ഒരാഴ്ച മുൻപ് ഇന്ദുവിന് മെസ്സേജ് അയച്ചവരുടെ ചാറ്റ് നോക്കി കൊണ്ടിരിക്കെ പതിയെ പതിയെ അവളുടെ മുഖഭാവം മാറി…
ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി നെറ്റി ചുളിച്ച് കൊണ്ട് നിവി ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു
പതിയെ ഒന്നും അറിയാത്തത് പോലെ ഫോൺ ചെയറിലേക്ക് വച്ചു…ദേഷ്യത്തോടെ കൈ ചുരുട്ടി കൊണ്ടവൾ അകത്തേക്ക് കയറി
“അമ്മേ…..അമ്മേ…”
“എന്താ നിവി കിടന്ന് വിളിച്ചു കൂവുന്നത്..?നിന്റെ ബാഗൊക്കെ എടുത്ത് പുറത്തേക്ക് വാ…അച്ഛൻ റെഡിയായി…”
അവരെ രൂക്ഷമായി നോക്കി ഒന്ന് നീട്ടി മൂളിക്കൊണ്ടവൾ മുറിയിലേക്ക് പോയി..
അച്ഛന്റെ തറവാട്ടിലേക്കുള്ള യാത്രയിൽ പുറത്തു പടർന്നു കൊണ്ടിരിക്കുന്ന ഇരുട്ടിലേക്ക് അലസമായി കണ്ണോടിക്കുമ്പോഴും അവളുടെ മുഖത്ത് ദേഷ്യം തളംകെട്ടി നിന്നിരുന്നു.
മുഖത്തെ ദേഷ്യം കുറയ്ക്കാനെന്നോണം കൈ വിരലുകൾ അകത്തേക്ക് മടക്കി അവളൊരു പ്രത്യേക ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു
“ഭക്ഷണം കഴിച്ചിട്ട് പോകാം നമുക്ക്…?”
നിവിയേയും ഇന്ദുവിനേയും മാറി മാറി നോക്കി കൊണ്ടായിരുന്നു ഗോപനത് ചോദിച്ചത്
“വേണ്ട ഗോപേട്ടാ…അവരൊക്കെ ചിലപ്പോൾ നമുക്ക് വേണ്ടി കാത്തിരിക്കും, നമ്മള് കഴിച്ചിട്ട് ചെന്നാൽ മോശമല്ലേ അത്….?!”
“ആഹ്…ഈ അമ്മയ്ക്ക് എന്താ…എനിക്ക് വയ്യ അവിടുത്തെ കഞ്ഞീം പയറും കഴിക്കാൻ….”
“നിവീ.. പറയുന്നതങ്ങോട്ട് കേട്ടാൽ മതി…
പിന്നൊരു കാര്യം അച്ഛമ്മ എന്തേലും പറയുമ്പോൾ ചാടി കടിക്കാൻ ചെന്നാലുണ്ടല്ലോ….,നിനക്ക് അറിയാലോ എന്റെ സ്വഭാവം.. ആരൊക്കെ നിക്കുന്നെന്ന് നോക്കില്ല, ഞാൻ നല്ല അടി തരും പറഞ്ഞില്ലെന്ന് വേണ്ട…”
“ഓഹ്…ആവശ്യം ഇല്ലാതെ മുത്തശ്ശി അമ്മയൈ വഴക്ക് പറയുമ്പോഴല്ലേ ഞാൻ എന്തേലും തിരിച്ചു പറയുന്നത് അല്ലാതെ വെറുതെ ഒന്നും അല്ലല്ലോ…”
“എന്നേ എന്തേലും പറഞ്ഞാൽ മറുപടി കൊടുക്കാൻ എനിക്ക് അറിയാം…നീ വെറുതെ ഭാരിച്ച കാര്യങ്ങളിൽ കയറി ഇടപെടാൻ നിൽക്കണ്ടാ..”
“ഓ…അമ്മേടെ മറുപടി ഞാൻ കണ്ടിട്ടുണ്ട്.. മാറി നിന്ന് കരയുന്നതല്ലേ..
