Skip to content

അന്നൊരുനാളിൽ – Part 2

Annorunalil written by Sreelekshmy Ambattuparambil

കൈകുമ്പിളിൽ ആലിപ്പഴം വീഴുമ്പോഴുള്ള അവളുടെ  പുഞ്ചിരിയേയും മുഖത്തെ ഭാവ വ്യത്യാസങ്ങളേയും ആപാദചൂടം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ അവളെ പിൻതുടരുന്നുണ്ടായിരുന്നു….അവൾ പോലും അറിയാതെ…..

നീട്ടിയുള്ള കോളേജ് ബെൽ കേട്ടുകൊണ്ട് ധൃതിയിൽ മുന്നോട്ട് ഓടാനാഞ്ഞപ്പോഴായിരുന്നു പൊടുന്നനെ രണ്ടു കൈകൾ പിന്നിലൂടെ വന്നനവളെ വട്ടം ചുറ്റിയത്….

ക്ഷണ നേരം കൊണ്ടവളുടെ മുഖത്തെ തെളിച്ചം മങ്ങി…..ധൃതിപ്പെട്ടു കൊണ്ടവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി….

“ഓഹ്….എന്റെ ഹരിതേ..നീ ആയിരുന്നോ…”

“പിന്നല്ലാതെ….നീ പിന്നെ ആരാണെന്നാ വിചാരിച്ചത്…??”

“ഞാൻ വല്ലതും പറഞ്ഞാലുണ്ടല്ലോ….മനുഷ്യന്റെ നല്ല ജീവനങ്ങ് പോയി…”

കപട ദേഷ്യത്തോടെ ഹരിയുടെ ചെവിക്ക് പിടിക്കാനാഞ്ഞു കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്

“ശ്ശൊ….പിണങ്ങല്ലേ മോളെ….ഒന്നൂല്ലേലും ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ…??”

“ബാംഗ്ലൂർ ഉള്ള ചേട്ടന്റെ അടുത്തേക്ക് പോകുവാ ഒരാഴ്ച കഴിഞ്ഞേ ജോയിൻ ചെയ്യൂ എന്നൊക്കെ പറഞ്ഞിട്ട് നേരത്തെ ഇങ്ങ് വന്നോ….??”

“അത് പിന്നെ ഒരാഴ്ച നീ തനിച്ചായിരിക്കുമല്ലോ എന്നോർത്തപ്പോൾ ഞാൻ അവിടുന്ന് നേരത്തെ ഇങ്ങ് ചാടി….”

“അതെന്തായാലും നന്നായി….”

തെല്ലൊരു ആശ്വാസത്തോടെയായിരുന്നു നിവിയത് പറഞ്ഞു നിർത്തിയത്…

“അതൊക്കെ പോട്ടെ….ഇന്ദു ആന്റി എന്ത് പറയുന്നു …നിധിയേച്ചി പോയതിന്റെ ഷോക്കിൽ നിന്ന് റിക്കവർ ആയോ….??”

“ഓ…അമ്മേടെ കാര്യം പറയാത്തതാ നല്ലത്….ഇപ്പോൾ എപ്പോഴും എന്റെ പിന്നാലെയാ…ഞാനെന്തൊക്കെ ചെയ്യുന്നു ആരെയൊക്കെ വിളിക്കുന്നു അതൊക്കെ നോക്കലാണ് അമ്മയുടെ പണി…

പിന്നെ തൊട്ടതിനും പിടച്ചതിനും എല്ലാം ദേഷ്യം…ശരിക്കും പറഞ്ഞാൽ നേരത്തെയൊക്കെ ആ വീടൊരു സ്വർഗ്ഗമായിരുന്നു എപ്പോഴും ചിരിയും കളിയും സന്തോഷവും….ഇപ്പഴോ ഭ്രാന്ത് പിടിക്കുവാ മനുഷ്യന്…”

ഒന്ന് നെടുവീർപ്പിട്ടു കൊണ്ട് നിവി വീണ്ടും തുടർന്നു..

“അമ്മയെ കുറ്റം പറയാനൊക്കുവോ അങ്ങനെത്തെ പണിയല്ലേ ചേച്ചി കാണിച്ചു വച്ചത്…അമ്മയ്ക്ക് ഇപ്പോഴും നല്ല സങ്കടമുണ്ട്… ചേച്ചിയുടെ പഴയ ഫോട്ടോസ് ഒക്കെ നോക്കിയിരുന്നു കരയുന്നത് കാണാം….”

