Skip to content

അന്നൊരുനാളിൽ – Part 5

Annorunalil written by Sreelekshmy Ambattuparambil

വീട്ടുമുറ്റത്തേക്ക് കയറുമ്പോഴേ അവൾ കണ്ടിരുന്നു മുറ്റം നിറയെ കാറുകൾ…വീടിനു പുറത്ത് ഒരുപാട് ചെരിപ്പുകൾ….

കാര്യമെന്തെന്ന് അറിയാതെ നിവിയും മെല്ലെ അകത്തേക്ക് കയറി……

അവളുടെ കണ്ണുകൾ നാലുപാടും ഇന്ദുവിനെ പരതി…

അടുക്കളയിൽ നിന്നുള്ള കൂട്ടച്ചിരി കേട്ടു കൊണ്ടായിരുന്നു നിവി അവിടേക്ക് നടന്നത്..

അരുതാത്തതെന്തോ സംഭവിച്ചെന്ന തോന്നലായിരുന്നു അവൾക്ക് അതുവരെയും….അടുക്കളയിൽ നിന്നുള്ള ചിരി അവൾക്കൊരു നേരിയ ആശ്വാസം പകർന്നു നൽകി…

അടുക്കളപ്പടിയിൽ ഇരുന്നു സംസാരിക്കുന്ന അച്ഛമ്മയേയും ഗോപന്റെ ചേട്ടൻമാരുടെ ഭാര്യമാരെയും അയാളുടെ ഒരേയൊരു പെങ്ങൾ ഗോപികയെയും കണ്ണെടുക്കാതെ നോക്കി നിൽക്കുകയായിരുന്നു നിവി

“ആഹാ…നീ ഇത്ര നേരത്തേ വന്നോ..??”

അടുക്കള വാതിൽക്കൽ വന്നു നിന്ന നിവിയെ ആദ്യം കണ്ടത് ഇന്ദുവായിരുന്നു…

“അത് പിന്നെ ഇന്ന് ക്ലാസ് നേരത്തെ കഴിഞ്ഞു…..”

നിവിയുടെ ശബ്ദം കേട്ടു കൊണ്ടായിരുന്നു ഗോപിക അവളെ നോക്കിയത്

“ആഹാ അപ്പേടെ ചക്കരക്കുട്ടി വന്നോ…??”

അവർ ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് പോയി അവളെ കെട്ടിപ്പിടിച്ചു…

“മോള് വല്ലാതങ്ങ് ക്ഷീണിച്ചല്ലോ ഇന്ദൂ….നീ ഇവൾക്ക് സമയത്തിന് ആഹാരം ഒന്നും കൊടുക്കില്ലേ…??”

നിവിയുടെ കവിളിൽ തഴുകി താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടായിരുന്നു ഇന്ദുവിനോടായി ഗോപിക  അത് ചോദിച്ചത്..

“അതെങ്ങനെയാ കൊടുത്താൽ വല്ലതും കഴിക്കണ്ടേ…”

“അപ്പയൊക്കെ എപ്പോഴാ ദുബായിൽ നിന്നു വന്നത്..??”

“ഞങ്ങള് ഇന്നലയേ എത്തി…ഇങ്ങോട്ടേക്ക് ഇറങ്ങാൻ സമയം കിട്ടിയത് ഇപ്പോഴാ…”

“എവിടെ നിവേദ് ഏട്ടനും നിളയും..??”

“രണ്ടാളും മോളിലുണ്ട്…അവരുടെ മൂന്നാലു ഫ്രണ്ട്സും ഉണ്ട്..”

“ഓ..അപ്പോൾ മുറ്റത്ത് കിടക്കുന്ന കാറൊക്കെ അവരുടേതാവും…..”

മനസ്സിൽ നിവിയത് ഓർത്തു..

“മോളെന്താ ഒരുമാതിരി അന്ധാളിച്ചു നിൽക്കുന്നത്…??”

“ഏയ് ഒന്നൂല്ല അപ്പേ…”

“അതേയ് ഈ തവണ ഞങ്ങള് ചുമ്മാ വന്നതല്ല കേട്ടോ…..നിവേദിന്റെ കല്ല്യാണം ഉറപ്പിച്ചു… ദുബായിൽ തന്നെയുള്ള കുട്ടിയാ….”

അത് കേട്ടതും പതിയെ പതിയെ നിവിയുടെ മുഖം തെളിഞ്ഞു….

“ഹോ സമാധാനമായി….”

