Skip to content

അന്നൊരുനാളിൽ – Part 1

Annorunalil written by Sreelekshmy Ambattuparambil

“ഞാൻ സിദ്ധുവിനൊപ്പം പോകുന്നു…ദയവ് ചെയ്ത് അച്ഛനും അമ്മയും ഞങ്ങളെ അന്വേഷിച്ചു വരരുത്…..

             എന്ന് നിഥി”

പതിവു പോലെ ആറു മണി സമയത്ത് മകളെ പഠിക്കാൻ വിളിച്ച് എഴുനേൽപ്പിക്കാനായി കൈയ്യിലൊരു കപ്പ് ചായയുമായി എത്തിയ ഇന്ദുവിനെ വരവേറ്റത് മേശമേൽ നിവർത്തി വെച്ചിരുന്ന അവളുടെ ഡയറി ആയിരുന്നു…..

അതിനു മുകളിൽ തന്നെ അവളുടെ കഴുത്തിൽ കിടന്ന നൂലിഴ കനമുള്ള സ്വർണ്ണമാലയും രണ്ടു വളയും ഒരു മോതിരവും ഉണ്ടായിരുന്നു…

ഒരു കൈയ്യാലെ ഇന്ദു ആ ഡയറി എടുക്കുമ്പോഴേക്കും അതിനു മുകളിൽ ഉണ്ടായിരുന്നതെല്ലാം നിലത്തേക്ക് ഊർന്നു വീണിരുന്നു…

വിശ്വാസം വരാത്തത് പോലെ ഇന്ദു ആ അക്ഷരങ്ങളിലേക്ക് ഒരിക്കൽ കൂടി കണ്ണോടിച്ചു…..

“ഞാൻ സിദ്ധുവിനൊപ്പം പോകുന്നു….ദയവ് ചെയ്ത് അച്ഛനും അമ്മയും ഞങ്ങളെ അന്വേഷിച്ചു വരരുത്…..

                                      എന്ന് നിഥി”

“ഗോപേട്ടാ…”

നേർത്തൊരു തേങ്ങലോടെ അവർ അയാളെ വിളിക്കുമ്പോഴേക്കും അവരുടെ കൈ വഴുതി ആ ചായ കപ്പ് നിലത്തേക്ക് വീണിരുന്നു….

“എന്താ ഇന്ദു…..എന്താ പറ്റിയത്….??”

അവളാ ഡയറി അയാൾക്ക് നേരെ നീട്ടി….

ഒരു നിമിഷം അയാളുടെ കൈക്കുള്ളിൽ ഇരുന്ന് ആ ഡയറി വിറച്ചു…

“എന്നാലും നമ്മുടെ മോള് നമ്മളോട് ഈ ചതി ചെയ്തല്ലോ ഗോപേട്ടാ…..”

അത് പറഞ്ഞു കൊണ്ട് വലിയൊരു അലറി കരച്ചിലോട് കൂടി ചുവര് ചാരി നിന്ന ഇന്ദു വേച്ചു വീഴാതിരിക്കാനായി ഭിത്തിയിലൂടെ ഊർന്ന് വെറും തറയിലേക്കിരുന്നു……

നിഥിയെക്കുറിച്ചുള്ള ഓർമ്മകൾ ഇന്ദുവിനെ വരിഞ്ഞു മുറുക്കി കൊണ്ടേയിരുന്നു….

ബാങ്ക് മാനേജർ ആയ നന്ദഗോപന്റേയും വീട്ടമ്മയായ ഇന്ദുലേഖയുടേയും രണ്ടു പെൺമക്കളിൽ മൂത്തവളാണ് നിഥി..പി ജി ഫൈനൽ ഇയർ പഠിക്കുന്നു…. രണ്ടാമത്തവൾ നിവി എന്നറിയപ്പെടുന്ന നിവേദ്യ….പ്ലസ്റ്റൂ ഫുൾ എ പ്ലസ് വാങ്ങി ബികോമിനു ചേർന്നിട്ടിരിക്കുവാണ് നിവി…

വീടിന്റെ ഓരോ കോണിലും തളം കെട്ടിന്ന നിശ്ബ്ദതയെ കീറിമുറിച്ചു കൊണ്ട് ഇടയ്ക്കിടെ ഇന്ദുവിന്റെ തേങ്ങൽ ഉയർന്നു താഴ്ന്നു വന്നു…

സമയം ഒരുപാട് മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു…..

“ഇന്ദു….സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നു…. അവരെ കിട്ടി….ഞാനങ്ങോട്ട് പോകുവാ….”

ഏറെ നേരത്തെ നിശബ്ദതയ്ക്കു ശേഷമുള്ള ഗോപന്റെ  സംസാരമായിരുന്നു അവളെ ചിന്തകളിൽ നിന്നുണർത്തിയത്…

“ഞാനും വരുന്നു ഗോപേട്ടാ…. നമ്മുടെ മോളാ അവള്….അവൾക്ക് ഒരു തെറ്റ് പറ്റിയാൽ ക്ഷമിക്കണ്ടത് നമ്മളല്ലേ….

ഞാൻ വിളിച്ചാൽ അവള് വരും….. എനിക്ക് ഉറപ്പാ….”

വലിയൊരു പ്രതീക്ഷയോട് കൂടി ഇരുന്നിടത്ത് നിന്ന് മെല്ലെ എഴുനേറ്റു കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്…

“വേണ്ട…ഇന്ദു…അവൾ ഇനി..ഇനി….വരില്ല….

ഒരു മാസം മുൻപേ അവർ നിയമ പരമായി വിവാഹം ചെയ്തു….

ഇനി നമുക്ക് ഒന്നും ചെയ്യാനാവില്ല….”

അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറിയിരുന്നു……

തകർന്നു പോയൊരു അച്ഛന്റെ തേങ്ങൽ അയാളുടെ ശബ്ദത്തിൽ തങ്ങി നിന്നു……

തൊടുത്തു വിട്ട അസ്ത്രങ്ങൾ പോലെയായിരുന്നു ആ വാക്കുകൾ ഇന്ദുവിന്റെ കാതോരം വന്നു പതിച്ചത്…

അലസമായി അഴിഞ്ഞുലഞ്ഞു കിടന്ന സാരിതുമ്പ് വായിലേക്ക് തിരുകി കൊണ്ടവൾ മൗനമായി തേങ്ങി…

അവരുടെ സംസാരം ആപാദചൂഢം വീക്ഷിച്ചു കൊണ്ട് നിറ കണ്ണുകളോടെ റൂമിന്റെ വാതിൽക്കൽ നിവി  നിൽപ്പുണ്ടായിരുന്നു….

ഇന്ദുവിനോട് സംസാരിച്ച ശേഷം പുറത്തേക്ക് ഇറങ്ങി വന്ന നന്ദഗോപന്റെ മിഴികൾ ഒരു നിമിഷം അവളിലേക്ക് നീണ്ടു….

“അമ്മയുടെ അടുത്തേക്ക് ചെല്ല്…”

നിവിയുടെ തലയിൽ വാത്സല്ല്യപൂർവ്വം തലോടി അത് പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി…

നിവി മെല്ലെ ഇന്ദുവിനടുത്തേക്ക് നടന്നു….

“അമ്മയ്ക്ക് ഇനി നീയേ ഉള്ളൂ…..”

നിവിയെ വട്ടം ചുറ്റി പിടിച്ചു കൊണ്ട് അത് പറയുമ്പോഴേക്കും ഇന്ദുവിന്റെ തേങ്ങൽ അലറി കരച്ചിലായി മാറിയിരുന്നു…..അവളുടെ വിറങ്ങലിച്ച വാക്കുകൾ ഭിത്തിയുടെ നാലു കോണിലും തട്ടി പ്രതിഫലിച്ചു കൊണ്ടേയിരുന്നു….

നിമിഷ നേരങ്ങൾക്കുള്ളിൽ നന്ദഗോപന്റെ കാറ് ഗേറ്റ് കടന്നു പുറത്തേക്ക് പോയി……

പുറത്തെ കോളിംഗ് ബെല്ലിന്റെ നിർത്തായുള്ള ശബ്ദം കേട്ടു കൊണ്ടായിരുന്നു നിവി പോയി വാതിൽ തുറന്നത്….

തൊട്ടു മുൻപിൽ നിൽക്കുന്ന ആളുകളെ കണ്ടപ്പോൾ പൊടുന്നനെ അവളുടെ മുഖത്തൊരു ഭാവ വ്യത്യാസം ഉണ്ടായെങ്കിലും ഉള്ളിലെ പകപ്പ് മറച്ചു പിടിച്ചു കൊണ്ടവൾ പുഞ്ചിരിച്ച മുഖവുമായി നിന്നു….

“കയറി ഇരിക്കു അച്ഛമ്മേ…..”

“നീ ഞങ്ങളെ അധികം ഇരുത്താനൊന്നും നിൽക്കണ്ടാ…എവിടെ നിന്റെ അമ്മ…”

“അകത്തുണ്ട്…. “

“അവളെ ഇങ്ങ് വിളിക്ക്….”

അവരുടെ വാക്കുകൾക്ക് മറുപടിയായി ഒന്നമർത്തി മൂളി കൊണ്ട് നിവി ഇന്ദുവിനെ വിളിക്കാനായി മുകളിലേക്ക് നടന്നു…..

സ്റ്റെപ്പ് ഇറങ്ങി വരുമ്പോൾ തന്നെ ഇന്ദു കണ്ടിരുന്നു താഴെ ഹാളിൽ കലിതുള്ളിയിരിക്കുന്ന ഗോപന്റെ അമ്മയേയും ചേട്ടൻമാരെയും അവരുടെ ഭാര്യമാരേയും….

“എവിടെ നിഥി എവിടെ…??”

പരിഹാസച്ചുവ കലർന്ന ദേവകിയമ്മയുടെ വാക്കുകൾ ഇന്ദുവിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി..

“എല്ലാം അറിഞ്ഞു വെച്ചു കൊണ്ട് വന്നിട്ട് എന്തിനാ അമ്മേ എന്നെ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്…….ഒന്നൂല്ലേലും ഞാനവളുടെ അമ്മയല്ലേ….”

“അമ്മ…..

ഇനിയത് പറയാൻ എന്ത് യോഗ്യതയാടി നിനക്കുള്ളത്….മക്കളെ നല്ല രീതിയിൽ വളർത്തുന്നവരാ അമ്മമാര് അല്ലാതെ നിന്നെ പോലെ പെറ്റിട്ടത് കൊണ്ടു മാത്രം ഒരുത്തിയും അമ്മയാവില്ല…..

നിന്നോട് നല്ല കാര്യം ഞാനന്നേ പറഞ്ഞതാ…നിഥി എനിക്കൊപ്പം നിന്ന് പഠിക്കട്ടെ എന്ന്…അന്നതിന് സമ്മതിച്ചില്ല..അവളെനിക്കൊപ്പം ഉണ്ടായിരുന്നേൽ തെറ്റും ശരിയും പറഞ്ഞു കൊടുത്തു ഞാനെന്റെ കുഞ്ഞിനെ തിരുത്തിയേനെ ഇതിപ്പോൾ നിന്റെ കൂടെ കൊണ്ട് നടന്ന് അതിനെ വഷളാക്കിയില്ലേ…..

നാളെയിത് നാലാള് അറിയുമ്പോഴുണ്ടാകുന്ന നാണക്കേട് കുടുംബത്തിന്റെ അഭിമാനം ഒക്കെയും കളഞ്ഞു കുളിച്ചില്ലേ നീയ്….”

നിധി പോയ സങ്കടവും ഇന്ദുവിനോടുള്ള മുൻവൈരാഗ്യവും ദേവകിയമ്മയുടെ വാക്കുകളിൽ നിഴലിച്ചു നിന്നു….

അവരുടെ നാവിൽ നിന്നുതിർന്നു വീഴുന്ന ചോദ്യശരങ്ങൾക്കൊന്നും ഉത്തരമില്ലാതെ നിറകണ്ണുകളോടെ തുറന്നിട്ട വാതിലിലേക്ക് ദൃഷ്ടിയൂന്നി നിൽക്കുകയായിരുന്നു ഇന്ദു….

“അച്ഛമ്മയെന്തിനാ അമ്മയെ മാത്രം കുറ്റം പറയുന്നത്…അമ്മയെന്ത് തെറ്റാ ചെയ്തത്…?ചേച്ചി സ്വന്തം ഇഷ്ട്ട പ്രകാരം ഇറങ്ങി പോയതിന് അമ്മ എന്ത് പിഴച്ചു… കുറെ നേരമായി ഇത് സഹിക്കുന്നു….ചേച്ചി തെറ്റ് ചെയ്താൽ വഴക്കു പറയേണ്ടത് ചേച്ചിയെയാണ് അല്ലാതെ മുൻവൈരാഗ്യം മനസ്സിൽ വെച്ചു കൊണ്ട് സന്ദർഭം നോക്കാതെ അമ്മയെ പഴിചാരുകയല്ല വേണ്ടത്….”

നിവിയത് പറഞ്ഞു നിർത്തിയതും ഇന്ദുവിന്റെ നോട്ടം അവളിലേക്കായി….

പെട്ടന്നായിരുന്നു ഗോപന്റെ കാറ് ആ മുറ്റത്തേക്ക് വന്നു നിന്നത്..

അർഥ ശൂന്യമായൊരു പ്രതീക്ഷയോട് കൂടി ഇന്ദു അയാളിലേക്ക് നോട്ടം പായിച്ചു…

അകത്തേക്ക് കയറി വന്ന ഗോപൻ ഇന്ദുവിന്റെ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളു….

അവളുടെ കണ്ണുകളിൽ ദയനീയത നിറഞ്ഞു നിന്നു…..

“അവള് പോയടോ…..അച്ഛനേം അമ്മേം കൂടെപ്പിറപ്പിനേയും ഒന്നും വേണ്ടന്നു പറഞ്ഞു അവള് പോയി…..”

അത് പറയുമ്പോൾ അയാളുടെ ശബ്ദമിടറിയിരുന്നു….നിറഞ്ഞു വന്ന കണ്ണുകൾ ആരും കാണാതിരിക്കാനായി കണ്ണട അയാൾ ഒന്നൂടി താഴ്ത്തി വച്ചു….

അതിനിടയിലൂടെ അരിച്ചിറങ്ങിയ കണ്ണുനീർ തുള്ളികളെ നിവി മാത്രമേ കണ്ടിരുന്നുള്ളു….

ഒരു ആശ്രയത്തിനെന്നോണം ഇന്ദു അയാളുടെ നെഞ്ചോരം ചേർന്നു നിന്ന് വിങ്ങി കരഞ്ഞു…

“നിവി അമ്മയെ അകത്തേക്ക് കൊണ്ട് പോ…..”

നിവി മെല്ലെ ഇന്ദുവിനേയും കൊണ്ട് അവരുടെ മുറിയിലേക്ക് നടന്നു….

“ഒന്നും രണ്ടുമല്ല, ഏഴുവർഷം…. നീണ്ട ഏഴുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നിഥിയെ ഞങ്ങൾക്ക് കിട്ടിയത്….അതിനു ശേഷമുള്ള ഇരുപത്തിരണ്ട് വർഷങ്ങൾ….

ഇന്ദു എങ്ങനെയാ അവളെ വളർത്തിയതെന്ന് എനിക്ക് അറിയാം….ആ പാവത്തിനോടുള്ള വൈരാഗ്യം മനസ്സിൽ വെച്ചു കൊണ്ട് അവളെ കുത്തി നോവിക്കാനായിട്ടാണ് എല്ലാവരും കൂടി ഇങ്ങോട്ടേക്ക് ഇറങ്ങിയതെങ്കിൽ നിങ്ങൾക്ക് എല്ലാവർക്കും പോകാം….”

കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും അവരുടെ ഭാഗം കേൾക്കാനും നിൽക്കാതെ നന്ദഗോപൻ അത് പറഞ്ഞു കൊണ്ട് ധൃതിയിൽ അകത്തേക്ക് നടന്നു…..

കട്ടിലിൽ കമഴ്ന്നു കിടന്നു കൊണ്ട് തലയിണയിലേക്ക് മുഖം പൂഴ്ത്തി കരയുകയായിരുന്നു ഇന്ദു….അവളുടെ കാൽക്കൽ തന്നെ നിവിയും ഇരിപ്പുണ്ടായിരുന്നു…

ഗോപനെ കണ്ടതും നിവി പതിയെ മുറിക്കു പുറത്തേക്ക് ഇറങ്ങി…

അച്ഛമ്മയും വല്ല്യച്ഛൻമാരും വല്ല്യമ്മമാരും എല്ലാവരും അപ്പോഴേക്കും പോയിരുന്നു….

“ഇന്ദൂ….ഇങ്ങനെ കരയാതെടോ…..”

അവളെ പതിയെ പിടിച്ചെഴുനേൽപ്പിച്ചു കൊണ്ടായിരുന്നു ഗോപനത് പറഞ്ഞത്….

“എന്നാലും അവൾക്ക് എങ്ങനെയാ ഗോപേട്ടാ നമ്മളോട് ഇത് ചെയ്യാൻ തോന്നിയത്….

എന്റെ പല സന്തോഷങ്ങളും ഞാനവൾക്കു വേണ്ടിയല്ലേ മാറ്റി വെച്ചത്…എന്നിട്ടവള്…..”

മുറിഞ്ഞു പോയ വാക്കുകളെ കൂട്ടിച്ചേർക്കാനവൾ തത്രപ്പെട്ടു…..

“ഇങ്ങനെ കരയാതെടോ…..തന്റെ ഈ കണ്ണീരിന് അവളുത്തരം പറയുന്ന ഒരു ദിവസം വരും….നന്നാവില്ല അവളൊരി…”

അത്രയും പറഞ്ഞു വന്നപ്പോഴേക്കും ഇന്ദു അയാളുടെ വാ പൊത്തി….

“ശപിക്കല്ലേ ഗോപേട്ടാ….നമ്മടെ മോളല്ലേ അവള്…..”

പൊട്ടിക്കരഞ്ഞു കൊണ്ട് അവളത് പറയുമ്പോൾ ഗോപൻ അയാളെ കൊണ്ട് ആവും വിധം അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു……

*************

ദിവസങ്ങൾ പിന്നെയും കടന്നു പൊയ്ക്കൊണ്ടേയിരുന്നു….ഇന്നാണ് നിവി ആദ്യമായി കോളേജിലേക്ക് പോകുന്നത്…

“നിവീ…..”

പതിവില്ലാതെ റൂമിന്റെ വാതിൽക്കൽ ഗോപന്റെ ശബ്ദം കേട്ടു കൊണ്ടായിരുന്നു കണ്ണാടിയിൽ നോക്കി കണ്ണെഴുതി കൊണ്ടിരുന്ന നിവി അടഞ്ഞു കിടന്ന വാതിലിനടുത്തേക്ക് നടന്നത്..

വാതിൽ തുറന്നു കൊണ്ട് അവൾ അയാളോടായ് ചോദിച്ചു…

“എന്താ അച്ഛാ..??..”

“ഏയ്..പ്രത്യേകിച്ച് ഒന്നൂല്ല…. മോള് പോകാൻ റെഡിയായോ….??”

“ഇല്ലാ….വളച്ചു കെട്ടാതെ അച്ഛൻ കാര്യം പറയ്….”

“ഇന്ദുവിന്റെ പതിനെട്ടാം വയസ്സിലാണ് ഞാനവളെ വിവാഹം കഴിക്കുന്നത്….മഠത്തിലെ മദർമ്മാരുടെ കാരുണ്യത്തിൽ വളർന്ന അവളെ ഞാനെന്റെ ജീവിതസഖിയാക്കിയപ്പോൾ ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിരുന്നു….

ആരോരും ഇല്ലാത്ത അനാഥപ്പെണ്ണിനെ ഞാൻ വിവാഹം കഴിച്ചുവെന്ന പേരിൽ നിന്റെ അച്ഛമ്മയ്ക്കും അച്ഛച്ഛനും എല്ലാവർക്കും എന്നോട് ദേഷ്യമായിരുന്നു….നിന്റെ അമ്മ എന്നെ വശീകരിച്ച് എടുത്തുവെന്നും പറഞ്ഞു അവളോടും ദേഷ്യം കാണിക്കാറുണ്ട് അവർ….

പാതിയിൽ നിന്നുപോയ ഇന്ദുവിന്റെ പഠിപ്പ് വീണ്ടും തുടരണമെന്ന് പറഞ്ഞത് ഞാനായിരുന്നു… കാരണം പഠിക്കാനും ജോലി വാങ്ങാനും ഒക്കെയുള്ള ആഗ്രഹത്തെ പറ്റി അവൾ പറയാതെ തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു…

ഡിഗ്രിയും പിജിയും കഴിഞ്ഞു ഒരു വർഷത്തിനു ശേഷമായിരുന്നു അവളൊരു ഹയർസെക്കൻഡറി അധ്യാപികയായി മാറിയത്….

അപ്പോഴേക്കും ഞങ്ങളുടെ ദാമ്പത്യത്തിന് ആറു വയസ്സ്…..ഒരുപാട് പേരുടെ മച്ചിയെന്നുള്ള വിളികൾക്ക് ശേഷമാണ് ഏഴാം വർഷം നിഥി എന്ന ജീവന്റെ തുടിപ്പ് അവളിൽ പ്രത്യക്ഷപ്പെടുന്നത്….ഒരുപാട് കോപ്ലിക്കേഷൻസ് ഉണ്ടായിരുന്നു…. ഡോക്ടറിന്റെ നിർദേശപ്രകാരം ഇന്ദു ലോങ്ങ് ലീവ് എടുത്തു കൊണ്ട് വീട്ടിൽ ഇരുന്നു….കാത്തിരിപ്പുകൾക്ക് ഒടുവിൽ കിട്ടയത് ഒരു പെൺകുട്ടിയാണെന്ന് അറിഞ്ഞപ്പോൾ നിന്റെ അച്ഛമ്മയുടെ നെറ്റി ചുളിഞ്ഞു….പക്ഷേ ഞങ്ങളുടെ സന്തോഷം ഇരട്ടിയായിരുന്നു…..കാത്തിരുന്നു കിട്ടിയ കുഞ്ഞിനെ ഞങ്ങൾ നിഥിയെന്ന് വിളിച്ചു….

അവളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞങ്ങൾ ആഘോഷമാക്കി മാറ്റി…

ജോലി തിരക്കുൾക്ക് ഇടയിൽ മകളെ ശ്രദ്ധിക്കാൻ കഴിയില്ലെന്ന് പറഞ്ഞു ആഗ്രഹിച്ചു നേടിയ ജോലി ഇന്ദു എന്നന്നേക്കുമായി വേണ്ടെന്ന് വച്ചു…..

നിഥിക്ക് കൂട്ടായി നീ കൂടി വന്നപ്പോൾ അവളുടെ ലോകം നിങ്ങളിൽ മാത്രമായി ചുരുങ്ങി….അവൾ അനുഭവിക്കാത്ത അമ്മയുടെ സ്നേഹം നിങ്ങൾക്ക് ആവോളം തരണമെന്നും നിങ്ങളുടെ നല്ല സുഹൃത്താവണമെന്നും ഒക്കെ  ഇടയ്ക്കിടെ അവൾ പറയുമായിരുന്നു……”

“എന്താ അച്ഛാ ഇത്…..ഇതൊക്കെ എനിക്ക് അറിയാവുന്ന കാര്യങ്ങളല്ലേ……എന്തിനാ ഇതൊക്കെ വീണ്ടും ആവർത്തിക്കുന്നത്…..”

“ഏയ് അച്ഛനിതൊക്കെ മോളോട് വെറുതെ പറഞ്ഞു എന്നെ ഉള്ളു…..

നിധി…അവളിനി ഇല്ല….ഞങ്ങൾക്ക് ഇനി മോളേ ഉള്ളു….നിന്റെ ചേച്ചി ചെയ്ത തെറ്റ്….”

ബാക്കി പറഞ്ഞു പൂർണ്ണമാക്കാതെ അയാൾ നിർത്തി….ശേഷം വീണ്ടും തുടർന്നു…

“പുതിയ കോളേജാണ്….പുതിയ അന്തരീക്ഷം പുതിയ സൗഹൃദങ്ങൾ…..

പല തരത്തിലുള്ള ചിന്തകളും കാഴ്ചപ്പാടുകളുമായി വരുന്നവർ…..നല്ലത് മാത്രം തിരഞ്ഞെടുക്കുക……”

അവളൊന്നും മിണ്ടിയില്ല… മൗനമായിട്ടൊന്ന് മൂളുക മാത്രം ചെയ്തു……

“നിവീ….”

കാറിൽ കയറി ഇരുന്നു കൊണ്ടായിരുന്നു താഴ്ത്തിയിട്ട ഗ്ലാസ്സിനിടയിലൂടെ ഗോപൻ അവളെ വിളിച്ചത്…

ധൃതിയിൽ ഇന്ദുവിനോട് യാത്ര പറഞ്ഞു കൊണ്ട് അവൾ ഫ്രണ്ട് സീറ്റിലേക്ക് കയറിയിരുന്നു….

നീലിച്ചു കിടന്ന മാനം പതിയെ മഴത്തുള്ളികൾക്ക് ജന്മം കൊടുത്തു കൊണ്ടേയിരുന്നു…..

“ശ്ശൊ…നശിച്ച മഴ….”

അവൾ അതും പറഞ്ഞു കൊണ്ട് താടിക്ക് കൈയ്യും കൊടുത്തു ഇരുന്നു…

“അതെന്താ കുട എടുത്തില്ലേ…..??”

“എടുത്തിട്ടുണ്ട് അച്ഛാ….”

“മ്ം……”

നീണ്ട അരമണിക്കൂർ യാത്രയ്ക്ക് ശേഷം കോളേജ് ഗേറ്റിനു പുറത്ത് അവളെ ഇറക്കി വിട്ടു കൊണ്ട് ആ കാർ മുന്നോട്ട് പോയി…

ചുവപ്പിലും നീലയിലും കാവിയിലും തീർത്ത കാലലയ രാഷ്ട്രീയത്തിന്റെ അടയാളങ്ങളിലേക്ക് ഒന്ന് നോക്കി കൊണ്ടവൾ ഒഴുകി വരുന്ന മഴവെള്ളത്തിൽ ചവിട്ടി കൊണ്ട് മുന്നോട്ടു നടന്നു….

മഴവെള്ളത്തിലൂടെ ഒഴുകി വരുന്ന ചുവപ്പും മഞ്ഞയും വാകപൂക്കൾ അവളിലൊരു പുഞ്ചിരി വിരിയിച്ചു….

മഴയ്ക്ക് അകമ്പടിയെന്നോണം ഇടയ്ക്കിടെ പൊഴിഞ്ഞു വീഴുന്ന ആലിപ്പഴങ്ങൾ അവളുടെ കൺ കോണിലൊരു കൗതുകമുണർത്തി…

തലയ്ക്ക് മീതെയുള്ള കുടയുടെ ആവരണത്തെ മാറ്റിപ്പിടിച്ചു കൊണ്ടവൾ ആലിപ്പഴങ്ങൾ പൊഴിഞ്ഞു വീണു കൊണ്ടിരുന്ന ആ മഴയിലേക്ക് കൈ ചേർത്തു….

കൈകുമ്പിളിൽ ആലിപ്പഴം വീഴുമ്പോഴുള്ള അവളുടെ  പുഞ്ചിരിയേയും മുഖത്തെ ഭാവ വ്യത്യാസങ്ങളേയും ആപാദചൂഢം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ അവളെ പിൻതുടരുന്നുണ്ടായിരുന്നു….അവൾ പോലും അറിയാതെ…..

നീട്ടിയുള്ള കോളേജ് ബെൽ കേട്ടുകൊണ്ട് ധൃതിയിൽ മുന്നോട്ട് ഓടാനാഞ്ഞപ്പോഴായിരുന്നു പൊടുന്നനെ രണ്ടു കൈകൾ പിന്നിലൂടെ വന്നനവളെ വട്ടം ചുറ്റിയത്….

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

4.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!