അർഹിക്കുന്നവർക്കാ ബഹുമാനം കൊടുക്കേണ്ടത്, അല്ലാതെ മുത്തശ്ശിയെ പോലെ…”
പറയാൻ വന്നത് പാതിവഴിയിൽ വിഴുങ്ങി കൊണ്ട് നിവി വീണ്ടും പുറത്തേക്ക് നോക്കി
“ആഹ്…നീ അവിടെ ചെന്ന് തന്നിഷ്ടത്തിന് പെരുമാറ്, എന്നിട്ട് നിന്റെ മുത്തശ്ശി എല്ലാവരുടേയും മുൻപിൽ വെച്ച് പറയട്ടെ എന്റെ വളർത്തു ദോഷം കൊണ്ടാ നീയും ഇങ്ങനെ ആയതെന്ന്…”
“രണ്ടാളും ഒന്ന് നിർത്തുന്നുണ്ടോ…
നിവി അമ്മ പറയുന്നത് പോലെയങ്ങ് അനുസരിച്ചാൽ മതി കേട്ടോ…”
“മ്ം..”
നിവി മൗനമായൊന്ന് മൂളി..
അൽപ്പ നേരത്തിനു ശേഷം അവരുടെ കാർ അവളുടെ അച്ഛൻ വീടിന്റെ മുൻപിൽ എത്തിച്ചേർന്നു…അവരെയും കാത്തെന്നോണം ജാനകിയുണ്ടായിരുന്നു വീട്ടുമുറ്റത്ത്
ഇറങ്ങിയപാടെ നിവി ജാനകിക്ക് അരികിലേക്ക് ചെന്നു
“ആഹാ..ദാവണിയുടുത്തപ്പോൾ അപ്പേടെ കുട്ടി ആളാകെ മറിയല്ലോ…??”
അവൾ ആവരെ നോക്കിയൊന്ന് പുഞ്ചിരിച്ചു
“ഗോപാ…ഇന്ദൂ…രണ്ടാളും അകത്തേക്ക് വാ..
ഭക്ഷണം കഴിക്കാതെ നിങ്ങളേയും കാത്തിരിക്കുകയാ അകത്തെല്ലാവരും…”
മുകളിലെ മുറിയിൽ കയറി ബാഗൊക്കെ വെച്ച് അവർ മൂന്നാളും ഭക്ഷണം കഴിക്കാനായി നടന്നു . ..
“എന്താ ഗോപാ ഇത്രയധികം താമസിച്ചത്…??ഇത്തിരി നേരത്തെ ഇറങ്ങിക്കൂടായിരുന്നോ…??”
“ബാങ്കിൽ നിന്നിറങ്ങാൻ താമസിച്ചത് കൊണ്ടാ അമ്മേ…”
മുത്തശ്ശിയോടെല്ലാവർക്കും ഭയം കലർന്നൊരു ബഹുമാനമാണുള്ളത്…
നിവി മനസ്സിലോർത്തു…
പിന്നൊന്നും ചിന്തിക്കാതെ നേരെ ഭക്ഷണം കഴിക്കാനിരുന്നു..പ്ലേറ്റിലേക്ക് ജാനകി കഞ്ഞി വിളമ്പിയപ്പോൾ തെല്ലൊരു ഈർഷ്യയോടെ നിവി ഇന്ദുവിനെ നോക്കി, മുഖം കുനിച്ചു പിടിച്ചിരുന്നു ചിരിക്കുകയായിരുന്നു അവർ.
ഒന്നും മിണ്ടാതെ കഴിച്ചെണീക്കുമ്പോഴും അവളുടെ കണ്ണുകൾ നിവേദിനെയും നിളയേയും തിരഞ്ഞു കൊണ്ടിരുന്നു.
“അപ്പേ…നിവേദേട്ടനും ചേച്ചിയും എവിടെ..??”
“രണ്ടാളും കിടന്നിട്ടുണ്ടാവും ഇപ്പോൾ…മോളും പോയി കിടന്നോളൂ നേരം ഒരുപാട് വൈകി…”
പിറ്റേന്ന് രാവിലെ പതിവിലും ഇത്തിരി താമസിച്ചായിരുന്നു നിവിയുണർന്നത്…
അടുക്കള ഭാഗത്ത് നിന്നുള്ള ഇന്ദുവിന്റെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ കേട്ടു കൊണ്ടായിരുന്നു അവൾ അവിടേക്ക് നടന്നത്…
ഇന്ദുവിനരുകിൽ ജാനകിയുണ്ടായിരുന്നു…
“എന്താ അമ്മേ സംഭവിച്ചത്..?എന്തിനാ ഇങ്ങനെ കരയുന്നത്..??”