അൽപം പതിയെയാണ് നിവിയത് പറഞ്ഞത് എങ്കിലും അവരെല്ലാവരും അത് കേട്ടിരുന്നു….

ഇന്ദു നിവിയെ നോക്കി കണ്ണ് കൂർപ്പിച്ചു….ചെറിയൊരു ചമ്മിയ ചിരിയോട് കൂടി അവൾ റൂമിലേക്ക് ഓടി…

“നിവേദിന്റെ ഭാര്യയായിട്ട് നിവി മോള് വരണം ന്ന് എനിക്ക് വല്ല്യ ആഗ്രഹമായിരുന്നു….എന്താപ്പോ ചെയ്യാ കുട്യോൾക്ക് പരസ്പരം ഇഷ്ടം അല്ലാച്ചാൽ പറഞ്ഞു ഇഷ്ടപ്പെടുത്താൻ പറ്റുവോ നമുക്ക്…??”

ചെറിയൊരു നീരസത്തോടെയായിരുന്നു ഇന്ദുവിനെ നോക്കി കൊണ്ട് ഗോപിക അത് പറഞ്ഞത്

“ഏട്ടന് ഇഷ്ടമായിരുന്നല്ലോ നിവിയെ….നിവിക്ക് ആയിരുന്നല്ലോ ഏട്ടനോട് താൽപര്യക്കുറവ്…..”

അതും പറഞ്ഞു കൊണ്ടായിരുന്നു നിവേദിന്റെ പെങ്ങൾ നിള അടുക്കളയിലേക്ക് കയറി വന്നത്…

അതിനു മറുപടിയായിട്ട് ആരും ഒന്നും പറഞ്ഞതേയില്ല….

“നീ ദാ ഈ ചായ നിവേദിനും കൂട്ടുകാർക്കും കൊണ്ട് കൊടുക്കു….”

നിളയോടായിട്ട് ഇന്ദു ആയിരുന്നു അത് പറഞ്ഞത്…

മുറിയിലേക്ക് കയറിയ നിവി ചെന്നപാടെ കേറി കിടന്നു….

ഫോണിൽ ഹരിയുടെ കുറച്ചധികം മിസ്ഡ് കോൾസ് ഉണ്ടായിരുന്നെങ്കിലും അവൾ തിരിച്ചു വിളിച്ചില്ല….അൽപം നേരം കിടന്നു…പതിയെ എപ്പോഴോ മയങ്ങി…

“നിവീ….നിവീ….”

വാതിലിൽ തട്ടി കൊണ്ടുള്ള ഇന്ദുവിന്റെ വിളിയിലായിരുന്നു നിവി ചാടിയെഴുനേറ്റത്…

“എന്താമ്മേ…??”

“ഈ തൃസന്ധ്യ നേരത്താണോ ഇങ്ങനെ കിടന്നുറങ്ങുന്നത്…??”

“അത് പിന്നെ അമ്മേ….”

“മ്ം…നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ..??”

“ഉണ്ട്…”

“എന്നിട്ടാണോ ഇങ്ങനെ കിടന്നുറങ്ങുന്നത്..??”

“ഞാൻ പഠിച്ചോളാം…”

നിവിയത് പറഞ്ഞതും ഇന്ദു മുറി വിട്ടു പുറത്തേക്ക് ഇറങ്ങി…

പഠിക്കാൻ ബുക്കും എടുത്തു ബാൽക്കണിയിലെ ആട്ടുകട്ടിലിലേക്ക് ചെന്നിരുന്നപ്പോഴായിരുന്നു കൈയ്യിലിരുന്ന ഫോൺ റിംഗ് ചെയ്തത്..

അതിൽ ഹരി എന്ന് തെളിഞ്ഞു വന്നു..

ചെറിയൊരു ദേഷ്യത്തോടെ നിവി കോളെടുത്ത് ഫോൺ ചെവിയോരം ചേർത്തു പിടിച്ചു

“ഐ ആമ് സോറി ഡീ….”

“ആ… ഇനി പറഞ്ഞിട്ടെന്താ കാര്യം… നിന്നോട് ഞാൻ പണ്ട് തൊട്ടേ പറഞിട്ടുള്ളതല്ലേ ക്ലാസ്സെടുക്കുമ്പോൾ സംസാരിക്കരുതെന്ന്….”

“സോറി നിവീ….”

“ആഹ് അത് വിട്..”

“ടീ മറ്റേ അലൻ ഇന്നും നിന്നെ നോക്കി കോളേജ് ഗേറ്റിന്റെ അടുത്ത് നിൽപ്പുണ്ടായിരുന്നു…”

“ശ്ശൊ ഇത് വല്ല്യ ശല്ല്യമായല്ലോ…”

“കണ്ടിട്ട് ആളത്ര ഫ്രോഡ് അല്ലന്നാ തോന്നുന്നത്…”

“എന്നും പറഞ്ഞു ഞാൻ അവനെ പ്രേമിക്കണോ…??”

അത് ചോദിക്കുമ്പോൾ നിവിയുടെ സ്വരത്തിൽ ദേഷ്യം കലർന്നിരുന്നു..

“ഹോ… എന്റെ നിവി ഞാൻ ജസ്റ്റ് പറഞ്ഞു എന്നേ ഉള്ളു….നീ ഇങ്ങനെ ചാടി കടിക്കാതെ…

ആ..ആദ്യം ആദ്യം ദേഷ്യം…പിന്നെ പതിയെ ഇഷ്ടം…

നീ ഈ സിനിമയിലൊക്കെ കണ്ടിട്ടില്ലേ…??

അത് മനസ്സിൽ ഓർത്തോണ്ട് ഞാൻ അറിയാതെ ചോദിച്ചു പോയതാണേ….”

“ഹമ്…എനിക്ക് ആരോടും പ്രേമവുമില്ല ഒരു മണ്ണാങ്കട്ടയും ഇല്ല…”

“മ്ം….”

“ഞാൻ കുറച്ചു നേരം പഠിക്കാൻ പോകുവാ…നമുക്ക് നാളെ കാണാം ഹരി..”

“ഓക്കേ ടീ…”

കോൾ കട്ട് ചെയ്തിട്ട് അൽപനേരം നിവി മൗനമായി കണ്ണുകളടച്ചു ഇരുന്നു..

“എന്റെ മൂകാംബികാ ദേവി അരുതാത്തതൊന്നും മനസ്സിൽ തോന്നിപ്പിക്കരുതേ…”

ഒന്ന് പ്രാർത്ഥിച്ച ശേഷം അവൾ ബുക്ക് തുറന്ന് പഠിക്കാൻ തുടങ്ങി…

വായിച്ചിട്ടൊന്നും മനസ്സിലാവാത്തത് പോലൊരു തോന്നൽ….ഫോണും ബുക്കും എടുത്തു കൊണ്ട് അവൾ അകത്തേക്ക് കയറി…

പതിയെ അലമാരി തുറന്നു…അതിലെ താഴത്തെ തട്ടിൽ നിന്ന് അലൻ അവൾക്കായി വരച്ചു നൽകിയ ചിത്രങ്ങൾ സൂക്ഷിച്ചിരുന്ന ഫയൽ എടുത്തു

ഓരോ ചിത്രങ്ങളിലൂടെയും അവളുടെ കൈവിരലുകൾ ഓടി നടന്നു….പറഞ്ഞറിയിക്കാനാകാത്തൊരു തരം സന്തോഷം അവളിൽ നിറയുന്നത് അവളറിഞ്ഞു…

“ഇനി എനിക്ക് അവനോടു പ്രണയം വല്ലതും തോന്നുമോ..??”

ആരോടെന്നില്ലാതെ സ്വയം അവളത് ചോദിച്ചു…

എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മുഖം അവളുടെ ഉള്ളിൽ കൂടുതൽ ആഴത്തിൽ പതിഞ്ഞു കൊണ്ടേയിരുന്നു…

ഓരോന്നൊക്കെ ഓർത്തു കൊണ്ട് ഭക്ഷണം പോലും കഴിക്കാതെ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും അവൾ കിടന്നു….

രാവിലെ ഗോപൻ വാതിലിൽ തട്ടി വിളിച്ചപ്പോഴായിരുന്നു അവൾ ഉണർന്നത്

“എത്ര നേരം കൊണ്ട് ഞാൻ വിളിക്കുവാ…രാത്രി ഉറക്കം കളഞ്ഞു പഠിക്കുന്നത് കൊണ്ടല്ലേ രാവിലെ എഴുനേൽക്കാൻ വൈകുന്നത്….പല തവണ പറഞ്ഞിട്ടില്ലേ രാത്രി നേരത്തെ ഉറങ്ങണമെന്ന്…”

“അത് പിന്നെ അച്ഛാ….”

കുറ്റബോധത്തിന്റെ തിരമാലകൾ നിവിയ്ക്കുള്ളിൽ അലയടിച്ചു തുടങ്ങിയിരുന്നു…

“അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ട്…”

“കാര്യമൊക്കെ വൈകിട്ടായാലും പറയാലോ…ദാ ഇപ്പോൾ തന്നെ സമയം ഏഴ് ആയി…..വേഗം പോയി കുളിച്ചു റെഡിയാവ്..അല്ലേൽ കോളേജിൽ എത്താൻ താമസിക്കും..”

“മ്ം…”

മനസ്സില്ലാ മനസ്സോടെ അവൾ കോളേജിൽ പോകാൻ റെഡിയായി…

പാതി വഴിയിൽ എത്തിയപ്പോഴായിരുന്നു ഹരിയുടെ ഫോൺ കോൾ അവളെ തേടിയെത്തിയത്..

വണ്ടി സൈഡിലേക്ക് ഒതുക്കി കൊണ്ടവൾ കോളെടുത്തു..

“നീ ഇന്ന് വരുന്നില്ലേ…??ഞാൻ എത്ര നേരം കൊണ്ട് നിന്നെ നോക്കി നിൽക്കുവാണെന്ന് അറിയുവോ..??”

“അത് പിന്നെ എഴുനേൽക്കാൻ താമസിച്ചു…ദാ പത്ത് മിനുട്ട് ഇപ്പോൾ എത്തു

…”

“മ്ം സൂക്ഷിച്ചു ഡ്രൈവ് ചെയ്യ്…ഫസ്റ്റ് പീരിയഡ് ശ്രാവൺ സാർ ആണ് അത് മറക്കണ്ട….”

“മ്ം…ഞാൻ വേഗന്ന് അങ്ങ് എത്തിക്കോളാം….”

“മ്ം….”

ഫോൺ വെച്ചു കൊണ്ടവൾ വണ്ടി എടുത്തു…. അന്നവൾ പതിവിലും വേഗത്തിലായിരുന്നു വണ്ടിയോടിച്ചത്….

കോളേജ് ഗേറ്റിനടുത്ത് ഹരി മാത്രമേ ഉണ്ടായിരുന്നുള്ളു…ബാക്കി കുട്ടികളൊക്കെ ഇതിനോടകം തന്നെ ക്ലാസിൽ കയറിയിരുന്നു…

ഹരിക്ക് അടുത്തായി നിവി വണ്ടി നിർത്തി…. ഒരു നിമിഷം ആരെയോ പ്രതീക്ഷിച്ചെന്നത് പോലെ നിവിയുടെ കണ്ണുകൾ പല ദിശകളിലേക്ക് നീണ്ടു….

“നീ ആരെയാ  ഈ നോക്കുന്നത്…ഇപ്പോൾ തന്നെ സമയം താമസിച്ചു….”

“ഞാൻ…. ഞാൻ ആരെ നോക്കാനാ…..”

വണ്ടിയെടുത്തു കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്…

പാർക്കിംഗ് ഏരിയായിൽ വണ്ടി വച്ചു കൊണ്ട്  ധൃതിയിൽ നിവിയും ഹരിയും മുകളിലുള്ള കോണി കയറി…

ശ്വാസം കിട്ടാതെ നിവി വയറിൽ കൈ വച്ചു കൊണ്ട് ദീർഘമായിട്ടൊന്ന് ശ്വസിച്ചു…

“നിവി വേഗം വാ…”

“എന്നെ കൊണ്ട് വയ്യ.. ഇനി….”

”ഇങ്ങോട്ട് വാ…”

ഹരി അവളുടെ കൈയ്യിൽ പിടിച്ചു കൊണ്ട് ക്ലാസ്സിന്റെ മുൻപിലേക്ക് നടന്നു….

“ഭാഗ്യം…സാറ് വന്നിട്ടില്ലെന്ന് തോന്നുന്നു….”

ആശ്വാസപൂർവ്വം നെഞ്ചിലേക്ക് കൈ വച്ച് കൊണ്ടായിരുന്നു ഹരിയത് പറഞ്ഞത്…

അതിനു മറുപടിയായി നിവി യാന്ത്രികമായൊന്ന് മൂളി..

ക്ലാസ്സിൽ സാറ് ഇല്ലാത്തത് കൊണ്ട് കുട്ടികളോരോരുത്തരും വർത്തമാനം പറഞ്ഞും കളിച്ചും ചിരിച്ചും ബഹളമുണ്ടാക്കി കൊണ്ടേയിരുന്നു….

“എന്താടീ ആലോചിക്കുന്നത്…??”

“ഏയ് ഒന്നൂല ഹരി…നെക്സ്റ്റ് മന്ത് ഇന്റേണൽ അല്ലേ…അതേ പറ്റി ഓർക്കുവായിരുന്നു…”

“ശരിക്കും…?”

“ദേ ഹരി…”

“അല്ലാ എനിക്ക് തോന്നി നീ അലനേ പറ്റി….”

“മതി…എന്ത് പറഞ്ഞാലും അലൻ…ഒന്ന് നിർത്തുന്നുണ്ടോ ഈ ടോപിക്..”

“നിവി…നീ ഞാൻ പറയുന്നത് പൂർണ്ണമായിട്ടൊന്ന് കേൾക്ക്….നിനക്ക് അവനോടു പ്രണയം തോന്നാൻ വേണ്ടിയല്ല ഞാനിത് ഇടയ്ക്കിടെ ചോദിക്കുന്നത് അങ്ങനെ എന്തെങ്കിലും ഉണ്ടേൽ നിന്നെ പറഞ്ഞു തിരുത്താൻ വേണ്ടിയാ…..

ഇന്ദു ആന്റിക്ക് നിധിയേച്ചിയേക്കാൾ വിശ്വാസമാണ് നിന്നെ…ആ വിശ്വാസം നീ ആയിട്ട് ഇല്ലാതാക്കരുത്….”

മറുപടി ഒന്നും പറയാതെ നിവി അലസമായിട്ടൊന്ന് മൂളി…

പിന്നീടുള്ള മൂന്ന് ദിവസങ്ങളിൽ അവൾ അലനേ കണ്ടിതേയില്ല…..അവൾ പോകുന്നിടത്തൊക്കെയും അവളറിയാതെ അവളുടെ കണ്ണുകൾ അവനേ തിരഞ്ഞു കൊണ്ടേയിരുന്നു..

“ഇപ്പോൾ എന്താ ഹരി അയാളെ കാണാത്തത്..??”

ഒരു ദിവസം ക്ലാസ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു നിവി ഹരിയോടായിട്ടത് ചോദിച്ചത്

“ആരെ..?”

“അലനേ…”

“കാണാത്തത് അല്ലേ നല്ലത്….നമ്മളായിട്ട് ഓടിച്ചു വിടേണ്ടി വന്നില്ലല്ലോ…”

“എന്നാലും….;”

“എന്താടീ ഇപ്പോൾ ഇങ്ങനെ…??”

“അറിയില്ല ഹരി….അയാളെ കാണാത്തപ്പോൾ എന്തോ പോലെ…..എനിക്ക് അയാള മറക്കാൻ പറ്റാത്തത് പോലെ തോന്നുവാ…..

മറക്കാൻ നോക്കുമ്പോൾ ഓർമ്മയിലേക്ക് ആ മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുവാ…..”

“നിനക്ക് അലനോട് ഇഷ്ടം തോന്നി തുടങ്ങിയോ..??”

“അറിയില്ല…അമ്മയെയും അച്ഛനേയും ഒക്കേ ഓർക്കുമ്പോൾ…. എനിക്ക് ഇപ്പോൾ വല്ലാത്ത ഭയം തോന്നുവാ….ഞാനും ചേച്ചിയെ പോലെ ആയാൽ അവര് രണ്ടാളും…..

എനിക്ക് പേടിയാകുവാ ഹരി…”

“നീ വെറുതെ ഓരോന്നൊക്കെ ആലോചിച്ചു ടെൻഷനാവാതെ…”

“മ്ം…”

“നമുക്ക് ഇന്നൊരു സിനിമയ്ക്ക് പോയാലോ…??”

“ഏയ് അതൊന്നും വേണ്ട ഹരി….അമ്മ അറിഞ്ഞാൽ കൊന്ന് കളയും….”

“ആഹ് ബെസ്റ്റ്….എന്നിട്ടാണോ പ്രണയിക്കാൻ നടക്കുന്നത്…??”

ഹരിയുടെ ആ ചോദ്യം ചെന്ന് പതിഞ്ഞത് നിവിയുടെ ഹൃദയത്തിലായിരുന്നു…

“ദേ നല്ല മഴ വരാൻ പോകുന്നു….നിന്റെ കൈയ്യിൽ റെയിൻ കോട്ട് ഉണ്ടോ??”

ഹരിയായിരുന്നു നിവിയോടായിട്ടത് ചോദിച്ചത്

“ഇല്ലാ….”

“എന്നാൽ മഴ തോർന്നിട്ട് പോകാം…വെറുതെ മഴയത്ത് പോയി അസുഖം ഒന്നും വിളിച്ചു വരുത്താൻ നിൽക്കണ്ട…”

“നമുക്ക് ഒരു ജ്യൂസ് കുടിച്ചാലോ…??”

“ഹോ..എന്റെ ഹരി..നീ ഇനി വീട്ടിലേക്ക് തന്നെയല്ലേ പോകുന്നത്…അടങ്ങി ഒതുങ്ങി അവിടെയെങ്ങാനും നിൽക്ക്…”

“പ്ലീസ് നിവി ഒന്ന് വാ…അതോ അതിനും ഇന്ദു ആന്റിയുടെ സമ്മതം വേണോ..??”

“ഓ…ഞാൻ വരാം…”

അവരിരുവരും റോഡ് ക്രോസ് ചെയ്തു ഓപ്പോസിറ്റ് ഉള്ള ബേക്കറിയിലേക്ക് നടന്നു…

രണ്ട് ജ്യൂസിന് ഓർഡർ കൊടുത്ത് ഫോണും നോക്കി ഇരിക്കുവായിരുന്നു നിവി…

“നിവി ദേ അങ്ങോട്ട് നോക്കിയേ….അലനും ലീന മിസ്സും…”

ഓപ്പോസിറ്റ് ടേബിളിൽ ഇരുന്ന അലനേയും മിസ്സിനേയും നിവിയ്ക്ക് കാണിച്ചു കൊടുത്തത് ഹരിയായിരുന്നു…

കാണാൻ ആഗ്രഹിച്ച മുഖത്തെ കുറേ നാള് കൂടി കണ്ട സന്തോഷത്തിൽ നിവിയുടെ നോട്ടം മുഴുവനും അവനിൽ മാത്രമായിട്ടൊതുങ്ങി….

ഇടയ്ക്കിടെ നെറ്റിയിലേക്ക് അടർന്നു വീഴുന്ന മുടിയിഴകളെ ഒതുങ്ങി വച്ചു കൊണ്ട് ടീച്ചറോട് എന്തോ കാര്യമായി സംസാരിക്കുകയായിരുന്നു അവൻ

“നിവി….ആള്കള് ശ്രദ്ധിക്കുന്നു…”

ഹരി കൈയ്യിൽ നുള്ളിയപ്പോഴായിരുന്നു നിവിക്ക് സ്വബോധം വന്നത്…..അത് വരെ അവൾ മറ്റേതോ ലോകത്തിലായിരുന്നു…

“വേഗം കുടിക്ക്..മഴ ഇപ്പോൾ തോരും..”

“മ്ം…മ്ം…”

എപ്പോഴോ എതിർ വശത്തിരുന്ന അലന്റെ നോട്ടം അവളിലേക്ക് പാളി വീണു…. പക്ഷേ അവളത് അറിഞ്ഞിരുന്നില്ല…

ബില്ല് പേ ചെയ്യാൻ നിന്നപ്പോഴായിരുന്നു രണ്ടാളും പരസ്പരം കണ്ടത്…

പറഞ്ഞറിയിക്കാൻ പറ്റാത്തൊരു വികാരം രണ്ടു പേരുടേയും കണ്ണുകളിൽ നിറഞ്ഞു നിന്നു….

നിവിക്ക് അവളുടെ കണ്ണുകളെ കടിഞ്ഞാണിട്ടു നിർത്താനായില്ല….അവളുടെ മിഴികൾ അവനിലേക്ക് നീണ്ടു കൊണ്ടേയിരുന്നു…

“നിവി വാ പോകാം…”

ഹരി നിവിയുടെ കൈക്ക് പിടിച്ചു മുന്നോട്ടു നടക്കുമ്പോഴും നിവിയുടെ നോട്ടം അലനിലായിരുന്നു…

അവനേ നോക്കി ചിമ്മിയടയുന്ന അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നു….

ഒരു വേള അവന്റെ കണ്ണുകളും അവളുടെ അധരങ്ങളും ഒരു പോലെ വിടർന്നു വന്നു….

മറ്റാർക്കും മനസ്സിലാകാത്ത അവരുടെ പ്രണയത്തിന്റെ ഭാഷ മൗനമായി മാറി…

(തുടരും)

 

രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ

കൃഷ്ണവേണി

ഗംഗ

ലക്ഷ്മി

ഇമ

പൗമി

അമ്മുക്കുട്ടി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!