“ആദിയേട്ടാ….?”
“ഉം…?”
ആദിത്യൻ കണ്ണുകൾ തുറക്കാതെ തന്നെയാണ് മൂളിയത്.. കോളേജ് ക്യാൻറ്റീനിന് പിറകിലെ വാകമരച്ചുവട്ടിലായിരുന്നു അവർ.. കണ്ണുകളടച്ചു മരത്തിലേക്ക് ചാരിയിരുന്നിരുന്ന ആദിത്യന്റെ നെഞ്ചിലേക്ക് തല ചായ്ച്ചിരിക്കുകയായിരുന്നു ഭദ്ര.. അവൾക്ക് ദേഷ്യം വന്നു തുടങ്ങിയിരുന്നു..
“ആദിയേട്ടാ..”
“എന്താടി..?”
പിന്നെയും അവൾ കുലുക്കി വിളിച്ചപ്പോൾ അവൻ ഈർഷ്യയോടെ കണ്ണുകൾ തുറന്നു..
“ഉം..?”
“അതേയ്.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ…?”
അവളുടെ ചോദ്യം കേട്ടപ്പോഴേ ആദിത്യന്റെ ചുണ്ടിലൊരു ചിരി തെളിഞ്ഞു..
“ഉം ചോദിക്ക് ചോദിക്ക്..നിന്റെ ഇളക്കം കണ്ടാലേ അറിയാം എനിക്കിട്ടുള്ള പണിയാണ് വരണതെന്ന്..”
“ഹും..”
ഭദ്ര പൊടുന്നനെയാണ് വലംകയ്യിന്റെ മുട്ട് കൊണ്ട് ആദിത്യന്റെ നെഞ്ചിൽ ഇടിച്ചത്..
“ഡീ ഭദ്രകാളി.. നീ എന്റെ പൊക കണ്ടേ അടങ്ങുള്ളൂവല്ലേ.. ഒന്ന് പറഞ്ഞു രണ്ടാമത്തേന് എന്റെ നെഞ്ചു ഇടിച്ചു കലക്കുവല്ലേടി നിന്റെ ഹോബി..”
നെഞ്ചു തടവിക്കൊണ്ട് ആദിത്യൻ പറയുന്നത് കേട്ട് അവളൊരു അവിഞ്ഞ ചിരി ചിരിച്ചു..
“അത് പിന്നെ ഞാൻ സീരിയസ് ആയിട്ടൊരു കാര്യം ചോദിക്കാൻ തുടങ്ങിയപ്പോൾ കളിയാക്കിയിട്ടല്ലേ..?”
ആദിത്യൻ തെല്ലു സംശയത്തോടെ അവളെ നോക്കി..
“എന്താണ് മാഡത്തിന് ഇപ്പോൾ ഇത്ര വല്യ സംശയം..?”
“അത്..”
അവൾ പിന്നെയും അവനെ നോക്കി..
“ഹാ.. പറയെടി..”
“അത് നമ്മുടെ വിവാഹത്തിന് ആദിയേട്ടന്റെ വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ…എന്നെ അവർക്ക് ഇഷ്ടമായില്ലെങ്കിലോ ?”
ആദിത്യൻ ഒരു നിമിഷം ഒന്നും മിണ്ടാതെ അവളെ നോക്കിയിരുന്നു പിന്നെ പൊട്ടിച്ചിരിച്ചു…
“എന്റെ പെങ്കൊച്ചെ,ഇന്നും നാളെയും ഒന്നുമല്ലല്ലോ കല്യാണം.. അതിന് ഇനിയും വർഷങ്ങൾ കിടക്കുന്നു…”
ഭദ്ര മുഖം വീർപ്പിച്ചു അവനെ നോക്കി..
“ഞാൻ ചോദിച്ചതിന് ഉത്തരം പറ..എന്നെ വേണ്ടാന്ന് വീട്ടുകാർ പറഞ്ഞാൽ എന്ത് ചെയ്യും..?”
ആദിത്യൻ ചിരി അടക്കി പിടിച്ചു കൊണ്ട് ഭദ്രയെ നോക്കി..
“വേറെന്ത് ചെയ്യാൻ.. വീട്ടുകാര് പറയുന്ന പെണ്ണിനേയും കെട്ടി നാലഞ്ച് പിള്ളേരെയും ഉണ്ടാക്കി സുഖമായങ്ങു ജീവിക്കും…”
“ഡോ..”
ആദിത്യന് അവളുടെ കൈയിൽ പിടി കിട്ടുന്നതിന് മുൻപേ ഭദ്ര അവന്റെ ഷർട്ടിന്റെ കോളറിൽ കയറി പിടിച്ചിരുന്നു..
“താൻ വേറെ കെട്ടുവോ.. എന്നാൽ അവളെയും തന്നെയും ഞാൻ വെട്ടി കൊല്ലും..”
ഭദ്ര അവന്റെ മുഖത്തിനടുത്തേക്ക് മുഖം അടുപ്പിച്ചു കൊണ്ട് പറഞ്ഞു..
ആദിത്യൻ ചിരിയോടെ തന്നെ ആ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം കൊണ്ട് അവളുടെ കൈ വിടുവിച്ചു തന്നിലേക്ക് ചേർത്തിരുത്തി രണ്ടു കൈകളും മുൻപോട്ടാക്കി കൂട്ടി പിടിച്ചു.. ഭദ്ര കുതറിയെങ്കിലും അവൻ വിട്ടില്ല..
“എന്നെ കൊന്നിട്ട്…? എന്നിട്ട് നീ എന്ത് ചെയ്യും..അപ്പോൾ തന്റെ ദേഷ്യം തീരുവോ.. ഉം..?”
കുസൃതിച്ചിരിയോടെ ആദിത്യൻ ചോദിച്ചു..
“ഇഷ്ടമാണെന്നും പറഞ്ഞു പിന്നാലെ നടന്നു എന്റെ മനസ്സ് പിടിച്ചു വാങ്ങിയിട്ട് എന്നെ കളിപ്പിച്ചാൽ വെച്ചേക്കില്ല ഞാൻ..”
തന്നെ ചുറ്റിപിടിച്ച അവന്റെ കൈകൾ വിടുവിക്കാൻ ശ്രെമിക്കുന്നതിനിടെ ഭദ്ര പിറുപിറുത്തു .. പൊടുന്നനെ ആദിത്യന്റെ നിശ്വാസം അവളുടെ കഴുത്തിൽ തട്ടി.. അവൻ അവളുടെ തോളിലേക്ക് താടി ചേർത്തു വെച്ചു…
“അങ്ങനെ ചെയ്യാനാണോ പെണ്ണേ താഴിട്ട് പൂട്ടിയ ഈ കരിങ്കല്ല് പോലുള്ള ഹൃദയം കള്ളതാക്കോൽ വെച്ച് ഞാൻ അടിച്ചു മാറ്റിയത്..”
പറഞ്ഞതും അടുത്ത നിമിഷം ഭദ്രയുടെ ചുമലിൽ അവന്റെ പല്ലുകളാഴ്ന്നു..
“ആ.. വിട് വിട്..എനിക്ക് നോവുന്നു..”
ഭദ്ര പിടഞ്ഞെങ്കിലും ആദിത്യൻ അവളെ ഇറുകെ പിടിച്ചിരുന്നു..
“ഇത് ഇമ്മാതിരി കുനുഷ്ട്ട് ചോദ്യങ്ങൾ ചോദിക്കുന്നതിന്.. പിന്നെ മിനിട്ടിനു മിനിട്ടിന് എന്റെ നെഞ്ച് ഇടിച്ചു കലക്കുന്നതിനും…”
“എനിക്ക് ശരിക്കും വേദനിച്ചു..”
ആദിത്യൻ ചിരിച്ചു..
“ഇത് വെറും ടെസ്റ്റ് ഡോസ്.. നിന്റെ കയ്യിലിരിപ്പ് വെച്ച് ഇങ്ങനെ പലതും ഇടയ്ക്കിടെ കിട്ടി കൊണ്ടിരിക്കും..”
“ഹും…”
ഭദ്ര മിണ്ടാതെ അനങ്ങാതെ ഇരുന്നു..
ആദിത്യന്റെ ചുണ്ടുകൾ അവളുടെ ചെവിയ്ക്ക് താഴെ അമർന്നു..പിന്നെ കാതോരം പതിയെ പറഞ്ഞു..
“ഞാൻ പറഞ്ഞതല്ലേ പെണ്ണേ ആദിത്യന്റെ ജീവിതത്തിൽ ഒരു പെണ്ണേ ഉണ്ടാവൂ.. ഈ ഭദ്രകാളി.. ഇപ്പോഴും വിശ്വാസമില്ലേ നിനക്ക്..?”
“പേടിച്ചിട്ടാ ആദിയേട്ടാ.. ആദിയേട്ടൻ വേറൊരു പെണ്ണിനെ നോക്കുന്നത് പോലും എനിക്ക് സഹിക്കില്ല..”
ആദിത്യന്റെ പതിഞ്ഞ ചിരി ഭദ്രയ്ക്ക് അപ്പോഴും കാതോരം കേൾക്കാമായിരുന്നു..
കാളിയാർമഠത്തിലെ തന്റെ മുറിയിൽ,ജനലിനരികെ നിൽക്കുമ്പോൾ ഭദ്രയുടെ മനസ്സ് അറിയാതെ ഓർമ്മകളിലേക്ക് വഴുതിപ്പോയി..
പൂമുഖത്തു നിന്നും കേട്ട പാർവതിയുടെ പൊട്ടിച്ചിരിയാണ് ഭദ്രയെ ഉണർത്തിയത്.. തൊട്ടു പിറകെ ആദിത്യന്റെ ശബ്ദവും..
ഭദ്ര മുഖം അമർത്തി തുടച്ചു.. കണ്ണിൽ അപ്പോഴും ഒരു നീർതുള്ളി അടരാൻ മടിച്ചു നിൽക്കുന്നുണ്ടായിരുന്നു..
“എന്റെ പാറൂട്ടി,നിന്റെ പൊട്ടത്തരങ്ങൾ കേട്ട് രാവിലെ തന്നെ എന്റെ വയറു നിറഞ്ഞു.. ഒന്ന് നിർത്തണുണ്ടോ നീ..”
ആദിത്യന്റെ വാക്കുകൾ കേട്ടുകൊണ്ടാണ് ഭദ്ര കോലായിലേക്ക് ഇറങ്ങിയത്.. പത്രം വായിക്കുന്ന ആദിത്യനരികെ ചാരുപടിയിൽ ഇരിക്കുകയായിരുന്നു പാർവതി.. ഭദ്രയെ കണ്ടതും ആ മുഖം മങ്ങി.. ഭദ്ര അവളെ ശ്രെദ്ധിച്ചതേയില്ല…
ഭദ്ര തൊട്ടുമുൻപിൽ എത്തിയപ്പോഴാണ് ആദിത്യൻ മുഖമുയർത്തിയത്.. ഭദ്രയുടെ ഭാവം കണ്ടു ആ മുഖത്ത് അമ്പരപ്പ് നിറഞ്ഞു..
“ആദി സാർ..എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്..”
ഭദ്രയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു..
“പറയൂ..”
ഒരു നിമിഷത്തിനു ശേഷമാണ് അയാൾ പറഞ്ഞത്..
ഭദ്ര പാർവതിയെ ഒന്ന് നോക്കി. അവിടെ ഉണ്ടക്കണ്ണും തള്ളിപിടിച്ച് വായയും തുറന്നിരിക്കയാണ്..
“ഇവിടെ വെച്ചല്ല..”
“ഇവിടെ വെച്ച് പറയാൻ പറ്റുന്നത് പറഞ്ഞാൽ മതി..”
ആദിത്യന്റെ വാക്കുകൾ കേട്ടതും പാർവതിയുടെ മുഖത്തൊരു പരിഹാസച്ചിരി തെളിഞ്ഞു വരുന്നത് ഭദ്ര കണ്ടു. അവൾക്കങ്ങു വിറഞ്ഞു കയറി..
ഭദ്ര ആദിത്യന്റെ കൈയിലെ പത്രം പിടിച്ചു വാങ്ങി പാർവതിയുടെ മടിയിലേക്കിട്ടു.. അവളുടെ നീക്കം എന്തെന്നറിയാതെ ആശയക്കുഴപ്പത്തിലായ ആദിത്യന്റെ മുൻപിൽ കൈകൾ മാറിൽ പിണച്ചു നിന്നവൾ പറഞ്ഞു..
“എനിക്ക് സംസാരിക്കാനുള്ളത് വർഷങ്ങൾക്ക് മുൻപുള്ള കാര്യങ്ങളാണ്.. എന്നോട് പറഞ്ഞ…”
“വാ..”
അവളെ തുടരാൻ അനുവദിക്കാതെ ആദിത്യൻ പെട്ടെന്ന് എഴുന്നേറ്റു അകത്തേക്ക് നടന്നു..പിറകെ ഭദ്രയും.. പാർവതിയുടെ മുഖം ഇരുണ്ടു…
ആദിത്യന്റെ പിറകെ ഭദ്ര ഗോവണിപ്പടികൾ കയറിപോവുമ്പോൾ ഇടനാഴിയിൽ അവരെ നോക്കി നിൽക്കുകയായിരുന്ന ശ്രീദേവിയമ്മയെ അവർ കണ്ടിരുന്നില്ല..
“എന്താണ് ശ്രീഭദ്രാ മാഡത്തിന്റെ വാക്കുകളിൽ ഒരു ഭീഷണി ലൈൻ…?എന്റെ പേരിൽ വഞ്ചനക്കേസ് വല്ലതും കൊടുക്കാൻ ഉദ്ദേശമുണ്ടോ…?”
ആദിത്യന്റെ വാക്കുകളിൽ പരിഹാസം നിറഞ്ഞിരുന്നു..
“എന്തിന്..? നിങ്ങളെപ്പോലെ നട്ടെല്ലില്ലാത്ത ഒരുത്തനെ പ്രേമിച്ചതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോ…”
ഭദ്ര പൂർത്തിയാക്കുന്നതിനു മുൻപേ തന്നെ ആദിത്യൻ അവളുടെ കൈ പിടിച്ചു തിരിച്ചിരുന്നു…
“വായിൽ തോന്നുന്നത് വിളിച്ചു പറഞ്ഞാലുണ്ടല്ലോ.. അമ്മ വിളിച്ചു താമസിപ്പിച്ചതാണെന്നൊന്നും ഞാൻ നോക്കൂല..”
അമർത്തിയ ശബ്ദത്തിൽ ആദിത്യൻ പറഞ്ഞപ്പോൾ ഭദ്ര ചിരിച്ചു..
“അത് കേൾക്കുമ്പോൾ പൊള്ളുന്നുണ്ടോ നിങ്ങൾക്ക്..? ഒരു പെണ്ണിനെ സ്നേഹിച്ചു മോഹിപ്പിച്ചിട്ട് അവസാനം ഒന്നും പറയാതെ പോയവനെ പിന്നെന്ത് പറയണം..”
ആദിത്യൻ അവളുടെ കൈയിലെ പിടുത്തം വിട്ടതും ഭദ്ര കൈ കുടഞ്ഞു.. അവൾക്ക് കൈ നല്ലോണം വേദനിച്ചിരുന്നു..
കുറച്ചു സമയം ആരും ഒന്നും പറഞ്ഞില്ല..
“എനിക്കറിയണം.. എന്തിന് ഒന്നും പറയാതെ എന്നെ വിട്ടുപോയെന്ന്… അറിഞ്ഞേ പറ്റൂ..”
“അറിഞ്ഞാൽ…”
കൈവരിയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോക്കി നിന്നിരുന്ന ആദിത്യൻ മെല്ലെ തല ചെരിച്ചു അവളെ നോക്കി…
“അറിഞ്ഞാൽ നീ തിരിച്ചു പോവുമോ…?”
കുറച്ച് കഴിഞ്ഞു ഭദ്ര പറഞ്ഞു…
“ആദ്യം പറയ്..”
“ഇവിടെ ഉണ്ടായ ദുരന്തത്തെ പറ്റി നിനക്കറിയാം..എന്റെ അച്ഛനും സഹോദരങ്ങളും…കർമ്മങ്ങൾക്കൊക്കെ വന്നത് ഭട്ടതിരിപ്പാട് ആയിരുന്നു.. ഈ മനയ്ക്കൽ ഇനിയൊരു വിവാഹം നടക്കില്ല.. ഞാൻ വിവാഹം കഴിച്ചാൽ ആ പെൺകുട്ടി മരിച്ചു പോകും…”
ഭദ്ര ഒന്നും പറഞ്ഞില്ല..ആദിത്യൻ ഇടങ്കണ്ണിട്ട് അവളെ നോക്കി..
“ആദിയേട്ടൻ അമ്മയോട് പറയണം…”
“എന്ത്…?”
“അച്ഛനെ വിളിച്ചു നമ്മുടെ വിവാഹക്കാര്യം സംസാരിക്കാൻ…”
“ഭദ്രാ… നീയെന്ത് വിഡ്ഢിത്തമാണ് പറയുന്നത്…?”
ഭദ്ര അവന്റെ അരികിലേക്ക് നീങ്ങി നിന്നു..
“ഒരു ദിവസമെങ്കിൽ ഒരു ദിവസം ആദിനാരായണന്റെ താലിയണിയണം എനിക്ക്.. മാരണത്തെ എനിക്ക് പേടിയില്ല.. “
ആദിത്യൻ ഒന്നും പറയാതെ നിൽക്കവേ ഭദ്ര തിരിഞ്ഞു നടന്നു..
“കാളിയാർമഠത്തിലെ എല്ലാവരെയും തേടിയെത്തിയ യമദൂതൻ ആദിയേട്ടനെയും അമ്മയെയും മാത്രം വെറുതെ വിട്ടെങ്കിൽ അതിലെന്തോ കാരണം കാണില്ലേ..?”
ഗോവണിപ്പടികൾ ഇറങ്ങാൻ തുടങ്ങുന്നതിനു മുൻപേ ഭദ്ര പറഞ്ഞ വാക്കുകൾ കേട്ട് ആദിത്യൻ തരിച്ചു നിന്നു…
“ഉണ്ടാവും… അതെന്തെന്ന് കണ്ടെത്തണം..”
വീണ്ടും പറഞ്ഞു,അവനെ ഒന്നു നോക്കി ഭദ്ര പടികളിറങ്ങി.. ആദിത്യൻ വീണ്ടും ആലോചനയിലാണ്ടു..
പറഞ്ഞത് തെറ്റിപ്പോയി..മരണത്തിന് പോലും അവളുടെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിയില്ലെന്ന് പറഞ്ഞവളാണ്..
വിവാഹം കഴിഞ്ഞാൽ മരിക്കുന്നത് താനാണെന്ന് പറഞ്ഞിരുന്നുവെങ്കിൽ.. ഒരു പക്ഷെ…
ഇല്ല.. അവളെ അങ്ങനെയൊന്നും പിന്തിരിപ്പിക്കാൻ സാധിക്കില്ല…
ഒരു തരി പോലും കുറഞ്ഞു പോവാതെ അവളോടുള്ള പ്രണയം മനസ്സിൽ പൂട്ടിവെച്ചിട്ടുണ്ട്..താനല്ലാതെ മറ്റൊരാളെ അവളുടെ ജീവിതത്തിൽ സങ്കൽപ്പിക്കാൻ പോലുമാവുന്നില്ല….ഓരോ തവണയും അവളെ അവഗണിക്കുമ്പോൾ ഉള്ള് നീറുന്നുണ്ട്.. പക്ഷെ അറിഞ്ഞുകൊണ്ട് അവളെ അപകടത്തിലേക്ക് തള്ളിയിടാൻ വയ്യ…
കാളിയാർമഠം ഇപ്പോൾ ഒരു അരക്കില്ലമാണെന്ന് എങ്ങനെ അവളെ പറഞ്ഞു മനസിലാക്കും..
ഭദ്രയെ ഇവിടുന്ന് പറഞ്ഞയച്ചേ മതിയാവൂ.. തന്റെ ജീവിതത്തിൽ നിന്നും.. എന്നെന്നേക്കുമായി..
ആദിത്യൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു.. അനന്തപത്മനാഭൻ എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ഡയൽ ചെയ്യുമ്പോൾ അയാൾ മനസ്സിൽ പറഞ്ഞു…
ഇനിയും വൈകിയാൽ അപകടമാണ്..
ആദിത്യന്റെ കണ്ണിൽ പെടാതെ മട്ടുപ്പാവിലെ ഒരു കോണിൽ കൈവരിയിൽ ചുറ്റികിടന്ന കറുത്ത നാഗത്തിന്റെ കണ്ണുകൾ ചുവന്നു തിളങ്ങി.. പകയെരിയുന്ന കണ്ണുകൾ…
ഭദ്ര താഴേക്ക് ചെന്നപ്പോൾ പാർവതി പോയിരുന്നു.. പതിവിന് വിപരീതമായി ദേവിയമ്മ കൂടുതലൊന്നും സംസാരിച്ചില്ല.. ഭദ്രയ്ക്ക് വല്ലായ്മ തോന്നി..
വൈകുന്നേരം ആദിത്യൻ പുറത്തേക്കിറങ്ങി പോവുമ്പോൾ ഭദ്ര പൂമുഖത്തിരിപ്പുണ്ടായിരുന്നു.. അയാൾ അവളെ നോക്കിയതേയില്ല.. ആദിത്യന്റെ ബൈക്ക് മതിൽക്കെട്ടിനു പുറത്തെത്തിയപ്പോഴാണ് ദേവിയമ്മ അവൾക്കരികെ വന്നിരുന്നത്..
“മോളേ…”
“അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ..?”
ഭദ്ര ചെറുചിരിയോടെ ചോദിച്ചു..
“അത്.. അത് മോൾക്ക് ആദിത്യനെ നേരത്തെ അറിയാമോ…?”
പ്രതീക്ഷിച്ച ചോദ്യം ആയിരുന്നിട്ടും അവളൊന്ന് പതറി.. പിന്നെ മെല്ലെ മൂളി…
“ഉം….”
എങ്ങനെ എന്ന് ചോദിച്ചില്ലെങ്കിലും അവരുടെ മുഖത്ത് ആ ചോദ്യം ഉണ്ടായിരുന്നു..
“ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചതാണ്.. എന്റെ സീനിയർ ആയിരുന്നു ആദിയേട്ടൻ…”
“നിങ്ങൾ തമ്മിൽ…?”
ഭദ്ര തലകുനിച്ചിരുന്നു.. പിന്നെ പതിയെ പറഞ്ഞു…
“ഇഷ്ടമായിരുന്നു..അത്.. അത് വെറുമൊരു ഇഷ്ടമായിരുന്നില്ല.. ജീവിതാവസാനം വരെ കൂടെയുണ്ടാവുമെന്ന് പറഞ്ഞിട്ട് പെട്ടെന്നൊരു ദിവസം ഒന്നും പറയാതെ പോയി..”
അവളുടെ കണ്ണിൽ നനവൂറിയിരുന്നു…
“മോളേ…”
ദേവിയമ്മ അവളുടെ താടിയിൽ പിടിച്ചുയർത്തി.. കണ്ണുകൾ തുടച്ചു കൊടുത്തു…
“അപ്പോൾ അവന്റെ അവസ്ഥ അതായിരുന്നു.. സമനില കൈവിട്ടു പോവുന്ന രീതിയിലായിരുന്നു എന്റെ കുട്ടി.. അതാവും അവൻ….”
“ഇപ്പോഴോ അമ്മേ..?എൻ്റെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നത്…? ഒഴിവാക്കുന്നത്..?
പെട്ടെന്നൊരു പൊട്ടിക്കരച്ചിലോടെ അവൾ അവരെ കെട്ടിപ്പിടിച്ചു.. ദേവിയമ്മയുടെ മുഖത്ത് വാത്സല്യമായിരുന്നു.. അവർ അവളുടെ മുടിയിൽ തഴുകി…
“കരയല്ലേ മോളേ.. ന്റെ നന്ദന്റെ കുട്ടിയല്ലേ നീ.. ന്റെ ആദീടെ പെണ്ണായി നീ വരുന്നതിലും വല്യ സൗഭാഗ്യം വേറെണ്ടോ.. ഞാൻ സംസാരിക്കാം അവനോട്…”
ഭദ്ര മുഖം തുടച്ചു നേരെ ഇരിക്കുമ്പോഴാണ് കണ്ടത്…അവരെ നോക്കി നിൽക്കുന്ന ആദിത്യന്റെ.. അവന്റെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞിരുന്നു.. ചവിട്ടിതുള്ളി അകത്തേക്ക് കയറി പോവുന്നത് കണ്ടു ദേവിയമ്മ അവളെ നോക്കി കണ്ണുകൾ അടച്ചു കാട്ടി…
ഇതെപ്പോൾ വന്നു.. വണ്ടിയുടെ ശബ്ദം കേട്ടില്ലല്ലോ.. ബൈക്ക് മുറ്റത്തു തന്നെ ഉണ്ടായിരുന്നു..
ആദിത്യൻ അത്താഴം കഴിക്കാനും ഇറങ്ങി വന്നില്ല…ഭദ്ര പലതവണ മൊബൈലിൽ വിളിച്ചെങ്കിലും അയാൾ കട്ട് ചെയ്തു.. പിന്നെ സ്വിച്ചഡ് ഓഫ്..
ഏറെ വൈകിയാണ് ഭദ്ര ഉറങ്ങിയത്..
നീലിമലക്കാവിനുള്ളിൽ നിന്നും മണികൾ മുഴങ്ങുന്നതിനൊപ്പം മന്ത്രോച്ചാരണവും കേൾക്കാമായിരുന്നു.. കോവിലിനു പുറത്ത് കൈകൾ കൂപ്പി നിന്നിരുന്ന അവളുടെ ചുണ്ടിൽ ദേവീ സ്തുതികളായിരുന്നു.. തൊട്ടപ്പുറത്തെ കാലഭൈരവ പ്രതിമയിൽ കൂവളമാല ചാർത്തിയിരുന്നു.. ശിലയ്ക്ക് മുൻപിൽ ദീപങ്ങൾ തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു..
മണിയൊച്ചയോടൊപ്പമാണ് നട തുറന്നത്.. ദീപപ്രഭയിൽ മഹാകാളിയുടെ മുഖം വിളങ്ങി.. ദേവിയുടെ ചുണ്ടിൽ തനിക്കായി ഒരു ചിരി വിടരുന്നത് പോലെ അവൾക്ക് തോന്നി..
സുമുഖനായ ശാന്തിക്കാരൻ പ്രസാദം ചിരിയോടെ അവളുടെ കൈകളിലേക്കിട്ടു കൊടുത്തു.. തിരിച്ചൊരു പുഞ്ചിരി അവളും കൊടുത്തു…
“അശ്വതി തമ്പുരാട്ടി ഇത്തിരി വൈകിയോ..?”
“കുറച്ചു വൈകി ഉണ്ണി.. ഇന്നലെ കച്ചേരി കഴിഞ്ഞു ഹരിയേട്ടൻ വന്നിരുന്നു.. കിടക്കുമ്പോൾ വൈകി..”
തലയാട്ടി ചിരിയോടെ മാധവനുണ്ണി വീണ്ടും കോവിലിനുള്ളിലേക്ക് കയറി പോയി..
ഒരിക്കൽ കൂടെ ദേവിയെ വണങ്ങി തിരിഞ്ഞു നടക്കുമ്പോഴാണ് ആൽത്തറയ്ക്കരികിലൂടെ നടന്നു വരുന്ന ആളെ അവൾ കണ്ടത്.. ഹരിയേട്ടൻ..അവളുടെ കണ്ണുകൾ തിളങ്ങി.. ചുണ്ടിൽ ചിരി തെളിഞ്ഞു..പക്ഷെ അവളെ കണ്ടിട്ടും ആൾക്ക് വല്യ ഭാവഭേദം ഒന്നുമുണ്ടായില്ല..
“അശ്വതി തൊഴുതു കഴിഞ്ഞോ…?”
“ഉം…”
കൈയിലെ വാഴയിലക്കീറ് അവന് നേരെ നീട്ടിയെങ്കിലും അയാൾ അവളെ നോക്കാതെ ചന്ദനമെടുത്ത് നെറ്റിയിൽ വരച്ചു നടന്നകന്നു.. അശ്വതി അയാൾ പോവുന്നതും നോക്കി നിന്നു…
കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.. കല്യാണത്തിനു ഇനി ആഴ്ചകളേയുള്ളൂ.. പക്ഷെ ഹരിയേട്ടൻ….”
അവളുടെ മിഴികൾ നിറഞ്ഞു വന്നു….
പൊടുന്നനെ ആ കൃഷ്ണമണികളിൽ നീല നിറം കലർന്നു …
കണ്ണുകളിൽ തിളങ്ങിയത് പകയായിരുന്നു…
“നീയാണ്… നീയാണ്… കാരണം.. കാത്തിരിക്കുകയായിരുന്നു ഞാൻ.. പകയാൽ നീറിപുകഞ്ഞ് ….നിന്റെ പ്രണയം ഒരിക്കലും സഫലമാവില്ല.. എന്നെ പോലെ നീയും ഗതികിട്ടാതെ അലയും…”
അശ്വതി തമ്പുരാട്ടിയുടെ സ്ഥാനത്തു നിറഞ്ഞ പുകച്ചുരുളുകൾക്കിടയിലൂടെ തന്റെ നേർക്കു ചൂണ്ടുന്ന വിരലുകൾ ഭദ്ര കണ്ടു..
പകയെരിയുന്ന നീലമിഴികളും…
സ്വപ്നത്തിൽ നിന്നും അമർത്തിയ നിലവിളിയോടെ ഭദ്ര ഞെട്ടിയെഴുന്നേൽക്കുമ്പോൾ മുറിയിൽ പാലപ്പൂവിന്റെ മണമായിരുന്നു.. അവൾ കൊളുത്തിടാൻ മറന്നിരുന്ന ജനൽപ്പാളികൾ കാറ്റിൽ ഇളകുന്നുണ്ടായിരുന്നു…
(തുടരും )
കാളിയാർമഠത്തെപറ്റിയോ അശ്വതി തമ്പുരാട്ടിയെ പറ്റിയോ നാഗമാണിക്യം ആദ്യഭാഗത്തിൽ പറഞ്ഞിട്ടില്ല…
ഭദ്രയും രുദ്രയും.. അനന്തന്റെയും പത്മയുടെയും മക്കൾ.. അവരുടെ കഥയാണ് ഇത്.. അനന്തനും പത്മയും ഇല്ലാതെ ഇത് പൂർണ്ണമാവില്ലല്ലോ..
കാളിയാർമഠത്തിലെ അശ്വതിയെപ്പറ്റിയും മുറച്ചെറുക്കൻ ഹരികൃഷ്ണനെപ്പറ്റിയും നീലിമലക്കാവിലെ പൂജാരി മാധവനുണ്ണിയെ പറ്റിയും പറഞ്ഞതാണ്.. അവരുടെ മരണത്തെ പറ്റിയും… അവരെയാണ് ഭദ്ര സ്വപ്നത്തിൽ കാണുന്നത്…കാരണം പറയാം…
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
🔻 ആരോ ഒരാൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Waiting for the next part 🥰
Waiting aanu with very exitement,wt to be next