Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 14

Online Malayalam Novel Neelamizhikal

രാവിലെ പൂമുഖത്തു നിന്നുമുള്ള സംസാരം കേട്ടാണ് ഭദ്ര പുറത്തേക്കിറങ്ങിയത്..

“തിപ്പോ ഞാനെന്താ ചെയ്യാ വാസുദേവാ കുട്ട്യോൾടെ അച്ഛൻ ഇണ്ടായിരുന്നേൽ….

ആദിയ്ക്കാണേൽ പണ്ടേ ഇതിലൊന്നും വിശ്വസോമില്ല്യ, താല്പര്യോമില്ല്യാ …”

ദേവിയമ്മയുടെ ശബ്ദം അവളുടെ ചെവിയിലെത്തി.. ഭദ്ര  പടിവാതിൽക്കൽ നിന്നതേയുള്ളൂ..

പൂമുഖത്തു ചുമരിൽ ചാരി നിൽക്കുന്ന ദേവിയമ്മയ്ക്ക് മുൻപിലായി കസേരയിലും ചാരുപടിയിലുമൊക്കെയായി അഞ്ചാറ് ആൾക്കാരുണ്ട്.. ഒപ്പം രാഘവവാര്യരും.. പാർവതിയുടെ അച്ഛൻ…

“ആത്തോലമ്മ അങ്ങനെ പറഞ്ഞാൽ ശരിയാവില്ല്യ.. എന്തേലും ഒന്ന് ചെയ്തേ മതിയാവൂ.. ഇതിപ്പോ അഞ്ചാറ് ദിവസങ്ങൾക്കുള്ളിൽ നാലാമത്തെ ആളെയാ അവള് പേടിപ്പിക്കണത്.. ഇന്നലെ മൂസാക്കയായിരുന്നു..അങ്ങേര്  കടയടച്ചു വരുമ്പോ ഇത്തിരി വൈകിയിരുന്നു.. വടക്കേലെ ചിറ കഴിഞ്ഞു ഇടവഴിയിലേക്ക് കയറുമ്പോഴാണ് കണ്ടതെന്ന് മൂസാക്ക പറയണത്.. ആൾക്ക് വല്യ ഓർമ്മയൊന്നൂല്ല്യാ.. ശങ്കരക്കൈമളാണേൽ  ഇപ്പോഴും പിച്ചും പേയും പറഞ്ഞോണ്ടിരിക്ക്യാ..”

തടിച്ചു വെളുത്ത, കഷണ്ടിയുള്ള കണ്ണടക്കാരൻ പറഞ്ഞു നിർത്തി ചുറ്റുമൊന്ന് നോക്കിയപ്പോൾ എല്ലാവരും ശരി വെച്ച് തലയാട്ടുന്നത് കണ്ടു..

“കാര്യം ഇത്തവണ വെളിച്ചപ്പാടിനെയൊഴികെ മറ്റാരേം ദേഹോപദ്രവമൊന്നും ഏൽപ്പിച്ചിട്ടില്ല്യാ.. ന്നാലും കണ്ണടയ്ക്കാൻ പറ്റില്ല്യ.. എപ്പോൾ വേണേലും അവൾ ഉഗ്രരൂപിയാവും…”

വാര്യരാണ് പറഞ്ഞത്…

“ഞാനിപ്പോ എന്ത് വേണമെന്നാ നിങ്ങള് പറയണത്..?”

ദേവിയമ്മയുടെ ശബ്ദത്തിൽ നിസ്സഹായത നിറഞ്ഞിരുന്നു..

“”ആത്തോലമ്മ കുട്ട്യോട് പറഞ്ഞു ആ ഭട്ടതിരിപ്പാടിനെയൊന്നു പോയിക്കാണുക.. പ്രായാധിക്യം കൊണ്ട് പൊറത്തൊന്നും പോവാറില്ലേലും ഇവിടുന്ന് പറഞ്ഞാൽ തട്ടിക്കളയുമെന്ന് തോന്നണില്ല്യാ…”

വാര്യർ വീണ്ടും പറഞ്ഞു..

“അത്‌ ശരിയാ.. ഭട്ടതിരിപ്പാട് തന്നെയല്ലേ അവളെ അവസാനം ഏഴിലം പാലയിൽ തളച്ചത്.. അദ്ദേഹത്തിന് പകരം നിൽക്കാൻ മാറ്റാരുമില്ല്യാ..”

വാസുദേവൻ പറഞ്ഞു..

ചർച്ചയ്ക്കൊടുവിൽ അങ്ങനെ ഒരു തീരുമാനം എടുത്തു എല്ലാവരും പടിപ്പുര കടന്നുപോയി.. നാട്ടുകാർ പോയിട്ടും  ദേവിയമ്മ കുറച്ചു സമയം അങ്ങനെ തന്നെ നിന്നു..

പെട്ടെന്നാണ് കോലായിയുടെ അങ്ങേയറ്റത്ത് തൂണിൽ ചാരി ചാരുപടിയിൽ ഇരിക്കുന്നയാളെ ഭദ്ര കണ്ടത്.. ആദിത്യൻ..

വാദ്ധ്യാർ ഇവിടെ ഇരിപ്പുണ്ടായിരുന്നോ..?

അവിടെ ഇരുന്നവർക്ക് കാണാനാവില്ല.. അതാണ് ആള് അനങ്ങാതെ ഇരുന്നത്.. ഹമ്പടാ..

“നാണമില്ലല്ലോ ഇവിടിങ്ങനെ ഒളിച്ചിരിക്കാൻ…?”

പൊടുന്നനെ ഭദ്ര പിറകിൽ ചെന്നു ചോദിച്ചപ്പോൾ ആദിത്യൻ ഒന്ന് ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റു നിന്നു..

“നാണിക്കാൻ ഞാനെന്താടി തുണിയുടുക്കാണ്ടാണോ ഇരിക്കണെ ..?”

രൂക്ഷമായി നോക്കി കൊണ്ടുള്ള ചോദ്യത്തിൽ ഭദ്ര കുലുങ്ങിയില്ല..

“അവിടെ ഇത്രയും പേര് ഇരുന്നു സംസാരിച്ചിട്ടും അങ്ങോട്ടൊന്ന് ചെല്ലാതെ ഇവിടെ തൂണിന്റെ മറവിൽ ഇരുന്നതല്ലേ..?”

“ഞാൻ അവര് വരുന്നതിനു മുൻപേ തന്നെ ഇവിടെ ഇരിപ്പുണ്ട്.. പിന്നെ എന്റെ വീട്ടിൽ ഞാൻ എവിടെ വേണമെങ്കിലും ഇരിക്കും ആരോട് വേണമെങ്കിലും സംസാരിക്കും.. സംസാരിക്കാതെയുമിരിക്കും.. എന്നെ ചോദ്യം ചെയ്യാൻ നീ ആരാടി..?”

“ഞാൻ.. ഞാൻ നിങ്ങളുടെ ഹൃദയത്തിന്റെ ഉടമ..”

ചൂണ്ടു വിരൽ കൊണ്ട് ആദിത്യന്റെ നെഞ്ചിൽ കുത്തി കൊണ്ട് ഭദ്ര തെല്ലു നാണം മുഖത്ത് വരുത്തി പറഞ്ഞു..

ആദിത്യന്റെ മുഖം ചുവന്നത് കണ്ടു അവൾ വീണ്ടും ചിരിയോടെ പറഞ്ഞു..

“ന്തേ അല്ലെ..?”

“ഏത് നേരത്താണോ എന്തോ..?”

പല്ലിറുമ്മി കൊണ്ട് ആദിത്യൻ പിറുപിറുക്കുന്നത് കേട്ട് ഭദ്ര ചിരിച്ചു..

“ന്താ ആദിയേട്ടാ ഇത്.. ഒട്ടും ഓർമ്മയില്ല്യാന്ന് വെച്ചാ എനിക്ക് സങ്കടാവൂട്ടോ..”

ഒരു പ്രത്യേക ഈണത്തിൽ പറഞ്ഞുകൊണ്ടവൾ ആദിത്യനെ നോക്കി പറഞ്ഞു.. പിന്നെ ഒരു കണ്ണിറുക്കി കാട്ടി കൊണ്ട് തുടർന്നു …

“അന്ന് ആ മെയ്മാസപുലരിയിൽ വാകപ്പൂക്കൾ വീണു കിടക്കുന്ന…”

ഭദ്രയെ പൂർത്തിയാക്കാൻ അവൻ അനുവദിച്ചില്ല..

“ഭദ്രാ…”

“അലറണ്ടാ.. ദേ ദേവിയമ്മ വരണുണ്ട്..”

അവൾ ശബ്ദം കുറച്ചു പിറുപിറുത്തത് കേട്ട് ആദിത്യൻ അവർക്കരികിലേക്ക് വരുന്ന അമ്മയെ നോക്കി..

“നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടീ ഭദ്രകാളി..”

പല്ലു കടിച്ചു പിടിച്ചു ആദിത്യൻ പറഞ്ഞു..

“വോ.. വിളിച്ചാൽ മതി ഞാൻ വന്നു വാങ്ങിക്കോളാം..”

ആദിത്യൻ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി.. അരച്ച് കൊടുത്താൽ കലക്കി കുടിക്കും എന്നുള്ള ഭാവം കണ്ടു ഉള്ളൊന്നാളിയെങ്കിലും അവൾ അത്‌ മറച്ചു വെച്ച് ഒന്നിളിച്ചു കാട്ടി..

“ആദി.. അവര് പറഞ്ഞതൊക്കെ കേട്ടല്ലോ നീയ്…?”

ദേവിയമ്മയുടെ സ്വരത്തിൽ ഗൗരവം നിറഞ്ഞിരുന്നു..

“അത്‌ അമ്മേ ഞാൻ…”

അവർ കൈയെടുത്തു വിലക്കി കൊണ്ട് തുടർന്നു..

“ആദി.. എപ്പോഴും നിന്നെ നിന്റെ ഇഷ്ടത്തിന് വിടാറാണ് ഞാൻ..ആദ്യമായിട്ടാണ് നിന്നോടൊരു കാര്യം ഞാൻ ആവശ്യപ്പെടുന്നത്.. നിനക്കത് ചെയ്യാം.. ചെയ്യാതെയുമിരിക്കാം..ഞാൻ ഒന്നിനും നിർബന്ധിക്കില്ല്യാ..”

എന്തോ പറയാൻ വന്നെങ്കിലും ദേവിയമ്മയുടെ മുഖഭാവം കണ്ടപ്പോൾ അവൻ മിണ്ടിയില്ല…

“ഭട്ടതിരിപ്പാടിന്റെ അടുത്ത് പോണം.. ഞാൻ അദ്ദേഹത്തെ വിളിച്ചു പറഞ്ഞോളാം.. കാളിയാർ മഠത്തിൽ നിന്നുള്ള അഭ്യർത്ഥന അദ്ദേഹം നിരസിക്കില്ല്യാ..”

ആദിത്യനെ ഒന്ന് നോക്കിയിട്ട് മറുപടിയ്ക്ക് കാക്കാതെ ദേവിയമ്മ അകത്തേക്ക് കയറി പ്പോയി..

“ഓ.. അപ്പോൾ പറയേണ്ട പോലെ പറഞ്ഞാൽ ആദിനാരായണൻ കേൾക്കും..”

“ഡീ…”

ആക്കിച്ചിരിയോടെ ഭദ്ര പറഞ്ഞതും ആദിത്യൻ അവളുടെ വലത് കൈയിൽ പിടിച്ചു തിരിച്ചു പിറകോട്ടാക്കി.. അവൾ കൈ വലിക്കാൻ നോക്കിയെങ്കിലും അനങ്ങിയില്ല..

“കുറേ നേരമായല്ലോ നീ എന്നെ ചൊറിയാൻ നടക്കുന്നു.. നിർത്തിക്കോ.. ഇല്ലേൽ…”

അവൾക്ക് നേരെ മുഖം അടുപ്പിച്ചു കൊണ്ട് ആദിത്യൻ മുറുകിയ ശബ്ദത്തിൽ പറഞ്ഞു..

“ആഹ്.. ആദിയേട്ടാ വിട്.. നോവണൂ…”

“നാക്കിനു ലൈസൻസ് ഇല്ലാന്ന് വെച്ച് ഓരോന്ന് വിളിച്ചു പറഞ്ഞാൽ ഇത് പോലെ നോവും.. കേട്ടോടി പുല്ലേ..”

കൈ വിട്ട് അവളെ മുൻപോട്ടുന്തി കൊണ്ട് ആദിത്യൻ പുച്ഛത്തോടെ പറഞ്ഞു.. പിന്നെ അവളെ ഒന്ന് നോക്കി അകത്തേക്ക് കയറി പ്പോയി..

ഭദ്ര കൈ തിരിച്ചും മറിച്ചും നോക്കി.. ആദിത്യൻ പിടിച്ചു ഞെരിച്ചയിടത്ത് ചുവന്നു കിടപ്പുണ്ട്.. നല്ല വേദനയുണ്ട്.. അവൾ മെല്ലെ ഊതി..

“കാലമാടൻ…”

അവൾ പിറുപിറുത്തു.. അപ്പോൾ തന്നെ പോയി രണ്ട് പൊട്ടിക്കാൻ തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു..

“ചിൽ ഭദ്രാ ചിൽ.. നീ നല്ലോണം ചൊറിഞ്ഞു അങ്ങേര് കേറി മാന്തി.. ആ മൊതലിന്റെ സ്വഭാവവും നീ പറഞ്ഞതും വെച്ച് നോക്കുകയാണെങ്കിൽ നിന്റെ പടമിപ്പോൾ ഭിത്തിയിൽ തൂങ്ങേണ്ടതാ.. ഇതിപ്പോൾ ഇത്രയല്ലേ പറ്റിയുള്ളൂ….എന്നാലും..”

തെല്ലുറക്കെ ആത്മഗതിച്ചു വീണ്ടും ഊതിക്കൊണ്ടു ഭദ്ര വീണ്ടും പിറുപിറുത്തു..

“എന്നാലും പകരം ചെയ്യാണ്ടിരിക്കാൻ പറ്റോ.. ഒന്ന് കിട്ടിയാൽ ഒരു നാലെണ്ണമെങ്കിലും തിരിച്ചു കൊടുക്കണ്ടേ..”

അതും പറഞ്ഞു തിരിഞ്ഞപ്പോഴാണ്   ഒരു കാൽ വാതിൽ പടിയിലും ഒന്ന് താഴെയും വെച്ച് തന്നെ നോക്കുന്നയാളെ കണ്ടത്.. ഭദ്ര ഒരു ഇളിഞ്ഞ ചിരി ചിരിച്ചു… തികട്ടി വന്ന ചിരി അടക്കി പിടിച്ചു കൊണ്ട് ആദിത്യൻ പറഞ്ഞു..

“കോലായിൽ നിന്ന് മോണോ ആക്ട് കളിക്കാതെ കേറിപ്പോടി.. അവളുടെ ഒരു ഭാവാഭിനയം..”

ഭദ്ര ചവിട്ടിത്തുള്ളി അവനരികിലൂടെ അകത്തേക്ക് കയറി..

“ഡീ…”

അവൾ തിരിഞ്ഞു നിന്നു..

” എന്തേലും കൊനഷ്ട് പരിപാടി ഒപ്പിക്കാനാണ് പ്ലാനെങ്കിൽ നേരത്തെ പറഞ്ഞപോലെ ഭിത്തിയിൽ തൂക്കാൻ എനിക്ക് മടിയൊന്നുമില്ല… “

“അല്ലേലും എനിക്കറിയാം.. ഞാൻ ചത്താലും നിങ്ങൾക്കൊന്നുമില്ല….ഞാൻ.. ഞാൻ വെറും മണ്ടി…”

ഭദ്രയുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ആദിത്യൻ വല്ലാതായി…

“ഭദ്രാ…”

അവൾ തിരിഞ്ഞു നോക്കാതെ മുറിയ്ക്ക് മുൻപിലെത്തി.. അകത്തേക്ക് കയറുന്നതിനു മുൻപേ തല ചെരിച്ചു നോക്കിയപ്പോൾ ആദിത്യൻ അതേ നിൽപ്പാണ്..

പെട്ടെന്ന് അവളുടെ പൊട്ടിച്ചിരി കേട്ട് അവൻ അന്തം വിട്ടു നോക്കി.. ഭദ്ര ചിരിയോടെ കണ്ണിറുക്കി കൈ കൊണ്ട് ആംഗ്യം കാണിച്ചു..

“ചുമ്മാ…”

“ഇതിനെ ഞാൻ…”

ആദിത്യൻ തലയിൽ കൈ വെച്ച് നിൽക്കുന്നത് കണ്ടതും ഭദ്ര വേഗം അകത്തേക്ക് കയറി വാതിലടച്ചു..

“അല്ല പിന്നെ ഭദ്രയോടാ കളി.. “

“ന്നാലും ആ ഉരുക്കു പോലുള്ള കൈ കൊണ്ട് ഒന്നൂടെ വാങ്ങിച്ചു വെക്കാൻ തല്ക്കാലം ശേഷിയില്ല .”

കൈ കുടഞ്ഞു കൊണ്ട് അവൾ പറഞ്ഞു..

അടഞ്ഞ വാതിലിലേക്ക് നോക്കി നിൽക്കവേ ആദിത്യന്റെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു… മനസ്സിൽ നിറയെ സ്നേഹമായിരുന്നു.. അവന്റെ ഭദ്രയോട്..

വാശി കാണിച്ചാൽ ഇരട്ടി വാശിയാണ് പെണ്ണിന്.. സ്നേഹം കൊണ്ട് മാത്രം കീഴ്പ്പെടുത്താൻ പറ്റുന്നവൾ..

എന്താന്ന് ചോദിച്ചാൽ എന്താടാന്ന് തിരിച്ചു ചോദിക്കുന്നവളോട് കൗതുകമായിരുന്നു ആദ്യം തോന്നിയത്.. അത്‌ വരെ ആരോടും തോന്നാതിരുന്ന കൗതുകം പതിയെ ഇഷ്ടത്തിലേക്ക് വഴി മാറിയപ്പോൾ തനിക്ക് പോലും അത്ഭുതമായിരുന്നു..

ആ ചങ്കൂറ്റത്തിന്റെ പുറംതോടിനുള്ളിലെ അവളെ അറിയണമെന്ന് തോന്നി.. പിന്നീടെപ്പോഴോ സ്വന്തമാക്കണമെന്ന് തോന്നി..

പക്ഷെ അതൊട്ടും എളുപ്പമായിരുന്നില്ല….വരാലിനെ പോലെ വഴുതി പോയവളെ വരുതിയിൽ കൊണ്ടു വരാൻ ഏറെ പണിപ്പെട്ടു..ഒടുവിൽ അവൾ തന്റെ ഇടനെഞ്ചിൽ ചാരി നിന്നപ്പോൾ ലോകം കീഴടക്കിയ അഹങ്കാരമായിരുന്നു… പക്ഷെ…..

ഇപ്പോൾ ഉള്ളിലെ സ്നേഹം ഒരു തുള്ളി പോലും പുറത്ത് വരാതിരിക്കാൻ പണിപ്പെടുകയാണ് അവളുടെ സാമീപ്യത്തിൽ..

വേണ്ടാ.. അവൾ ഒരപകടവും കൂടാതെ സന്തോഷമായി ജീവിക്കട്ടെ.. തന്റെ ഒപ്പമല്ലെങ്കിലും..

കുത്തി നോവിക്കുന്ന ഓർമ്മകളെ അകറ്റാൻ എന്നോണം തലയൊന്നു കുടഞ്ഞിട്ട് ആദിത്യൻ ഗോവണിപ്പടികൾ കയറി പ്പോയി.

ലാപ്ടോപ് കണ്ടപ്പോഴാണ് തീസിസിന്റെ കാര്യവും പറഞ്ഞു കയറി വന്നിട്ട് ഒരക്ഷരം പോലും പ്രിപ്രയർ ചെയ്തിട്ടില്ലെന്ന് ഓർമ്മ വന്നത്.. നോട്സിൽ മുഴുകിയിരിക്കുന്നതിനിടെയാണ് പുറത്തു ബുള്ളറ്റ്  സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ടത്.. ഭദ്ര ഓടി പൂമുഖത്തു എത്തിയപ്പോഴേക്കും ആദിത്യന്റെ ബുള്ളറ്റ് മതിൽക്കെട്ട് കടന്നിരുന്നു…

“അവൻ പോയല്ലോ മോളെ…”

ദേവിയമ്മ പറഞ്ഞത് കേട്ട് ഭദ്ര തെല്ലു ജാള്യതയോടെ അവരെ നോക്കി..

“ഞാനൊന്ന് കിടക്കട്ടെ.. നല്ല ക്ഷീണം…”

അവളെ നോക്കി ചിരിയോടെ പറഞ്ഞു അകത്തേക്ക് നടന്ന ശ്രീദേവിയ്ക്ക് പിറകെ ഭദ്രയും അകത്തേക്ക് കയറി…വാതിലടച്ചു..

നാഗത്താൻ കാവിൽ മാത്രം ചുറ്റിയടിച്ച ശക്തിയേറിയ കാറ്റിൽ വൃക്ഷത്തലപ്പുകൾ ആടിയുലയുന്നതോ  ചെറു ശിഖരങ്ങൾ ഒടിയുന്നതോ അവരറിഞ്ഞില്ല…

തിരിച്ചു അവളുടെ മുറിയിലേക്ക് തന്നെ കയറാൻ തുടങ്ങുമ്പോഴാണ് ഭദ്രയുടെ നോട്ടം ഗോവണിപ്പടികളിൽ എത്തിയത്..

ഇതിലും നല്ലൊരു ചാൻസ് ഇനി കിട്ടില്ല.. ഇവിടെ വന്നതിൽ പിന്നെ മുകളിലെ നിലയിൽ കയറാൻ പറ്റിയിട്ടില്ല.. ആദിത്യൻ ഇല്ലെങ്കിൽ സെക്യൂരിറ്റി ഗാർഡ് പോലെ പാർവതി ഉണ്ടാവും..ആദിത്യന് ഇനി കുറച്ചു ദിവസത്തേക്ക്  ക്ലാസ്സില്ല…

നീളൻ സ്‌ക്കേർട്ട് കൂട്ടിപിടിച്ചു അവൾ രണ്ടും കല്പിച്ചു ഗോവണിപ്പടികൾ കയറി.. ഗോവണി പടിയ്ക്കപ്പുറത്തെ ചുമരിലെ ചുവന്ന കണ്ണുള്ള വലിയ  ഗൗളി ചിലച്ചത് ഭദ്ര കേട്ടില്ല..

ഹാളിൽ എത്തിയതും അവളൊന്ന് പാളി നോക്കി.. ഭാഗ്യം മുറി പൂട്ടിയിട്ടില്ല.. മുൻപ് ഒരു തവണ പമ്മി പതുങ്ങി എത്തിയപ്പോൾ ആദിത്യൻ മുറി പൂട്ടിയിരുന്നു.. ധൃതിയിൽ ആദിത്യന്റെ മുറിയ്ക്കരിലേക്ക് നടക്കുമ്പോഴാണ് ഭദ്ര താഴിട്ട് പൂട്ടിയ ആ അറ കണ്ടത്.. മണിച്ചിത്രത്താഴിൽ പൊതിഞ്ഞു വെച്ച ചുവന്ന പട്ടും കുറികളും കണ്ണിൽപ്പെട്ടതും തെല്ലു നേരം അവൾ അതിലേക്ക് തന്നെ നോക്കി നിന്നു…നിമിനേരം എന്തോ ഓർമ്മകൾ മനസ്സിൽ തെളിഞ്ഞത് പോലെ ഭദ്രയ്ക്ക് തോന്നി.. കൊലുസ്സ് കിലുങ്ങുന്ന പോലൊരു ചിരിയും…

പെട്ടെന്ന് സ്ഥലകാല ബോധം വന്നപ്പോൾ ഭദ്ര വീണ്ടും ആദിത്യന്റെ മുറിയിലേക്ക് നടന്നു..

വിശാലമായ മുറിയിൽ എല്ലാം വൃത്തിയായി അടുക്കിപ്പെറുക്കി വെച്ചിരിക്കുന്നു..

കട്ടിലിൽ വിരിച്ചിട്ടിരിക്കുന്ന ബെഡ് ഷീറ്റിൽ ഒരു ചുളിവ് പോലുമില്ല..

“ന്റെ ദേവീ ഇനി ഈ  വാദ്ധ്യാർ ഒരു വൃത്തിപ്രാന്തനാണോ.. “

സൈഡിലെ ചുമരിലെ  വലിയ ഷെൽഫിൽ നിറയെ പുസ്തകങ്ങൾ അടുക്കി വെച്ചിട്ടുണ്ട്..

മിനി ലൈബ്രറി..

ഭദ്രയ്ക്ക് സംഗീതം ജീവനാണെങ്കിൽ പുസ്തകങ്ങൾ അലർജിയാണ്…

അങ്ങേര് മര്യാദയ്ക്കായിരുന്നെങ്കിൽ ഇപ്പോൾ എന്റേം കൂടെ റൂമായിരുന്നേനെ ഇത്..

ഭദ്ര ദീർഘനിശ്വാസം വിട്ട് ചുറ്റും നോക്കി..

മേശമേൽ നിറയെ ബുക്‌സും പേപ്പേഴ്സും.. പൊടുന്നനെയാണ് മേശയിൽ  അടുക്കി വെച്ച പുസ്തകങ്ങളിലേക്ക്  ഭദ്രയുടെ കണ്ണെത്തിയത്…

നാഗമന്ത്രങ്ങൾ ഉൾപ്പെടെ നിരവധി പുസ്തകങ്ങൾ.. എല്ലാം നാഗക്കാവിലെ പൂജയും മന്ത്രങ്ങളും  ചടങ്ങുകളുമായി ബന്ധപ്പെട്ടവ..പരകായ പ്രവേശത്തെ പറ്റി പ്രതിപാദിക്കുന്നവ…

ഭദ്ര അതിശയത്തോടെ ഒരു പുസ്തകം എടുത്തു നിവർത്തി..

“മരണശേഷം ആത്മാവിന്

സംഭവിക്കുന്നത്.. “

ഭദ്രയ്ക്ക് അത്ഭുതമായിരുന്നു..

ഇതൊക്കെ എപ്പോ… എല്ലാം ഓരോ ഉഡായിപ്പ് ആണെന്ന് പറഞ്ഞു നടന്നയാളാണ്.. എന്നിട്ടിപ്പോ.. ഒരു പിടിയും കിട്ടണില്ല്യാലോ..

പുറത്ത് നാഗത്താൻ കാവിലെ ഏഴിലം പാലയിൽ നിന്നും കാറ്റിൽ ഒഴുകിയെത്തിയ കറുത്ത പുകച്ചുരുളുകൾക്ക് നാഗത്തിന്റെ രൂപമായിരുന്നു..

മഠത്തിന്റെ മട്ടുപ്പാവിൽ എത്തിയതും പുകച്ചുരുളുകൾ വലിയ കറുത്ത നാഗമായി മാറി.. ചുവന്ന കണ്ണുകൾ തിളങ്ങി.. ഒന്ന് ചീറ്റി അത്‌ മെല്ലെ അകത്തേക്ക് ഇഴഞ്ഞു നീങ്ങി..

പൂജാമുറിയിൽ ഭട്ടതിരിപ്പാടിന്റെ മുൻപിലായിരുന്നു ആദിത്യൻ..

പ്രായാധിക്യം കൊണ്ട് ശരീരത്തിലാകെ ചുളിവുകൾ വീണെങ്കിലും അദ്ദേഹത്തിന്റെ മുഖം തീക്ഷണമായിരുന്നു…

“ഇത് ഞാൻ പ്രതീക്ഷിച്ചതാണ്.. എന്തേ ഇത്ര വൈകിയെന്ന സംശയമേയുള്ളൂ…ഇത്രയും കാലം അവളെയാ പാലയിൽ തളച്ചിടാനാവുമെന്ന് ഞാൻ കരുതിയതല്ലാ…അതിശക്തയാണവൾ ആദിത്യൻ കരുതുന്നതിനേക്കാളും..”

ശാന്ത സ്വരത്തിൽ തിരുമേനി പറഞ്ഞത് കേട്ട് ആദിത്യൻ അദ്ദേഹത്തെ നോക്കി

“ഒരു ശാശ്വതപരിഹാരം ഇല്ലേ തിരുമേനി..”

അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു..

“ഉണ്ടായിരുന്നുവെങ്കിൽ എന്നേ അത് ചെയ്തേനെ ഉണ്ണി…”

അദ്ദേഹം വാത്സല്യത്തോടെ ആദിത്യനെ നോക്കി..

“അപ്പോൾ…?”

“അവളെ തളയ്ക്കാൻ കാലത്തിനേ കഴിയൂ.. മഹാകാളിയുടെയും നാഗത്താന്മാരുടെയും അനുഗ്രഹം സിദ്ധിച്ച നാഗരക്ഷസ്സാണവൾ..”

തിരുമേനി പറഞ്ഞു.

“അറിഞ്ഞിടത്തോളം അശ്വതിതമ്പുരാട്ടി ഒരു സാധുവായിരുന്നു.. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്തവൾ.. മരണശേഷം ഇത്രയും പകയുള്ള ദാരികയായി മാറാൻ…?”

ആദിത്യൻ ചോദിച്ചു..

“കാളിയാർ മഠത്തിലെ നാഗകന്യയായിരുന്നു അശ്വതി തമ്പുരാട്ടി.. ചില നാഗകന്യമാർ പുറമെ ശാന്തരാണെങ്കിലും നോവിച്ചാൽ നാഗങ്ങളെ പോലെ പക ഉള്ളിൽ സൂക്ഷിക്കുന്നവരാണ്.. അവരാണ് ഏറെ അപകടകാരികളായി മാറുന്നവർ.. അവരുടെ പ്രണയവും പ്രതികാരവുമെല്ലാം നാഗങ്ങളുടേത് പോലെയാണ്..”

“തിരുമേനി പറഞ്ഞു വരുന്നത്..”

“അശ്വതി തമ്പുരാട്ടിയുടെ ജീവിതത്തിൽ പുറത്താരും അറിയാതെ എന്തോ ചതി സംഭവിച്ചിരിക്കണം.. മുറച്ചെറുക്കനായ ഹരികൃഷ്ണൻ നല്ലവനായിരുന്നെങ്കിലും അയാൾ ഒരിക്കൽ പോലും അശ്വതിയുടെ പ്രണയം തിരിച്ചറിയുകയോ കണ്ടതായി നടിക്കുകയോ ചെയ്തിരുന്നില്ല.. ഹരികൃഷ്ണന്റെ അച്ഛനായിരുന്ന വാമദേവന്റെ നിർബന്ധമായിരുന്നു ആ  വിവാഹം നടത്തണമെന്നത്… കാളിയാർമഠത്തിന്റെ ഭാരിച്ച സ്വത്തുവകകൾക്ക് ഏക അവകാശിയാണ് അശ്വതി എന്നതിൽ ഉപരി ചെറുപ്പത്തിലേ വിധവയായ സഹോദരി ഉമയോടും മകൾ അശ്വതിയോടും ഉള്ള സ്നേഹം തന്നെയായിരുന്നു അതിന് കാരണം…വാമദേവന്റെ സംരക്ഷണയിലായിരുന്നു സഹോദരിയും മകളും.. സ്വന്തം മക്കളെക്കാൾ പ്രിയം അദ്ദേഹത്തിന് അശ്വതിയോടായിരുന്നു..ഹരികൃഷ്ണനെ കൂടാതെ വാമദേവന് ഒരു മകൾ കൂടെ ഉണ്ടായിരുന്നു.. ഊർമിള.. അശ്വതിയുടെ പ്രിയ തോഴി..”

ഒന്ന് നിർത്തി അദ്ദേഹം ആദിത്യന്റെ മുഖത്തേക്ക് നോക്കി തുടർന്നു..

“അശ്വതിയ്ക്ക് സഹോദര തുല്യനായിരുന്നു നീലിമലക്കാവിലെ പൂജാരിയായിരുന്ന മാധവനുണ്ണി.. അത്രത്തോളം വിശുദ്ധമായിരുന്നു ആ ബന്ധം… പക്ഷെ വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് അശ്വതിയുടെ കിടപ്പറയിൽ അർദ്ധ രാത്രിയിൽ മാധവനുണ്ണിയെ കണ്ടെത്തിയത്.. വീട്ടുകാർക്കും നാട്ടുകാർക്കും മുൻപിൽ പിഴച്ചവളായി അവളെ മുദ്ര കുത്തി അതു വരെ കൂടെ നിന്നവർ അടക്കം അവളെ വേദനിപ്പിച്ചു..ഒടുക്കം കോവിൽ നടക്കൽ തല തല്ലി മരിച്ചു അശ്വതി തമ്പുരാട്ടി.. ഹരികൃഷ്ണൻ തൂങ്ങി മരിച്ചു.. മാധവനുണ്ണി അമ്പലക്കുളത്തിലും..”

“തിരുമേനി പറഞ്ഞു വരുന്നത് അശ്വതിയെ ആരെങ്കിലും ചതിച്ചതാണെന്നാണോ..?”

“അശ്വതിയുടെ ഭാഗത്ത്  എന്തോ ന്യായമുള്ളത് കൊണ്ടാവാം ദൈവീക ശക്തികൾ പോലും അവളുടെ കൂടെ നിന്നത്.. ആരുടെയോ വരവ് പ്രതീക്ഷിച്ച് നാഗത്താൻകാവിൽ കാത്തിരിക്കുകയാണവൾ.. “

“എല്ലാവരെയും നശിപ്പിച്ചവൾ എന്നെയും അമ്മയെയും മാത്രം വെറുതെ വിട്ടതെന്തിന്..?”

നിരാശ്ശ കലർന്നിരുന്നു ആദിത്യന്റെ ശബ്ദത്തിൽ..

“ഈ കാര്യം ഒരുപാട് തവണ ഞാനും ആലോചിച്ചിട്ടുണ്ട് കുട്ടി.. എന്തോ ഒരുദ്ദേശ്യം അവൾക്കുണ്ട്  അതാണ് കലി പൂണ്ടു നിരപരാധികളെ പോലും വക വരുത്തിയിട്ടും നിങ്ങളെ മാത്രം അവൾ വെറുതെ വിട്ടത്..”

“ഓരോ തവണയും അവൾ പാലയിൽനിന്നും മോചിപ്പിക്കപ്പെടുന്നതെങ്ങിനെയാവും..?”

“ഞാൻ പറഞ്ഞില്ല്യെ  അനുഗ്രഹം സിദ്ധിച്ചവളാണവൾ.. ഓരോ കാലങ്ങളിൽ ഓരോരുത്തർ.. പക്ഷെ അവളെ പാലയിൽ നിന്നും മോചിപ്പിച്ചവരെ ആരെയും അവൾ ഉപദ്രവിച്ചിട്ടില്ല്യ .. പക്ഷെ ഈ തവണ..”

നെറ്റി ചുളിച്ചു കൊണ്ടദ്ദേഹം  മുന്പിലെ താളിയോലകളിലേക്ക് നോക്കി.. പിന്നെ പതിയെ കണ്ണുകൾ അടച്ചു വലം കൈ നെഞ്ചോട് ചേർത്തു…

ആദിത്യൻ ശ്വാസമടക്കി ഇരിക്കവേ അദ്ദേഹം കണ്ണുകൾ തുറന്നു..

“അപകടമാണല്ലോ ഉണ്ണി.. ഈ തവണ പാലയിൽ നിന്നും ആണിയൂരി അവളെ മോചിപ്പിച്ചയാളെ അവൾ തന്റെ മായാവലയത്തിൽ അകപ്പെടുത്തിയിട്ടുണ്ട്..അതെനിക്ക് അറിയാൻ കഴിയണുണ്ട്..ആരെന്ന് മനസ്സിലാവുന്നില്ല്യെങ്കിലും..”

ആദിത്യന്റെ മുഖം വിവർണ്ണമായി…

“പാലമരത്തിൽ നിന്നും മോചിതയായ അവൾക്ക് മഠത്തിന്റെ മുകൾ നിലയിൽ സ്വൈര്യവിഹാരം നടത്താനാവുമെങ്കിലും താഴെയ്ക്ക് പ്രവേശിക്കാനാവില്ല്യ…  തലമുറകളായി നാഗരക്ഷ മന്ത്രങ്ങളാൽ ബന്ധിക്കപ്പെട്ട മഠത്തിന്റെ താഴെ നിലയിൽ ഒരു ദുഷ്ശക്തിയ്ക്കും പ്രവേശിക്കാനാവില്ല്യാ .. പക്ഷെ…”

“എന്തേ…?”

തിരുമേനി പറഞ്ഞത് കേട്ട് ആദിത്യൻ നടുങ്ങി…

വാതിൽക്കൽ ഒരു അനക്കം കേട്ട് ഭദ്ര ഞെട്ടിതിരിഞ്ഞെങ്കിലും ആരെയും കണ്ടില്ല.. അവൾ വീണ്ടും കൈയിലെ പുസ്തകത്തിലേക്ക് ശ്രെദ്ധ തിരിച്ചു…

(തുടരും )

വായിച്ചിട്ട് കൺഫ്യൂഷൻ ആയോ..?

നാഗകാളി മഠത്തിൽ ഭദ്രയും രുദ്രയും സൂര്യനാരായണനുമാണ് പുതിയ കഥയിൽ വന്നത്..

പിന്നെ അനന്തനും പത്മയ്ക്കുമിടയിൽ അമാലികയും മകൾ നന്ദനയും..( അനന്തന്റെ സുഹൃത്തിന്റെ കുടുംബം)

കാളിയാർ മഠത്തിൽ ആദിത്യനും ശ്രീദേവിയും (ആദിത്യന്റെ അച്ഛനും അനിയനും അനിയത്തിയും ദുർമരണമടഞ്ഞു )

പിന്നെ നമ്മുടെ പാറൂട്ടിയുടെ കുടുംബം.. അച്ഛനും അപ്പച്ചി അംബികയും അമ്മയും..

പിന്നെയുള്ളത് അശ്വതി തമ്പുരാട്ടിയാണ്..

മുറച്ചെറുക്കൻ ഹരികൃഷ്ണനെയും കാവിലെ പൂജാരിയായ മാധവനുണ്ണിയെയും മുൻപ് പറഞ്ഞതാണ്..

ഇന്നത്തേതിൽ അശ്വതിയുടെ അമ്മ ഉമയും സഹോദരൻ വാമദേവൻ (അശ്വതിയുടെ അമ്മാവൻ -ഹരികൃഷ്ണന്റെ അച്ഛൻ )മകൾ ഊർമിള എന്നിവരും കൂടെയുണ്ട്..

പിന്നെ ഭട്ടതിരിപ്പാടും..

ഇനി അധികപേരൊന്നും ഇല്ല അശ്വതിയുടെ പാസ്ററ് പറയുമ്പോൾ എല്ലാം ക്ലിയർ ആവും

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.3/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

5 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 14”

  1. പെട്ടന്ന് അടുത്ത Part എഴുതിക്കോളു വായിക്കാൻ കൊതി ആകുന്നു ഓേ > ഭാഗവും thriling ആണ്

  2. Innaanu ithu vareyulla Naagamaanikyam 2 vaayichu theerthathu… 1st part nerathe vaayichurunnu… