Skip to content

അന്നൊരുനാളിൽ – Part 4

Annorunalil written by Sreelekshmy Ambattuparambil

മഴയിൽ നനഞ്ഞു കുതിന്ന  ഒരുപിടി ചുവന്ന റോസാപൂക്കൾ അവൻ അവൾക്ക് നേരെ നീട്ടി…

ഭീതിയാൽ നിവിയുടെ കൈയ്യിലെ നീളൻ നഖങ്ങൾ ഹരിയുടെ കൈയ്യിലേക്ക് ആഴ്ന്നിറങ്ങി..

“ഐ ആമ് അലൻ…അലൻ ജേക്കബ്…”

അവൻ അവളെ നോക്കി അത് പറയുമ്പോഴേക്കും അവളിലെ നോട്ടം ചെന്നു പതിഞ്ഞത് കാറിലിരിക്കുന്ന ഇന്ദുവിന്റെയും ഗോപന്റെയും മുഖത്തേക്കായിരുന്നു…

ശേഷം നിവി ദയനീയമായി ഹരിയെ നോക്കി..

“ആ ഫ്ലവേഴ്സ് വാങ്ങ്..”

ഹരിയത് മെല്ലെ നിവിയുടെ ചെവിയിൽ പറഞ്ഞു…

നനഞ്ഞ് കുതിർന്ന പൂക്കളേയും പുഞ്ചിരിച്ച അധരങ്ങളുമായിട്ടവൾക്ക് മുൻപിൽ നിൽക്കുന്ന അലനേയും നിവി മാറി മാറി നോക്കി…

“ഇത് വാങ്ങടോ…”

അവൾക്ക് നേരെ നീട്ടിപ്പിടിച്ച പൂക്കൾ ചെറുതായിട്ടൊന്ന് കുലുക്കി കൊണ്ടായിരുന്നു അവനത് വീണ്ടും അവളോട് പറഞ്ഞത്…

പൂവിൽ നിന്ന് തെറിച്ചു വീണ മഴത്തുള്ളികൾ ഭാഗീകമായി നിവിയുടെ മുഖത്തെ നനച്ചു….

“ഇതുവരെ ആരോടും അങ്ങനെ പ്രണയമൊന്നും തോന്നിയിട്ടില്ല…അങ്ങനെയൊരു കാഴ്ചപ്പാടെ എനിക്കുണ്ടായിരുന്നില്ല…എന്തോ തന്നെ ആദ്യമായിട്ട് ആ മഴത്ത് കണ്ടപ്പോൾ വല്ലാത്തൊരിഷ്ടം തോന്നി…”

ഉള്ളിലെ പേടി കാരണം അകത്തേക്ക് കടിച്ചു പിടച്ച അധരങ്ങളും  താഴ്ത്തിപ്പിടിച്ച മുഖവുമായിട്ടവൾ ആ പൂക്കൾ വാങ്ങി….

അതിനു മറുപടിയായിട്ടവൾ ഒന്നും പറഞ്ഞില്ല…

“ഇതെന്റെ പത്തൊൻപതാമത്തെ ഗിഫ്റ്റ്.. ഹാപ്പി ബർത്ത് ഡേ ഡിയർ”

ഇടം കൈയ്യാൽ പിന്നിലേക്ക് ഒളിപ്പിച്ചു പിടിച്ച ഗിഫ്റ്റ് ബോക്‌സ് അവൻ അവൾക്ക് നേരെ നീട്ടി…

“താങ്ക്സ്.

എന്റെ പേരന്റ്സ് വെയ്റ്റ് ചെയ്യുന്നു ബൈയ്”

അപ്പുറം മാറി നിർത്തിയിട്ടിരുന്ന കാറിലേക്ക് നോക്കി കൊണ്ടായിരുന്നു അവളത് പറഞ്ഞത്

“പോട്ടെ ഹരീ…”

ഹരിയോട് യാത്ര പറഞ്ഞു ധൃതിയിൽ നിവി കാറിനടുത്തേക്ക് നടന്നു…ശേഷം ബാക്ക് ഡോറ് തുറന്ന് കാറിലേക്ക് കയറി..

