Skip to content

അന്നൊരുനാളിൽ – Part 12 (അവസാന ഭാഗം)

Annorunalil written by Sreelekshmy Ambattuparambil

ശ്രാവണിനൊപ്പം അകത്തേക്ക് വന്ന നിധിയെ കണ്ടതും ഇന്ദു ഗോപനെ നോക്കി..

നിവി ഓരോരുത്തരേയും മാറി മാറി നോക്കി കൊണ്ടേയിരുന്നു..

നിധിയും ശ്രാവണും ഏതോ വലിയ കുറ്റം ചെയ്തവരെ പോലെ തല താഴ്ത്തി നിന്നു.

പെട്ടന്നായിരുന്നു നിവിയുടെ കൈയ്യിലിരുന്ന ഫോൺ ശബ്ദിച്ചത് ഡിസ്പ്ലേയിലേക്കും ഇന്ദുവിന്റേയും ഗോപന്റേയും മുഖത്തേക്കും മാറി മാറി നോക്കി കൊണ്ടവൾ കോളെടുത്ത് ചെവിയോരം ചേർത്ത് പിടിച്ചു കൊണ്ട് മുകളിലെ മുറിയിലേക്ക് നടന്നു.

“എന്തായി നിവി കാര്യങ്ങൾ…??”

“ദാ അവരിപ്പോൾ വന്നതേയുള്ളൂ…എന്റെ ഹരി നിനക്ക് നല്ല ടൈമിംഗ് ആണല്ലോ…?”

“ആന്റിയും അങ്കിളും എന്ത് പറഞ്ഞൂ…?”

“ഇതുവരെയും ഒന്നും പറഞ്ഞിട്ടില്ല…എനിക്ക് എന്തോ പേടിയാകുവാ…”

“നീ ഒന്നു കൊണ്ടും പേടിക്കണ്ടാ…എല്ലാം കലങ്ങി തെളിയും..നീ ആഗ്രഹിച്ച നിന്റെ കുടുംബവും നിങ്ങളുടെ സന്തോഷങ്ങളും നിനക്ക് തിരികെ ലഭിക്കും.. അതിനു വേണ്ടിയല്ലേ ഇഷ്ടപ്പെട്ടതൊക്കെ മനപ്പൂർവ്വം വേണ്ടന്ന് വെച്ച് നീ ഇങ്ങനെ കഷ്ടപ്പെടുന്നത്…”

“മ്ം…ഹരീ..ഞാൻ പിന്നെ വിളിക്കാം… ഞാനൊന്ന് അവരോട് സംസാരിക്കട്ടെ…”

കോൾ കട്ട് ചെയ്തു കൊണ്ട് നിവി വേഗം താഴേക്ക് ഇറങ്ങി ചെന്നു..

“അല്ലാ.., നിങ്ങള് ഇതുവരെയും ഒന്നും സംസാരിച്ചില്ലേ…??”

അവിടെ നിന്ന ഓരോരുത്തരുടേയും മുഖത്തേക്ക് മാറി മാറി നോക്കി കൊണ്ടായിരുന്നു നിവിയത് ചോദിച്ചത്

വീണ്ടും അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു..നിവി അച്ഛമ്മയെ ദയനീയമായിട്ടൊന്ന് നോക്കി

“ഗോപാ…”

ഞൊടിയിടയിൽ അച്ഛമ്മയുടെ സ്വരം അവിടെ ഉയർന്നു..

“ഇന്ദുവിന്റേയും നിന്റെയും മനസ്സിലൂടെ കടന്നുപോകുന്ന ഓരോ ചിന്തകളും എനിക്ക് ഇപ്പോൾ ഊഹിക്കാവുന്നതേയുള്ളു..

കാരണം, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് ഇതുപോലൊരു നട്ടുച്ച നേരത്ത് ഇന്ദുവിനേയും കൂട്ടി നീ എന്റെ മുൻപിൽ വന്നു നിന്ന നിൽപ്പ് എനിക്കിന്നും ഓർമ്മയുണ്ട്. ഞാനന്ന് നിങ്ങളെ ആട്ടിയിറക്കി….പക്ഷേ അന്ന് നീ ചെയ്തത് ഒരു വലിയ ശരിയായിരുന്നെന്ന് ഇന്ന് കാലംതെളിയിച്ചു. കാരണം ഞാൻ പ്രസവിച്ച എന്റെ പെൺമക്കളേക്കാൾ എന്നെ സ്നേഹിക്കുന്നൊരു പെൺകുട്ടിയെ നീ എനിക്ക് മരുമകളായി.., അല്ലാ മകളായി കൊണ്ടു വന്നു. പക്ഷേ  സ്വാർത്ഥതയും  അഹങ്കാരവുമുള്ള എന്നിലെ സ്ത്രീക്ക് അന്നത് മനസ്സിലാക്കാൻ കഴിഞ്ഞില്ല..

ഇന്ന് അതേ അവസ്ഥയിൽ നിന്റെ മകൾ നിനക്ക് മുൻപിൽ വന്ന് നിൽക്കുന്നു.

അന്ന് ഞാൻ നിന്നോട് ചെയ്ത തെറ്റ് നിനക്ക് നിന്റെ മകളോടെങ്കിലും ആവർത്തിക്കാതിരുന്നൂടെ…സ്വീകരിച്ചൂടെ നിന്റെ മകളേയും മകനേയും..

ചെറിയ പ്രായത്തിൽ മക്കളൊരുപാട് തെറ്റ് ചെയ്യും അവരോട് ക്ഷമിക്കാൻ നമ്മള് മാതാപിതാക്കൾക്ക് മാത്രമേ സാധിക്കൂ…

ക്ഷമിച്ചൂടേ മക്കളേ നിങ്ങൾക്ക് ഇവരോട് രണ്ടുപേരോടും…”

അച്ഛമ്മയത് പറഞ്ഞു നിർത്തിയതും നിറഞ്ഞൊഴുകിയ കണ്ണുകളാൽ നിവി ഗോപനേയും ഇന്ദുവിനേയും മാറി മാറി നോക്കി…

പൊടുന്നനെ നിധി ഇന്ദുവിന്റെയും ഗോപന്റെയും അടുത്തേക്ക് നടന്നു ചെന്ന് അവർക്ക് മുൻപിൽ മുട്ടുകുത്തി,  വലം കൈ ഇന്ദുവിന്റെ കാലിലേക്കും ഇടം കൈ ഗോപന്റെ കാലിലേക്കും ചേർത്തു, ശേഷം ഒന്നും മിണ്ടാതൊന്ന് പൊട്ടിക്കരഞ്ഞു…

നിധിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതിനൊപ്പം നിവിയുടെ കണ്ണുകളും നിറഞ്ഞു വന്നു..

നിറകണ്ണുകളോടെ ഇന്ദു ഗോപനെ നോക്കിയ  ശേഷം നിധിയെ പതിയെ പിടിച്ചെണീപ്പിച്ചു..പൊടുന്നനെ നിധി ഇന്ദുവിനെ ആലിംഗനം ചെയ്തു…

നിവി പെട്ടെന്ന് തിരിഞ്ഞു നിന്നു ശേഷം നനഞ്ഞൊഴുകിയ മിഴികൾ അമർത്തി തുടച്ചു കൊണ്ട് പുഞ്ചിരിച്ച മുഖവുമായി അച്ഛമ്മയ്ക്ക് അരികിലേക്ക് ചെന്നു…അച്ഛമ്മ അവളെ ചേർത്തു പിടിച്ചു കൊണ്ട് നിധിയുടേയും ഇന്ദുവിന്റേയും സ്നേഹ പ്രകടനങ്ങൾ നോക്കി കണ്ടു…

അപ്പോഴേക്കും ശ്രാവൺ ഗോപനടുത്തേക്കു ചെന്നിരുന്നു.. അയാളുടെ കാലിൽ തൊടാനാഞ്ഞ ശ്രാവണിനെ അയാൾ തോളിൽ പിടിച്ചുയർത്തി..ശേഷം മെല്ലെ അവന്റെ തോളിൽ തട്ടി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“നിധീ…”

അച്ഛമ്മ നിധിയുടെ പേര് എടുത്തു വിളിച്ചു കൊണ്ട് പതിയെ ഇരുന്നിടത്ത് നിന്ന് എഴുനേറ്റു…

ഇന്ദുവിന്റെ തോളിൽ നിന്നു മുഖമടർത്തി മാറ്റി കൊണ്ട് നിധി അച്ഛമ്മയെ നോക്കി..

അവർ അവളുടെ കൈകളിൽ അമർത്തി പിടിച്ചു…

”ഇവര് രണ്ടാളും നിന്നോട് ക്ഷമിച്ചുവെങ്കിലും അത്ര വേഗം പൊറുക്കാൻ കഴിയുന്നൊരു തെറ്റല്ലാ നീ ഇവരോട് രണ്ടാളോടും ചെയ്തത്…

എത്ര മഹത്തായ കാര്യത്തിനു വേണ്ടിയാണെങ്കിലും വളർത്തി വലുതാക്കിയ മാതാപിതാക്കളുടെ കണ്ണ് നിറച്ചു കൊണ്ടുള്ള ഒരു കാര്യവും ഇനി ചെയ്യരുത്.. മനസ്സറിഞ്ഞ് അവര് ശപിച്ചില്ലെങ്കിലും അവരുടെ കണ്ണിൽ നിന്നടർന്നു വീഴുന്ന ഓരോ തുള്ളി കണ്ണീരിനും എന്നേലും ഒരിക്കൽ കണക്കു പറയേണ്ടി വരും…”

അച്ഛമ്മയുടെ നാവിൽ നിന്നടർന്നു വീണ വാക്കുകൾ നിധിയേക്കാളേറെ വേദനിപ്പിച്ചത് നിവിയെയായിരുന്നു…

അച്ഛമ്മ വീണ്ടും തുടർന്നു..

“നിങ്ങളൊക്കെ ജീവിക്കുന്നത് പുതിയൊരു കാലഘട്ടത്തിലാണ്..മാതാപിതാക്കളെ നല്ലൊരു സുഹൃത്തായി കാണാൻ ശ്രമിക്കണം മനസ്സിൽ തോന്നുന്നതൊക്കെ അവരോട് പങ്കു വെയ്ക്കണം ഈ പ്രായത്തിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്ന പല കാര്യങ്ങളും ചിലപ്പോൾ വളരെ വലിയ തെറ്റുകളായിരിക്കാം…

അതൊക്കെ പറഞ്ഞു തിരുത്തി തരാൻ മാതാപിതാക്കൾക്കേ കഴിയൂ…

പിന്നെ ഇന്ദൂ….”

ഇന്ദുവിനെ വിളിച്ചു കൊണ്ട് അച്ഛമ്മ ഇന്ദുവിനു നേരെ തിരിഞ്ഞു

“മക്കളുടെ മനസ്സിൽ നടക്കുന്നത് കണ്ടുപിടിക്കാനുള്ള ജാലവിദ്യയൊന്നും പഠിച്ചിട്ടല്ല ആരും അച്ഛനും അമ്മയും ആകുന്നത്…”

അത് പറഞ്ഞു കൊണ്ട് ഒരു കള്ളച്ചിരിയോട് കൂടി അച്ഛമ്മ നിവിയെ നോക്കി.. കാരണം മാസങ്ങൾക്ക് മുൻപ് നിവി അച്ഛമ്മയോട് പറഞ്ഞ വാക്കുകളായിരുന്നു അതൊക്കെയും.

“പക്ഷേ..”

അച്ഛമ്മ വീണ്ടും തുടർന്നു..

“പക്ഷേ മക്കളുടെ മുഖമൊന്ന് വാടിയാൽ, സ്വയം ന്യായീകരണങ്ങൾ കണ്ടുപിടിക്കാതെ അതിന്റെ കാരണങ്ങൾ അവരോട് തന്നെ ചോദിച്ചു മനസ്സിലാക്കണം അല്ലാതെ എല്ലാത്തിനും ഒടുവിൽ നിന്നു കരഞ്ഞിട്ട് കാര്യമില്ല…”

“മ്ം…”

മറുപടിയായി നിധിയും ഇന്ദുവും ഒന്ന് നീട്ടി മൂളി…ശ്രാവണിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ഛമ്മ മുറിയിലേക്ക് നടന്നു…നിവിയും അവർക്ക് പിന്നാലെ പോയി

ഇന്ദുവും ഗോപനും നിധിയോടും ശ്രാവണിനോടും സംസാരിച്ചിരുന്നു

ഉച്ചയ്ക്ക് എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും ഇന്ദുവിന്റേയും ഗോപന്റേയും കണ്ണുകൾ നിവിയിൽ തന്നെയായിരുന്നു..

അച്ഛമ്മയോടും ശ്രാവണിനോടും നിധിയോടും എന്തൊക്കെയോ പറഞ്ഞു ചിരിച്ചു ഭക്ഷണം കഴിക്കുകയായിരുന്നു അവൾ..

ഭക്ഷണം കഴിപ്പും അൽപ്പം വർത്തമാനം പറച്ചിലുമൊക്കെ കഴിഞ്ഞ് നിധിയും ശ്രാവണും പോകാൻ ഇറങ്ങിയപ്പോഴും എന്തിനെന്നില്ലാതെ ഇന്ദു കരഞ്ഞു..

“എന്താമ്മേ ഇത്..ഒരുപാട് ദൂരേക്ക് ഒന്നും അല്ലല്ലോ…കാണാൻ തോന്നുമ്പോൾ ഒന്ന് വിളിച്ചാൽ പോരെ ഞാനിങ്ങ് ഓടിയെത്തില്ലേ….”

“എനിക്ക് നിന്നെ കണ്ട് മതിയായില്ല മോളേ…”

നിധിയുടെ നെറുകയിൽ അമർത്തി ചുംബിച്ചു കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്

“എല്ലാവരും കൂടി ഒരുദിവസം അങ്ങോട്ടേക്ക് ഇറങ്ങണം…

പോയിട്ട് വരാം..”

ഗോപന്റെ കൈ ചേർത്ത് പിടിച്ചു അത് പറഞ്ഞ് എല്ലാവരേയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അത് പറഞ്ഞ ശേഷം ശ്രാവൺ കാറിലേക്ക് കയറി..അവനു പിന്നാലെ നിധിയും..

ഗേറ്റ് കടന്നു പോയ ആ കാർ  കണ്ണിൽ നിന്നു മറയും വരെ അവർ നാലു പേരും ഉമ്മറപ്പടിക്കൽ തന്നെ നിന്നു..

“ഹോ…സമാധാനമായി…”

മനസ്സിൽ അതും പറഞ്ഞു കൊണ്ടായിരുന്നു നിവി അകത്തേക്ക് കയറിയത്

“ഇതൊക്കെ ഇത്രേടം വരെ എത്തിക്കാൻ എന്റെ മോള് ഒരുപാട് കഷ്ട്ടപ്പെട്ടു അല്ലേ…??”

നിവിയുടെ തലയിലൂടെ വാത്സല്യപൂർവ്വം തലോടി കൊണ്ടായിരുന്നു ഗോപനത് അവളോട് ചോദിച്ചത്..

“ഏയ്..എന്താ അച്ഛാ ഇത്..ഞാനെന്ത് ചെയ്തുന്നാ…”

“ഒന്നും പറയണ്ട…ഞാനെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു…”

നിവി പെട്ടെന്ന് ഗോപനെ കെട്ടിപ്പിടിച്ചു..

“നിങ്ങളുടെയൊക്കെ സന്തോഷം, പിന്നെ ഒരു വർഷത്തിന് മുൻപ് മാഞ്ഞു പോയ എന്റെ അമ്മയുടെ ചിരി..ഇതൊക്കെ കാണാനല്ലേ ഞാൻ…”

വാക്കുകൾ കിട്ടാതെ നിവി വിക്കി

പിന്നിൽ നിന്നുള്ള ഇന്ദുവിന്റെ അടക്കിപ്പിടിച്ച തേങ്ങൽ കേട്ടായിരുന്നു നിവി അവിടേക്ക് നോക്കിയത്

“ഹോ…ഈ അമ്മയെ കൊണ്ട് ഞാൻ തോറ്റൂ…സർവ്വ സമയവും കരച്ചിൽ..സന്തോഷം വന്നാലും കരച്ചിൽ സങ്കടം വന്നാലും കരച്ചിൽ…

ഇതിങ്ങനെ തുടർന്നാൽ ഞാനും എങ്ങോട്ടേലും ഇറങ്ങി പോകും നോക്കിക്കോ…”

കൈ കെട്ടി കൊണ്ട് മുഖം കോട്ടി നിവിയത് പറയുമ്പോഴേക്കും നനഞ്ഞ കണ്ണുകളാൽ ഇന്ദു ഒന്നു പുഞ്ചിരിച്ചു അവളുടെ നിൽപ്പ് കണ്ട് അച്ഛമ്മയും ഒന്ന് ചിരിച്ചു ഗോപനും അവർക്കൊപ്പം ചേർന്നപ്പോൾ അതൊരു പൊട്ടിച്ചിരിയായി മാറി

ഇത്തവണ നിറഞ്ഞ കണ്ണുകൾ നിവിയുടേതായിരുന്നു…”എത്ര നാളുകൾക്ക് ശേഷമാണ് അച്ഛനും അമ്മയും എല്ലാം മറന്ന് ഇങ്ങനെയൊന്ന് ചിരിക്കുന്നത്”

അവൾ മനസ്സിൽ ഓർത്തു..

കളിയും ചിരിയും സന്തോഷങ്ങളുമൊക്കെയായി നിവിയുടെ ജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു…അലൻ മാത്രം അവളുടെ ഉള്ളിന്റെയുള്ളിൽ ഒരു തീരാവേദനയായി നില കൊണ്ടു…

****************************************

പുലർച്ചെ അഞ്ചുമണിക്കുള്ള അലാറം കേട്ട് പഠിക്കാൻ എഴുന്നേറ്റതായിരുന്നു നിവി.

അവൾക്ക് ഇന്ന് ഡിഗ്രി ആറാം സെമസ്റ്ററിന്റെ അവസാന പരീക്ഷയാണ്

മുഖം കഴുകി ബുക്കിനു മുൻപിൽ ചെന്നിരിക്കുമ്പോഴും ഓർമ്മകൾ സഞ്ചരിച്ചതൊക്കെയും പിന്നോട്ടായിരുന്നു…

ഇന്നത്തെ ദിവസത്തോട് കൂടി തന്റെ ഡിഗ്രി കാലഘട്ടം അവസാനിച്ചിരിക്കുന്നു..അവൾ മനസ്സിൽ അത് മന്ത്രിച്ചു

രാവിലത്തെ പഠിത്തമൊക്കെ കഴിഞ്ഞു കോളേജിൽ പോകാനായി വേഷം മാറി ബാഗും എടുത്ത് കൊണ്ടായിരുന്നു നിവി താഴേക്ക് ചെന്നത്

ഇന്ദു അപ്പോഴേക്കും അവൾക്ക് കഴിക്കാനുള്ള ഭക്ഷണം എടുത്ത് വച്ചിരുന്നു

ധൃതിയിൽ അത് കഴിച്ചു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി

“നിവീ…ഹോൾ ടിക്കറ്റ് എടുത്തോ…??”

“എടുത്തൂ….അച്ഛമ്മ ഇന്ന് വരില്ലേ…??”

” വരും…ഉച്ചകഴിഞ്ഞ് അവിടെ നിന്ന് ഇറങ്ങുമെന്നാ ഇന്നലെ എന്നെ വിളിച്ചു പറഞ്ഞത്…

ദേ അച്ഛമ്മയേ കാണാനുള്ള സന്തോഷത്തിൽ വണ്ടി അധികം സ്പീഡിൽ ഒന്നും ഓടിക്കരുത് കേട്ടോ…പതിയെ വന്നാൽ മതി…”

“മ്ം….”

അത് പറഞ്ഞു കൊണ്ട് അവൾ വണ്ടിയെടുത്തു….

നാളെ മുതൽ ഈ വഴിയോര കാഴ്ചകളൊക്കെയും തനിക്ക് അന്യമാകുമെന്ന തിരിച്ചറിവിൽ അവൾ വണ്ടിയോടിച്ചു…

പതിവ് പോലെ ഹരി ഗേറ്റിനടുത്ത് നിൽപ്പുണ്ടായിരുന്നു

അവളേയും കയറ്റി വണ്ടി പാർക്കിംഗിൽ കൊണ്ടു വച്ചിട്ട് അവർ രണ്ടാളും എക്സാം ഹാളിലേക്ക് നടന്നു…

രണ്ടരമണിക്കൂർ എക്സാമും കഴിഞ്ഞു പുറത്തേക്ക് ഇറങ്ങുമ്പോഴേ അവൾ കണ്ടിരുന്നു കോളേജിന്റെ നീളൻ വരാന്തയിൽ കൂട്ടം കൂടി നിന്ന കുട്ടികളെ..ചിലർ പരസ്പരം ആലിംഗനം ചെയ്യുന്നു..മറ്റു ചിലർ നിറഞ്ഞ കണ്ണുകൾ തുടയ്ക്കുന്നു ചിലകുട്ടികളാകട്ടെ സെൽഫി എടുക്കുന്നു…

ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ നിവിയ്ക്ക് അനുഭവപ്പെട്ടു..

ഹരിയുടെ കൈ ചേർത്ത് പിടിച്ചു കൊണ്ടവൾ താഴേക്കുള്ള കോണി ധൃതിയിൽ ഓടിയിറങ്ങി

നേരെ പാർക്കിംഗിലേക്ക് നടന്നു

“എന്താ നിവീ…എന്താ നിനക്ക് പറ്റിയത്…??”

“ഏയ് നത്തിംഗ് ഹരി..

അച്ഛമ്മ വരും ഇത്തിരി നേരത്തെ വീട്ടിൽ എത്തണം…”

“ശരിക്കും പറഞ്ഞാൽ നീ ഇന്ന് ഇവിടെ ആരെയോ പ്രതീക്ഷിച്ചിരുന്നു അല്ലേ…??”

“ഇല്ല…നീ വേഗം കയറിക്കേ…എനിക്ക് വീട്ടിൽ പോകണം….”

ഹരിയെ ബസ്റ്റോപ്പിൽ ഇറക്കി കൊണ്ട് നിവി വണ്ടി മുൻപോട്ടെടുത്തു….

സൈഡ് മിററിലൂടെ അവൾ ആ കോളേജ് ഗേറ്റിലേക്ക് ഒരിക്കൽ കൂടി നോക്കി..

അച്ഛമ്മ വരുന്നത് കൊണ്ട് അൽപം വേഗത്തിൽ ആയിരുന്നു അവൾ വണ്ടി ഓടിച്ചത്..പോർച്ചിന്റെ ഒരു കോണിൽ വണ്ടി ഒതുക്കിക്കൊണ്ടവൾ ധൃതിയിൽ അകത്തേക്ക് കയറി

“അമ്മേ അച്ഛമ്മ എന്തേ…….അമ്മേ….”

“ഹോ ഇങ്ങനെ കിടന്ന് വിളിച്ചു കൂവാതെ നിവി…അച്ഛമ്മ മുറിയിലുണ്ട്…നീ വേഗം പോയി കുളിച്ചിട്ടുവാ…എന്നിട്ട് കാണാലോ അച്ഛമ്മയെ…”

നിവി വേഗം റൂമിലേക്ക് നടന്നു…ബാഗ് മേശമേൽ വച്ചു കൊണ്ട് കണ്ണാടിക്ക് മുൻപിൽ ചെന്നു നിന്നു..ശേഷം കഴുത്തിലെ ടാഗ് അഴിച്ചുമാറ്റി

കുളിച്ചിട്ട് ഇടാനുള്ളതും എടുത്തു കൊണ്ട് വേഗം ബാത്റൂമിലേക്ക് കയറി

കുളിച്ചിറങ്ങി ഡൈനിങ്ങ്  ഹാളിലേക്ക് അവൾ ചായകുടിക്കാൻ ചെല്ലുമ്പോഴേ കണ്ടിരുന്നു അവിടെ ഇരിക്കുന്ന അച്ഛമ്മയെ

“അച്ഛമ്മേ….”

അവളോടി പോയി അവരെ കെട്ടിപ്പിടിച്ചു

“ഇനി കുറച്ചു ദിവസത്തേക്ക് അച്ഛമ്മയേ ഞാൻ എങ്ങട്ടേക്കും വിടില്ല…നോക്കിക്കോ…”

“നിവി ദാ ചായ..”

അതും പറഞ്ഞു ചായ ടേബിലേക്ക് വച്ച് ഇന്ദു അച്ഛമ്മയ്ക്ക് അരികിലേക്ക് ഇരുന്നു…

നിവിയോട് എന്തോ പറയാനായി അച്ഛമ്മയും ഇന്ദുവും പരുങ്ങുന്നത് ഇടം കണ്ണാലെ കണ്ടു കൊണ്ടായിരുന്നു നിവി കൈയ്യിലിരുന്ന ഫോണിൽ നിന്നു മുഖമുയർത്തിയത്

“എന്താമ്മേ പറയാനുള്ളത്…??രണ്ടു പേരും കൂടി കഥകളി നടത്താതെ കാര്യം പറയ്യ്…..”

“അത് പിന്നെ മോളേ….അമ്മ പറയ്…”

അച്ഛമ്മയേ നോക്കി കൊണ്ട് ആയിരുന്നു ഇന്ദു അത് പറഞ്ഞത്

“നിവിമോളേ…അത്..”

“പറയ്യ് അച്ഛമ്മേ…”

“അത് പിന്നെ ഗോപന്റെ ബാങ്കിലെ ഏതോ വല്ല്യ ഉദ്യോഗസ്ഥന്റെ മോന് മോളെ ഇഷ്ടാത്രേ…”

“അതിന്..?”

“അല്ലാ…അവരൊക്കെ കൂടി നാളെ മോളേ ഒന്ന് വന്ന് കണ്ടോട്ടേന്ന് ഗോപനോട് ചോദിച്ചത്രേ….”

അത് കേട്ടതും നിവി ഇരുന്നിടത്ത് നിന്ന് ചാടി എഴുന്നേറ്റു..

“എന്താ ഇതൊക്കെ..എന്നെ കല്ല്യാണം കഴിപ്പിച്ചു വിടാൻ വേണ്ടി എന്റെ എക്സാം കഴിയാൻ കാത്തിരിക്കുവായിരുന്നോ നിങ്ങളെല്ലാവരും…

എന്താ അമ്മേ ഇതൊക്കെ…?

പിജി കഴിഞ്ഞൊരു ജോബ് കിട്ടിയിട്ടേ ഞാൻ ഇതിനെ പറ്റി ചിന്തിക്കുന്നുള്ളു…”

“കല്ല്യാണം ഉടനെ വേണമെന്നൊന്നും ഇവിടെ ആരും പറഞ്ഞില്ലല്ലോ…അവര് ഒന്ന് വന്ന് കണ്ട് പോകട്ടേ…നിങ്ങൾക്ക് രണ്ടാൾക്കും പരസ്പരം ഇഷ്ടായാൽ പഠിത്തം കഴിഞ്ഞു ജോലി കിട്ടിയിട്ട് നടത്താലോ…”

“എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല….”

“മോളേ..നാളെ വന്ന് കണ്ടോളാൻ അച്ഛൻ അവരോട് വാക്ക് പറഞ്ഞു…

ഒരു മാസം മുൻപേ അവര് ഇതേ പറ്റി സംസാരിച്ചതാ അന്ന് നിനക്ക് എക്സാം ആയത് കൊണ്ടാ ഇതേ പറ്റി കൂടുതൽ ഒന്നും പറയാതിരുന്നത്…”

“എന്നോട് ചോദിക്കാതെ എന്റെ കാര്യത്തിൽ വാക്ക് കൊടുക്കാൻ അച്ഛനോട് ആരാ പറഞ്ഞത്… വളരെ മോശമായി പോയി ഇത്….”

“എന്താ നിവീ ഇത്…ഞങ്ങള് പറഞ്ഞാൽ നിനക്ക് അതിനപ്പുറം മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ലെന്ന് കരുതിയല്ലേ അച്ഛൻ അവരോട് അങ്ങനെ പറഞ്ഞത്…

ജീവിതത്തിൽ നീ സ്വന്തമായി തീരുമാനങ്ങളെടുത്ത് തുടങ്ങിയത് ഞങ്ങളറിഞ്ഞില്ല…

ഞാൻ…ഞാൻ അച്ഛനോട് പറയാം അവരോട് വരണ്ടാന്ന് പറയാൻ..”

അതും പറഞ്ഞു കൊണ്ട് നിസ്സഹായതയോടെ നിവിക്ക് മുൻപിൽ നിൽക്കുന്ന ഇന്ദുവിനെ കണ്ടതും അവളുടെ മനസ്സലിഞ്ഞു

“അയ്യേ അമ്മ ഞാൻ പറഞ്ഞതൊക്കെ കാര്യായിട്ട് എടുത്തോ….ഞാനൊരു തമാശ പറഞ്ഞതല്ലേ…?

ദേ നോക്കൂ.. അവരൊന്ന് വന്ന് കണ്ടോട്ടെ എനിക്ക് ഒരു കുഴപ്പവും ഇല്ല…..ഇനി ഞാൻ കാരണം വാക്ക് മാറ്റി എന്റെ അച്ഛൻ ആരുടെ മുൻപിലും തല കുനിക്കണ്ടാ…

ഞാനിതൊന്ന് ഹരിയോട് പറയട്ടേ…”

അത് പറഞ്ഞ് മേശമേൽ ഇരുന്ന ഫോൺ കൈയ്യിലെടുത്ത് ഇന്ദുവിന്റെ കവിളിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു കൊണ്ട് നിറഞ്ഞു വന്ന കണ്ണുകൾ ഇന്ദു കാണാതിരിക്കാനായി ധൃതിയിൽ നിവി മുകളിലേക്ക് നടന്നു…

“എന്തൊക്കെയാ നിവീ നീ ഈ പറയുന്നത്…??”

“അതെ ഹരി…അമ്മയാ ഇപ്പോൾ എന്നോട് പറഞ്ഞത്…”

ഒരു കൈയ്യിൽ ഫോൺ പിടിച്ചു മറു കൈയ്യാൽ കണ്ണീരു തുടച്ചു കൊണ്ടായിരുന്നു നിവി ഹരിയോട് സംസാരിച്ചത്

“നീ എന്നിട്ടെന്ത് പറഞ്ഞു…??”

“എനിക്ക് അറിയില്ല ഹരി…അതേ പറ്റി ചിന്തിക്കുമ്പോഴൊക്കെ അലന്റെ മുഖമാ എന്റെ മനസ്സിലേക്ക് തെളിഞ്ഞു വരുന്നത്….”

“അലൻ നിനക്ക് വേണ്ടി കാത്തിരിക്കുന്നുണ്ടാകുമോ…??”

“അറിയില്ല…ഇഷ്ടത്തോടെ ഒരു നോട്ടം പോലും സമ്മാനിക്കാത്തവൾക്കായി ഒരാൾ കാത്തിരിക്കുമോ…??എനിക്ക് തല പെരുക്കുന്നത് പോലൊക്കെ തോന്നുവാ….”

“നീ ടെൻഷനാവാതെ ഞാൻ നാളെ അങ്ങോട്ടേക്ക് വരാം…”

“മ്ം…”

ഫോൺ വച്ചു കൊണ്ട് തലയിണയിലേക്കവൾ മുഖമമർത്തുമ്പോഴും എന്തിനെന്നില്ലാതെ അവളുടെ ഏങ്ങലടികൾ അവിടെ ഉയരുന്നുണ്ടായിരുന്നു….

ആ കിടപ്പിൽ അവൾ എപ്പോഴോ മയങ്ങി…രാത്രിയിൽ ഇന്ദു തട്ടി വിളിക്കുമ്പോഴായിരുന്നു അവൾ ഉറക്കമുണർന്നത്

ഭക്ഷണം കഴിക്കാൻ ഇന്ദു ഒരുപാട് നിർബന്ധിച്ചിട്ടും നിവി തന്ത്രപൂർവ്വം ഒഴിഞ്ഞുമാറി….

നാളെ നടക്കാൻ പോകുന്ന കാര്യങ്ങൾ ഓർത്ത് പിന്നീടവൾക്ക് ഉറങ്ങാൻ സാധിച്ചില്ല

രാവിലെ പതിവിനു വിപരീതമായി ഇന്ദുവിനേക്കാൾ മുൻപേ നിവി അടുക്കളയിൽ കയറി

ഓരോ പണികളായി ചെയ്തു കൊണ്ടിരുന്നപ്പോഴായിരുന്നു ഇന്ദു അവിടേക്ക് വന്നത്

“ആഹാ..മോള് രാവിലയേ ഉണർന്നോ…??”

“മ്ം….”

“വരുണും വീട്ടുകാരും ഇന്ന് രാവിലെ10 മണിക്ക് വരും…”

“വരുൺ…??”

“ഓഹ്…നിന്നെ കാണാൻ വരുന്ന ചെക്കന്റെ പേരാ…”

“മ്ം…”

“മോള് വേണേൽ മുറിയിലേക്ക് പൊയ്ക്കോ പത്ത്മണിക്ക് മുൻപ് റെഡിയാവണംട്ടോ…”

അലസമായി തലകുലുക്കി കൊണ്ടവൾ മുറിയിലേക്ക് നടന്നു..ഫോണെടുത്ത് പത്ത്മണിക്ക് മുൻപ് വരണമെന്ന് ഹരിക്ക് മെസേജ് അയച്ചു…

ക്ലോക്കിലെ സൂചി ഓരോ നിമിഷവും മുന്നോട്ടു തിരിയുന്നതിനനുസരിച്ച് നിവിയുടെ ഉള്ളിലെ ഭയവും കൂടി കൂടി വന്നു…

ആർക്കു വേണ്ടിയോ അവൾ അലമാരിയിൽ നിന്നൊരു ചുരിദാർ എടുത്തിട്ടു അലസമായി അതിന്റെ ഷോൾ കഴുത്തിൽ കൂടി ചുറ്റിയിട്ടു.

ശേഷം അലമാരിയുടെ താഴത്തെ തട്ടിൽ നിന്നൊരു ഫയൽ എടുത്തു.. മെല്ലെ അത് തുറന്നു..

അലൻ പണ്ട് അവൾക്കായി വരച്ചു നൽകിയ ചിത്രങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്

അതിലെ ഓരോ ചിത്രങ്ങളിലൂടെയും അവൾ വിരലോടിച്ചു…മറന്നു തുടങ്ങിയ ഓർമ്മകളിൽ നിന്നൊരു മുഖം അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു

“നിവീ….”

പിന്നിൽ നിന്നാ ശബ്ദം കേട്ടതും അവൾ കൈയ്യിലിരുന്നതൊക്കെ അലമാരിയിലേക്ക് ഒളിപ്പിക്കാനൊരു ശ്രമം നടത്തി

ശേഷം പതിയെ തിരിഞ്ഞു നോക്കി..

“ഓ..എന്റെ ഹരി നീ ആയിരുന്നോ…??”

“നീ എന്താ അതിലേക്ക് വച്ചത്…??”

നിവി ഫയലെടുത്ത് ഹരിയുടെ കൈയ്യിലേക്ക് വച്ചു കൊടുത്തു

ഹരി അത് മെല്ലെ തുറന്നു..

“നിവീ നീ….?”

“ഹരി അലനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു..പക്ഷേ ഇനി…

ഇനി ഒരിക്കലും ഞങ്ങൾ കാണില്ലായിരിക്കും അല്ലേ..??”

“നിവീ….നീ ഇങ്ങനെ സങ്കടപ്പെടാതെ….ഞാനൊരു കാര്യം പറയട്ടേ…ആന്റിയോട് ഞാൻ പറയട്ടേ അലന്റെ കാര്യം..??

മറ്റുള്ളവരുടെ സന്തോഷങ്ങൾക്ക് വേണ്ടി നീ എന്തിനാ ഇങ്ങനെ സ്വയം സങ്കടപ്പെടുന്നത്…??”

“വേണ്ട ഹരി…ഇനിയാരും ഒന്നും അറിയണ്ടാ…എല്ലാം ഇങ്ങനെ തന്നെ പോട്ടെ…

നീ പറയും പോലെ എനിക്ക് വിധിച്ചത് മറ്റൊന്നാവും..”

“ആഹാ നിങ്ങള് ഇവിടെ കഥ പറഞ്ഞു നിൽക്കുവാണോ…??

താഴേക്ക് വാ അവിടെ എല്ലാവരും എത്തി…”

“ദാ വരുവാ ആന്റി..ആന്റി പൊയ്ക്കോളൂ…”

ഇന്ദുവിന് മറുപടി നൽകിയത് ഹരിയായിരുന്നു..

“നിവീ…നീ മുഖം കഴുക്…നമുക്ക് താഴേക്ക് പോകാം…”

ഒടുവിൽ ഹരിക്കൊപ്പം മനസ്സില്ലാ മനസ്സോടെ നിവി താഴേക്ക് നടന്നു…

ചുണ്ടിൽ കൃതൃമമായൊരു ചിരിയുമായി ഇന്ദു നൽകിയ ചായ കൊണ്ട് അവൾ അവർക്ക് അടുത്തേക്ക് നടന്നു…

“മോളേ ഇതാണ് വരുൺ…”

ഗോപൻ വരുണിനെ നിവിക്ക് പരിചയപ്പെടുത്തി കൊടുത്തു..

അവളുടെ അധരങ്ങളിൽ നിർജീവമായൊരു ചിരി വിടർന്നു..

പതിയെ അവൾ അവിടെ നിന്ന് അടുക്കളയിലേക്ക് നടന്നു…

ഇന്ദു അവൾക്ക് പിന്നാലെ നടന്നു…

“എന്താ നിന്റെ മുഖം വല്ലാതിരിക്കുന്നത്…??”

“നല്ല തലവേദന ഉണ്ട്…”

“മ്ം…മോള് എന്നാൽ മുകളിലേക്ക് പൊയ്ക്കോ…കുറച്ചു നേരം റെസ്റ്റ് എടുക്ക്..”

“മ്ം…”

നിവി ഹരിക്കൊപ്പം മുകളിലേക്ക് കയറുമ്പോഴും താഴെ ചർച്ചകൾ മുറുകുന്നുണ്ടായിരുന്നു…

“എന്നാൽ ഇനി ഇവർക്ക് തമ്മിൽ എന്തേലും സംസാരിക്കാനുണ്ടെങ്കിൽ ആവാം ല്ലേ..??”

തലമൂത്ത ഏതോ കാരണവർ അവിടെയിരുന്നു  ഉറക്കെ അത് വിളിച്ചു ചോദിച്ചു..

“മോൾക്കൊരു ചെറിയ തലവേദന… അവളിപ്പോൾ കിടക്കുവാ..”

“എന്നാൽ സാരമില്ല ആന്റി ഞങ്ങൾ പിന്നെ എപ്പോഴേലും സംസാരിച്ചോളാം..”

വരുണായിരുന്നു അത് പറഞ്ഞത്

അൽപം സമയത്തിനു ശേഷം എല്ലാവരോടും യാത്ര പറഞ്ഞു കൊണ്ട് അവരിറങ്ങി…

ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു….

പഴത് പോലെ ആരോടും ചിരിയും കളിയും ഒന്നുമില്ലാതെ  നിവി അവളുടെ മുറിയിൽ മാത്രമായി ഒതുങ്ങി കൂടി

“നിവീ ദാ ഇത് കണ്ടോ…വർഷ പ്രസവിച്ചു… ദേ കുഞ്ഞിന്റെ ഫോട്ടോ..നിന്റെ ജാനകിയപ്പ അയച്ചു തന്നതാ…”

“മ്ം..”

അലസമായി അതിലേക്ക് നോക്കി കൊണ്ടവൾ ഇരുന്നിടത്ത് നിന്നെഴുന്നേറ്റു

“വരുണും ഫാമിലിയും ഒരു ഡിന്നറിനു ക്ഷണിച്ചിട്ടുണ്ട് നാളെ…”

“അതെന്തായാലും നന്നായി..നിവിയും വരുണും ഇതുവരെ സംസാരിച്ചിട്ടും ഇല്ലല്ലോ….”

നിവി പതിയെ കഴിപ്പ് മതിയാക്കി എഴുന്നേറ്റു…

ഒരു എത്തും പിടിയും കിട്ടാതെയവൾ മുറിയിലേക്ക് നടന്നു…

പിറ്റേന്ന് വൈകുന്നേരം അവർക്കൊപ്പം വരുണിനേയും ഫാമിലിയേയും മീറ്റ് ചെയ്യാൻ ശ്രാവണും നിധിയും ഉണ്ടായിരുന്നു.

“നിവീ…..സമയമായി….വാ..”

താഴെ നിന്നുള്ള ഇന്ദുവിന്റെ സംസാരം കേട്ടു കൊണ്ടായിരുന്നു നിവി മിററിന്റെ മുൻപിൽ നിന്നെണീറ്റത്

“ഇപ്പോൾ അടിപൊളിയായിട്ടുണ്ട് നിന്നേ കാണാൻ…

ചിലപ്പോൾ നിന്റെ വരുൺ ഇന്ന് തന്നെ നിന്നെ കെട്ടികൊണ്ട് പോവാൻ സാധ്യതയുണ്ട്…” അവളെ അടിമുടി വീക്ഷിച്ചു കൊണ്ട് നിധിയായിരുന്നു അത് പറഞ്ഞത്.

നിലത്ത് കൂടി ഊർന്നു കിടക്കുന്ന ഗൗൺ ഇരു കൈകളാൽ ഉയർത്തിപ്പിടിച്ച് മുകളിൽ നിന്ന് സ്റ്റെപ്പിറങ്ങി വരുന്ന നിവിയെ ഗോപനും ഇന്ദുവും ശ്രാവണും അച്ഛമ്മയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു..

ആ കോഫിബ്രൗൺ കളർ ഗൗണിൽ അവൾ പതിവിലും സുന്ദരിയായത് പോലെ ഇന്ദുവിന് തോന്നി..പിന്നിലേക്ക് വട്ടത്തിൽ ചുറ്റി കെട്ടിവച്ചിരുന്ന മുടിയിഴകളും കഴുത്തിലെ നേർത്ത നെക്ലേസും അവളുടെ മാറ്റ് കൂട്ടി കൊണ്ടേയിരുന്നു…പക്ഷേ ആ കണ്ണുകളുടെ ജീവൻ നഷ്ടപ്പെട്ടിരുന്നു…അവളുടെ കരഞ്ഞു വീർത്ത കൺപോളകൾ പുകയുന്നത് പോലവൾക്ക് തോന്നി

“വാ ടൈമായി…”

അത് പറഞ്ഞു കൊണ്ട് ഗോപൻ കാറിനടുത്തേക്ക് നടന്നു പിന്നാലെ അവരും….

കാറ് മുൻപോട്ടു പോകുന്ന ഓരോ നിമിഷവും നിവിയുടെ ഹൃദയമിടിപ്പും കൂടി വന്നു..

ഒടുവിൽ ആ വലിയ റെസ്റ്റോറന്റിന്റെ പാർക്കിംഗ് ഏരിയായിൽ ആ കാർ ചെന്ന് നിന്നപ്പോൾ ഇറങ്ങാൻ പോലും മറന്നവളെ പോലെ നിവി അവിടെ തറഞ്ഞു പോയിരുന്നു..

“ഇറങ്ങ് നിവീ…”

ഇന്ദുവിന്റെ ശബ്ദം കാതിൽ വന്നു പതിച്ചപ്പോൾ നിവി മെല്ലെ കാറിൽ നിന്നിറങ്ങി

“തേർഡ് ഫ്ലോറിൽ വെയ്റ്റ് ചെയ്യാമെന്നാ അവര് പറഞ്ഞത്…”

മുന്നോട്ടു നടക്കുന്നതിനിടയിലായിരുന്നു ഗോപനത് പറഞ്ഞത്

നിവായായിരുന്നു ഏറ്റവും പിന്നാലെ നടന്നത്..നിലത്തൂടെ വലിയുന്ന ഗൗൺ ഇരു  കൈകളാൽ ഒതുക്കി പിടിച്ചു കൊണ്ട് അവൾ ലിഫ്റ്റിനടുത്തേക്ക് നടക്കുമ്പോഴേക്കും അവരെല്ലാവരും ലിഫ്റ്റിൽ കയറിയിരുന്നു

നിവി കയറാൻ തുടങ്ങുന്നതിന് തൊട്ട് മുൻപായിരുന്നു ഒരു കൊച്ച് കുട്ടി വന്ന് അവളുടെ കൈയ്യിൽ പിടിച്ചത്…പെട്ടന്ന് നിവി ചുറ്റിലും നോക്കി…അവളുടെ കൈയ്യിലേക്ക് നാലായി മടക്കിയൊരു പേപ്പർ വച്ചു കൊടുത്തു കൊണ്ട് ആ കുട്ടി തിരിഞ്ഞു നടന്നു

നിവി ധൃതിയിൽ ആ പേപ്പർ തുറന്നു…

ആർത്തിരമ്പി വരുന്ന കടലിന്റെ ചിത്രമായിരുന്നു അതിൽ…കുഞ്ഞി കൈകൾ കൊണ്ട് ആ കുട്ടി ആ ചിത്രത്തിൽ വായിച്ചെടുക്കാനാവാത്ത വിധം എന്തൊക്കെയോ കുത്തിക്കുറിച്ചിരുന്നു..

നിവി ആ പേപ്പർ ചുരുട്ടി വേസ്റ്റ് ബോക്സിലേക്ക് ഇട്ടു കൊണ്ട് ലിഫ്റ്റിനടുത്തേക്ക് നടന്നു

പിന്നെ പതിയെ എന്തോ ഓർത്തിട്ടെന്നത് പോലെ അത് വീണ്ടും തിരിച്ചെടുത്തു…

ഒരു നിമിഷം റെസ്റ്റോറന്റിനടുത്തെ കടലിന്റെ കാര്യം അവൾക്ക് ഓർമ്മ വന്നു…

ആ പേപ്പറും കൈയ്യിൽ ചുരുട്ടിപ്പിടിച്ചു കൊണ്ടവൾ ഗൗൺ അൽപം ഉയർത്തി പിടിച്ചു കൊണ്ട് റെസ്റ്റോറന്റിനു പുറത്തേക്ക് ഇറങ്ങി നേരെ കടലിനടുത്തേക്ക് ഓടി…

അലനെ അവസാനമായവൾ കണ്ടതും അവിടെ വച്ചായിരുന്നു….

ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കി കൊണ്ടവൾ അവിടെ നിന്നു…ശേഷം മെല്ലെ വിളിച്ചു..”അലൻ….”

നിലാവെളിച്ചത്തിൽ കടലിലേക്ക് നോക്കിയപ്പോൾ അവൾക്ക് ഭയം തോന്നി…

“അലൻ….അലൻ……അലൻ….”

ഒരു ഭ്രാന്തിയേപ്പോലെ അലറി കരഞ്ഞു കൊണ്ട് അവൾ ഉറക്കെ വിളിച്ചു…

ശേഷം മെല്ലെ മുട്ടു കുത്തി കൊണ്ടവൾ മണൽ തരികളിലേക്ക് ഇരുന്നു…

“ലവ്യൂ അലൻ…ഐ ലവ്യൂ.. റിയലി ഐ ലവ്യൂ….”

ആരോടെന്നില്ലാതെ അത് പറഞ്ഞു കൊണ്ട് അവൾ അലറി കരഞ്ഞു.

ആ കുട്ടി വരച്ച ചിത്രത്തിലേക്ക് അവൾ ഒരിക്കൽ കൂടി നോക്കി…

നിറഞ്ഞു വന്ന കണ്ണുനീർ അവളുടെ കാഴ്ചയെ ഭാഗികമായി മറച്ചു

പൊടുന്നനെ തോളിലൊരു തണുത്ത കരസ്പർശം അവളറിഞ്ഞു…

ഞെട്ടി കൊണ്ടവൾ മുഖം തിരിച്ചു… ഒരു നിമിഷം കൺമുന്നിൽ കണ്ട രൂപം വിശ്വസിക്കാനാവാതെ അവൾ വാ പൊത്തി…

“അലൻ…”

ഒരു നിമിഷം അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല….

ദ്രുതഗതിയിൽ അവൾ അവനെ കെട്ടിപ്പിടിച്ചു… അവളുടെ അധരങ്ങളിൽ അവന്റെ നെഞ്ചിലേക്ക് പതിഞ്ഞു…അവൻ അവളുടെ മുടിയിഴകളിൽ അമർത്തി ചുംബിച്ചു.

“അതേ…ഞങ്ങൾക്ക് അങ്ങോട്ടേക്ക് വരാമോ….??”

ആ ശബ്ദം അലന്റെ അമ്മ ലീനയുടേതായിരുന്നു..

ശബ്ദം കേട്ടതും നിവി അലനിൽ നിന്നടർന്നു മാറി

മുഖമുയർത്തി നോക്കുമ്പോൾ രണ്ടുപേരുടേയും വീട്ടുകാരെല്ലാവരും ഉണ്ടായിരുന്നു അവിടെ…

നിവിയുടെ തല താഴ്ന്ന് പോയി…

ഇന്ദു നിവിക്ക് അടുക്കലേക്ക് നടന്നു വന്നു… അവളുടെ മുഖം പതിയെ പിടിച്ചുയർത്തി..

“ഇങ്ങനൊരിഷ്ടം ഉണ്ടായിരുന്നെങ്കിൽ അമ്മയോട് പറഞ്ഞൂടായിരുന്നോ മോൾക്ക്…. എത്ര നാളാ എന്റെ കുട്ടി എല്ലാ സങ്കടങ്ങളും ഉള്ളിലൊതുക്കി ഇങ്ങനെ സ്വയം ഉരുകി ജീവിച്ചത്….”

ഒന്നും മനസ്സിലാകാതെ നിൽക്കുകയായിരുന്നു നിവി

“കഴിഞ്ഞ ദിവസം നീ പുറത്ത് പോയ സമയം നിന്റെ മിസ്സ് എന്നെ കാണാൻ വന്നിരുന്നു…

എനിക്ക് മനസ്സിലാക്കാൻ കഴിയാതെ പോയതൊക്കെ ലീന മിസ്സാ എന്നോട് പറഞ്ഞത്…

ഒരിക്കലെങ്കിലും ഒന്ന് സൂചിപ്പിച്ചൂടായിരുന്നോ നിവീ…

നിന്റെ അച്ഛനേയും എന്നേയും നിനക്ക് ഇതുവരെയും മനസ്സിലായില്ലേ….നിന്റെ ഏതേലും ഇഷ്ടത്തിന് ഞങ്ങൾ എതിരു നിൽക്കുമെന്ന് തോന്നുന്നുണ്ടോ…??

എല്ലാം മനസ്സിലൊതുക്കി എന്റെ മോള്….”

ഇന്ദു ഇനിയെന്തേലും പറയും മുൻപേ നിവി അവരുടെ വാ പൊത്തി..

“ഇനിയും നിങ്ങളെയൊന്നും സങ്കടപ്പെടുത്തരുതെന്ന് കരുതിയാ ഞാനൊന്നും പറയാതിരുന്നത്.. .

നിങ്ങൾക്ക് ഇഷ്ടമല്ലാത്തതൊന്നും എനിക്ക് വേണ്ടാ….”

ഇന്ദുവിന്റെ തോളിലേക്ക് മുഖം പൂഴ്ത്തി കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്

“ഞങ്ങൾക്ക് ഒക്കെ ഇഷ്ടമാണെങ്കിലോ…??”

വിശ്വസിക്കാനാവാതെ നിവി ഇന്ദുവിനെ നോക്കി

“എന്റെ മോൾടെ കണ്ണീരു വീഴ്ത്തിയിട്ട് ഒരു സന്തോഷവും ഈ അച്ഛനും അമ്മയ്ക്കും വേണ്ടാ….നിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം…”

ഗോപനായിരുന്നു നിവിയെ ചേർത്തു പിടിച്ചു കൊണ്ട് അത് പറഞ്ഞത്

അവർക്ക് അടുത്തേക്ക് ലീനയും ജേക്കബും വന്നു…

“ഞങ്ങൾക്ക്  എന്തായാലും നിവി മതി ഞങ്ങളുടെ മകളായിട്ട്….”

ജേക്കബ് ആയിരുന്നു അത് പറഞ്ഞത്…സമ്മതമെന്നോണം ലീന നിവിയുടെ കൈയ്യിലേക്ക് വിരൽ ചേർത്തു.

അച്ഛമ്മ സന്തോഷം കൊണ്ട് അവളെ കെട്ടിപ്പിടിച്ചു..

“എന്നാൽ നിങ്ങളൊന്ന് സംസാരിക്ക്…ഒരുപാട് നാള് കൂടി കണ്ടതല്ലേ…”

ഗോപനത് പറഞ്ഞതും എല്ലാവരും തിരിഞ്ഞു നടന്നു….

നിവിയൊന്ന് അലനെ നോക്കി…

“ഇങ്ങനൊരു ടിസ്റ്റ് പ്രതീക്ഷിച്ചില്ലാ അല്ലേ…??”

നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് നിവി തല കുലുക്കി..

“എനിക്ക് ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ല…എങ്ങനെയാ ഇതൊക്കെ അറിഞ്ഞത്…??”

“ഹരി പറഞ്ഞു…”

“വാട്ട്…??”

“അതേടോ….തന്റെ സങ്കടവും എന്നോടുള്ള സ്നേഹവും മനസ്സിലാക്കിയ തന്റെ ഫ്രണ്ട് ഹരി പറഞ്ഞാ ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞത്

അതിനായിട്ടവൾ എന്റെ ഫെയ്സ്ബുക്ക് ഐഡി തപ്പി പിടിച്ച് എനിക്ക് മെസ്സേജ് അയച്ചു…ശേഷം എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു..

എന്റെ മനസ്സിലുള്ള കാര്യങ്ങളൊക്കെ ഞാൻ മമ്മിയോട് പറഞ്ഞു മമ്മി വഴി തന്റെ വീട്ടിൽ സംസാരിച്ചു….സ്നേഹത്തിന്റെ വിലയറിയാവുന്ന തന്റെ അച്ഛനും അമ്മയും  കാര്യങ്ങളൊക്കെ മനസ്സിലാക്കി തന്നെ എനിക്ക് തരാൻ തീരുമാനിച്ചു….”

അലനത് പറഞ്ഞു നിർത്തിയതും നിവിയൊന്നു പുഞ്ചിരിച്ചു..

“അപ്പോൾ നമ്മള്….?”

“നമ്മളിനി ഒരിക്കലും പിരിയില്ലാ….”

അലനത് അവളുടെ കാതോരം മന്ത്രിച്ചു..

“ഫോണൊന്ന് തരുവോ…?”

അലൻ ഫോൺ  അവൾക്ക് നേരെ  നീട്ടി

നിവി ഹരിയുടെ നമ്പർ ഡയൽ ചെയ്തു….

“ഹലോ ഹരീ…..”

“ഈ കോൾ ഞാൻ പ്രതീക്ഷിച്ചു…”

“ഹരി ഞാൻ… താങ്ക്യൂ ഹരീ….”

“നന്ദി പറഞ്ഞെന്നെ അന്യയാക്കണ്ടാ…നീ ആഗ്രഹിച്ച നിന്റെ പ്രണയം നിന്റെ കയ്യെത്തും ദൂരത്തു തന്നെയില്ലേ…., സന്തോഷമായിരിക്കു നിവീ…”

ചെറു പുഞ്ചിരിയോടെ ഹരി കോൾ കട്ട് ചെയ്തു

അലൻ പോക്കറ്റിൽ നിന്നൊരു റിംഗ് എടുത്ത് നിവിയുടെ മോതിര വിരലിലേക്ക് അണിയിച്ചു….

ആഞ്ഞടിക്കുന്ന തിരമാലകളെയും ആകാശത്തിലെ കോടി കണക്കിന് നക്ഷത്രങ്ങളേയും പൂർണ ചന്ദ്രനേയും സാക്ഷിയാക്കി  അലൻ നിവിയുടെ കൈ പിടിച്ചു. അവൾ അവന്റെ കണ്ണുകളിലേക്ക് പ്രേമപൂർവ്വം നോക്കി… മെല്ലെ അലന്റെ അധരങ്ങൾ നിവിയുടെ കൺപോളകൾക്കു മേൽ അമർന്നു…

നിവി അവളുടെ കാതുകൾ അവന്റെ ഹൃദയത്തോട് ചേർത്ത് വച്ചു കൊണ്ട് അവനെ ഇറുകെ പുണർന്നു…

അവളുടെ കാതുകളിൽ അപ്പോൾ മുഴങ്ങി കേട്ടത് അവന്റെ ഹൃദയമിടിപ്പായിരുന്നില്ല മറിച്ച് പണ്ടെപ്പോഴോ അവൻ പറഞ്ഞ ചില വാക്കുകളായിരുന്നു

“ഞാൻ തനിക്ക് വേണ്ടി കാത്തിരിക്കട്ടെ….??”

“എത്രനാൾ..??”

“താനെന്റെ സ്വന്തമാകുന്നത് വരെ…!!!”

(അവസാനിച്ചു)

ഇപ്പോഴാണ് എഴുതി തീർന്നത്..എല്ലാവർക്കും ഇഷ്ടമാകുമെന്ന് വിശ്വസിക്കുന്നു..

ഇന്നലെ കുറച്ച് പേര് കമന്റിൽ ചോദിച്ചിരുന്നു പെട്ടെന്ന് അവസാനിപ്പിക്കുകയാണോ എന്ന്

എന്റെ മനസ്സിലുള്ള കഥയും ക്ലൈമാക്സും ഇങ്ങനെയായിരുന്നു. ഒരുപാട് തുടർന്നാൽ ചിലപ്പോൾ അതൊരു വലിച്ചു നീട്ടലായി മാറും അല്ലാതെ തിരക്കിട്ട് അവസാനിപ്പിച്ചതല്ലാട്ടോ..

എല്ലാവർക്കും ഇഷ്ടമാകുമെന്ന പ്രതീക്ഷയോടെ നിങ്ങളുടെ സ്വന്തം അമ്മുക്കുട്ടി

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

3.9/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!