Skip to content

അന്നൊരുനാളിൽ – Part 3

Annorunalil written by Sreelekshmy Ambattuparambil

കൊറിയർ പൊട്ടിക്കുന്ന ഓരോ നിമിഷവും അവളുടെ ചങ്കിടിപ്പ് ഉയർന്നു വന്നു….പതിയെ പതിയെ മുഖത്തെ ആകാംഷ ഭാവം ദേഷ്യത്തിലേക്ക് മാറി….ഉള്ളിൽ തികട്ടി വന്ന ദേഷ്യത്താൽ അവളുടെ മുഖം വലിഞ്ഞു മുറുകി….

മാറി മറിയുന്ന അവളുടെ മുഖഭാവത്തെയും അവളുടെ ഒരോ ചലനങ്ങളേയും നോക്കി കണ്ടു കൊണ്ട് ആ കണ്ണുകൾ അപ്പോഴും അവളുടെ കൈയ്യെത്തും ദൂരത്ത് തന്നെ ഉണ്ടായിരുന്നു… അവൾ പോലുമറിയാതെ…

മുഖത്തെ ദേഷ്യ ഭാവം എപ്പോഴോ അവളുടെ

മിഴികളിലൊരു നനവ് പടർത്തി….മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നതൊക്കെയും മലവെള്ളം പോലവളുടെ മനസ്സിലേക്ക് ഒഴുകിയെത്തി….

മെല്ലെ അവൾ കൊറിയർ ബോക്സിനുള്ളിൽ ഇരുന്ന കപ്പ് പുറത്തേക്കെടുത്തു…

അതിൽ നിഥിയുടേയും നിവിയുടേയും ഒന്നിച്ചുള്ള ഫോട്ടോ പ്രിന്റ് ചെയ്തിരുന്നു… അതിനു താഴെയായി “അഡ്വാൻസ് ഹാപ്പീ ബെർത്ത് ഡേ നിവിമോളെ..” എന്നും എഴുതിയിട്ടുണ്ടായിരുന്നു….

ഒരു നിമിഷം നിവിയുടെ ചങ്കൊന്ന് പിടച്ചു…..നിഥിക്ക് ഒപ്പമുണ്ടായിരുന്ന സന്തോഷം നിറഞ്ഞ മുഹൂർത്തങ്ങളും മെല്ലെ മെല്ലെ അവളുടെ മനസ്സിലേക്ക് തെളിഞ്ഞു വന്നു….

തന്നേക്കാൾ അഞ്ചു വയസ്സിന് മൂത്ത സഹോദരി…തനിക്ക് അവൾ ചേച്ചി മാത്രം ആയിരുന്നില്ല അളവില്ലാത്ത സ്നേഹവും കരുതലും തന്ന് പലപ്പോഴും അവൾ തന്റെ അമ്മയായി മാറിയിട്ടുണ്ട്…തെറ്റും ശരിയും പറഞ്ഞു തന്നും പഠനത്തിൽ സഹായിച്ചും അവൾ പലപ്പോഴും  അദ്ധ്യാപികയായി മാറിയിട്ടുണ്ട്…. മനസ്സിൽ തോന്നുന്ന ആശയങ്ങളൊക്കെയും പങ്കുവെച്ചു കൊണ്ട് തന്റെ നല്ലൊരു സുഹൃത്തായി മാറിയിട്ടുണ്ട്… ഒരേ സമയം പല പല റോളുകൾ കൈകാര്യം ചെയ്യാൻ മിടുക്കുള്ളവൾ…പഠനത്തിലും പാചകത്തിലും എല്ലാത്തിലും മുൻപിൽ നിന്നവൾ…അവൾക്ക് ഉള്ളത് പോലും തനിക്കായി നീക്കി വെച്ചവൾ….പിജി കഴിഞ്ഞു പി എച്ച് ഡി എടുത്ത് നിഥി നന്ദഗോപനെ ഡോക്ടർ നിഥി നന്ദഗോപൻ എന്നാക്കണമെന്ന് ആഗ്രഹിച്ചവൾ…..