അടുക്കള ചുവരിനടുത്ത് മുറുക്കി ചുവപ്പിച്ച അധരങ്ങളുമായിട്ടവളുടെ മുത്തശ്ശിയും ഉണ്ടായിരുന്നു…
“അച്ഛമ്മ വല്ലതും പറഞ്ഞോ…??”
ദേഷ്യത്തോടെ മുഖം കൂർപ്പിച്ചു നിന്ന മുത്തശ്ശിയേയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിന്ന ഇന്ദുവിനേയും മാറി മാറി നോക്കി കൊണ്ടായിരുന്നു നിവിയത് ചോദിച്ചത്.
“ഇല്ല നിവീ…അമ്മ ഒന്നും പറഞ്ഞില്ല..”
ഇന്ദുവിന്റെ ആ സംസാരത്തിൽ നിന്ന് തന്നെ നിവിക്ക് മനസ്സിലായിരുന്നു നിധി പോയതിനെ പറ്റി പിന്നെയും എന്തൊക്കെയോ പറഞ്ഞ് അച്ഛമ്മ ഇന്ദുവിന്റെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെന്ന്.
“ആഹ്..അമ്മ കൂടുതൽ ഒന്നും പറയേണ്ടാ.. ഇത് അവരോട് ചോദിച്ചിട്ടേ ഉള്ളു ബാക്കി കാര്യം…”
അതും പറഞ്ഞ് നിവി നേരെ അച്ഛമ്മയ്ക്ക് അരികിലേക്ക് തിരിഞ്ഞു..
“നിധിയേച്ചീ ഇഷ്ടമുള്ള ആളോടൊപ്പം ഇറങ്ങിപ്പോയതിന് എന്റെ അമ്മ എന്ത് തെറ്റാ ചെയ്തത്..??മുത്തശ്ശി അതിന് ഒരുത്തരം താ
മക്കളെ ഒരു പരിധിവരെ മാതാപിതാക്കൾക്ക് ശ്രദ്ധിക്കാം, മനസ്സിൽ അവര് എന്തൊക്കെയാ ചിന്തിച്ചു കൂട്ടുന്നതെന്ന് മനസ്സിലാക്കി എടുക്കാനുള്ള ജാലവിദ്യയൊന്നും പഠിച്ചിട്ടല്ല ആരും അച്ഛനും അമ്മയും ആകുന്നത്…;
അച്ഛനോടും അമ്മയോടും സ്നേഹം ഉള്ള മക്കള് ഒരിക്കലും അവരുടെ മനസ്സ് വിഷമിപ്പിച്ച് ഇങ്ങനെയൊരു പ്രവർത്തി ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല..പക്ഷേ ഞങ്ങളുടെയൊന്നും സ്നേഹവും മനസ്സും മനസ്സിലാക്കാതെ നിധിയേച്ചി അങ്ങനെയൊരു തെറ്റ് ചെയ്തതിന് തരം കിട്ടുമ്പോഴൊക്കെ എന്റെ അമ്മയേ കുറ്റപ്പെടുത്തുന്ന സ്വഭാവം മുത്തശ്ശി നിർത്തണം.
ഇനി മേലിൽ മുത്തശ്ശിയുടെ ഭാഗത്ത് നിന്ന് നിധിയേച്ചിയേ പറ്റിയുള്ളൊരു സംസാരത്തിൽ നിന്ന് എന്റെ അമ്മയുടെ കണ്ണ് നിറഞ്ഞാൽ അതിന് മറുപടി തരുന്നത് നിവിയുടെ നാവായിരിക്കില്ല…”
നിവിയത് പറഞ്ഞു നിർത്തിയതും ഇന്ദുവിന്റെ കൈ അവളുടെ കവിളിൽ പതിച്ചതും ഒന്നിച്ചായിരുന്നു
അടി കിട്ടിയ ഇടം കവിളിലൊരു തരിപ്പ് പടർന്നതും നിവി കണ്ണുകൾ ഇറുക്കിയടച്ചു..
“അടി തന്ന് അമ്മയെന്റെ വാ അടപ്പിക്കാൻ നോക്കണ്ടാ…ഞാൻ പറഞ്ഞതിൽ എന്താ തെറ്റ്…
വയസ്സും പ്രായവും ആയാൽ കൊച്ചു മക്കളേയും കളിപ്പിച്ച് ദൈവത്തിനേയും വിളിച്ച് ഇരിക്കണം അല്ലാതെ മക്കളുടേയും മരുമക്കളുടേയും ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കി മരുമക്കളുടെ കണ്ണീര് വീഴ്ത്തി അതിൽ ആനന്ദം കണ്ടെത്തുകയല്ല വേണ്ടത്….”
അത്രയും പറഞ്ഞു ദേഷ്യത്തിൽ നിവി അവളുടെ മുറിയിലേക്ക് നടന്നു….
കവിളിലെ ചുവന്ന വിരൽപ്പാടിലൂടെ അവളുടെ വിരലുകൾ ഓടിനടന്നു…ചെറിയൊരു നീറ്റൽ അനുഭവപ്പെട്ടതും അധരങ്ങൾ കടിച്ചു പിടിച്ചു കൊണ്ട് അവൾ മെത്തയിൽ വിരൽ ഞെരിച്ചു. പക്ഷേ അവളുടെ കണ്ണുകൾ നിറഞ്ഞില്ല, പലപ്പോഴായി അച്ഛമ്മയുടെ മുഖത്ത് നോക്കി പറയാൻ ആഗ്രഹിച്ചതൊക്കെയും ഒരുമിച്ച് പറഞ്ഞ് അവസാനിപ്പിച്ചതിലുള്ള നിർവൃതി അവളുടെ കണ്ണുകളിൽ പ്രകടമായിരുന്നു.
അവൾ പതിയെ തലയിണയിലേക്ക് മുഖം പൂഴ്ത്തി…
അന്നേ ദിവസം അവൾ പിന്നെ താഴേക്ക് ഇറങ്ങിയതേയില്ല, മുഴുവൻ സമയവും മുറിക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടി..
വൈകുന്നേരം ജാനകിയായിരുന്നു അവളെ വന്ന് വിളിച്ചത്
“എന്ത് ഉറക്കമാ മോളെ ഇത്…വാ എഴുന്നേൽക്ക് ഭക്ഷണം കഴിക്കണ്ടേ…??”
“എനിക്ക് വിശപ്പില്ല….”
“രാവിലെ മുതൽ ഒന്നും കഴിക്കാതെ ഇരിക്കുവല്ലേ…വാ താഴേക്ക് പോകാം..”
അവർ അവളെ നിർബന്ധിച്ചു താഴേക്ക് നടത്തി ശേഷം ഭക്ഷണവും കൊടുത്തു..
ഒരു അഞ്ചുമണി സമയം…
നാലുകെട്ടിന്റെ നടുമുറ്റത്തെ തുളസിത്തറയിൽ നിന്ന് തുളസിച്ചെടിയുടെ ഇല നുള്ളിയെടുക്കുവാണ് ഇന്ദു…നനഞ്ഞ മുടി തോർത്ത് ചുറ്റി പിന്നിലേക്ക് ചുറ്റി കെട്ടിയിട്ടുണ്ട്….അതിനപ്പുറം മാറി നിന്ന് കണ്ണ് പൊത്തി കളിക്കുവാണ് നിളയും കുട്ടികളും, ആ കാഴ്ചയൊക്കെ നോക്കി കണ്ടു കൊണ്ട് അരഭിത്തിയിൽ താഴേക്ക് കാല് നീട്ടിയിട്ടിരിക്കുവാണ് നിവി…
അവളറിയാതെ അവളുടെ മിഴകൾ ഇടയ്ക്കിടെ ഇന്ദുവിന്റെ മുഖത്തേക്ക് നീളും…ഇന്ദു അത് നോക്കുന്നുവെന്ന് കാണുമ്പോൾ ദേഷ്യത്തോടെ നിവി മുഖം വെട്ടിത്തിരിക്കും..
കുറയധികം സമയം അവളാ ഇരുപ്പിരുന്നു…എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴായിരുന്നു നിവേദ് അവൾക്ക് അരികിലേക്ക് വന്നിരുന്നത്
“നീ അവരുടെ കൂടെ കളിക്കാൻ പോയില്ലേ…??”
മറുപടിയായിട്ട് അവൾ അവനെ ചുമൽകൂച്ചി കാണിച്ചു..
അവൻ പിന്നെന്തേലും ചോദിക്കുന്നതിനു മുൻപേ അവൾ അവിടെ നിന്നെഴുനേറ്റ് മുറിയിലേക്ക് നടന്നു
ഓരോന്നൊക്കെ ആലോചിച്ചു വെറുതെ മുറിയിൽ ഇരിക്കുമ്പോഴായിരുന്നു ഇന്ദു അവൾക്ക് അരികിലേക്ക് വന്നത്
“നിവീ….”
ചോദ്യ ഭാവത്തിൽ നിവി ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി
“മോൾക്ക് വിഷമം ആയോ…??
അച്ഛമ്മ പറഞ്ഞത് തെറ്റാണേലും ശരിയാണേലും മറുപടി പറയുമ്പോൾ അവരുടെ പ്രായത്തെ ബഹുമാനിക്കണ്ടേ….?നീ ഇനി അതൊക്കെ എന്നാ പഠിക്കുന്നത്…?”
“ആ….എനിക്ക് അറിയില്ല..
അച്ഛമ്മ അമ്മയേ വിഷമിപ്പിച്ചു അവർക്ക് അതിനുള്ള മറുപടി ഞാൻ കൊടുത്തു…അല്ലാതെ ചെയ്തതും പറഞ്ഞതും തെറ്റാണെന്ന് എനിക്ക് ഇപ്പോഴും തോന്നുന്നില്ല…”
അത് പറഞ്ഞു കൊണ്ട് നിവി ഇരുന്നിടത്ത് നിന്നെഴുനേറ്റു..
“നിവി, അവരൊക്കെ പഴയ ആളുകളാ ഇങ്ങനൊക്കെ പറയാനുള്ള വിവരമേ ഉണ്ടാകൂ…അതെങ്കിലും നിനക്ക് ഓർത്തൂടായിരുന്നോ…?”
മറുപടിയായി നിവിയൊന്ന് മൂളി..
“അമ്മ തല്ലിയത് മോൾക്ക് വേദനിച്ചോ…??”
അതിനു മറുപടിയെന്നോണം നിവി ഇന്ദുവിന്റെ മാറിലേക്ക് മുഖം പൂഴ്ത്തി മൗനമായി തേങ്ങി…ഇന്ദു അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…
****************************************
രാവിലെ ഇന്ദു വന്നു വിളിച്ചപ്പോഴായിരുന്നു നിവി ഉറക്കമുണർന്നത്
“എഴുന്നേൽക്ക്…താഴെ എല്ലാവരും റെഡിയായി…
ഒൻപത് മണിക്കാണ് രാഹുകാലം, അതിനു മുന്നേ ഇറങ്ങണമെന്നാണ് നിന്റെ അച്ഛമ്മ പറഞ്ഞിരിക്കുന്നത്…
നീ വേഗം റെഡിയായി താഴേക്ക് വാ എനിക്ക് ഇത്തിരി പണിയുണ്ട്..”
അതും പറഞ്ഞു ഇന്ദു ധൃതിയിൽ മുറിക്ക് പുറത്തേക്ക് ഇറങ്ങി
അൽപ്പം സമയത്തിനുള്ളിൽ തന്നെ നിവിയും വേഷം മാറി താഴേക്ക് ഇറങ്ങി…
അലസമായിട്ടൊരു വശത്തേക്ക് അഴിച്ചിട്ട നീളൻ മുടിയിഴകളും സാരിതുമ്പും മുൻപോട്ട് ഒതുങ്ങി പിടിച്ചു ഫോണിൽ എന്തോ നോക്കി ചിരിച്ചു കൊണ്ട് പടികളിറങ്ങി വരുന്ന നിവിയെ ആദ്യം കണ്ടത് ജാനകിയായിരുന്നു, അവർക്ക് പിന്നാലെ നിവേദും.
