻ പറഞ്ഞിരുന്നു.. ഭദ്ര വാക്ക് മാറാറില്ല.. പക്ഷെ സ്നേഹം പിടിച്ചു വാങ്ങാനും ശ്രെമിക്കില്ല….”

“ഭദ്രാ നീയെന്നെ ഭ്രാന്ത് പിടിപ്പിക്കല്ലേ, നീ തിരിച്ചു പോവണം.. പോയെ പറ്റൂ.. ഇല്ലെങ്കിൽ ഞാൻ നിന്റെ അച്ഛനെ വിളിച്ചു സംസാരിക്കും “

ഭദ്ര ചിരിച്ചു..

“ആദിനാരായണന് തെറ്റി.. ഭദ്രയുടെ ജീവിതത്തിൽ എന്റെ അച്ഛനറിയാത്തതായി ഒന്നുമില്ല..എന്റെ വരവിന്റെ ഉദ്ദേശം പൂർത്തിയാവാതെ ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല.. എനിക്കറിയണം ദാരികയെന്ന അശ്വതി തമ്പുരാട്ടിയ്ക്ക് എന്നോട് എന്താണ് പറയാനുള്ളതെന്ന്..”

ഭദ്ര തിരിഞ്ഞു നടന്നു..

തെല്ലകലെ  നാഗത്താൻ കാവിലെ നാഗത്തറയിൽ നിന്നും ഏഴിലംപാല ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങിയ ആ കറുത്ത വലിയ കരിനാഗം മരത്തിനരികെ വീണു കിടന്നിരുന്ന തുരുമ്പിച്ച ആണിയെയും അതിനോടൊപ്പം ഉണ്ടായിരുന്ന അഴുക്ക് പുരണ്ട ചുവന്ന പട്ടു കിഴിയേയും സ്പർശിക്കാതെയാണ് മരത്തിലേക്ക് കയറിയത്.. അതിന്റെ കണ്ണുകൾ രക്തവർണ്ണമാർന്നിരുന്നു..

######### ########## #############

രുദ്രയും ശ്രീനാഥും കൂടെ നിർബന്ധിച്ചപ്പോഴാണ് പത്മ അവർക്കൊപ്പം പ്രാതൽ കഴിക്കാൻ ഇരുന്നത്..

അനന്തനരികെയാണ് ഇരുന്നതെങ്കിലും പത്മ അയാളെ നോക്കിയില്ല..

രുദ്രയുടെ കണ്ണുകൾ പലവുരു സൂര്യനാരായണനെ തേടിയെത്തുന്നത് പത്മ കണ്ടിരുന്നു.. അയാളുടെ  കണ്ണുകൾക്ക് വല്ലാത്തൊരു വശീകരണ ശക്തി ഉള്ളത് പോലെ പത്മയ്ക്ക് തോന്നി..വേവലാതിയോടെ അവൾ രുദ്രയെയും സൂര്യനെയും മാറി മാറി നോക്കി.. പക്ഷെ സൂര്യനാരായണൻ രുദ്രയെ ശ്രെദ്ധിക്കുന്നതേ  ഉണ്ടായിരുന്നില്ല…

രുദ്രയും ശ്രീനാഥും സൂര്യന്റെ  സംസാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു..

അവരിൽ നിന്നും മിഴികൾ പിൻവലിക്കുമ്പോഴാണ് തന്നെ നോക്കിയ അനന്തന്റെ ചുണ്ടുകളിൽ ഒരു ചിരി മിന്നി മാഞ്ഞത് പത്മ കണ്ടത്..ഒരു നിമിഷം അവൾ എല്ലാം മറന്നു പോയിരുന്നു.. തൊട്ടരികെ ആ പതിഞ്ഞ ചിരി വീണ്ടും കേട്ടു തെല്ല് ജാള്യതയോടെ തല താഴ്ത്തിയപ്പോൾ പത്മയിലും ഒരു നേർത്ത ചിരി തെളിഞ്ഞിരുന്നു..

തന്റെ ഒരു നോട്ടത്തിന്റെ പോലും അർത്ഥം മനസ്സിലാവുന്നയാൾ… പക്ഷെ…

“ഒരു കോംപ്ലിമെന്റ് പറയട്ടെ..?”

പൊടുന്നനെയാണ് സൂര്യൻ അവരെ നോക്കി ചോദിച്ചത്…

അനന്തൻ ചിരിച്ചു..

“നിങ്ങളെ പോലെയുള്ള ഐഡിയൽ കപ്പിൾസിനെ ഞാൻ അധികമൊന്നും കണ്ടിട്ടില്ല..”

“ഓ…”

അനന്തൻ വീണ്ടും  ചിരിച്ചു.. പത്മ മുഖത്തൊരു ചിരി വരുത്തി പതിയെ  തല താഴ്ത്തി ഇരുന്നു..

“സത്യം.. വെറുതെ പറഞ്ഞതല്ല..എത്ര ആളുകൾക്കിടയിലാണെങ്കിലും ഇടയ്ക്കിടെ പരസ്പരം തേടിയെത്തുന്ന കണ്ണുകൾ.. സംസാരിക്കാൻ വാക്കുകൾ ആവശ്യമില്ലാത്ത മനസ്സുകൾ…ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ത്രീവത ഒട്ടും ചോർന്നു പോവാത്ത ബന്ധം..”

സൂര്യൻ ചിരിച്ചു..

“താൻ ആള് കൊള്ളാലോടോ ഇത്രയും പെട്ടെന്ന് ഇങ്ങനെയൊക്കെയുള്ള കണ്ടുപിടിത്തങ്ങൾ നടത്താൻ…”

അനന്തൻ സൂര്യനെ നോക്കി കണ്ണിറുക്കി..

“എഴുത്തുകാരനല്ലേ അളിയാ..ഇടപെടുമ്പോൾ സൂക്ഷിക്കണം നമ്മൾ പോലും അറിയാത്ത നമ്മുടെ പല കാര്യങ്ങളും കണ്ടുപിടിച്ചു കളയും…”

ശ്രീനാഥ്‌ പറഞ്ഞു..

“വെറുതെ.. ആളുകളെ നിരീക്ഷിക്കുന്നത് ഒരു രസമാണെന്നേ..”

“നിങ്ങളെ ആദ്യം കണ്ടപ്പോൾ ആള് പറഞ്ഞത് എന്താണെന്നറിയോ..?”

ശ്രീനാഥ് അനന്തനെ നോക്ക് ചിരിച്ചു കൊണ്ട് തുടർന്നു..

“ഫാസിനേറ്റിംഗ് കപ്പിൾസ്ന്നു..”

എല്ലാവരും ചിരിച്ചെങ്കിലും പത്മ മുഖമുയർത്തിയില്ല..

സൂര്യനും ശ്രീനാഥും പൊയ്ക്കഴിഞ്ഞാണ് അനന്തൻ ഫോണിൽ സംസാരിച്ചു കൊണ്ട് ഇടനാഴിയിലൂടെ റൂമിലേക്ക് നടന്നത്..സംസാരിച്ചു കഴിഞ്ഞു

ഫോൺ പോക്കറ്റിലേക്കിട്ട് തിരിഞ്ഞപ്പോഴാണ്  മുറിയിലെ ജനലിനരികെ പുറത്തേക്ക് നോക്കി നിൽക്കുന്ന പത്മയെ കണ്ടത്.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.. അനന്തന് നെഞ്ചിൽ ഒരു ഭാരം കയറ്റി വെച്ചതുപോലെ തോന്നി..

ആ കൈകൾ കവിളിലെ കണ്ണീർ തുള്ളികൾ തുടച്ചപ്പോഴാണ് പത്മ ഞെട്ടലോടെ മുഖമുയർത്തിയത്..

“ഒരു പാട് കരഞ്ഞു തീർത്തില്ലേ.. ഇനിയും വേണോ.. ഓരോ തുള്ളിയും എന്നെ പൊള്ളിക്കുന്നുണ്ടെന്ന് അറിയില്ലേ…?”

മൃദുവായാണ് ചോദിച്ചത്..

“പത്മാ, എന്റെ അശ്രദ്ധ കൊണ്ടാണ് അമ്മു മോളേ നമുക്ക് നഷ്ടമായത്… സമ്മതിച്ചു.. പക്ഷെ അറിഞ്ഞു കൊണ്ട് നമ്മുടെ കുഞ്ഞിനെ ഞാൻ മരണത്തിന് വിട്ടുകൊടുക്കുമോ..? തന്നെ കൂടുതൽ വേദനിപ്പിക്കാതിരിക്കാൻ ഞാനത് മറച്ചുവെച്ചുന്നുള്ളതും സത്യം.. പക്ഷെ അതിനർത്ഥം…”

അയാളെ പൂർത്തിയാക്കാൻ അനുവദിക്കാതെ പത്മ അനന്തന്റെ കുർത്തയിൽ  പിടിച്ചു വലിച്ചു…

“ന്നിട്ട്.. എന്നിട്ടെന്തായി അനന്തേട്ടാ,മറ്റൊരാളുടെ നാവിൽ നിന്നും ഞാൻ അതറിയേണ്ടി വന്നു.. ഒരു നോട്ടം കൊണ്ട് പോലും പരസ്പരം മനസ്സിലാക്കാനാവുമെന്ന് അഹങ്കരിച്ചിരുന്ന നമുക്കിടയിലും അനന്തേട്ടൻ രഹസ്യങ്ങൾ സൂക്ഷിച്ചിരുന്നുവെന്ന് മനസ്സിലാക്കാൻ മറ്റൊരാൾ വേണ്ടി വന്നു…”

“പത്മാ പലവട്ടം നമ്മൾ സംസാരിച്ചു നിർത്തിയതാണ്.. താൻ  വിധിച്ച ശിക്ഷ രണ്ടു നാൾ മുൻപ് വരെ ഞാൻ അനുസരിച്ചിട്ടുമുണ്ട്.. നമ്മുടെ മക്കൾക്ക് വേണ്ടിയാണ് തിരികെ വന്നത് പോലും.. പക്ഷെ താൻ ഇങ്ങനെ വേദനിക്കുന്നത് കാണുമ്പോൾ…”

പൊടുന്നനെ അയാൾ പത്മയുടെ രണ്ടു കൈകളും കൂട്ടി പിടിച്ചു..

“സഹിക്കാനാവുന്നില്ലെടോ..”

അനന്തൻ ഒട്ടും പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് പത്മ പൊട്ടിക്കരഞ്ഞു കൊണ്ട് ആ നെഞ്ചിലേക്ക് വീണത്.. അയാൾ അവളെ തന്നോട് ചേർത്തു പിടിച്ചു നിന്നു.. വർഷങ്ങളുടെ കണ്ണുനീർ നെഞ്ചിലേക്ക് വീഴുമ്പോഴും അനന്തന് അറിയാമായിരുന്നു കരഞ്ഞു തീരുമ്പോൾ  പത്മ വീണ്ടും സ്വയം തീർത്ത ആ തടവറയിലേക്ക് തന്നെ മടങ്ങുമെന്ന്..

അവളുടെ മനസ്സിന്റെ കോണിൽ എവിടെയോ അമ്മുവിന്റെ മരണത്തോടൊപ്പം അവളുമുണ്ട്.. അമാലിക…

അനന്തൻ പതിയെ ഒന്ന് നിശ്വസിച്ചു കൊണ്ട് പത്മയുടെ മുടിയിഴകളിൽ തഴുകി.. അവളുടെ തേങ്ങലുകൾ നേർത്തു തുടങ്ങിയിരുന്നു..

അമ്മയെ തിരഞ്ഞാണ് രുദ്ര വന്നത്.. വാതിക്കൽ എത്തിയപ്പോൾ കണ്ട കാഴ്ച്ച കണ്ടു രുദ്രയുടെ കണ്ണുകൾ വിടർന്നു…

അച്ഛനും അമ്മയും ഒരുമിച്ച്..

അവൾക്ക് തുള്ളിച്ചാടാൻ  തോന്നി.. ആ നിമിഷം ഭദ്രയെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും തോന്നി…

ദൂരെ ദൂരെ വാഴൂരില്ലത്തിന്റെ ഇടിഞ്ഞു പൊളിഞ്ഞ പടിപ്പുരയിൽ ഒരു നിഴൽ വീണു…

ഇല്ലത്തിന്റെ ദ്രവിച്ചു തുടങ്ങിയ അകത്തളത്തിൽ പത്തി വിടർത്തി നിന്നിരുന്ന നാഗം മെല്ലെ ശിരസ്സ് താഴ്ത്തി പിടിച്ചു..

(തുടരും )

നിങ്ങൾ വാക്കുകൾ പിശുക്കുമ്പോൾ എനിക്കും എഴുതാൻ മടി വരും ട്ടൊ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.6/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 9”

  1. അത് കാര്യമാക്കണ്ട എഴുതൂന്നേ….
    നമ്മൾ വായിക്കുന്നുണ്ട്

  2. വായിക്കുന്നുണ്ട് അടുത്ത ദിവസം വരെ ആകാംഷയോടെ അടുത്ത partinai കാത്തിരിക്കുന്നുണ്ട് വേഗം വായിച്ച് തീർന്നു pokunnu. വീണ്ടും chothikkuvane daily randupart .

Leave a Reply

Don`t copy text!