ഓരോന്നൊക്കെ ഓർത്ത് നിറഞ്ഞു വന്ന കണ്ണുകൾ നിവി അമർത്തി തുടയ്ക്കുമ്പോഴേക്കും കണ്ണീരും കൺമഷിയും കൂടി കലർന്നൊരു ദ്രാവകം അവളുടെ കൈ വെള്ളയിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു……

വിറയ്ക്കുന്ന കൈകളാൽ കൊറിയർ ബോക്സിനുള്ളിൽ ശേഷിക്കുന്ന ലെറ്ററിലേക്ക് നിവിയുടെ കൈ വിരലുകൾ നീണ്ടു…..

നാലായി മടക്കി വെച്ച വെള്ള പേപ്പർ മെല്ലെയവൾ തുറന്നു….

“ചേച്ചിയുടെ നിവി മോൾക്ക് പിറന്നാൾ ആശംസകൾ

… നന്നായി പഠിക്കണം…നല്ല കുട്ടിയായി വളരണം നിന്നോടത് പറയാൻ ഒരു യോഗ്യതയും ഇല്ലാത്ത ഒരാളാണ് ഞാൻ പക്ഷേ, ചേച്ചി ചെയ്ത തെറ്റ് മോളൊരിക്കലും നമ്മുടെ അച്ഛനോടും അമ്മയോടും ചെയ്യരുത്..”

പിന്നെയും അവൾ എന്തൊക്കെയോ എഴുതിയിരുന്നു പക്ഷേ അതൊന്നും മറ്റാർക്കും മനസ്സിലാവത്ത രീതിയിൽ വെട്ടിയിട്ടിരുന്നു….

തിരിച്ചും മറിച്ചും നോക്കിയിട്ടും പിന്നെയാ പേപ്പറിൽ ഒന്നും ഉണ്ടായിരുന്നില്ല…..

“അച്ഛനോടും അമ്മയോടും എന്നോടുമൊക്കെ ഇത്ര സ്നേഹം ഉണ്ടായിരുന്നിട്ട് ചേച്ചിയെന്തിനാ ഇങ്ങനെ ചെയ്തത്….??”

ആ ചോദ്യം ഉത്തമില്ലാതെ അവളുടെ ചിന്താ തലങ്ങളിലൂടെ വട്ടമിട്ടു പറന്നു കൊണ്ടേയിരുന്നു…..

അവൾക്ക് എതിർവശത്ത് മാലതിയുടെ വീട്ടിലെ ജനലഴികൾക്കിടയിലൂടെ അവളെ പിൻ തുടർന്ന അലന്റെ കണ്ണുകളിൽ അവളോടുള്ള പ്രണയം നിറഞ്ഞു നിന്നു….

“എന്തായി….??”

ജനലഴികൾക്കിടയിലൂടെ നിവിയെ മാത്രം നോക്കി കൊണ്ടിരുന്ന അലന്റെ തോളിലേക്ക് കൈയ്യിട്ടു കൊണ്ടായിരുന്നു മിഥുൻ അത് ചോദിച്ചത്….

മാലതിയുടെ ഒരേയൊരു മകനാണ് മിഥുൻ.. മിഥുന്റെ ഏറ്റവുമടുത്ത സുഹൃത്താണ് അലൻ

“ആൾ ഇത്തിരി സെൻസിറ്റീവ് ആണെന്ന് തോന്നുന്നു….”

നിവിയിൽ തങ്ങി നിന്ന മിഴികളെ മെല്ലെയടർത്തി മാറ്റി കൊണ്ടായിരുന്നു അലനത് മിഥുനോടായ് പറഞ്ഞത്…

“മ്ം…ആളൊരു പാവമാ… ഇവിടെ അമ്മയ്ക്ക് ഒക്കെ വല്ല്യ കാര്യവാ അവളെ…..”

“മ്ം….എടാ ഞാൻ ഇറങ്ങിയേക്കുവാ…”

മിഥുനോട് യാത്ര പറഞ്ഞ് അലൻ അവിടെ നിന്നിറങ്ങി….

അന്ന് രാത്രി അലന്റെ ക്യാൻവാസിൽ പുതിയൊരു ചിത്രം രൂപം കൊണ്ടു…. ആ ചിത്രത്തിന് നിവിയുടെ മുഖമായിരുന്നു….

അതിനു മുൻപ് പല സന്ദർഭങ്ങളിലായിട്ട് അവൻ അവളെ കണ്ടപ്പോൾ വരച്ചു ചേർത്ത പതിനെട്ട് ചിത്രങ്ങൾക്ക് ഒപ്പം പുതുതായ് വരച്ചത് കൂടി ചേർത്തു വച്ചു…..

സമയം മുൻപോട്ടു പോയതും ഇരുട്ടിനു കനം വെച്ചതും ഒന്നുമറിയാതെ നിവി ബാൽക്കണിയിലെ ഇരുപ്പ് തുടർന്നു…..

ഇടയ്ക്കെപ്പോഴോ ഉറക്കം മിഴികളെ പൊതിയാൻ തുടങ്ങിയപ്പോൾ ബാൽക്കണിയിലേക്കുള്ള വാതിലും ചാരി അവൾ മുറിയിലേക്ക് നടന്നു…

രാവിലെ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു കൊണ്ടായിരുന്നു നിവി ഉറക്കമുണർന്നത്…

ധൃതിയിൽ അവൾ പോയി വാതിൽ തുറന്നു….

“അച്ഛനൊക്കെ ഇത്ര നേരത്തെ എത്തിയോ…??”

വിടരാൻ കൂട്ടാക്കാതെ നിന്ന മിഴികളെ കൈത്തണ്ടയാൽ തിരുമ്മി തുറന്നു കൊണ്ടായിരുന്നു നിവിയത് ചോദിച്ചത്…

“നീ ഇപ്പോഴാണോ എണീറ്റത്…??”

അവളുടെ മുഖത്തെ ഉറക്കച്ചടവ് കണ്ടു കൊണ്ടായിരുന്നു ഇന്ദു അത് ചോദിച്ചത്..

”അത് പിന്നെ…അമ്മേ…ഇന്നലെ രാത്രി ഉറങ്ങാൻ താമസിച്ചത് കൊണ്ട് എഴുനേൽക്കാൻ അൽപം വൈകി…”

“ഇന്നലെ രാത്രി മുഴുവനും എന്തായിരുന്നു പണി…??”

ഇന്ദുവിന്റെ ആ വാക്കുകളിൽ ദേഷ്യം കലർന്നിരുന്നു…

“അമ്മേ….”

അലറുകയായിരുന്നു നിവിയപ്പോൾ…..കുറച്ചായി ഞാനിത് സഹിക്കുന്നു..അവിടേം ഇവിടേം തൊട്ടും തൊടാതെയുമുള്ള അമ്മയുടെ ഈ സംസാരം….

”ഓഹ്…വന്ന് കേറിയ പാടെ വഴക്ക് പിടിക്കാനാണോ രണ്ടാളുടേയും ഉദ്ദേശ്യം…??”

ഗോപന്റെ ആ ചോദ്യത്തിന് പ്രത്യേകിച്ച് ഉത്തരമൊന്നും കൊടുക്കാതെ ഇന്ദു മുറിയിലേക്ക് നടന്നു… നിവി ഹാളിലേക്കും

********

പിറ്റേ ദിവസം പതിവിലും നേരത്തെയവൾ  എഴുനേറ്റു…

ഫോണെടുത്ത് നോക്കുമ്പോൾ തന്നെ കണ്ടിരുന്നു ഹരിയുടെ മെസ്സേജ്..

“ഹാപ്പീ ബെർത്ത് ഡേ ഡിയർ….”

അത് വായിച്ചതും അവളുടെ കൺകോണിലൊരു പുഞ്ചിരി വിടർന്നു….

“അങ്ങനെ പതിനെട്ടിൽ നിന്നും പത്തൊൻപതിലേക്ക്…”

മനസ്സിൽ അതും പറഞ്ഞു കൊണ്ടായിരുന്നു അടുക്കളയിലേക്ക് നടന്നത്….വയ്യാഴിക കാരണം ഇന്ദു എഴുനേറ്റിരുന്നില്ല…..

നിവി ധൃതിയിൽ പണികളോരോന്നും ചെയ്തു തുടങ്ങി…. പകുതി എത്തിയപ്പോഴായിരുന്നു ഇന്ദു എഴുനേറ്റ് വന്നത്…

“അമ്മ പോയി കിടന്നോളൂ വയ്യാത്തതല്ലേ….ഇതൊക്കെ എനിക്ക് ചെയ്യാവുന്ന പണിയേ ഉള്ളു….”

“എനിക്കൊരു വൈയ്യാഴികയും ഇല്ല….നീയും നിന്റെ അച്ഛനും കൂടി എന്നെയൊരു രോഗിയാക്കി മാറ്റാതിരുന്നാൽ മതി….”

തമാശ രൂപേണയായിരുന്നു അവരത് പറഞ്ഞത്…

“നീ പോയി റെഡിയാകു…കോളേജിൽ പോവണ്ടതല്ലേ..സമയം താമസിക്കും…”

അടുക്കളയിൽ നിന്നിറങ്ങി അടുക്കളപ്പടിയോരം ചേർന്നു നിന്നു കൊണ്ടവൾ ഇന്ദുവിനെയൊന്ന് തിരിഞ്ഞു നോക്കി….

ഇന്ദു ഒന്ന് വിഷ് ചെയ്തിരുന്നുവെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു പക്ഷേ, അതുണ്ടായില്ല

“നിവീ……”

പതിവു പോലെ ഇറങ്ങാൻ നേരമായപ്പോഴുള്ള ഗോപന്റെ വിളി കേട്ടു കൊണ്ടായിരുന്നു ധൃതിയിൽ ബാഗെടുത്ത് ഒറ്റത്തോളിലേക്കിട്ട്  പിന്നി പൂർത്തിയാക്കിയ മുടി തുമ്പിലേക്ക് ക്ലിപ്പും ഇട്ടു കൊണ്ടവൾ താഴേക്ക് ഇറങ്ങി വന്നത്…

ഉമ്മറത്ത് നിന്ന ഇന്ദുവിനോട് യാത്ര പറഞ്ഞു കൊണ്ട് അവൾ കാറിലേക്ക് കയറി

“ഹാപ്പീ ബെർത്ത് ഡേ മോളൂ….”

“അച്ഛനെങ്കിലും ഇത് ഓർമ്മയുണ്ടല്ലോ ഭാഗ്യം….”

ഉള്ളിൽ തികട്ടി വന്ന അമർഷം പുറമേ കാണിക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത്

“അതെന്താ അമ്മ വിഷ് ചെയ്തില്ലേ…??”

“ഇല്ലാ….”

അത് പറയുമ്പോൾ ചെറിയൊരു കരച്ചിലിന് അകമ്പടിയെന്നോണം അവളുടെ മൂക്ക് വിറച്ചിരുന്നു…

“അയ്യേ ഇത്രയേ ഉള്ളോ അച്ഛന്റെ കുട്ടി…”

നിറയാൻ തുടങ്ങിയ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ടായിരുന്നു അയാളത് പറഞ്ഞത്

“നല്ലൊരു ദിവസമായിട്ട് കരയാതെ നിവീ……ദേ അമ്മ എന്നോടൊരു കാര്യം പറഞ്ഞിട്ടുണ്ട്……ഇന്ന് വൈകിട്ട് ഈ ബെർത്ത് ഡേ നമ്മൾ സെലിബ്രേറ്റ് ചെയ്യുന്നു…..”

“ബെർത്ത്ഡേ സെലിബ്രേറ്റ് ചെയ്തില്ലേലും വേണ്ടില്ല അച്ഛനമ്മയോട് പറയണം എന്നോടൊന്ന് സംസാരിക്കുവെങ്കിലും ചെയ്യണമെന്ന്….ആ വീട്ടിൽ മിണ്ടാനും പറയാനും ആരുമില്ലാതെ ഭ്രാന്ത് പിടിക്കുവാ എനിക്ക് ഇപ്പോൾ…..”

“എന്റെ മോള് ഇനി അതൊന്നും ഓർത്തു സങ്കടപ്പെടണ്ടാ….ഇന്നു മുതൽ ഇന്ദുവിൽ നീ കാണാൻ പോകുന്നത് പുതിയ ഒരു അമ്മയെ ആയിരിക്കും….”

“എനിക്ക് ഇത് വിശ്വസിക്കാമോ…??”

ഗോപന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെയായിരുന്നു നിവിയത് ചോദിച്ചത്…

“അതെടോ സത്യം…ഇനിയേലും ഒന്ന് ചിരിക്ക്… “

ഗോപനത് പറഞ്ഞു നിർത്തിയതും നിവിയൊന്ന് ചിരിക്കാൻ ശ്രമിച്ചു…

“അതേ പിന്നൊരു കാര്യം…ഇന്ന് ഞാൻ ഹാഫ് ഡേ ലീവ് ആണ്…ഉച്ചയ്ക്ക് വീട്ടിലേക്ക് പോകും…ക്ലാസ്സ് കഴിഞ്ഞു കോളേജിന്റെ മുൻപിൽ തന്നെ നിന്നാൽ മതി…എന്തൊക്കെയൊ സാധനങ്ങൾ വാങ്ങണം ന്ന് അമ്മ പറയുന്നുണ്ടായിരുന്നു…വൈകിട്ടാകുമ്പോൾ ഞങ്ങൾ രണ്ടാളും കൂടി ഇവിടെ വന്ന് മോളെയും കൂട്ടാം…എന്നിട്ട് ഒന്നിച്ചു പുറത്തേക്ക് പോകാം….”

“മ്ം ..ശരിയച്ഛാ….”

കോളേജ് എത്തിയപ്പോൾ അവൾ കാറിൽ നിന്നിറങ്ങി…

പതിവിലും നേരത്തെ ഹരി അവളെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു….

എന്തൊക്കെയോ മിണ്ടിയും പറഞ്ഞും മുന്നോട്ടു നടക്കുമ്പോഴായിരുന്നു അവൾക്ക് പിന്നാലെ നടന്നു വന്നൊരു പെൺകുട്ടി അവളുടെ കൈയ്യിലേക്കൊരു ഗിഫ്റ്റ് ബോക്‌സ് കൊടുത്തത്

“ഹാപ്പീ ബെർത്ത് ഡെ..”

ചെറിയൊരു ഞെട്ടലോടെയായിരുന്നു നിവിയത് വാങ്ങിയത്

“തനിക്ക് എങ്ങനെ എന്റെ ബെർത്ത് ഡേ…°?”

വിക്കി വിക്കി ആയിരുന്നു നിവിയത് ചോദിച്ചത്…

“ഇതെന്റെ ഗിഫ്റ്റ് അല്ലാട്ടോ….ഗേറ്റിനു പുറത്ത് നിന്ന ഒരു ചേട്ടൻ തരാൻ പറഞ്ഞതാ…”

ധൃതിയിൽ നിവി പിന്നിലേക്ക് തിരിഞ്ഞു നോക്കി.. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല….

വിളറിയ മുഖത്തോട് കൂടി നിവി ഹരിയെ നോക്കി….

“ഓപ്പൺ ചെയ്യ്…”

നിവി മെല്ലെ അതിന്റെ കവർ ഓപ്പൺ ചെയ്തു….

ഒരു ചുവന്ന റോസാപ്പൂവും കമഴ്ത്തി വച്ചൊരു വെള്ള പേപ്പറും….

അവളാ പേപ്പർ മെല്ലെ മറിച്ചു നോക്കി…. ചെറിയ ചാറ്റൽ മഴയിൽ കുടയുടെ ആവരണങ്ങളേതുമേ ഇല്ലാതെ  മഴയിൽ പൊഴിഞ്ഞ ആലിപ്പഴങ്ങളെ ശ്രദ്ധാപൂർവ്വം കൈക്കുമ്പിളിലാക്കുന്ന പെൺകുട്ടിയുടെ ചിത്രം…. ആ ചിത്രത്തിനു നിവിയുടെ മുഖമായിരുന്നു…

“ആരായിരിക്കും ഇത്…??”

കൈയ്യിലിരുന്ന ടവ്വലാൽ മൂക്കിനു താഴത്തെ വിയർപ്പ് കണികകളെ മെല്ലെ തുടച്ചു മാറ്റി കൊണ്ടായിരുന്നു നിവി ഹരിയോടായ് അത് ചോദിച്ചത്

“അതിപ്പോൾ ഞാനെങ്ങനെ പറയാനാ….നീ വാ നമുക്ക് കണ്ടുപിടിക്കാം….ക്ലാസ്സ് തുടങ്ങാറായി….”

ശ്രാവൺ സാറിന്റെ ക്ലാസ്സിൽ ശ്രദ്ധാപൂർവ്വം നോട്ടെഴുതി കൊണ്ടിരുന്നപ്പോഴായിരുന്നു പ്യൂൺ അവളെ വിളിച്ചത്

“ഒരു കൊറിയറുണ്ട്…”

ഹരിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയ ശേഷം സാറിനോട് അനുവാദം വാങ്ങി കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി…

ഇന്റർവെൽ ടൈമിൽ ഗിഫ് ഓപ്പൺ ചെയ്തതും രണ്ടുപേരുടേയും മുഖത്ത് അടുത്ത ഞെട്ടലുണ്ടായി…വീണ്ടും നിവിയുടെ ചിത്രം…

“ആരായിരിക്കും ഇത്…??”

ഉത്തരമില്ലാത്ത ആ ചോദ്യം ഹരിയോടായ് നിവി വീണ്ടും ആവർത്തിച്ചു….

“ആർക്കറിയാം ഇതാരാണെന്ന്….!എന്തായാലും ഒരു കാര്യം ഉറപ്പാ ആള് നല്ല ചിത്രകാരനാ….ഒറിജിനൽ തോറ്റ് പോകുന്ന രീതിയിലല്ലേ ചിത്രം വരച്ചിരിക്കുന്നത്…..”

നിവിയൊന്നും മിണ്ടിയില്ല….

അവളുടെ വഴികൾ അവൾക്ക് മുൻപേ തിരിച്ചറിഞ്ഞതു പോലെ അവൾ പോകുന്നിടത്തെല്ലാം അവളെ തേടി ഓരോ ഗിഫ്റ്റുകളെത്തി അതെല്ലാം അവളുടെ തന്നെ ചിത്രങ്ങളും ആയിരുന്നു…

പതിനെട്ടാമത്തെ ഗിഫ്റ്റ് അവൾക്ക് കിട്ടിയത് ലൈബ്രറിയുടെ മുൻപിൽ വെച്ചായിരുന്നു…

മിഥുന്റെ വീടിന്റെ ജനലഴികൾക്കിടയിലൂടെ അലൻ കണ്ട നിവി. അതായിരുന്നു അവസാന ചിത്രം…

പതിവിനു വിപരീതമായി ആ ചിത്രത്തിനൊപ്പം ഒരു എഴുത്തുണ്ടായിരുന്നു…

“എന്നെ കണ്ടുപിടിക്കാൻ നീ ഒരുപാട് ശ്രമിക്കുന്നുണ്ടാവും….അധികം സസ്പെൻസ് ഇടുന്നില്ല ഇന്ന് വൈകിട്ട് ക്ലാസ് കഴിയുമ്പോൾ നിന്റെ പത്തൊൻപതാമത്തെ ബെർത്ത്ഡേക്കുള്ള പത്തൊൻപതാമത്തെ ഗിഫ്റ്റുമായി കോളേജ് ഗേറ്റിനു പുറത്ത് ഞാനുണ്ടാവും”

അത് വായിച്ചു തീർന്നതും ലൈബ്രറിയുടെ ചുവരിൽ ചാരി നിവി തറഞ്ഞു നിന്നു…

“ആരായിരിക്കും അത്..??”

അവൾ മനസ്സിൽ അത് ചോദിച്ചു….

“എന്താടി ഒന്നും മിണ്ടാതെ നിൽക്കുന്നത്….??”

ഹരി മെല്ലെ അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ടായിരുന്നു അത് ചോദിച്ചത്..

“എനിക്ക് അറിയില്ലടീ ഇതാരാണെന്ന്….അമ്മ ഇതൊക്കെ അറിഞ്ഞാൽ എന്നെ കൊന്ന് കളയും… ഓരോന്നൊക്കെ ഓർത്തിട്ട് എനിക്ക് പേടിയാകുവാ….”

“നീ പേടിക്കാതെ ആരായാലും ഇന്ന് വൈകിട്ട് അറിയാലോ….കാര്യം പറഞ്ഞ്‌ നമുക്ക് ഒഴിവാക്കാവുന്നതേയുള്ളു…..

ദേ ലാസ്റ്റ് പീരിയഡ് ആ… നമുക്ക് ക്ലാസ്സിലേക്ക് പോകാം…

ശ്രാവൺ സാറ് തന്നെയാ ഈ പീരിയഡും…”

ഒന്നമർത്തി മൂളി കൊണ്ട് നിവി ഹരിതയ്ക്കൊപ്പം ക്ലാസ്സിലേക്ക് നടന്നു…

ക്ലാസ്സിൽ ശ്രദ്ധിക്കാതെ താടിക്ക് കൈയ്യും കൊടുത്ത് ബുക്കിന്റെ പിന്നിൽ അലസമായിട്ടെന്തോ കുത്തിവരച്ചു കൊണ്ടിരിക്കുകയായിരുന്നു നിവി..

ഇടയ്ക്കിടെ “ക്ലാസിൽ ശ്രദ്ധിക്ക്” എന്ന് ഹരി പറയുന്നുണ്ടെങ്കിലും നിവി അതൊന്നും ചെവി കൊണ്ടതേയില്ല…

“നിവേദ്യാ….”

ശ്രാവൺ സാറിന്റെ ആ അലർച്ച കേട്ടപ്പോഴായിരുന്നു നിവി ഇരുന്നിടത്ത് നിന്ന്  ഞെട്ടിയെഴുനേറ്റത്

“എവിടെ ശ്രദ്ധിച്ചാടോ ക്ലാസ്സിൽ ഇരിക്കുന്നത്..??”

“സോറി സാർ..”

“മ്ം..”

അവളോട് ഇരിക്കാൻ കൈ കൊണ്ട്  ആംഗ്യം കാണിച്ചു കൊണ്ട് അയാൾ ക്ലാസ് തുടർന്നു..

ഒരു മണിക്കൂർ ക്ലാസ് കഴിഞ്ഞു ബെല്ലും അടിച്ചു….കുട്ടികളോരുരുത്തരായി ക്ലാസിൽ നിന്നിറങ്ങി പുറത്തേക്ക് നടന്നു……

ഇരുന്നിടത്ത് നിന്നൊന്ന് അനങ്ങുക പോലും ചെയ്യാതെ നിവി ഇരുന്നു..

“നിവി…നമുക്ക് പോകണ്ടേ…??”

“എനിക്ക് പേടിയാ ഹരി…”

“എന്തിന്..??”

ആ ചോദ്യത്തിനവൾ ഉത്തരം പറഞ്ഞില്ല…

“നീ പേടിക്കണ്ടാ….ഞാനും ഇല്ലേ കൂടെ തനിച്ചല്ലല്ലോ…?

പ്യൂൺ ഇപ്പോൾ ക്ലാസ് പൂട്ടാൻ വരും….വാ നമുക്ക് പോകാം…”

ഹരിയുടെ കുടക്കീഴിൽ കയറി കൊണ്ട് ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് അവരിരുവരും ഒന്നിച്ചിറങ്ങി…

“ഹരി ഞാനിന്ന് ബസിൽ ഇല്ലാട്ടോ…അമ്മേം അച്ഛനും വരാമെന്ന് പറഞ്ഞിട്ടുണ്ട്..എന്തൊക്കെയോ സാധനങ്ങൾ വാങ്ങാൻ പോണമെന്ന്….”

ഉള്ളിലെ ടെൻഷൻ പുറമെ കാണിക്കാതെ ഇട്ടിരുന്ന ഇളം പീച്ച് കളർ ചുരിദാറിന്റെ ഷോളിൽ വിരൽ ചുഴറ്റി കൊണ്ടിരിക്കുകയായിരുന്നു നിവി…

ഒരുപിടി ചുവന്ന റോസപ്പൂക്കളുമായി മഴ നനഞ്ഞു കൊണ്ട് അവൾക്ക് നേരെ നടന്നടുക്കുന്ന ചെറുപ്പക്കാരനെ അവൾക്ക് കാണിച്ചു കൊടുത്തത് ഹരിയായിരുന്നു…

പേടിയോടെ നിവി അവളുടെ കൈ ഹരിയുടെ കൈയ്യിലേക്ക് ചേർത്തു….

കുത്തിയൊലിച്ചു പെയ്യുന്ന മഴയിലും അവൾ വിയർത്തു….

പൊടുന്നനെ ഒരു ചുവന്ന കാർ അവൾക്ക് അടുത്തായി വന്നു നിന്നു…ആദ്യ നോട്ടത്തിലെ അവൾക്ക് മനസ്സിലായി അതിനുള്ളിൽ ഇന്ദുവും ഗോപനും ഉണ്ടെന്ന്….

ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചു….

ആ ചെറുപ്പക്കാനപ്പോഴേക്കും അവൾക്ക് തൊട്ടു മുൻപിൽ എത്തിയിരുന്നു…

നിവി ദയനീയമായി ഹരിയെ ഒന്ന് നോക്കി…

മഴയിൽ നനഞ്ഞു കുതിന്ന ആ ചുവന്ന റോസാപൂക്കൾ അവൻ അവൾക്ക് നേരെ നീട്ടി…

ഭീതിയാൽ നിവിയുടെ കൈയ്യിലെ നീളൻ നഖങ്ങൾ ഹരിയുടെ കൈയ്യിലേക്ക് ആഴ്ന്നിറങ്ങി..

“ഐ ആമ് അലൻ…അലൻ ജേക്കബ്…”

അവൻ അവളെ നോക്കി അത് പറയുമ്പോഴേക്കും അവളിലെ നോട്ടം ചെന്നു പതിഞ്ഞത് കാറിലിരിക്കുന്ന ഇന്ദുവിന്റെയും ഗോപന്റെയും മുഖത്തേക്കായിരുന്നു…

(തുടരും)

ഇഷ്ടമാകുമായിരിക്കുമെന്ന് വിശ്വസിക്കുന്നു…ഒത്തിരി ഇഷ്ടത്തോടെ അമ്മുക്കുട്ടി

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

3/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!