കൈയ്യിലിരുന്ന ഗിഫ്റ്റും പൂക്കളും സീറ്റിലേക്ക് വെച്ച് കൊണ്ട് അവൾ മുഖമൊന്ന് അമർത്തി തുടച്ചു..

“ആരായിരുന്നു നിവി അത്.. ??”

കാറിനുള്ളിൽ നിറഞ്ഞു നിന്ന നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഇന്ദുവിന്റെ ശബ്ദം നിവിയുടെ കാതോരം വന്ന് പതിഞ്ഞു..

“അത്…അതെന്റെ…യൊരു ഫ്രണ്ടാ…”

വിക്കി വിക്കിയായിരുന്നു നിവിയത് പറഞ്ഞത്…

“അതിനു മോളെന്തിനാ ഇങ്ങനെ പേടിക്കുന്നത്..അമ്മ വെറുതെ ചോദിച്ചന്നല്ലേ ഉള്ളു….”

അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്..

വിശ്വാസം വരാത്തത് പോലെ നിവി ഗോപനെ നോക്കി..

“ഞാൻ പറഞ്ഞില്ലേ..ഇന്ന് മുതൽ ഇന്ദു നിനക്കൊരു പുതിയ അമ്മയായിരിക്കും എന്ന്…സംശയങ്ങളും കുറ്റപ്പെടുത്തലുകളും കൊണ്ട് നിന്നെ വീർപ്പുമുട്ടിച്ചു കൊണ്ടിരുന്ന ഇന്ദു അല്ലിത്….നിന്റെ പഴയ ഇന്ദുമ്മ തന്നെയാ ഇത്…”

ഗോപന്റെയാ സംസാരം കേട്ടപ്പോൾ നിവിയൊന്ന് പുഞ്ചിരിച്ചു  ശേഷം ആശ്വാസപൂർവ്വം ദീർഘമായൊന്ന് ശ്വാസമെടുത്തു കൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു…

ഗ്ലാസ്സിലേക്ക് പെയ്തൊഴിയുന്ന മഴതുള്ളികൾക്കിടയിലൂടെ തെളിഞ്ഞു വരുന്ന അവ്യക്തമായ വഴിയോര കാഴ്ചകളിലേക്ക് അവളുടെ മിഴികൾ നീണ്ടു….

“എന്നാലും ആരായിരിക്കും അയാൾ…. എന്നിലെ എന്ത് ക്വാളിറ്റിയായിരിക്കും അയാളെ എന്നിലേക്കടുപ്പിച്ചത്….

കെജി ക്ലാസ് തൊട്ട് പ്ലസ്റ്റൂ വരെ പഠിച്ചത് അത്രയും ഗേൾസ് സ്കൂളിൽ….ആൺകുട്ടികളെ ആകെ കണ്ടിട്ടുള്ളത് ട്യൂഷൻ ക്ലാസിൽ മാത്രമായിരുന്നു….. സംശയങ്ങൾ ചോദിക്കാൻ മാത്രമായിരുന്നു അവരൊക്കെ തന്റെ അടുത്തേക്ക് വരുന്നത് പോലും…..

കളിയായി പോലും ആരും ഇതുവരെ പ്രണയം പറഞ്ഞിട്ടുമില്ല ആരോടും തോന്നിയിട്ടുമില്ല….

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടാത്തത് പോലെ….”

“നിവി….ഇറങ്ങുന്നില്ലേ….??”

ഗോപന്റെ ശബ്ദമായിരുന്നു അവളെ ചിന്തകളിൽ നിന്നുണർത്തിയത്….

“ദാ വരുന്നു….”

മുൻപേ നടക്കുന്ന ഇന്ദുവിന്റെ പിന്നാലെ അവളും നടന്നു…

“അമ്മേ….ഞാൻ വെയ്റ്റിങ് ഏരിയായിൽ ഇരിക്കാം…എനിക്ക് വയ്യാ ഇങ്ങനെ നടക്കാൻ…”

“മ്ം….ശരി….”

വെയ്റ്റിങ് ഏരിയായിലെ ചെയറിലിരുന്ന്  പുറത്തേക്ക് പോകുന്നവരെയും അകത്തേക്ക് കയറുന്നവരേയും നോക്കി നിവി ഇരുന്നു….

കാണുന്ന മുഖങ്ങളിലെവിടെയൊക്കെയോ അലൻ ഒളിച്ചിരിപ്പുണ്ടെന്ന തോന്നൽ അവളെ അസ്വസ്ഥയാക്കി…

“നിവി പോകാം…..”

“എല്ലാം വാങ്ങി കഴിഞ്ഞോ അമ്മേ…??”

“മ്ം വാങ്ങി….”

ആരോ പറഞ്ഞേൽപ്പിച്ചത് പോലെ ഇന്ദുവിന്റെ പിന്നാലെ അവൾ നടന്നു….മനസ്സിലേക്ക് ഇടയ്ക്കിടെ തെളിഞ്ഞു വന്ന അലന്റെ മുഖത്തെ മനപ്പൂർവ്വം അവൾ മറന്നു കളഞ്ഞു…..

അതിനു ശേഷം അവർ പോയത് റെസ്റ്റോറന്റിലേക്കായിരുന്നു….

ചെറിയൊരു കേക്ക് കട്ടിംഗ് ഗോപനും ഇന്ദുവും നിവിയും മാത്രം……

നിവിയ്ക്ക് പെട്ടെന്ന് നിഥിയെ ഓർമ്മ വന്നു…മുറിച്ചെടുത്ത കേക്ക് ആദ്യം താൻ കൊടുക്കുന്നത് നിഥിക്കായിരുന്നു….ഒരു നിമിഷം അവളത് ഓർത്തു….

ഫുഡ് കഴിക്കുമ്പോഴും നിഥിയുടെ ഓർമ്മകൾ അവർ മൂവരേയും ഒരുപോലെ അലട്ടി…അവർക്കിടയിൽ മൂടികെട്ടി നിന്ന മൗനത്തെ കൂട് തുറന്നു വിട്ടു കൊണ്ട് നിവി എന്തൊക്കെയോ സംസാരിച്ചു കൊണ്ടേയിരുന്നു….

തൊട്ടടുത്ത ടേബിളിൽ ഇരുന്നു അവരറിയാതെ അവരുടെ സന്തോഷങ്ങളെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്ന നിഥിയെ അവരാരും കണ്ടിരുന്നതേയില്ല….മറനീക്കി അവൾ അവർക്കടുത്തേക്ക് ചെന്നതും ഇല്ല…

“നിവീ…..”

വീട്ടിലേക്കുള്ള മടക്കയാത്രയിൽ ഇന്ദുവായിരുന്നു അവളെ വിളിച്ചത്…

“എന്താ അമ്മേ…??”

“ഇന്ന് നമ്മള് നിന്റെ കോളേജിൽ വെച്ച് കണ്ട പയ്യനെ എവിടെ വെച്ചാ നിനക്ക് പരിചയം…??”

അപ്രതീക്ഷിതമായി കാതിലേക്ക് വന്ന് പതിഞ്ഞ ആ ചോദ്യത്തിൽ അവളൊന്ന് പതറി പോയിരുന്നു…

“അമ്മേ അത്….അതെന്റെ ട്യൂഷൻ ക്ലാസ്സിലെ ഫ്രണ്ടാ….

ബെർത്ത്ഡേ ആണെന്ന് അറിഞ്ഞു കൊണ്ട് വിഷ് ചെയ്യാൻ വന്നതാ….

അല്ലാതെ വേറൊന്നും അല്ല….”

ആദ്യമായിട്ട് ഇന്ദുവിനോട് കള്ളം പറയുന്നതിലുള്ള പതർച്ച അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു..

“എന്താ ഇന്ദൂ…താൻ വീണ്ടും അവളെ കൊസ്റ്റ്യൻ ചെയ്യുവാണോ….??”

ഗോപന്റെ പെട്ടന്നുണ്ടായ ആ ചോദ്യം നിവിക്ക് അൽപം ആശ്വാസം പകർന്നു നൽകി..

“ഏയ് അങ്ങനെയല്ല ഗോപേട്ടാ….ഞാൻ ജസ്റ്റ് അറിയാൻ വേണ്ടിയൊന്ന് ചോദിച്ചതാ…

എനിക്ക് അറിയില്ലേ നമ്മുടെ മോളെ….തെറ്റായിട്ടൊന്നും ഇവള് ചെയ്യില്ലെന്ന പൂർണ്ണ ബോധ്യം എനിക്കുണ്ട്….”

ഇന്ദുവിന്റെ ആ വാക്കുകൾ കത്തികുത്തിയിറക്കും പോലെയായിരുന്നു നിവിയുടെ ഹൃദയിത്തിലേക്ക് ആഴ്ന്നിറങ്ങിയത്…

ഉള്ളിലെ കുറ്റബോധം പൊടുന്നനെ കണ്ണീരായി ഒഴുകിയിറങ്ങി….മുഖം പൊത്തിപ്പിടിച്ചു നിവി ഏങ്ങലടിച്ചു കരഞ്ഞു…..

“അയ്യേ…ഇത്രയേ ഉള്ളു നിവി…??

അമ്മ വെറുതെ ചോദിച്ചതല്ലേ…..

ഗോപേട്ടാ വണ്ടിയൊന്ന് നിർത്തിക്കേ…”

ഇന്ദു അത് പറഞ്ഞതും ഗോപൻ വണ്ടി നിർത്തി..

ഇന്ദു ഇറങ്ങി നിവിക്കടുത്തേക്ക് ഇരുന്നു…

മുഖത്തേക്ക് ചേർത്തു പിടിച്ച നിവിയുടെ കൈ വിരലുകളെ മെല്ലെയടർത്തി മാറ്റി കൊണ്ട് ഇന്ദു നിവിയെ അവളോട് അടുപ്പിച്ചു പിടിച്ചു…

മെല്ലെ അവളുടെ നെറുകയിൽ ചുബിച്ചു….

അറിയാതെ ഇന്ദുവിന്റെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണീരടർന്ന് നിവിയുടെ ഉച്ചിമേൽ വീണു….

മുടിയിഴകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ ആ രണ്ടു തുള്ളി കണ്ണുനീർ നിവിയെ ചുട്ടു പൊള്ളിച്ചു കൊണ്ടേയിരുന്നു

“ഐ ആമ് സോറി അമ്മാ…അറിയാതെങ്കിലും അൽപം നേരത്തേക്ക് ഒരിഷ്ടം തോന്നിപ്പോയി…. ഇനിയത് ഉണ്ടാവില്ല…. സോറി അമ്മാ…..”

അവൾ മനസ്സാലെ അത് മന്ത്രിച്ചു….

“നിവി ഇറങ്ങ് വീടെത്തി….”

അടച്ചു പിടിച്ച കൺപോളകൾ അവളപ്പോഴായിരുന്നു തുറന്നത്..

ബാഗ് മാത്രം എടുത്തു അകത്തേക്ക് കയറാൻ തുടങ്ങിയ അവൾ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നത് പോലെ വീണ്ടും പോയി കാറിന്റെ ഡോറ് തുറന്നു….

അലൻ കൊടുത്ത ഗിഫ്റ്റും ഫ്ലവേഴ്സും എടുത്തു കൊണ്ട് അകത്തേക്ക് കയറാൻ തുടങ്ങിയ അവളെ പിന്നിൽ നിന്ന് വിളിച്ചത് ഇന്ദു ആയിരുന്നു….

“ദാ അത് കണ്ടോ….”

വിരൽ ചൂണ്ടി  കൊണ്ട് ഇന്ദു അത് പറയുന്നതോടൊപ്പം നിവിയുടെ ദൃഷ്ടിയും അവിടേക്ക് നീണ്ടു…..

കൈയ്യിലെ ബാഗും സാധനങ്ങളും നിലത്തേക്ക് ഇട്ടു കൊണ്ട് അവൾ അവിടേക്ക് ഓടി…

ഒരേ സമയം ഉള്ളിൽ നുരഞ്ഞു പൊങ്ങിയ സന്തോഷത്താലും അത്ഭുതത്താലും കൈ രണ്ടും കൊണ്ട് നിവി വാ പൊത്തിയിരുന്നു

കാർപോർച്ചിനു സമീപത്തായിട്ടൊരു പുതിയ സ്കൂട്ടി… അതും നിവിയുടെ ഫേവറിറ്റ് പിങ്ക് കളർ ….

അവൾ അതിൽ മെല്ലെ തലോടി…

“ഇത് എനിക്കാണോ അമ്മാ…??”

ചോദ്യം ഇന്ദുവിനോടായിരുന്നെങ്കിലും ഉത്തരം പറഞ്ഞത് ഗോപനായിരുന്നു

“അതേലോ…..”

“താങ്ക്യൂ അച്ഛാ….”

ഗോപൻ സ്നേഹപൂർവ്വം നിവിയുടെ നെറ്റിമേൽ ഒന്ന് ചുംബിച്ചു…

“താങ്ക്സ് എന്നോടല്ല പറയേണ്ടത്…അമ്മയോട് പറഞ്ഞാൽ മതി..ഇന്ദുവാ നിനക്ക് സ്കൂട്ടി വാങ്ങാൻ നിർബന്ധം പിടിച്ചത്…”

കീ രാവിലെ തരാട്ടോ….”

“താങ്ക്യൂ അമ്മേ ലവ്യൂ…ഉമ്മ

ഞാനിത് ഹരിയോട് വിളിച്ചു പറയട്ടേ….”

ബാഗും ബാക്കി സാധനങ്ങളും എടുത്തു കൊണ്ട് അവൾ ധൃതിയിൽ മുകളിലേക്ക് കയറി…

ബാഗിൽ നിന്ന് ഫോണെടുത്തു കൊണ്ടവൾ നേരെ ബാൽക്കണിയിലെ ആട്ടുകട്ടിലിലേക്ക് ഇരുന്നു…

“ഹലോ ഹരീ…..”

“എന്തായി….ഇന്ദു ആന്റി വല്ലതും പറഞ്ഞോ??”

“ഏയ് ഇല്ലാ….ആരായിരുന്നു അതെന്ന് ചോദിച്ചു പെട്ടെന്ന് എന്റെ വായിൽ വന്നത് ഫ്രണ്ട് എന്നാ….ഞാൻ അങ്ങനെയങ്ങ് പറഞ്ഞു….

ഇപ്പോൾ അതൊന്നും അല്ല രസം….ഞങ്ങൾ ഷോപ്പിങ് ഒക്കെ കഴിഞ്ഞു ദാ ഇപ്പോൾ വീട്ടിലെത്തിയതേയുള്ളു….അപ്പോൾ സർപ്രൈസ് ആയിട്ട് പുതിയ സ്കൂട്ടി….

ലൈസൻസ് എടുത്തിട്ട് ഏഴെട്ടു മാസം ആയീ എന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറുണ്ടായിരുന്നു….എന്നാലും ഗിഫ്റ്റ് ആയിട്ട് ഇത് തരുമെന്ന് ഞാനൊട്ടും എക്സ്പെക്ട് ചെയ്തതേയില്ല……”

“ആഹാ…കൊള്ളല്ലോ….എന്തായാലും നീ ഹാപ്പിയല്ലേ…??”

“പിന്നല്ലാതെ….”

“അലനോട് എന്ത് പറയാൻ തീരുമാനിച്ചു??നീയാ ഗിഫ്റ്റ് ഓപ്പൺ ചെയ്തോ..??”

“അലനോട് ഞാൻ നോ പറയും….

സന്തോഷമുള്ളൊരു കുടുംബം ഉണ്ട് എനിക്ക് ഇപ്പോൾ….. ഇത് മാത്രം മതി എനിക്ക്…

ഇല്ലടീ ആ ഗിഫ്റ്റ് ഞാൻ ഓപ്പൺ ചെയ്യ്തില്ല….”

“മ്ം….”

“എനിക്ക് നല്ല ക്ഷീണമുണ്ട്…ഞാൻ പോയി കിടക്കട്ടെ….”

അതും പറഞ്ഞു കൊണ്ട് നിവി കോൾ കട്ട് ചെയ്തു….

കിടന്നതും അവളുറങ്ങി…..

*********

പതിവുപോലെ ഫോണിലെ ആറു മണിക്കത്തെ അലാറം ആയിരുന്നു അവളെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്

മുഖം കഴുകി ബെഡ്ഡിലേക്ക് വന്നിരിക്കുമ്പോഴേ അവൾ കണ്ടു മേശയുടെ ഒരു കോണിൽ ഇരുന്ന ഗിഫ്റ്റും കുറച്ചു വാടിയ റോസാപ്പൂക്കളും…

അവളുടെ കൈ വിരലുകൾ അതിലേക്ക് നീണ്ടു…

വാടി തുടങ്ങിയ പൂക്കളെ അവൾ മെല്ലെ മൂക്കിൻ തുമ്പോടു ചേർത്ത് പിടിച്ചൊന്നു മണപ്പിച്ചു നോക്കി…. പിന്നെ പതിയെ ഗിഫ്റ്റ് ബോക്‌സ് തുറന്നു

ഒരു നിമിഷം അവളുടെ മിഴികളിൽ അത്ഭുതം നിറഞ്ഞു….അവളുടെ മിഴികളും അധരങ്ങളും ഒന്നിച്ചു വിടർന്നു…

രാവിലെ പേരറിയാത്ത ഏതോ ഒരു കുട്ടി ഗിഫ്റ്റ് നൽകി മടങ്ങിപ്പോയപ്പോൾ ആകാംഷാപൂർവ്വം അത് തുറന്നിട്ട് ആരെയോ തിരയുന്ന നിവിയുടെ ചിത്രമായിരുന്നു അതിൽ….

അവളുടെ മുഖത്തെ ചെറിയ ഭാവവ്യത്യാസങ്ങൾ പോലും വളരെ മനോഹരമായിട്ടവൻ വരച്ചു ചേർത്തിരുന്നു…..

അതിനു താഴെ അവൾക്ക് മാത്രം മനസ്സിലാകാൻ പാകത്തിനെഴുതിയ അവന്റെ പേരിലൂടെ അവളുടെ വിരലുകൾ ഓടി നടന്നു…..

എപ്പോഴോ നാണത്താൽ കലർന്നൊരു ചിരി അവളുടെ അധരങ്ങളിൽ വിരിഞ്ഞു… പൊടുന്നനെ എന്തോ ഓർത്തിട്ടെന്നത് പോലെ അത് അപ്രത്യക്ഷമാകുകയും ചെയ്തു….

രാവിലെ പതിവിലും സന്തോഷത്തോടെയായിരുന്നു പുതിയ സ്കൂട്ടിയിൽ അവൾ കോളേജിലേക്ക് പോയത്…

ഗേറ്റിനടുത്ത് തന്നെ അവളെ കാത്ത് ഹരിയുണ്ടായിരുന്നു അവൾക്ക് അരികിൽ അലനും…

അവരെ കണ്ടതും നിവി വണ്ടി നിർത്തി….

“ഇയാളെന്താ ഇവിടെ…??”

അലൻ കേൾക്കാതെ ഹരിയോടായിട്ടായിരുന്നു നിവിയത് ചോദിച്ചത്…

“നിന്നെ കാണാൻ വേണ്ടി എന്നേക്കാളും മുൻപേ വന്ന് കാത്ത് നിൽക്കാൻ തുടങ്ങിയതാ….”

“ഹമ്….”

നിവിയുടെ നോട്ടം അലനിലേക്ക് നീണ്ടു…

“ഇയാൾക്ക് എന്താ വേണ്ടത്…??”

വണ്ടിയിൽ നിന്ന് ഇറങ്ങുക പോലും ചെയ്യാതെ ഹെൽമറ്റ് മാത്രം ഊരി കൊണ്ടായിരുന്നു നിവിയത് ചോദിച്ചത്…

അവനൊന്നും മിണ്ടിയതേയില്ല…

“പ്ലീസ് പിന്നാലെ നടക്കരുത്…ഇന്നലെ എതിർത്തൊന്നും പറയാതെ ആ ഫ്ലവേഴ്സും വാങ്ങി പോയത് എന്റെ പേരന്റ്സ് ഉണ്ടായിരുന്നത് കൊണ്ടാ…ദയവ് ചെയ്തു ശല്ല്യമാകരുത്..ഇറ്റ്സ് എ റിക്വസ്റ്റ്..”

അത് പറഞ്ഞു കൊണ്ട് ഹരിയേം കയറ്റി കൊണ്ടവൾ മുൻപോട്ടു പോയി….

അവൾ പോകുന്നതും നോക്കി നിന്നു കൊണ്ട് അവനൊന്ന് പുഞ്ചിരിച്ചു ശേഷം അവന്റെ കാറിനടുത്തേക്ക് നടന്നു….

ആദ്യത്തെ രണ്ടു പീരിയഡ് ശ്രാവൺ സാറിന്റേതായിരുന്നു….

വളരെയധികം ശ്രദ്ധയോട് കൂടി ലക്ച്ചർ നോട്ട്സ് എഴുതിയെടുക്കുവായിരുന്നു നിവി…

“നിവീ…  “

ഹരിയായിരുന്നു അത്

“എന്താടീ…??”

“ഒരു കാര്യം പറയട്ടെ….”

“മ്ം…എന്താ..??”

സാറിന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെയായിരുന്നു നിവി പതിയെ സംസാരിച്ചത്

“രണ്ട് ദിവസമായിട്ട് ശ്രാവൺ സാറിന്  നമ്മുടെ ബെഞ്ചിലേക്ക് ഇത്തിരി നോട്ടം കൂടുന്നുണ്ടോ…??”

“എന്തിന്…??”

“ഓഹ്…നീയൊരു പൊട്ടിയാ….

ടീ സാറ് നമ്മുടെ ബെഞ്ചിൽ ആരെയോ പ്രത്യേകമായി ശ്രദ്ധിക്കുന്നുണ്ട്….”

“ആ…നിന്റെ അപ്പുറത്ത് ഇരിക്കുന്ന  ഭാഗ്യലക്ഷ്മിയെ ആവും….അവളല്ലെ ഈ ക്ലാസ്സിലെ സുന്ദരി..”

ബുക്കിലേക്ക് നോട്ട് എഴുതി കൊണ്ട് തന്നെയായിരുന്നു നിവിയത് പറഞ്ഞത്…

“എനിക്ക് തോന്നിയത് നിന്നെ ആണെന്നാ….”

“എന്റെ ഹരി ആവശ്യമില്ലാത്തത് പറഞ്ഞ് വെറുതെ ഗുരുത്വദോഷം വാങ്ങി കൂട്ടരുത് കേട്ടോ”

ഹരിയെ നോക്കി കണ്ണ് കൂർപ്പിച്ചു കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്…

“നിവേദ്യ…”

പെട്ടന്നായിരുന്നു ശ്രാവണിന്റെ ശബ്ദം ക്ലാസിൽ ഉയർന്നത്…

“സാർ…”

നിവി ഇരുന്നിടത്ത് നിന്ന് പതിയെ എഴുനേറ്റു…

“രണ്ട് ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ക്ലാസിൽ തീരെ ശ്രദ്ധയില്ലാതെയാ താൻ ഇരിക്കുന്നത്…”

“സോറി സാർ…”

“ഒരു ദിവസം ക്ലാസ്സിനു പുറത്ത് നിന്നാൽ മര്യാദ പഠിക്കും…ഇറങ്ങിക്കോ പുറത്തോട്ട്…”

“സാർ ഞാനൊന്ന് പറഞ്ഞോട്ടെ പ്ലീസ്..”

“ഇന്നലെയും താൻ ഇങ്ങനെ തന്നെ അല്ലായിരുന്നോ..??”

ശ്രാവണിന്റെ ആ ചോദ്യത്തിന് അവൾക്ക് ഉത്തരം ഉണ്ടായിരുന്നില്ല….

അവളൊന്നും മിണ്ടാതെ എഴുതി കൊണ്ടിരുന്ന ബുക്കും ബാഗും കൈയ്യിലെടുത്തു കൊണ്ട് ക്ലാസ്സിനു പുറത്തേക്ക് നടന്നു….

ഇടയ്ക്ക് എപ്പോഴോ അവളുടെ കണ്ണൊന്ന് നിറഞ്ഞു…പിന്നെ അവൾക്ക് അവിടെ നിൽക്കാൻ തോന്നിയില്ല…നേരെ പാർക്കിംഗ് ഏരിയായിൽ ചെന്ന് വണ്ടിയെടുത്തു വീട്ടിലേക്ക് തിരിച്ചു….

വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേ അവൾ കണ്ടിരുന്നു മുറ്റം നിറയെ കാറുകൾ…വീടിനു പുറത്ത് ഒരുപാട് ചെരിപ്പുകൾ….

കാര്യമെന്തെന്ന് അറിയാതെ നിവിയും മെല്ലെ അകത്തേക്ക് കയറി……

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

3.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!