അവനേ നോക്കി ചിമ്മിയടയുന്ന അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നു….
ഒരു വേള അവന്റെ കണ്ണുകളും അവളുടെ അധരങ്ങളും ഒരു പോലെ വിടർന്നു വന്നു….
മറ്റാർക്കും മനസ്സിലാകാത്ത അവരുടെ പ്രണയത്തിന്റെ ഭാഷ മൗനമായി മാറി…
“എന്താ നിവി ഇതൊക്കെ…??”
നിവിയെ അവളുടെ സ്കൂട്ടിയുടെ അടുത്ത് കൊണ്ടുവന്ന് നിർത്തിയ ശേഷമായിരുന്നു ഹരിയത് ചോദിച്ചത് ..
നിവയപ്പോഴും ഏതോ മായിക ലോകത്തായിരുന്നു…
“നിവി ഞാൻ ചോദിച്ചത് നീ കേട്ടോ…??”
അവൾക്ക് സ്വബോധം വരാൻ വേണ്ടി ഹരി അവളുടെ കൈയ്യിലൊന്ന് തട്ടി.
“എന്താ ഹരി…??”
“എല്ലാം ശരിക്ക് ആലോചിച്ചിട്ടാണോ നീ….”
“ഇപ്പോഴത്തെ എന്റെ സിറ്റുവേഷൻ നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല….അവന്റെ പ്രണയം സത്യമാണെന്നും അവനെ വിട്ടുകളയരുതെന്നും ആരോ കാതിൽ മൂളുന്നത് പോലെ തോന്നുവാ….
എന്താ ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ല…”
“നിവീ….നീ ഒരു നിമിഷം ഗോപൻ അങ്കിളിനേയും ഇന്ദു ആന്റിയേയും കുറിച്ച് ആലോചിക്കു….നിഥിയേച്ചി ചെയ്ത തെറ്റ് നീ കൂടി ആവർത്തിച്ചാൽ മുന്നോട്ടു സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ചിന്തിക്കു….”
“നീ എന്തൊക്കെയാ ഹരി പറയുന്നത്…??
ചേച്ചി ചെയ്തത് പോലെ പത്തൊൻപത് വർഷത്തെ ബന്ധങ്ങൾ വെറും ഒരു വെള്ളക്കടലാസിൽ എഴുതി അവസാനിപ്പിച്ചിട്ട് എനിക്ക് പോകാൻ കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…??നീ അങ്ങനെയാണോ എന്നെ മനസ്സിലാക്കിയത്…?”
“നീ അങ്ങനെ ഒരിക്കലും ചെയ്യില്ലെന്ന് അറിയാം… എന്നാലും ഞാൻ..”
കൂടുതൽ കേൾക്കാൻ താൽപര്യമില്ലാ എന്ന അർത്ഥത്തിൽ നിവി ഒന്ന് തലയാട്ടി കൊണ്ട് വണ്ടിയിലേക്ക് കയറി….
“നിവി വീണ്ടും മഴ പെയ്യാൻ സാധ്യതയുണ്ട് കുറച്ചു കഴിഞ്ഞിട്ട് പോ…”
പിന്നിൽ നിന്ന് ഹരിയത് വിളിച്ചു പറയുന്നത് കേട്ടെങ്കിലും അതൊന്നും വക വയ്ക്കാതെ നിവി വണ്ടി മുന്നോട്ടെടുത്തു…
അവൾക്ക് ഒരു നിമിഷം ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നി…ചെകുത്താനും കടലിനും നടുവിൽ പെട്ട അവളുടെ അവസ്ഥയോർത്ത് അവൾക്ക് സ്വയം സഹതാപം തോന്നി…
ആർത്തലച്ചു പെയ്ത മഴയിൽ അവളുടെ തേങ്ങലിന്റെ ശബ്ദം അലിഞ്ഞില്ലാതെയായി…..
വണ്ടി ഗേറ്റിനുള്ളിലേക്ക് കയറുമ്പോൾ തന്നെ അവൾ കണ്ടിരുന്നു ഉമ്മറത്ത് നിൽക്കുന്ന ഇന്ദുവിനെ..
“വരാൻ താമസിക്കുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടെ നിവി…?”
മറുപടി അവളൊരു മൂളലിൽ ഒതുക്കി…
“നീ ഹെൽമറ്റ് വെച്ചില്ലേ…??മഴയാണെങ്കിൽ നിനക്ക് ഏതേലും കടയുടെ സൈഡിലേക്കോ മറ്റോ കയറി നിന്നൂടെ ഇങ്ങനെ മഴയും നനഞ്ഞ് വരണോ…??
ആ റെയിൻ കോട്ട് എടുത്തു ബാഗിൽ വച്ചൂടായിരുന്നോ നിനക്ക്…??”
നിവിയൊന്നും മിണ്ടിയതേയില്ല ചെന്നപാടെ അവൾ ഉമ്മറപ്പടിയിലേക്കിരുന്നു…
“ഹാ…മഴത്തുള്ളി നിന്റെ മുഖത്തേക്കാ വീഴുന്നത് അകത്തേക്ക് കയറ് നിവി…”
അവൾക്ക് അരികിലായി ഇരുന്ന് മഴത്തുള്ളികളാൽ ദേഹത്തേക്ക് നനഞ്ഞൊട്ടിയ ഷോളിനെ അടർത്തി മാറ്റി കൊണ്ടായിരുന്നു ഇന്ദു അത് പറഞ്ഞത്
പൊടുന്നനെ അപ്രതീക്ഷിതമായി നിവിയുടെ കൈകൾ ഇന്ദുവിനെ വട്ടം ചുറ്റി….മഴത്തുള്ളികൾ പകർന്നു നൽകിയ തണുപ്പിൽ വിറങ്ങലിച്ചു പോയ അവളുടെ മുഖം ഇന്ദുവിന്റെ തോളിലേക്ക് അമർത്തി കൊണ്ട് നിവി പൊട്ടിക്കരഞ്ഞു…
പെട്ടന്നുണ്ടായ നിവിയുടെ ഭാവമാറ്റത്തിൽ ഇന്ദു അടിമുടി വിറച്ചു…
“എന്താ മോളെ എന്താ പറ്റിയത്…??”
“ഒന്നൂല്ല….”
ധൃതിയിൽ ഇന്ദുവിന്റെ തോളിൽ നിന്ന് നിവി മുഖമടർത്തി മാറ്റി…
“പറയ്യ് എന്താ പറ്റിയത്…??”
“ഞാൻ….. നിധിയേച്ചി അമ്മയോടും അച്ഛനോടും ചെയ്തത് പോലെ ഞാനും…. ഞാനും അങ്ങനെ ചെയ്യുമെന്ന് അമ്മ വിശ്വസിക്കുന്നുണ്ടോ…??”
“എന്താ മോളെ നീ ഇങ്ങനൊക്കെ ചോദിക്കുന്നത്…??”
“അമ്മ പറയ്യ്…”
“ഇല്ല….നീ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന പൂർണ ബോധ്യം എനിക്കുണ്ട്…നിധിയല്ല നിവി..
മറ്റുള്ളവരുടെ മനസ്സും അവരുടെ വിഷമങ്ങളുമൊക്ക മറ്റാരേക്കാളും നന്നായി മനസ്സിലാക്കാൻ നിനക്ക് കഴിയും….അങ്ങനെയുള്ള നീ ഞങ്ങളെ വിഷമിപ്പിക്കില്ല….”
നിവിയൊന്നും മിണ്ടിയില്ല….അലച്ചുതല്ലി പെയ്യുന്ന മഴയിലേക്ക് കണ്ണു കൂർപ്പിച്ചു കൊണ്ടവൾ ഇരുന്നു….
“ദേ ഇരുന്നു മഴ നനയാതെ എഴുന്നേറ്റ് പോയി തല തുവർത്ത്….”
നിവി പതിയെ ഇരുന്നിടത്തു നിന്നെഴുനേറ്റ് മുറിയിലേക്ക് നടന്നു…
തല പോലും തുവർത്താതെ അവൾ കട്ടിലിലേക്ക് കിടന്നു…..
അവളുടെ ഓർമ്മകളിൽ അലൻ നിറഞ്ഞു നിന്നു….മറക്കാൻ ഒരു തവണ ശ്രമിക്കുമ്പോൾ നൂറ് തവണ മനസ്സിൽ തെളിഞ്ഞു വരുന്ന അധ്യായം ‘അലൻ’ കണ്ണിൽ നിന്ന് കവിളിലേക്ക് അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികളെ കൈത്തണ്ടയാൽ ഒപ്പിയെടുത്തു കൊണ്ട് എപ്പോഴോ അവളുറങ്ങി….
രാത്രി ഇന്ദു വാതിലിൽ തട്ടിയപ്പോഴായിരുന്നു അവളുണർന്നത്
ധൃതിയിൽ വേഷം മാറിയ ശേഷം അവൾ വാതിൽ തുറന്നു….
“എന്തെടുക്കുവായിരുന്നു ഇത്ര നേരം…??”
“ഞാനൊന്ന് ഉറങ്ങി…”
“മ്ം…ഭക്ഷണം കഴിക്കാൻ വാ…”
“എനിക്കൊന്നും വേണ്ടമ്മേ…”
“അതെന്താ വയ്യേ…??എന്നാൽ ഞാൻ ഇങ്ങോട്ട് കൊണ്ടുവരട്ടേ…?”
“വേണ്ട ഞാൻ വന്നോളാം…”
മനസ്സില്ലാമനസ്സോടെ അവൾ താഴേക്ക് ഇറങ്ങി ചെന്നു…
“നിവീ….”
താടിക്ക് കൈയ്യും കൊടുത്ത് വെറുതെ ഭക്ഷണത്തിലേക്ക് നോക്കി ഇരുന്ന അവളെ വിളിച്ചത് ഗോപനായിരുന്നു…
“എന്താ അച്ഛാ…?”
“കഴിക്കുന്നില്ലേ?”
“ഉണ്ട്…”
“എന്താ മോളുടെ മുഖത്തൊരു ടെൻഷൻ പോലെ..??”
“എക്സാമൊക്കെ വരുവല്ലേ…??അതിന്റെയാവും..”
അതും പറഞ്ഞു ധൃതിയിൽ എന്തൊക്കെയോ കഴിച്ചിച്ചെന്നു വരുത്തി അവൾ എഴുന്നേറ്റു…
“എന്താ ഗോപേട്ടാ അവൾക്ക് പറ്റിയത്…??വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു…ഇന്നൊരു വക പഠിച്ചിട്ടും ഇല്ല….
എക്സാമിന്റെ ടെൻഷൻ ആണേൽ വല്ലതും പഠിക്കണ്ടേ…??”
“എന്റെ ഇന്ദു…താനിങ്ങനെ എല്ലാം സംശയ കണ്ണോടെ നോക്കി കാണാതെ..”
“മ്ം…”
മുറിയിലേക്ക് ചെന്നപാടെ നിവി കിടന്നു…അവളുടെ സ്വപ്നങ്ങളിലെപ്പോഴോ അലനെത്തി….മഴയിൽ നനഞ്ഞു കുതിർന്നു ഒരുപിടി ചുവന്ന റോസാപ്പൂക്കളുമായവൻ അവൾക്ക് പിന്നാലെ ചുറ്റി സഞ്ചരിച്ചു….
രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റ് അവൾ കോളേജിൽ പോകാൻ റെഡിയായി…
“അമ്മേ ഞാൻ ഇറങ്ങുവാ….”
ഉമ്മറപ്പടിയിലേക്ക് ഇറങ്ങി നിന്ന് ഹാളിൽ നിന്ന ഇന്ദുവിനെ നോക്കി കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്
“ഇത്ര നേരത്തെയോ..??”
മുറ്റത്ത് കാറ് കഴുകി കൊണ്ടിരുന്ന ഗോപനായിരുന്നു അതിനു മറുപടി പറഞ്ഞത്.
“അത് അച്ഛാ ഒരു അസൈമെന്റ് എഴുതാൻ ഉണ്ടായിരുന്നു ഹരിയത് കംപ്ലീറ്റ് ചെയ്തിട്ടില്ല…എന്റേത് നോക്കി അവൾക്ക് പറഞ്ഞു കൊടുക്കണം….ഇന്നാണ് ലാസ്റ്റ് ഡേറ്റ്..”
“മ്ം….മുഖമൊക്കെ എന്താ വല്ലാതിരിക്കുന്നത്…??”
“ചെറിയൊരു തല വേദന അതിന്റെയാ….”
“മ്ം…സൂക്ഷിച്ചു പോ..”
അയാൾക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ വണ്ടിയിൽ കയറി
പതിവ് പോലെ കോളേജ് ഗേറ്റിനടുത്ത് ഹരിയും അലനും ഉണ്ടായിരുന്നു…
നിവി അവർക്ക് അടുത്തായി വണ്ടി നിർത്തി..ശേഷം ബാഗ് തുറന്ന് അസൈമെന്റ് എടുത്തു ഹരിക്ക് നേരെ നീട്ടി..
“മുഴുവനും ഉണ്ട്…ചെറിയ ചേയ്ഞ്ചസ് വരുത്തി നീ എഴുത്…എന്നിട്ട് ഒരുമിച്ച് സബ്മിറ്റ് ചെയ്തേക്കു…
ഞാൻ ഇപ്പോൾ വരാം ഒരു ഫൈവ് മിനിട്ട്സ്..”
അലനെ അടി മുടിയൊന്ന് നോക്കി കൊണ്ടായിരുന്നു അവസാന വാചകങ്ങൾ അവൾ പറഞ്ഞത്…
”മ്ം..വേഗം വരണം ഫസ്റ്റ് പീരിയഡ് ലീനമിസ്സ് ആണ്…”
“മ്ം…”
ഹരി പോയതും നിവി അലനെയൊന്ന് നോക്കി
“എന്താ…??”
മറുപുറത്ത് നിന്ന് അവന്റെ ചോദ്യമുയർന്നു…
“അല്ലാ എന്താ മാഷ്ടെ ഉദ്ദേശം….??എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ പ്രേമിക്കാൻ ഇറങ്ങി തിരിച്ചത്….??
മാഷ്ക്ക് അറിയാത്ത ഒരുപാട് പ്രശ്നങ്ങൾ ഉള്ള ആളാ ഞാൻ…”
“എന്നാൽ പറയ് എന്തൊക്കെയാ തന്റെ പ്രശ്നങ്ങൾ…??”
മറുഭാഗത്ത് നിന്നുള്ള അവന്റെയാ ചോദ്യം അവളെ ചെറുതായൊന്ന് ചൊടിപ്പിച്ചു..
“എനിക്ക് വീട്ടിൽ ഒരുപാട് പ്രോബ്ലംസ് ഉണ്ട്…..തനിക്ക് അറിയുവോ എന്റെ ചേച്ചി ഞങ്ങളെ ആരെക്കുറിച്ചും ചിന്തിക്കാതെ അവൾക്ക് ഇഷ്ടപ്പെട്ട ജീവിതം തേടി പോയി….ഞാനും അത് തന്നെ ആവർത്തിച്ചാൽ… അമ്മയ്ക്കും അച്ഛനും അതൊന്നും സഹിക്കില്ല…
ഞാനിപ്പോൾ ജീവിക്കുന്നത് പോലും അവർക്കു വേണ്ടിയാ..
പിന്നൊരു കാര്യം എപ്പോഴൊക്കെയോ ഞാനും നിങ്ങളെ അറിയാതെ സ്നേഹിച്ചു പോയി….പക്ഷേ അതൊന്നും ശരിയാവില്ല ദയവു ചെയ്തു ഇങ്ങനെ വഴിയിൽ വന്ന് നിന്ന് ആളുകളെ കൊണ്ട് അതും ഇതും പറയിപ്പിക്കരുത്…പ്ലീസ്..”
“താൻ എന്താടോ ഇങ്ങനൊക്കെ പറയുന്നത്…..ഇരുട്ടിന്റെ മറവിൽ ആരും അറിയാതെ കൈപിടിച്ച് ഇറക്കി കൊണ്ട് പോകാനല്ല ഞാൻ തന്നെ പ്രണയിച്ചത്….
എന്തോ കണ്ടപ്പോൾ ഒരിഷ്ടം തോന്നി…അത് താൻ പറയുന്നത് പോലെ ഒരു തവണ കണ്ടപ്പോൾ തോന്നിയ വെറും ഒരിഷ്ടമല്ല…പല തവണ പലപ്പോഴായി കണ്ട് എപ്പോഴോ മനസ്സിൽ കയറി കൂടിയതാണ് നീ….
പിന്നെ നീ പറയും മുൻപേ നിന്നെ അറിഞ്ഞിരുന്നു ഞാൻ…. എല്ലാം അറിഞ്ഞപ്പോഴും നിന്നോടുള്ള ഇഷ്ടം കൂടിയതേ ഉള്ളു….”
അവൻ പറയുന്നതിനുള്ള മറുപടിയെല്ലാം അവൾ വെറുമൊരു മൂളലിൽ ഒതുക്കി….
“സങ്കടം വരുമ്പോൾ പെട്ടന്ന് മുഖം പൊത്തി കരയുന്ന സ്വഭാവവും പിന്നെ വീട്ടുകാർക്ക് വേണ്ടി മാറ്റി വെച്ച നിന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും….അങ്ങനെ അങ്ങനെ നീ പറയാതെ തന്നെ എന്നെ നിന്നിലേക്ക് അടുപ്പിച്ച ഒരുപാട് ഘടകങ്ങളുണ്ട്….”
“ഞാൻ പറയാതെ തന്നെ എന്നെ ഇത്രയേറെ മനസ്സിലാക്കുന്ന ഒരാൾ…. ഇത് തന്നെയായിരുന്നില്ലേ എന്റെ ആഗ്രഹവും..”
അവളത് മനസ്സിലോർത്തു…
“ടോ…ഇനി എനിക്ക് വേണ്ടത് ഒരു മറുപടിയാണ്…അത് തരാൻ തനിക്ക് മാത്രേമേ കഴിയു…”
“എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി….ചിരിക്കുമ്പോൾ വിടർന്നു വരുന്ന കണ്ണുകളും…എത്ര പ്രകോപിപ്പിച്ചാലും ദേഷ്യം വരാത്ത സ്വഭാവവും അതിനേക്കാളുപരി എനിക്ക് ഇഷ്ടമായത് മറ്റാരേക്കാളും എന്നെ മനസ്സിലാക്കിയ നിങ്ങളുടെ മനസ്സാണ്….”
അവനോടു പറയാനുള്ള മറുപടി മനസ്സിലൊന്ന് പറഞ്ഞു നോക്കിയ ശേഷം അവൾ കണ്ണുകളൊന്ന് ഇറുക്കിയടച്ചു….
“അമ്മയ്ക്ക് ഇനി നീയേ ഉള്ളൂ…..”
പണ്ടെപ്പോഴോ കരഞ്ഞു തളർന്നു കൊണ്ട് ഇന്ദു പറഞ്ഞ ആ വാചകങ്ങൾ പൊടുന്നനെ നിവിയുടെ കാതോരം ഒഴുകിയെത്തി…..അവൾ നെറ്റി ചുളിച്ചു….
അമ്മയുടെ സ്നേഹത്തേയും അലന്റെ പ്രണയത്തേയും ഒരേ തുലാസിന്റെ രണ്ട് തട്ടുകളിൽ വെച്ച് അളന്നപ്പോൾ അമ്മയുടെ തട്ട് താണ് നിന്നു…
“നിവി ഐ വാണ്ട് ആൻ ആൻസർ…”
“സോറി അലൻ…
എനിക്ക് നിങ്ങളെ ഇഷ്ടമല്ല….ദയവ് ചെയ്തു ഒരു ശല്ല്യമായി ഇങ്ങനെ പിന്നാലെ വരരുത്….വന്നാൽ, എനിക്ക് അറിയാം അലൻ ലീന മിസ്സിന്റെ മകൻ ആണെന്ന്….ഞാൻ മിസ്സിനോട് കംപ്ലയിന്റ് ചെയ്യും…”
അവന്റെ മുഖത്തു നോക്കാതെ മറ്റെവിടേക്കോ ദൃഷ്ടി പതിപ്പിച്ചു കൊണ്ടായിരുന്നു അവളത് പറഞ്ഞത്…
“ഇതല്ലാ നീ പറയാൻ വന്നതെന്ന് എനിക്ക് അറിയാം എന്നേക്കാൾ നന്നായി നിനക്കും അറിയാം…. ആർക്കു വേണ്ടിയാ നിവി നീ ഇങ്ങനെ സ്വന്തം ഇഷ്ടങ്ങളൊക്കെ വേണ്ടന്ന് വയ്ക്കുന്നത്…
ഇന്നലെ കോഫിഷോപ്പിൽ വച്ച് നീ നോക്കിയ നോട്ടത്തിൽ നിന്റെ കണ്ണുകളിൽ ഞാൻ തെളിഞ്ഞു കണ്ടതാ നിനക്ക് എന്നോടുള്ള പ്രണയം….എന്നെ കാണാതിരുന്ന് കണ്ടതിലുള്ള നിന്റെ സന്തോഷം….
എന്നിട്ടും നീ എന്തിനാ….?”
“ഒന്ന് പോകുവോ പ്ലീസ്….”
അത് പറയുമ്പോൾ അവളുടെ ശബ്ദം ഇടറിയിരുന്നു….അവൻ കാണാതെ മറ്റേതോ ദിശയിലേക്ക് ചരിച്ചു പിടിച്ച മുഖമവൾ അമർത്തി തുടച്ചു….കണ്ണുകൾ ഇറുക്കിയടച്ചു… ദ്രുതഗതിയിൽ രണ്ടു തുള്ളി കണ്ണീര് അവളുടെ കൺകോണിലൂടെ ഒഴുകിയിറങ്ങി…
കോളേജ് ഗേറ്റിനപ്പുറം നിർത്തിയിട്ട കാറിനടുത്തേക്ക് അവൻ നടന്നു പോകുന്നതവൾ സ്കൂട്ടിയുടെ സൈഡ് മിററിലൂടെ കണ്ടു….പതിയെ പതിയെ നിറഞ്ഞു വന്ന അവളുടെ മിഴികൾ ആ കാഴ്ചയേ മറച്ചു….
പാർക്കിംഗ് ഏരിയായിൽ വണ്ടി വച്ചിട്ട് മുഖം അമർത്തി തുടച്ച് ഒന്നും സംഭവിക്കാത്തത് പോലവൾ ക്ലാസ്സിലേക്ക് നടന്നു….
ധൃതിയിൽ അസൈമെന്റ് എഴുതുകയാണ് ഹരി..
“അലനോട് എന്തു പറഞ്ഞു…??”
എഴുതി കൊണ്ടിരുന്നതിൽ നിന്ന് മുഖമുയർത്താതെയായിരുന്നു അവൾ അത് ചോദിച്ചത്
“നോ പറഞ്ഞു..”
ഫസ്റ്റ് പീരിയഡ് പഠിക്കാനുള്ള ബുക്കെടുത്ത് ഡെസ്ക്കിലേക്ക് വച്ചു കൊണ്ടായിരുന്നു നിവിയത് പറഞ്ഞത്.
ഹരി മുഖമുയർത്തി നിവിയേ നോക്കി
“പിന്നെയൊന്നും പറയാതെ നിവി ഹരിയുടെ തോളിലേക്ക് മുഖം ചേർത്തു…”
“ഇത്രയേറെ ഇഷ്ടമായിരുന്നുവെങ്കിൽ തുറന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്….”
ചെറിയ ഏങ്ങലടികൾ പുറത്ത് വരാതിരിക്കാനായി ടവ്വലു കൊണ്ട് വാ പൊത്തി പിടിച്ചിരിക്കുകയായിരുന്നു നിവി…
“ഇല്ല ഹരി…അങ്ങനെ പറഞ്ഞാൽ.. അച്ഛൻ..അമ്മ….അവർക്ക് ഇനി ഞാനല്ലേ ഉള്ളു….
ഞാനും ചേച്ചിയേ പോലെ ആണെന്നറിഞ്ഞാൽ സഹിക്കാൻ പറ്റില്ല അവർക്ക്…
ഇതാകുമ്പോൾ എന്റെ സങ്കടം ഞാൻ മാത്രം അറിഞ്ഞാൽ മതിയല്ലോ….മറിച്ചായാൽ എന്റെ സന്തോഷത്തിനു വേണ്ടി ഒന്നും അറിയാത്ത രണ്ടുപേരുടെ കണ്ണീര് കൂടി ഞാൻ കാണണ്ടേ…അതിലും നല്ലത് ഇതല്ലേ..?”
നിവിയുടെ ആ ചോദ്യത്തിന് മുന്നിൽ ഹരിക്ക് ഉത്തരം മുട്ടി…
“ദാ മിസ്സ് വരുന്നു….”
വാതിൽക്കലേക്ക് നോക്കി കൊണ്ടായിരുന്നു ഹരിയത് പറഞ്ഞത്
“മ്ം…”
അന്നത്തെ ദിവസം ക്ലാസ്സിൽ നിവിയൊന്നും സംസാരിച്ചതേയില്ല…..
ക്ലാസ്സിൽ ടീച്ചറെത്തുമ്പോൾ മാത്രം ക്ലാസിൽ ശ്രദ്ധിച്ചു നേരെ ഇരിക്കും അല്ലാത്തപ്പോൾ ഡെസ്ക്കിലേക്ക് മുഖം ചേർത്ത് കുനിഞ്ഞു കിടക്കും…
നിവിക്ക് എന്ത് പറ്റി എന്നുള്ള മറ്റു കുട്ടികളുടെ ചോദ്യത്തിന് തലവേദനയെന്ന് ഉത്തരം പറഞ്ഞത് ഹരിയായിരുന്നു
ക്ലാസ്സിലെ ഓരോ നിമിഷവും ഓരോ മണിക്കൂറുകൾ പോലെ നിവി തള്ളി നീക്കി.
“നിവീ….തലവേദനയാണെന്ന് മിസ്സിനോട് പറഞ്ഞിട്ട് നീ വേണേൽ പൊയ്ക്കോ…നോട്ട്സ് എല്ലാം ഞാൻ വാട്ട്സപ്പ് ചെയ്യാം….”
“വേണ്ട ഹരി…ഐ ആമ് ഓക്കേ…”
“നെക്സ്റ്റ് പീരിയഡ് ശ്രാവൺ സാറാണ്…. ‘
“മ്ം…അറിയാം…”
പതിവിനു വിപരീതമായി അൽപം തമാശ കലർത്തിയായിരുന്നു ശ്രാവൺ അന്ന് ക്ലാസ്സെടുത്തത്…നിവിയൊഴികെ ബാക്കി എല്ലാവരും ശ്രാവണിന്റെ തമാശകൾക്ക് പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു…അവൾ മാത്രം വൈറ്റ് ബോർഡിൽ നിന്നു കണ്ണെടുക്കാതെ തറഞ്ഞിരുന്നു…
ഹരി കൈയ്യിൽ തട്ടി പറഞ്ഞപ്പോഴായിരുന്നു ക്ലാസ് കഴിഞ്ഞെന്ന കാര്യം പോലും നിവി അറിഞ്ഞത്…
യാന്ത്രികമായി ഹരിയുടെ കൈ പിടിച്ചവൾ താഴേക്കുള്ള സ്റ്റെപ്പുകൾ ഇറങ്ങി…
പതിവുപോലെ ഹരിയെ കോളേജ് ഗേറ്റിനടുത്ത് ഇറക്കി….
നിവിയുടെ കണ്ണുകൾ തിരക്കിനിടയിലും അലനെ തിരഞ്ഞു…
“സൂക്ഷിച്ചു പോണേ നിവി…”
ഹരിക്കുള്ള മറുപടിയായി ഒന്ന് തലകുലുക്കി കൊണ്ടവൾ വണ്ടി മുന്നോട്ടെടുത്തു…
വഴിയോരങ്ങളോരോന്നും മുന്നോട്ടു താണ്ടുമ്പോഴും അവളുടെ ചിന്തകളിൽ നിറഞ്ഞു നിന്നതെല്ലാം അലനായിരുന്നു…
ജനിപ്പിച്ചവർക്കു വേണ്ടി അവൾ നഷ്ടപ്പെടുത്തി കളഞ്ഞ പ്രണയം
അലന്റെ ഓർമ്മകളിൽ മുഴുകിയിരുന്നത് കൊണ്ട് വീടെത്തിയത് പോലും അവൾ അറിഞ്ഞിരുന്നില്ല
വണ്ടി പോർച്ചിലേക്ക് വച്ചു കൊണ്ട് അവൾ അകത്തേക്ക് കയറി….
ടൈനിംങ് ഹാളിൽ തന്നെ ഇന്ദു ഉണ്ടായിരുന്നു…
അവരുടെ മുഖത്തെന്തോ വയ്യായ്ക കണ്ടു കൊണ്ടായിരുന്നു നിവി അവർക്ക് അടുത്തേക്ക് നടന്നത്
“എന്താമ്മേ മുഖമൊക്കെ വല്ലാണ്ട് ഇരിക്കുന്നത്..??പനിയുണ്ടോ..??”
അവരുടെ നെറ്റിയിലേക്ക് വിരൽ ചേർത്ത് കൊണ്ടായിരുന്നു നിവിയത് ചോദിച്ചത്
“നിവി…നീ ഞങ്ങളോട് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ അല്ലേ…?”
പെട്ടന്നുണ്ടായ ഞെട്ടലിൽ ഇന്ദുവിന്റെ നെറ്റിയിലേക്ക് ചേർത്ത കൈ നിവി പിന്നോട്ട് വലിച്ചു
(തുടരും)
ഇഷ്ടമാകുമായിരിക്കുമെന്ന് വിശ്വസിക്കുന്നു…ഒത്തിരി സ്നേഹത്തോടെ
രചന: ശ്രീലക്ഷ്മി അമ്പാട്ടുപറമ്പിൽ അമ്മുക്കുട്ടി
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
അമ്മുക്കുട്ടിയുടെ മറ്റു നോവലുകൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Annorunalil written by Sreelekshmy Ambattuparambil
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission