Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 13

Online Malayalam Novel Neelamizhikal

“അനന്തേട്ടാ… ഭദ്ര.. നമ്മുടെ മോള്… അവള്..എനിക്കവളെ കാണണം..”

പത്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

“നമുക്ക് പോവാം കാളിയാർ മഠത്തിലേക്ക്.. ഉടനെ..ഒന്നും സംഭവിക്കില്ല അവൾക്ക്.. താനിങ്ങനെ ടെൻസ്ഡ് ആവാതെ …”

അനന്തന്റെ ശബ്ദം ആർദ്രമായിരുന്നു…

“ഞാൻ അപ്പോഴേ പറഞ്ഞതല്ലേ.. അവളെ അങ്ങോട്ട്‌ വിടരുതെന്ന്…”

പത്മ അനന്തനെ നോക്കി…

“വെറുതെ അവളും നമ്മളും ടെൻഷനടിക്കാം  എന്നല്ലാതെ അതിൽ വല്ല കാര്യവും ഉണ്ടോ പത്മാ.. അവൾ ആദിത്യന്റെ കാര്യം തുറന്നു പറഞ്ഞതാണ്..തനിക്കറിയില്ലേ അവളുടെ സ്വഭാവം..ഒരു പക്ഷെ നമ്മൾ തടഞ്ഞാൽ  അവൾ പോവാതിരുന്നേനെ.. പക്ഷെ അവൾ ഹാപ്പിയായി ഇരിക്കുമെന്ന് തനിക്ക് തോന്നുന്നുണ്ടോ…?”

പത്മ ഒന്നും പറഞ്ഞില്ല.. തല താഴ്ത്തി ഇരിക്കുന്ന അവളുടെ അടുത്തായി സോഫയിൽ ഇരുന്നു കൊണ്ട് അനന്തൻ പറഞ്ഞു…

“പത്മാ അവർ വളർന്നു.. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തിയുള്ളവരായി…തെറ്റും ശരിയും പറഞ്ഞു കൊടുത്തു നേർവഴി കാണിച്ചു കൊടുക്കാം എന്നല്ലാതെ ജീവിക്കേണ്ടത് അവരാണ്.. കുറച്ചു എടുത്തു ചാട്ടം ഉണ്ടെങ്കിലും ഭദ്ര സെൻസിബിൾ ആയി കാര്യങ്ങൾ ചെയ്യുന്ന കുട്ടിയാണ്.. ഇപ്പോൾ അവളെ തടഞ്ഞു വെച്ചാൽ പിന്നീടൊരിക്കൽ അവൾ നമുക്ക് നേരെ വിരൽ ചൂണ്ടിയെന്ന് വരാം.. അവളുടെ ജീവിതം അവൾ ജീവിക്കട്ടെ.. വീഴുമെന്ന് തോന്നുമ്പോൾ നമുക്ക് താങ്ങായി നിൽക്കാം..”

“അന്നും ഞാൻ പറഞ്ഞത് കേൾക്കാതെയാണ് അനന്തേട്ടൻ…”

പത്മ അർദ്ധോക്തിയിൽ നിർത്തി…

“ശരിയാണ്.. താൻ പറഞ്ഞത് കേൾക്കാതെ ഞാൻ തന്നെയാണ് അന്ന് അമ്മൂട്ടിയെ നന്ദനയ്ക്കൊപ്പം താമരക്കുളത്തിനരികിലേക്ക് വിട്ടത്.. എന്റെ അശ്രദ്ധ കാരണമാണ്.. അവൾ…”

അനന്തൻ തുടരാനാവാതെ നിർത്തി…

ഒന്നു രണ്ട് നിമിഷങ്ങൾ കഴിഞ്ഞാണ് തുടർന്നത്…

“പക്ഷെ ദത്തൻ തിരുമേനി പറഞ്ഞത് താനും കേട്ടതല്ലേ പത്മാ … അമ്മൂട്ടിയ്ക്ക് അത്രയും ആയുസ്സേ  ഉണ്ടായിരുന്നുള്ളൂ.. മനപ്പൂർവം നമ്മുടെ കുഞ്ഞിനെ ഞാൻ അപകടത്തിലേക്ക് വിടുമോ പത്മ…?”

പത്മ ഒന്നും മിണ്ടിയില്ല…

“ഒരുപാട് തവണ തന്നെ കൺവിൻസ് ചെയ്യാൻ ശ്രെമിച്ചു പരാജയപ്പെട്ടതാണ്.. ചില കാര്യങ്ങൾ തന്നോട് മറച്ചു വെച്ചു എന്നത് സത്യം.. അത്‌ താൻ പിന്നെയും വേദനിക്കും എന്നല്ലാതെ പ്രത്യേകിച്ചു ഒരു കാര്യവുമില്ല എന്നറിയാവുന്നത് കൊണ്ടു മാത്രമാണ്  പത്മാ …”

“വെള്ളത്തിൽ വീണു മരിച്ച്പോയ കുഞ്ഞ്.. വർഷങ്ങൾ കഴിഞ്ഞു വെള്ളത്തിൽ വീണു പോയതല്ല, മറിച്ച് തള്ളിയിട്ടതാണെന്ന് അറിയേണ്ടി വരുന്ന ഒരമ്മയുടെ അവസ്ഥ അനന്തേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല്യാ… എത്ര രാത്രികളിൽ ന്റെ കുഞ്ഞ്  ശ്വാസം കിട്ടാനാവാതെ ആ വെള്ളത്തിൽ കിടന്നു പിടയണത് ന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്നറിയോ അനന്തേട്ടന്…?”

“പത്മാ…”

“എല്ലാത്തിലുമുപരി ശ്വാസനിശ്വാസങ്ങൾ പോലും എനിക്ക് തിരിച്ചറിയാനാവുമെന്ന് ഞാൻ അഹങ്കരിച്ചിരുന്ന അനന്തേട്ടൻ വർഷങ്ങളായി ഈ രഹസ്യം മനസ്സിൽ കൊണ്ടു നടക്കുകയായിരുന്നെന്നത് എനിക്ക് ഒരിക്കലും ഉൾകൊള്ളാനാവില്ല്യ…”

“പത്മാ.. താൻ അതറിഞ്ഞത് കൊണ്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് എനിക്ക് തോന്നി…”

“അല്ലാതെ അനന്തേട്ടന്റെ സുഹൃത്തിന്റെ മകളെ രക്ഷപ്പെടുത്താൻ ആയിരുന്നില്ല്യാ..”

“നന്ദന…അവളും ചെറിയ കുഞ്ഞായിരുന്നില്ലേ  പത്മാ..”

“നന്ദനയാണ് അമ്മൂട്ടിയെ കുളത്തിലേക്ക് തള്ളിയിട്ടത്….അനന്തനും അമാലികയ്ക്കും മാത്രം അറിയാവുന്ന രഹസ്യം..”

“പത്മാ… മതി…”

പത്മയുടെ ചുണ്ടിൽ ആത്മനിന്ദയോടെ ഒരു ചിരി തെളിഞ്ഞു…

“നിങ്ങളുടെ പ്രിയ സുഹൃത്തിന്റെ… അല്ല പ്രിയ സുഹൃത്തിന്റെ വിധവയുടെ വാക്കുകളാണത്.. ന്നോട് പറഞ്ഞത്…”

അനന്തൻ മറുപടി പറയുന്നതിന് മുൻപേ സോഫയിൽ കിടന്നിരുന്ന അനന്തന്റെ മൊബൈൽ റിങ് ചെയ്തു…

“അമല കാളിംഗ്….”

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് പത്മ കണ്ടിരുന്നു.. അടുത്ത നിമിഷം മിഴികൾ ഇടഞ്ഞപ്പോൾ അനന്തൻ ഒന്ന് പതറി.. അയാൾ കോൾ അറ്റൻഡ് ചെയ്തു ഫോൺ ചെവിയിലേക്ക് വെച്ച് എഴുന്നേറ്റപ്പോൾ പത്മ കണ്ണുകൾ അടച്ചു സോഫയിലേക്ക് തല ചാരി വെച്ചിരുന്നു..

അമാലിക…അമല… വിവാഹം കഴിഞ്ഞ നാളുകളിൽ എന്നോ ആണ് ആ പേര് കേൾക്കുന്നത്.. അനന്തേട്ടന്റെ ആത്മസുഹൃത്ത് നവീന്റെ ഭാര്യ.. ആസ്‌ട്രേലിയയിൽ സെറ്റിൽഡ് ആയിരുന്ന അവരെ അനന്തേട്ടനൊപ്പമുള്ള വീഡിയോ കോളിലാണ് ആദ്യമായി പരിചയപ്പെടുന്നത്…

പിന്നെ അനന്തേട്ടന്റെ നിർബന്ധം കൊണ്ടാണ് അങ്ങോട്ടൊരു ഹണിമൂൺ ട്രിപ്പ്‌ പോയതും.. അവിടെ വെച്ച് അമാലിക  അനന്തേട്ടനോട് കാണിച്ച അമിത സ്വാതന്ത്ര്യം കൊണ്ടാണോ എന്തോ ചെറുതായി ഒരിഷ്ടക്കേട്‌ മനസ്സിൽ തോന്നിയിരുന്നു…

വർഷങ്ങൾക്ക് ശേഷമാണ് നവീൻ ആക്‌സിഡന്റ് ആയി മരിച്ചുവെന്ന് അനന്തേട്ടൻ പറഞ്ഞത്.. ആ കണ്ണുകൾ നിറഞ്ഞിരുന്നു…

ചെറുപ്രായത്തിലേ പറക്കമുറ്റാത്ത കുഞ്ഞിനേയും കൊണ്ട് തനിച്ചായി പോയ അമാലികയെ ഓർത്തു സങ്കടം തോന്നിയിരുന്നു…

നാട്ടിൽ തിരിച്ചെത്തിയ അമാലിക പിന്നീടെപ്പോഴാണ് തന്റെ മനസ്സിൽ കരടായി തോന്നി തുടങ്ങിയത്..?

അനന്തേട്ടനോട് പറഞ്ഞപ്പോഴൊക്കെ ചിരിച്ചു തള്ളുകയാണ് ചെയ്തത്.. കുശുമ്പിയെന്ന് വിളിച്ചു കളിയാക്കി.. അല്ലെങ്കിലും അനന്തേട്ടൻ അറിയാത്തതൊന്നും തന്റെ മനസ്സിൽ ഉണ്ടായിരുന്നില്ലല്ലോ…

ൻ്റെ അമ്മൂട്ടീ…

ഇറുകെ അടച്ചിരുന്ന കണ്ണുകളിൽ നിന്നും നീർതുള്ളികൾ പുറത്തേക്ക് വെമ്പാൻ കൊതിക്കുന്ന നിമിഷത്തിലാണ് തൊട്ടരികിൽ നിന്നും ആ ശബ്ദം കേട്ടത്…

“പത്മാ…”

“എനിക്കൊന്ന് തനിച്ചിരിക്കണം… പ്ലീസ്…”

പത്മയുടെ ശബ്ദം മുറുകിയിരുന്നു…

 ######## ######### ##############

“സൂര്യന്റെ ഫാമിലിയെ പറ്റിയൊന്നും എനിക്കറിയില്ല മോളെ.. അവനൊന്നും പറഞ്ഞിട്ടില്ല.. അതേപറ്റി സംസാരിക്കാൻ അവന് വല്യ താല്പര്യമില്ലാത്തത് കൊണ്ട് ഞാനൊന്നും ചോദിച്ചിട്ടുമില്ല…”

ശ്രീനാഥും രുദ്രയും താമരക്കുളത്തിന്റെ പടവുകളിൽ ഇരിക്കുകയായിരുന്നു.. കുളത്തിലെ താമരപ്പൂക്കൾ ഇളംകാറ്റിൽ ആടിക്കൊണ്ടിരുന്നു..

“അല്ല എന്തായിപ്പോൾ എഴുത്തുകാരന്റെ പേർസണൽ ലൈഫിനെ പറ്റിയൊക്കെ ചോദിക്കുന്നത്..? എഴുത്തിനോടുള്ള ഭ്രമം എഴുത്തുകാരനെ പറ്റിയും തോന്നിത്തുടങ്ങിയോ…?”

പകുതി കളിയായും പകുതി കാര്യമായുമാണ് ശ്രീനാഥ് ചോദിച്ചത്…

“ഹേയ് ഞാൻ ചുമ്മാ.. അറിയാൻ വേണ്ടി…”

രുദ്ര പതർച്ച മറയ്ക്കാൻ ശ്രെമിച്ചു കൊണ്ട് പറഞ്ഞു..

“സൂര്യനാരായണൻ.. അവനൊരു പ്രത്യേക  ക്യാരക്ടർ ആണ് രുദ്രാ.. ആർക്കും പിടി കൊടുക്കാത്ത സ്വഭാവം… എവിടെയും ഉറച്ചു നിൽക്കാത്ത പ്രകൃതം..ആരെയും ആകർഷിക്കുന്ന വ്യക്തിത്വം..വർഷങ്ങളായി  എനിക്കവനെ അറിയാം.. ചെറുപ്രായത്തിലേ പേരും പ്രശസ്തിയുമൊക്കെ ആയത് കൊണ്ടുള്ള ദുശീലങ്ങളും നിരവധി…അവനായിട്ട് ആരുടേയും പിറകെ പോയിട്ടില്ലെങ്കിലും ഒരുപാട് സ്ത്രീകൾ അവന്റെ ജീവിതത്തിലൂടെ കടന്നു പോയിട്ടുണ്ട്..”

ശ്രീനാഥിന്റെ വാക്കുകളിൽ ഒളിഞ്ഞു കിടന്ന താക്കീത് രുദ്രയ്ക്ക് തിരിച്ചറിയാൻ ആവുമായിരുന്നു…

“ശ്രീമാമാ ഞാൻ വെറുതെ..”

“ഞാൻ പറഞ്ഞുവെന്നേയുള്ളൂ.. യൂ ആർ സോ ഇന്നസെന്റ് രുദ്രാ.. പത്മേച്ചിയെ പോലെയോ ഭദ്രയെ പോലെയോ അല്ല…”

“ഞാൻ…”

“അങ്ങനെ ഒന്നും മനസ്സിൽ തോന്നരുതെന്നെ ഞാൻ പറഞ്ഞുള്ളൂ.. സൂര്യനെ എനിക്കൊരുപാട് ഇഷ്ടമാണ്.. സുഹൃത്തുക്കൾക്ക് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതമാണ്.. പക്ഷെ എനിക്ക് വലുത് നീയാണ്.. നിനക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാനാവില്ല…”

സൂര്യനാരായണനെ പോലൊരാളുടെ മനസ്സിനെ പിടിച്ചു നിർത്താൻ നിന്റെയീ നിഷ്കളങ്കതയ്ക്കാവില്ല.. അതെങ്ങിനെ നിന്നെ ഞാൻ പറഞ്ഞു മനസ്സിലാക്കിയ്ക്കും..

ശ്രീനാഥ് മനസ്സിൽ പറഞ്ഞു..

“എന്റെ ശ്രീമാമാ ഞാൻ വെറുതെ ചോദിച്ചുവെന്നേയുള്ളൂ… “

രുദ്ര തൊഴുതു കൊണ്ട് പറഞ്ഞു.. പിന്നെ ചിരിയോടെ മയയ്ക്കുന്ന ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു…

“ദേ ഒക്കെ മായ്ച്ചു കളഞ്ഞു…”

രുദ്രയ്‌ക്കൊപ്പം ശ്രീനാഥും പൊട്ടിച്ചിരിച്ചു…

“എന്താണ് അമ്മാവനും അനന്തരവളും  കൂടെ ഇത്ര വല്യ തമാശ.. എന്നോടും ഷെയർ ചെയ്യാമോ..?”

തൊട്ടുപിറകിൽ നിന്നും ആ ശബ്ദം കേട്ടതും രുദ്രയുടെ ഹൃദയമിടിപ്പൊന്ന് കൂടി..

പതിയെ തിരിഞ്ഞു നോക്കിയപ്പോൾ ചിരിയോടെ സൂര്യനാരായണൻ..ബ്ലൂ ഗ്രീൻ ചെക്ക് ഷർട്ടും മുണ്ടും വേഷം.. രുദ്രയ്ക്ക് കണ്ണെടുക്കാൻ തോന്നിയില്ലെങ്കിലും ഫ്രെയിം ലെസ്സ് ഗ്ലാസിനുള്ളിൽ നിന്നും ആ ചെമ്പൻ കണ്ണുകൾ നീളുന്നത് തന്റെ നേർക്കാണെന്ന് തോന്നിയതും അവൾ മുഖം കുനിച്ചു…

“ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞിരുന്നതാടോ.. വാ താനും ഇരിക്ക്..”

ശ്രീനാഥ് കൈ പടവിലേക്ക് ചൂണ്ടികൊണ്ട്  പറഞ്ഞു..

രുദ്രയ്ക്ക് എതിരിലായാണ് സൂര്യൻ ഇരുന്നത്..

“ആക്ച്വലി രുദ്ര അവളുടെ ഫേവറിറ്റ് എഴുത്തുകാരന്റെ വിവരങ്ങൾ ചോർത്തുകയായിരുന്നു…”

“ആഹാ…”

കുസൃതിയോടെയുള്ള നോട്ടം തന്റെ നേർക്കു നീളുന്നത് കണ്ടു രുദ്ര വെപ്രാളം മറയ്ക്കാൻ വെള്ളത്തിലേക്ക് നോക്കി.. അവളുടെ മുഖം ചുവക്കുന്നത് സൂര്യനാരായണൻ കൗതുകത്തോടെ നോക്കിയിരുന്നു ..

“ആരാണ് ആ എഴുത്തുകാരൻ..?”

“ആ ഹതഭാഗ്യൻ താൻ തന്നെയാടോ…”

ശ്രീനാഥ് പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞത് കേട്ട് സൂര്യനും ചിരിച്ചു..

“ആണോ രുദ്ര.. ഐ ആം ഫ്ലാറ്റെർഡ്…”

“ഞാൻ.. വെറുതെ…”

രുദ്ര വാക്കുകൾക്കായി പരതി..

“തന്റെ എഴുത്തിനെ പറ്റി തനിക്ക് അറിയാവുന്നതിൽ കൂടുതൽ ഇവൾക്കറിയാം..”

ശ്രീനാഥ് പറഞ്ഞത് കേട്ട് സൂര്യൻ വീണ്ടും ചിരിച്ചെങ്കിലും രുദ്ര തലയുയർത്തിയതേയില്ല..

“രുദ്രയ്ക്ക് എന്താ അറിയേണ്ടത്.. എന്നോട് ചോദിക്കാലോ.?.”

രുദ്രയ്ക്ക് അയാളെ നോക്കാതിരിക്കാൻ നിർവാഹം ഉണ്ടായിരുന്നില്ല..

“അങ്ങനെയൊന്നുമില്ല സർ, ഈ ശ്രീമാമൻ ഓരോന്ന് വെറുതെ പറയുകയാ..”

സൂര്യൻ വീണ്ടും ചിരിച്ചു..

“ഓ.. ഇയാളുടെ വായിൽ നിന്നും ഒരു മുഴുവൻ സെന്റെൻസ് കേൾക്കാൻ പറ്റുമെന്ന് കരുതിയതല്ല..പക്ഷെ ഭദ്ര ഇങ്ങനെയൊന്നുമല്ലല്ലോ ..”

സൂര്യൻ പറഞ്ഞു..

“ഇവരെ അറിയാത്തവർക്ക് അത്ഭുതമാണ്.. ഐഡന്റിക്കൽ ട്വിൻസ് ആണെങ്കിലും ഒരാൾ വായിൽ വിരലിട്ടാൽ കടിക്കില്ലെങ്കിൽ മറ്റെയാൾ എന്താ എന്ന് ചോദിച്ചാൽ എന്താടാ എന്ന് തിരിച്ചു ചോദിക്കും..ചെറുതിലേ അങ്ങനെയാണ്..”

ശ്രീനാഥ് പറഞ്ഞത് കേട്ട് സൂര്യൻ അവളെ നോക്കിയെങ്കിലും രുദ്ര പടവുകൾക്ക് മുകളിലെ വെള്ളത്തിൽ നീന്തി തുടിക്കുന്ന പരൽ മീനുകളെ നോക്കിയിരിക്കുകയായിരുന്നു..

നാഗകാളിമഠത്തിൽ തുടങ്ങി അവരുടെ സംസാരം സിനിമയും എഴുത്തുമൊക്കെ കടന്നുപോവുമ്പോൾ രുദ്ര നിശബ്ദയായിരുന്നു.. ആ മുഴക്കമുള്ള  ശബ്ദത്തിനായി  കാതോർത്തിരിക്കുകയായിരുന്നു അവൾ.. ഇടയ്ക്കിടെ അടക്കി നിർത്താനാവാതെ മിഴികൾ സൂര്യനിലേക്കെത്തിയപ്പോഴൊക്കെ കണ്ണുകൾ ഉടക്കി… വെപ്രാളത്തോടെ രുദ്ര മിഴികൾ പിൻവലിക്കുമ്പോൾ സൂര്യൻ ഊറി വന്ന ചിരി അടക്കിപ്പിടിച്ചു..

അവളുടെ മനസ്സിന്റെ ഒരു പാതി അവിടെ നിന്നും എഴുന്നേറ്റു പോവാൻ വാശി പിടിക്കവേ മറുപാതി ആ സാമീപ്യം ആഗ്രഹിക്കുകയായിരുന്നു..  എന്തോ ഒരാകർഷണശക്തി  അയാളിലേക്ക് തന്നെ പിടിച്ചു വലിക്കുന്നത് പോലെ അവൾക്ക് തോന്നി..

######### ########## #############

കോൾ കട്ടായിട്ടും ഫ്‌ളാറ്റിന്റെ ബാൽക്കണിയിൽ ഫോണും കൈയിൽ പിടിച്ചു ആലോചനയിലായിരുന്നു അമാലിക..അനന്തൻ ദേഷ്യത്തിലായിരുന്നു സംസാരിച്ചത് ..സ്റ്റെപ് കട്ട്‌ ചെയ്തു അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പാറിപറക്കുന്നുണ്ടായിരുന്നു..

“മമ്മയ്ക്ക് ഈ ഒബ്സെഷൻ ഇനിയും നിർത്താറായില്ലേ…?”

പിറകിൽ നിന്നുള്ള ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞത്…നന്ദന.. ജീൻസും സ്ലീവ്‌ലെസ് ടോപ്പും.. ഷോൾഡർ ലെങ്ങ്തിലുള്ള മുടി പോണി റ്റെയിൽ കെട്ടി വെച്ചിരിക്കുന്നു… വന്നു കയറിയതേയുള്ളൂ അവൾ..ബാക്ക് പാക്ക് അഴിച്ചെടുത്തു കൊണ്ട് നന്ദന പറഞ്ഞു..

“അനന്തനും പത്മയും.. വർഷമെത്ര കഴിഞ്ഞു മമ്മാ..”

“അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല നന്ദൂ..”

അവൾക്കരികിലേക്ക് നടന്നു കൊണ്ട് അമാലിക പറഞ്ഞു..

“ഫ്ലൈറ്റ് ലേറ്റ് ആയിരുന്നോ.. ഞാൻ എത്ര സമയമായി വെയ്റ്റ് ചെയ്യുന്നു.. വാ..”

വാത്സല്യത്തോടെ നന്ദനയെ ചേർത്ത് പിടിച്ചു കൊണ്ട് അമാലിക അകത്തേക്ക് നടന്നു..

########### ########## ############

സൂര്യനാരായണൻ ഫോൺ ചെവിയിൽ ചേർത്ത് വെച്ച് കിടന്നു.. റിങ് ചെയ്യുന്നുണ്ട്.. അപൂർവമായേ ഇങ്ങനെ ഉണ്ടാകാറുള്ളൂ.. മിക്കപ്പോഴും ഈ നമ്പർ സ്വിച്ചഡ് ഓഫ്‌ ആയിരിക്കും.. തന്നെ വിളിക്കാൻ മാത്രമേ ഈ നമ്പർ ഉപയോഗിക്കാറുള്ളുവെന്ന് മുൻപേ മനസ്സിലായതാണ്..

രണ്ടാമത്തെ റിങ്ങിൽ ആണ് അപ്പുറത്ത് നിന്നും നേർത്ത ശബ്ദം കേട്ടത്..

“ഹലോ..”

“എന്തേ വിളിക്കാതിരുന്നത്.. രണ്ട് ദിവസമായല്ലോ…?”

“അത്‌… ഞാൻ…”

“എന്തേ എഴുത്തുകാരനോടുള്ള ആരാധനയൊക്കെ കുറഞ്ഞോ നിശാഗന്ധിയ്ക്ക്..? ഉം..?”

“അങ്ങനെയല്ല…?”

“പിന്നെങ്ങനെയാ..?”

കുസൃതിയോടെ സൂര്യൻ ചോദിച്ചു..

“മാഷ്ക്ക്… മാഷ്ക്ക് എന്നെ പറ്റിയുള്ള അഭിപ്രായം എന്താ…?”

“എന്ന് വെച്ചാൽ…?”

“മാഷിന്  എന്നെയൊരു ചീത്ത പെണ്ണായി തോന്നിയോ…?”

“അങ്ങനെ എന്തെങ്കിലും ഞാൻ പറഞ്ഞോ..?”

“ഇല്ല.. എന്നാലും പറയ്… എന്താ എന്നെ പറ്റി തോന്നിയിട്ടുള്ളത്…?”

“ഒന്ന് തൊട്ട് നോവിക്കാൻ പോലും തോന്നാത്ത, തുളസിയുടെ നൈർമല്യമുള്ള, മനം മയക്കുന്ന സുഗന്ധമുള്ള നിശാഗന്ധി പ്പൂവ് …”

മറുപടി ഒന്നും കേട്ടില്ല…

“അല്ല.. ഇതെന്താ ഇപ്പോൾ ഇങ്ങിനെയൊരു സംശയം..?”

സൂര്യന്റെ ചോദ്യത്തിന് തെല്ലു സമയം കഴിഞ്ഞൊരു മറുചോദ്യമായിരുന്നു കിട്ടിയത്..

“മാഷ്ക്ക് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ..?”

നിഷ്കളങ്കമായ ആ ചോദ്യം കേട്ട് സൂര്യൻ പൊട്ടിച്ചിരിച്ചു.. മനസ്സിലൂടെ നിരവധി മുഖങ്ങൾ കടന്നുപോയെങ്കിലും ഒന്നും തെളിഞ്ഞു നിന്നില്ല…

“ഇല്ലെന്ന് പറഞ്ഞാൽ അത്‌ കള്ളമാവും..”

മറുവശത്ത് മൗനം നിറഞ്ഞു…

“എന്ത്‌ പറ്റിയെടോ..?”

“ഉംഹും..”

തെല്ല് കഴിഞ്ഞു സൂര്യൻ പതിയെ പറഞ്ഞു…

“ഞാൻ അത്ര നല്ലവനൊന്നുമല്ല പെണ്ണേ… പക്ഷെ ആരെയെങ്കിലും ഞാൻ ഒരിക്കലെങ്കിലും ഒന്ന്  കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത്‌ ഇയാളെയാണ്.. കേൾക്കാൻ ആഗ്രഹിച്ച ശബ്ദവും ഇതാണ്… സൂര്യനാരായണൻ കേൾക്കണമെന്ന് ആഗ്രഹിച്ച് അങ്ങോട്ട്‌ വിളിച്ചിട്ടുള്ള ശബ്ദത്തിന്റെ ഉടമ ഈ നിശാഗന്ധിപ്പൂവ് മാത്രമാണ്…”

അവൾ ഒന്നും പറഞ്ഞില്ല..

“എന്ത്‌ പറ്റി.. ഇന്ന് മുഴുവനും സംശയങ്ങൾ ആണല്ലോ പതിവില്ലാതെ.. എന്നെ പറ്റി പുതിയ വല്ല ഗോസിപ്പും കേട്ടൊടോ..?”

“ഇല്ല്യ.. ഞാൻ വെറുതെ…”

അവളുടെ ശബ്ദം നേർത്തിരുന്നു.. സൂര്യനാരായണന് അവളെയൊന്നു ചേർത്ത് പിടിക്കണമെന്ന് തോന്നി.. ആദ്യമായി…

“തന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ഒരു വുമണൈസർ ആണെന്ന് ആരെങ്കിലും പറഞ്ഞോ.. ഉം…?”

സൂര്യൻ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു..

“ഹേയ് അങ്ങനെയൊന്നുമില്ല്യാ മാഷേ …”

“എന്നോട് കുറേ ചോദ്യങ്ങൾ ചോദിച്ചല്ലോ ഇനി ഞാൻ ചിലത് ഇയാളോട് ചോദിക്കട്ടെ..?”

മറുവശത്തെ വെപ്രാളം സൂര്യന് മനസ്സിലാവുന്നുണ്ടായിരുന്നു..

“പേടിക്കേണ്ടെടോ.. താൻ ആരാണെന്നും ഏതാണെന്നും ഞാൻ ചോദിക്കില്ല.. ഇനി എനിക്കതറിയേണ്ട..”

“അതെന്താ..?”

തെല്ലുസംശയം കലർന്നിരുന്നു ചോദ്യത്തിൽ..

“അതങ്ങിനെയാണ്.. നൗ മൈ ടേൺ.. ചോദിക്കട്ടെ..?”

“ഉം..”

“താൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ…?”

മറുപടിയില്ല…

“തനിക്ക് എന്നോട് പ്രണയമാണോ…?”

മറുപടി ഇല്ലെങ്കിലും അവൾ ഞെട്ടിയിട്ടുണ്ടെന്ന് സൂര്യന് അറിയാമായിരുന്നു..

“പറയെടോ… തനിക്ക് എന്തും പറയാം.. താൻ ആരാണെന്ന് എനിക്കറിയില്ല.. ഒരുപക്ഷെ ഞാൻ ഒരിക്കലും തന്നെ കാണാനും പോവുന്നില്ല.. പക്ഷെ സത്യസന്ധമായൊരു മറുപടി ഞാൻ പ്രതീക്ഷിക്കുന്നു..”

മൗനം നിറഞ്ഞ നിമിഷങ്ങൾക്കിടയിൽ പതിഞ്ഞ ശബ്ദം..

“അത്.. എനിക്ക്.. എനിക്ക് അറിയില്ല്യാ..”

സൂര്യൻ ചിരിച്ചു..

“എന്ന് വെച്ചാൽ.. ആണെന്നോ അല്ലെന്നോ…?”

“എന്നോട് ഇങ്ങനെയൊന്നും ചോദിക്കല്ലേ.. പ്ലീസ്..”

സൂര്യന്റെ മനസ്സിൽ ആ നിമിഷത്തിൽ അവളോടുള്ള സ്നേഹം മാത്രമായിരുന്നു…

“ഹേയ് റിലാക്ക്സ്… ചില സമയത്ത് മൗനം കൊണ്ടും സംസാരിക്കാനാവും പെണ്ണേ.. ഇനി എനിക്കൊന്നും അറിയണ്ട…പോരേ?”

കുറച്ച് കഴിഞ്ഞു അവൾ പറഞ്ഞു…

“ഞാൻ.. ഞാൻ വെച്ചോട്ടെ..?”

“ഉം…”

“ഗുഡ് നൈറ്റ്‌…”

“ഗുഡ് നൈറ്റ്‌..”

ഒരു നിമിഷം കഴിഞ്ഞു അയാൾ കൂട്ടിച്ചേർത്തു..

“സ്വീറ്റ് ഡ്രീംസ്‌..”

പതിവില്ലാത്ത വിഷ് കേട്ട് അവളൊന്ന് ഞെട്ടിയെന്ന് സൂര്യന് തോന്നി.. അയാളുടെ ചുണ്ടിൽ നേർത്തൊരു ചിരി തെളിഞ്ഞു..

കോൾ കട്ടായതും മൊബൈൽ ബെഡിലേക്കിട്ട് അയാൾ കണ്ണുകൾ അടച്ചു നെറ്റിയ്ക്ക് മുകളിൽ വലത് കൈ ചേർത്ത് കിടന്നു..

മനസ്സിൽ നിറയെ അവളായിരുന്നു.. രുദ്ര…

ഇത്ര മാത്രം മനസ്സിനെ സ്വാധീനിച്ചത്,അസ്വസ്ഥമാക്കിയത് അവളാണ്…അല്ലെങ്കിൽ അവൾ മാത്രമാണ്… പക്ഷെ…

ഒരു തീരുമാനം എടുക്കാനാവാതെ ഉറക്കം തേടിയെത്തുമ്പോഴും സൂര്യന്റെ മനസ്സിൽ അവളായിരുന്നു.. ശ്രീരുദ്രയെന്ന നിശാഗന്ധി..

ദൂരെ ദ്രവിച്ചു മണ്ണടിഞ്ഞു തുടങ്ങിയ വാഴൂരില്ലം പുതിയ അവകാശിയെ കാത്തിരിക്കുകയായിരുന്നു..

പകയും പ്രതികാരവും ചുവപ്പിച്ച മണ്ണ് പുതുമഴയ്ക്കായി കാത്തിരുന്നു..തളിർനാമ്പുകൾക്കായും …

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 13”

Leave a Reply

Don`t copy text!