അത് പറഞ്ഞു നിർത്തിയതും നിവിയുടെ കണ്ണിൽ നിന്ന് അവളറിയാതെ തന്നെ രണ്ട് തുള്ളി കണ്ണീരടർന്ന് കവിൾ തടത്തിലേക്ക് വീണു….

“അയ്യേ…..കരയുവാ….?”

കുട ചരിച്ചു പിടിച്ചു കൊണ്ട് ആരും കാണാതെ ഹരി അവളുടെ ടവ്വൽ കൊണ്ട് നിവിയുടെ കണ്ണീരൊപ്പി…

“ദേ..ക്ലാസ്സിപ്പോൾ തുടങ്ങിയിട്ടുണ്ടാവും…നമുക്ക് പോവണ്ടേ…”

ഹരി പതിയെ വിഷയം മാറ്റി കൊണ്ട് നിവിയുടെ കൈ പിടിച്ചു മുന്നോട്ടു നടന്നു….

അവർക്ക് പിന്നിലായി നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ ഇരുന്ന അലന്റെ കണ്ണുകളപ്പോഴേക്കും നിവിയിൽ പതിഞ്ഞു പോയിരുന്നു….

കോളേജ് ഗേറ്റിനു മുൻപിലുള്ള പുണ്യാളന്റെ രൂപത്തിനു താഴെ തിരി തെളിയിച്ചു പ്രാർത്ഥിച്ച ശേഷം  ലീന ധൃതിയിൽ ഓടി വന്ന് അലന് എതിർ വശത്തായുള്ള സീറ്റിലേക്ക് ഇരുന്നു….

“നമുക്ക് പോകാം….?”

മഴയിൽ നനഞ്ഞ മുടിയിഴകളും കൈപ്പുറവും കൈയ്യിൽ ഇരുന്ന ടവ്വലാൽ തുടച്ചു കൊണ്ടായിരുന്നു അവർ അലനോടായി അത് പറഞ്ഞത്…

“ഓഹ്….ഈ മമ്മീടെ ഒരു കാര്യം….വീട്ടിൽ നിന്ന് ഇവിടെ വരെയുള്ള യാത്ര സഹിക്കാം…അത് കഴിഞ്ഞു ഈ കുരിശടിയുടെ മുൻപിലുള്ള പ്രാർത്ഥന….

എത്ര നേരം കൊണ്ട് ഞാൻ വെയ്റ്റ് ചെയ്യുന്നു എന്നറിയാവോ…..??”

“എന്നാൽ പിന്നെ നിനക്ക് കൂടി എന്റെ ഒപ്പം വന്ന് പ്രാർത്ഥിച്ചൂടെ….”

അവരത് പറഞ്ഞു നിർത്തിയതും അലൻ അവരെ നോക്കി കൈ തൊഴുതു…

“ഓ ….നിനക്ക് പിന്നെ പള്ളിയും പട്ടക്കാരും ദൈവങ്ങളും ഒന്നും ഇല്ലല്ലോ….”

അത് പറയുമ്പോൾ അവരുടെ സംസാരത്തിൽ അൽപം പരിഭവം കലർന്നിരുന്നു……

ലീന, കോളേജ് പ്രൊഫസർ ആണ് കൂടാതെ ബികോം ഡിപ്പാർട്ട്‌മെന്റിന്റെ എച്ച് ഓഡി യും…

പ്രശസ്തനായ ബിസിനസ് മാൻ ജേക്കബ് വർഗ്ഗീസിന്റെ ഭാര്യയും രണ്ട് ആൺകുട്ടികളുടെ അമ്മയും കൂടിയാണ് ലീന..മൂത്തമകൻ ആൽവിൻ ബിസിനസ് കാര്യങ്ങളിൽ ജേക്കബിനെ സഹായിക്കുന്നു….രണ്ടാമൻ അലൻ യു കെ യിൽ നിന്ന് എം ബി എ കോഴ്‌സ് പൂർത്തികരിച്ചു നാട്ടിൽ എത്തിയിട്ട് കുറച്ചു ദിവസങ്ങളേ ആയിട്ടുണ്ടായിരുന്നുള്ളു…

ചെറിയ പ്രായം തൊട്ടേ ചിത്ര രചനയോടും ഫോട്ടോഗഫ്രിയോടും താൽപര്യമുള്ള അലൻ ജേക്കബിന്റെയും ആൽവിന്റെയും നിർബന്ധ പ്രകാരമായിരുന്നു ബിസിനസ്സ് ഫീൽഡിലേക്ക് തിരിഞ്ഞത്….താൽപര്യമില്ലാത്ത മേഘലയിലേക്ക് തന്നെ തള്ളിവിട്ടു എന്ന കാരണത്താൽ ജേക്കബിനോടും ആൽവിനോടും അലന് തീർത്താൽ തീരാത്ത ദേഷ്യമാണ് ചിലപ്പോൾ അത് ലീനയോടും അവൻ കാണിക്കാറുണ്ട്

“അലാ….വണ്ടിയെടുക്ക്….”

ലീന കൈയ്യിൽ തട്ടി അത് പറയുമ്പോഴായിരുന്നു എന്തൊക്കെയോ ചിന്തകളിൽ മുഴുകിയിരുന്ന അലൻ വേഗത്തിൽ കാറ് സ്റ്റാർട്ട് ചെയ്തത്…

ലീനയേ കോളേജിനു മുൻപിൽ ഇറക്കി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴും പല വിധത്തിലുള്ള ചിന്തകൾ അവനെ അലട്ടിയിരുന്നു….

കോളേജിലെ നോട്ടീസ് ബോർഡിൽ എഴുതി ഒട്ടിച്ചിരുന്ന പേപ്പറിലേക്ക് തങ്ങളുടെ ക്ലാസ് റൂം എവിടെ എന്ന് തിരയുന്ന തിരക്കിലായിരുന്നു ഹരിയും നിവിയും….

“നിങ്ങൾ ക്ലാസിൽ കയറിയില്ലേ…??”

പിന്നിൽ നിന്നുള്ള ലീനയുടെ ശബ്ദം കേട്ടു കൊണ്ടായിരുന്നു അവർ രണ്ടാളും തിരിഞ്ഞു നോക്കിയത്

“ഇല്ല മാം..ഞങ്ങള് ക്ലാസ് റൂം നോക്കുവായിരുന്നു….”

അതിനു മറുപടി പറഞ്ഞത് ഹരിയായിരുന്നു…

“മ്ം.ഫസ്റ്റ് ഇയർ ആണോ…??”

“അതെ…”

“ഏതാ ഡിപ്പാർട്ട്‌മെന്റ്..??”

“ബികോം…”

“ഫോർത്ത് ഫ്ലോറിൽ ലെഫ്റ്റിൽ നിന്ന് സെക്കന്റ് ക്ലാസ്സ് റൂം..”

“ഓക്കേ.. തായ്ങ്കു മാമം..”

അവർക്കൊരു വിടർന്ന ചിരി സമ്മാനിച്ചു കൊണ്ട് നിവിയും ഹരിയും മുകളിലേക്കുള്ള സ്റ്റെപ്പ് കയറി.. 

ക്ലാസ്സ് റൂമിനടുത്തേക്ക് നടന്നു ചെല്ലുമ്പോൾ തന്നെ കേട്ടിരുന്നു അകത്ത് നിന്നുള്ള കുട്ടികളുടെ സംസാരം…

“ഭാഗ്യം ടീച്ചേഴ്സ് ആരും വന്നിട്ടില്ല…”

ആശ്വാസപൂർവ്വം മനസ്സിൽ അത് പറഞ്ഞു കൊണ്ട് നിവി ഹരിക്കൊപ്പം അകത്തേക്ക് കയറി…

കുട്ടികളോരുത്തരും പിന്നിലേക്കുള്ള ബെഞ്ചുകളിൽ സ്ഥാനം പിടിച്ചപ്പോൾ നിവി പോയിരുന്നത് ഫ്രണ്ട് ബെഞ്ചിലായിരുന്നു…

പുറകോട്ടു പോയിരിക്കാം എന്ന് കണ്ണു കൊണ്ട് ആംഗ്യം കാണിച്ച ഹരിയേ പിടിച്ചു വലിച്ചു നിവി അവളുടെ അടുത്ത് ഇരുത്തി…

അൽപം സമയത്തിനു ശേഷം ക്ലാസ്സിലേക്ക് ഒരു സാർ കയറി വന്നു….കുട്ടികളെല്ലാവരും ബഹുമാനപൂർവ്വം ഒന്നെഴുനേറ്റു ശേഷം അവരവരുടെ സ്ഥാനങ്ങളിലേക്ക് ഇരുന്നു

“ഐ ആമ് ശ്രാവൺ..നിങ്ങളെ methodology and perspectives of business ആണ് പഠിപ്പിക്കുന്നത്….”

ഒരു പ്രത്യേകതയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ… ഓരോ കുട്ടികളും ശ്രദ്ധാപൂർവ്വം അയാളുടെ വാക്കുകളെ ശ്രവിച്ചു കൊണ്ടിരുന്നു..

ആദ്യ ദിവസം പഠിപ്പിക്കില്ലായിരിക്കും എന്ന നിവിയുടേയും ഹരിയുടേയും പ്രതീക്ഷകളെ തച്ചുടച്ചു കൊണ്ട് ഫസ്റ്റ് അവർ അയാൾ ക്ലാസ്സെടുത്തു….

സമയം പതിയെ പതിയെ മുന്നോട്ടു പൊയ്ക്കൊണ്ടേയിരുന്നു…

“ഇത് അവസാനത്തെ പീരിയഡ് അല്ലേ…??”

വാച്ചിലേക്കു സമയം നോക്കി കൊണ്ടായിരുന്നു നിവി അത് ഹരിയോടായി ചോദിച്ചത്

“മ്ം ..അതെ…”

അവസാനത്തെ പീരിയഡ് ക്ലാസ്സിലേക്ക് വന്നത് ലീന മിസ്സ് ആയിരുന്നു… അവർ സ്വയം പരിചയപ്പെടുത്തി ശേഷം ഓരോരുത്തരോടും സെൽഫ് ഇൻട്രൊഡക്ഷൻ ചെയ്യാൻ ആവശ്യപ്പെട്ടു

ബെല്ലടിച്ചു പുറത്തേക്ക് ഇറങ്ങുമ്പോഴും മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു…

“ഓഹ്…വൃത്തികെട്ട മഴ…”

അതും പിറു പിറുപിറുത്തു കൊണ്ട് കുടയും നിവർത്തി പിടിച്ചു  മഴയിലേക്ക് അവരിറങ്ങി

വീട്ടിലേക്ക് വന്നു കയറുമ്പോൾ ഉമ്മറപ്പടിക്കൽ തന്നെ ഇന്ദു ഉണ്ടായിരുന്നു…

“എന്താ നിവി ഇത്ര താമസിച്ചത്….??”

“നാലുമണി വരെയായിരുന്നു ക്ലാസ്…അതാ…”

“മ്ം…കുളിച്ചു വല്ലതും കഴിച്ച് വേഗം പോയിരുന്നു പഠിക്ക്….”

“മ്ം..”

കൂടുതലായിട്ടൊന്നും ചോദിക്കാനും പറയാനും ഇല്ലാത്തത് പോലെ ഇന്ദു ധൃതിയിൽ അടുക്കളയിലേക്ക് നടന്നു….

ആർക്കു വേണ്ടിയും കാത്തു നിൽക്കാതെ ദിവസങ്ങളോരോന്നും അവർക്ക് മുൻപിലൂടെ കടന്നു പൊയ്ക്കൊണ്ടേയിരുന്നു ….

അന്നൊരു ശനിയാഴ്ച ആയിരുന്നു ബാങ്ക് അവധി ആയിരുന്നത് കൊണ്ട് ഗോപൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു…

ഉമ്മറത്ത് പത്രം വായിച്ചു കൊണ്ടിരുന്ന നന്ദ ഗോപന് പതിവിനു വിപരീതമായി അന്ന് ചായ കൊണ്ടു വന്നത് നിവി ആയിരുന്നു…

“അമ്മ എവിടെ…??”

“കിടക്കുന്നു… ചെറിയൊരു തല വേദന….”

ഉച്ചയായിട്ടും ഇന്ദു ആ കിടപ്പിൽ നിന്നെഴുനേറ്റില്ല….

“ഇന്ദു…..”

ഗോപൻ തട്ടി വിളിച്ചപ്പോഴായിരുന്നു അവൾ ഉണർന്നത്…

“എന്താ ഗോപേട്ടാ…??”

“തനിക്കെന്താ പറ്റിയത്…??പെട്ടന്നിങ്ങനെ ഒരു വയ്യാഴിക വരാൻ വേണ്ടീയിട്ട്…”

അയാളുടെ ആ ചോദ്യത്തിന് മറുപടി പറയാതെ അവൾ അലസമായൊന്നു മൂളുക മാത്രം ചെയ്തു..

“താൻ എഴുനേൽക്ക് നമുക്ക് ഹോസ്പിറ്റലിൽ പോകാം….”

“വേണ്ട ഗോപേട്ടാ…എനിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല…”

“അത് താനല്ല തീരുമാനിക്കുന്നത്…വേഗം റെഡിയാവ്…..”

ഗോപന്റേയും നിവിയുടേയും ഒരുപാട് നേരത്തെ പരിശ്രമത്തിനൊടുവിൽ ആയിരുന്നു ഇന്ദു ഹോസ്പിറ്റലിൽ പോകാൻ സമ്മതിച്ചത്….

അവരുടെ കാറ് ഗേറ്റ് കടന്നു പോകുന്നതും നോക്കി നിന്ന് ഗേറ്റടച്ച് അകത്തേക്ക് കയറാൻ തുടങ്ങിയപ്പോഴായിരുന്നു എതിർ വശത്തെ വീട്ടിലെ മാലതി നിവിയെ കണ്ടത്

“ഗോപൻ സാറും ഇന്ദുവും കൂടി എവിടെ പോയതാ….??”

“അമ്മയ്ക്കൊരു വയ്യാഴിക…. ഡോക്ടറെ കാണിക്കാൻ പോയതാ…”

അത് പറഞ്ഞു കൊണ്ട് നിവി അകത്തേക്ക് കയറി…

“എന്താടോ തനിക്ക് പറ്റിയത്…കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു…. പഴയ സന്തോഷമില്ല…കളിയും ചിരിയും ഒന്നും തന്നെയില്ല…..

നിധി ആണോ തന്റെ പ്രശ്നം…??”

പെട്ടന്നുള്ള ഗോപന്റെ ആ ചോദ്യം കേട്ടതും ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി

“എല്ലാം കഴിഞ്ഞിട്ടിപ്പോൾ രണ്ടു മാസം ആയില്ലേടോ…??

പിന്നെ തന്നെ കുറിച്ചും എന്നെ കുറിച്ചും സ്വന്തം കൂടെപ്പിറപ്പിനെക്കുറിച്ചും ഒക്കെ ഒരു ചിന്തയും ഇല്ലാതെ തന്നിഷ്ടത്തിന് ഇറങ്ങി പോയവൾക്ക് വേണ്ടി താനെന്തിനാ ഇങ്ങനെ കരയുന്നത്…??”

“എന്നോട് എന്തൊക്കെ ചെയ്തെന്ന് പറഞ്ഞാലും എനിക്ക് അവളെ പെട്ടെന്ന് മറക്കാൻ പറ്റുമോ. .?ഞാൻ പ്രസവിച്ച എന്റെ മോളല്ലേ??…..”

ഇടറിയ സ്വരത്താൽ ഇന്ദു അത് ചോദിക്കുമ്പോൾ ഒരു നിമിഷം ഗോപന് ഉത്തരമില്ലാതായി പോയി…

പാർക്കിംഗ് ഏരിയായിൽ കാറും ഇട്ടു കൊണ്ട് ഹോസ്പിറ്റൽ ഇടനാഴിയിലൂടെ മുന്നോട്ടു നടക്കുമ്പോഴായിരുന്നു എതിരെ നടന്നു വന്ന ജാനകിയെ ഇന്ദുവും ഗോപനും ഒന്നിച്ചു കണ്ടത്….

കുറച്ചു നാൾ മുൻപ് അവരുടെ വീട്ടിൽ ജോലിക്ക് വന്നു കൊണ്ടിരുന്നതായിരുന്നു ജാനകി…

“എന്താ ജാനകിയേച്ചി ഇവിടെ…??”

ഗോപനായിരുന്നു ചോദിച്ചത്…

“മൂത്ത മകള് പ്രസവിച്ചു….”

“ആൺകുട്ടിയാണോ പെൺകുട്ടിയാണോ…??”

അവരുടെ ചോദ്യത്തിനു മറുപടിയായിട്ടത് ചോദിച്ചത് ഇന്ദുവായിരുന്നു..

“പെൺകുഞ്ഞാ….”

അവരത് പറഞ്ഞു നിർത്തിയതും ഇന്ദുവിന്റെ കൈകൾ അവളറിയാതെ തന്നെ അവളുടെ ഉദരത്തിലേക്ക് ചേർന്നു…

ഡോക്ടറുടെ മുൻപിൽ മൗനമായി തലകുനിച്ചു ഇരിക്കുകയായിരു ഇന്ദു…

“എന്താ പറ്റിയത് മുഖത്ത് നല്ല ക്ഷീണമുണ്ടല്ലോ…??”

ചോദ്യങ്ങളൊക്കെയും ഇന്ദുവിനോടായിരുന്നു എങ്കിലും മറുപടി പറഞ്ഞത് ഗോപനായിരുന്നു

******

റൂമിലിരുന്നു പഠിച്ചു കൊണ്ടിരുന്ന നിവി ഫോൺ റിംഗ് ചെയ്യുന്ന ശബ്ദം കേട്ടു കൊണ്ടായിരുന്നു ഇരുന്നിടത്തു നിന്ന് എഴുനേറ്റത് ..

“ഹലോ …എന്താ അച്ഛാ…”

“നിവി…അമ്മ ചെറുതായൊന്നു തല ചുറ്റി വീണു..”

“ഈശ്വരാ എന്റമ്മ….”

നിവിയുടെ ശബ്ദത്തിൽ ഭീതി കലർന്നിരുന്നു…

“പേടിക്കാനൊന്നും ഇല്ലാ….ബി പി വെരിയേഷന്റെയാ….

ഇന്ന് ഒരു ദിവസം ഒബ്സർവേഷനിൽ കിടക്കണമെന്നാ ഡോക്ടർ പറയുന്നത്…

മോൾക്ക് രാത്രി തനിച്ച് കിടക്കാൻ….”

“കുഴപ്പമില്ല അച്ഛാ..എനിക്ക് പേടിയൊന്നും ഇല്ല….”

“മ്ം…ഞാൻ ഇടയ്ക്കിടെ വിളിച്ചോളാം…”

അത് പറഞ്ഞു കൊണ്ട് അയാൾ ഫോൺ കട്ട് ചെയ്യുമ്പോഴും അമ്മയ്ക്ക് ഒന്നും വരുത്തരുതേ എന്നൊരു പ്രാർത്ഥനയിലായിരുന്നു നിവി.

താഴെയാരോ കോളിംഗ് ബെൽ അടിക്കുന്ന ശബ്ദമായിരുന്നു നിവിയെ ചിന്തയിൽ നിന്നുണർത്തിയത്

അവൾ വേഗം താഴേക്ക് ഇറങ്ങി ചെന്നു…

കൺമുന്നിൽ പോസ്റ്റ്മാൻ..

“നിവേദ്യ നന്ദഗോപൻ….”

“ഞാനാണ്…”

“ഒരു കൊറിയറുണ്ട് ദാ ഇവിടെയൊന്ന് സൈൻ ചെയ്യണേ…”

ഒപ്പിട്ടു കൊണ്ടവൾ കൊറിയർ വാങ്ങി….

“ഇതിപ്പോ ആരാണാവോ…??”

അതു പറഞ്ഞു കൊണ്ട് കത്രികയും എടുത്തു  ബാൽക്കണിയിൽ ഇട്ടിരുന്ന ആട്ടുകട്ടിലിലേക്ക് അവൾ ഇരുന്നു….അതിന്റെ പുറത്ത് എവിടെയും ഫ്രം അഡ്രസ്സ് എഴുതിയിട്ടുണ്ടായിരുന്നില്ല…..

അത് അവളിൽ ആശങ്ക സൃഷ്ടിച്ചു…

കൊറിയർ പൊട്ടിക്കുന്ന ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് ഉയർന്നു വന്നു….പതിയെ പതിയെ മുഖത്തെ ആകാംഷ ഭാവം ദേഷ്യത്തിലേക്ക് മാറി….ഉള്ളിൽ തികട്ടി വന്ന ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി….

മാറി മറിയുന്ന അവളുടെ മുഖഭാവത്തെയും അവളുടെ ഒരോ ചലനങ്ങളേയും നോക്കി കണ്ടു കൊണ്ട് ആ കണ്ണുകൾ അപ്പോഴും അവളുടെ കൈയ്യെത്തും ദൂരത്ത് തന്നെ ഉണ്ടായിരുന്നു… അവൾ പോലുമറിയാതെ…

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!