അവളെ മരുമകളായി കിട്ടാത്തതിൽ അവർക്ക് തെല്ലൊരു സങ്കടം തോന്നി
“ആഹാ…സുന്ദരിയായിട്ടുണ്ടല്ലോ അപ്പേടെ കുട്ടീ…”
അവളുടെ കവിളിൽ പിടിച്ചൊന്ന് കൊഞ്ചിച്ചു കൊണ്ടായിരുന്നു അവരത് പറഞ്ഞത്
“മോള് വേഗം പൂജാമുറിയിൽ ചെന്ന് പ്രാർത്ഥിക്കു…”
മറുപടിയായിട്ടൊന്ന് തല കുലുക്കി കൊണ്ട് അവൾ പൂജാമുറിയിലേക്ക് നടന്നു…
പ്രാർത്ഥനയൊക്കെ കഴിഞ്ഞു നിവി ഉമ്മറത്ത് നിൽക്കുമ്പോഴായിരുന്നു അവൾക്ക് അരികിൽ നിന്ന നിളയുടെ ഫോൺ റിങ്ങ് ചെയ്തത്
“ആദർശ്..”
ഒരു കണ്ണാലെ നിവി ആ പേര് കണ്ടിരുന്നു…
ഉടുത്തിരുന്ന സാരിതുമ്പിൽ ഫോൺ പൊതിഞ്ഞു പിടിച്ച് ഒന്നും അറിയാത്തത് പോലെ നിള വേഗം മുകളിലേക്ക് നടന്നു…അൽപ്പം സമയത്തിനു ശേഷം അവൾക്ക് പിന്നാലെ നിവിയും അവിടേക്ക് നടന്നു.
മുറിക്കുള്ളിലെ അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടപ്പോഴേ നിവിക്ക് മനസ്സിലായിരുന്നു അത് അവളുടെ സുഹൃത്ത് അല്ലാ എന്ന്.
നിവി വേഗം വാതിലിൽ തട്ടി…
തെല്ലൊരു വെപ്രാളത്തോടെ നിള വാതിൽ തുറന്നു…നിവി അകത്തേക്ക് കയറി വാതിൽ ചാരി
“ചേച്ചിയെന്താ വല്ലാണ്ടിരിക്കുന്നത്…??”
“ഏയ്…നത്തിംങ്..”
“ആരായിരുന്നു ഫോണിൽ ലവ്വറാ…??”
“ഇതൊക്കെ എന്റെ പേഴ്‌സണൽ മാറ്റർ…നീ എന്തിനാ ഇതിലൊക്കെ ഇടപെടുന്നത്…??”
ചുണ്ടിനു മേൽ ചൂണ്ടുവിരൽ വെച്ചു കൊണ്ട് മിണ്ടെരുത് എന്ന് നിവി ആംഗ്യം കാണിച്ചു
“ആഹ്.. മറ്റുള്ളവരുടെ പേഴ്‌സണൽ കാര്യങ്ങളിൽ ഇടപെടാൻ തീരെ താൽപര്യമില്ലാത്ത ആളാ ഞാൻ പക്ഷേ…”
അത് പറഞ്ഞു നിർത്തിയതും നിളയുടെ കരണക്കുറ്റി നോക്കി നിവിയൊന്ന് പൊട്ടിച്ചു
“നിവീ നീ….”
ചുണ്ടുവിരൽ ഉയർത്തി നിള ദേഷ്യത്തോടെ നിവിയ്ക്കടുത്തേക്ക് നടന്നടുത്തതും വലം കൈയ്യാൽ നിവി അവളെ തടഞ്ഞു
ശേഷം ഫോൺ ഗ്യാലറി ഓപ്പൺ ചെയ്തു നിളയ്ക്ക് നേരെ നീട്ടി
“എന്താ ഇതൊക്കെ…”
“എനിക്ക് അറിയില്ല…”
പല്ല് ഞെരിച്ചു കൊണ്ടായിരുന്നു നിളയത് പറഞ്ഞത്
“കുറച്ചൂടെ വ്യക്തമാക്കി ഞാൻ പറഞ്ഞു തരാം
ഈ ഫോട്ടോയിൽ കാണുന്നത് എന്റെ ഫ്രണ്ട് അലൻ
ഈ ചിത്രങ്ങൾ വാട്ട്സാപ്പിൽ എന്റെ അമ്മയ്ക്ക് അയച്ചത് നീയാ…ഇവിടെ വന്നപ്പോൾ തൊട്ട് ഇതൊന്ന് ചോദിക്കാൻ സമയവും സന്ദർഭവും നോക്കിയിരിക്കുകയായിരുന്നു ഞാൻ…
ആദ്യമായി എന്റെ അമ്മ എന്നെ തല്ലിയത് ഈ പേരും പറഞ്ഞായിരുന്നു.
ഇനി പറയ്യ് ഇങ്ങനെയൊരു സാഹസത്തിനു മുതിരാൻ എന്ത് തെറ്റാ ഞാൻ നിന്നോട് ചെയ്തത്…??”
“നീ ഓർക്കുന്നില്ലേ നിവീ….എന്റെ ഏട്ടനെ നിനക്ക് വേണ്ടി ആലോചിച്ച് ഞങ്ങൾ ഒരിക്കൽ നിന്റെ വീട്ടിലേക്ക് വന്നത്
അന്ന് നീ എന്റെ ഏട്ടനെ റിജക്ട് ചെയ്തു, നിന്നെ മരുമകളാക്കാൻ കൊതിച്ച എന്റെ അമ്മയേ നീ സങ്കടപ്പെടുത്തി…അന്നേ ഞാൻ നിനക്ക് ഒന്ന് കരുതി വച്ചിരുന്നതാ…”
“ആർ യൂ മാഡ്…?
ഇത്ര ചെറിയൊരു കാര്യത്തിന് വേണ്ടി നീ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് അറിയുവോ..??
നിധിയേച്ചി സ്വന്തം ഇഷ്ടത്തിന് പോയപ്പോഴും എന്റെ അമ്മയും അച്ഛനും ഞാനൊരിക്കലും അങ്ങനെയാവില്ലെന്ന് വിശ്വസിച്ചു…പക്ഷേ, അവർക്ക് എന്നിലുള്ള വിശ്വസമാ നീ ഇല്ലാതാക്കി മാറ്റിയത്..
നിവേദേട്ടനെ എനിക്ക് ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞു പക്ഷേ അതിനൊരു കാരണമുണ്ട്…. കുഞ്ഞുനാൾ മുതൽ ആങ്ങളയുടെ സ്ഥാനത്ത് കണ്ട് വല്ല്യേട്ടാന്ന് വിളിച്ച നിവേദേട്ടനെ അതിനുമപ്പുറം ഭർത്താവായി കാണാനുള്ള വിശാല മനസ്സൊന്നും എനിക്ക് ഇല്ലായിരുന്നു. ഇനിപ്പോൾ പാതി സമ്മതത്തോടെ അപ്പയുടെ ഇഷ്ടപ്രകാരം അങ്ങനൊരു വിവാഹം നടന്നാൽ ഞങ്ങൾക്കിടയിൽ നല്ലൊരു കുടുംബജീവിതം ഉണ്ടാകുമെന്ന് തോന്നുന്നുണ്ടോ? ഞാൻ എന്നോട് തന്നെ ചെയ്യുന്നൊരു തെറ്റായി പോവില്ലേ അത്…?”
മറുപടിയായി നിളയെന്തോ പറയാൻ തുടങ്ങിയപ്പോഴായിരുന്നു വാതിൽ തുറന്നു കൊണ്ട് നിവേദ് അകത്തേക്ക് വന്നത്
അകത്ത് പറഞ്ഞതൊക്കെയും അവൻ കേട്ടെന്ന് അവരിരുവർക്കവും മനസ്സിലായിരുന്നു
“നിവീ…താഴേക്ക് ചെല്ലൂ..നിന്നെ അന്വേഷിക്കുന്നു…”
ഒന്ന് മൂളി കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി താഴേക്ക് നടന്നു..
“ഏട്ടാ ഞാൻ.. “
“വേണ്ട നിളാ…ചെയ്ത തെറ്റിനെ ഇനി ന്യായികരീക്കാൻ ശ്രമിക്കണ്ടാ…
ആഗ്രഹിച്ചതൊക്കെയും എന്ത് വില കൊടുത്തും ഏട്ടന് വാങ്ങി തരുന്ന പെങ്ങളൂട്ടിക്ക് ഒരു കാര്യം ഇപ്പോൾ മനസ്സിലായോ, ഒരിക്കലും മറ്റൊരാളുടെ മനസ്സ് വില കൊടുത്തു വാങ്ങാൻ കഴിയില്ല…
സാരമില്ല…ദേഷ്യം കൊണ്ടാവും നിവി അങ്ങനെ ബിഹേവ് ചെയ്തത്…വേഗം താഴേക്ക് വാ…”
****************************************
എൻഗേജ്മെന്റ് കഴിഞ്ഞു തിരികെ വീട്ടിലെത്തിയ ശേഷം ഇന്ദുവിനോടും ഗോപനോടും നിവി ഒന്നേ ആവശ്യപ്പെട്ടുള്ളു എത്രയും വേഗം വീട്ടിലേക്ക് മടങ്ങണം എന്ന്…
അങ്ങനെ നിവിയുടെ പിടിവാശി സഹിക്കവയ്യാതെ വൈകുന്നേരം തന്നെ അവർ മടങ്ങി..
പിറ്റേ ദിവസം മുതൽ നിവി വീണ്ടും കോളേജിൽ പോയി തുടങ്ങി
വലിയ പ്രത്യേകത ഒന്നുമില്ലാതെ ദിസങ്ങളോരോന്നും അവൾക്ക് മുൻപിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു….
ശ്രാവൺ സാറിന്റെ ക്ലാസ്സിലിരുന്ന് നോട്ട് എഴുതുകയായിരുന്നു നിവി
പിന്നിലെ ബെഞ്ചിലിരിക്കുന്ന അഖിലയോട് തിരിഞ്ഞിരുന്ന് വർത്തമാനം പറയുകയായിരുന്നു ഹരി
ഇടയ്ക്കെപ്പോഴോ പിന്നിലെ പൊട്ടിച്ചിരി കേട്ടു കൊണ്ടായിരുന്നു നിവി അവിടേക്ക് നോക്കിയത്
“എന്താ ഇവിടൊരു ചിരി..??”
“ഞങ്ങളേ ശ്രാവൺ സാറിന്റെ കാര്യം പറയുകയായിരുന്നു…”
അഖിലയുടെ തൊട്ടടുത്തിരുന്ന ശ്രീക്കുട്ടിയായിരുന്നു നിവിയുടെ ചോദ്യത്തിന് ഉത്തരം നൽകിയത്
“സാറിനെന്ത് പറ്റി…??”
” ഇതിൽ കൂടുതൽ എന്ത് പറ്റാൻ…ഇങ്ങനെ നിന്നെ തന്നെ നോക്കിയിരുന്നാൽ മിക്കവാറും സാറിന്റെ കണ്ണ് രണ്ടും പുറത്തേക്ക് തള്ളി വരാൻ സാധ്യതയുണ്ട്..”
നിവി ദേഷ്യത്തോടെ ഹരിയുടെ കൈയ്യിലൊന്ന് നുള്ളി..
“പലയാവർത്തി ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ട് ആവശ്യം ഇല്ലാത്ത സംസാരം ക്ലാസ്സിൽ വേണ്ടെന്ന്..”
“ആഹ്…ഞങ്ങള് പറഞ്ഞതിലാണോ കുറ്റം..നീ ഒന്ന് തിരിഞ്ഞു നോക്ക് സാറ് ആരെയാ നോക്കുന്നതെന്ന്…”
നിവി മുഖം ചരിച്ച് ശ്രാവണിനെയൊന്ന് നോക്കി
നിവി നോക്കുന്നുവെന്ന് കണ്ടതും അയാൾ വേഗം മുഖം വെട്ടിച്ചു…
നിവി മുഖം താഴ്ത്തി പതിയെ ഇടംകണ്ണാൽ ഹരിയെ ഒന്ന് നോക്കി
വാ പൊത്തിപ്പിടിച്ചു ചിരിക്കുകയായിരുന്നു ഹരിയപ്പോൾ
“നിവേദ്യാ…ജസ്റ്റ് എ മിനുട്ട്..”
അവൾ മുഖമുയർത്തി നോക്കി… കൺമുന്നിൽ ശ്രാവൺ
“സാർ..”
“താൻ ഒന്ന് പുറത്തേക്ക് വരൂ…”
അത് പറഞ്ഞു കൊണ്ട് ശ്രാവൺ ക്ലാസ്സിനു പുറത്തേക്ക് നടന്നു…എന്താണ് ഇനി നടക്കാൻ പോകുന്നതെന്ന് മനസ്സിലാവാതെ നിവിയും സാറിനു പിന്നാലെ നടന്നു..
(തുടരും)
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil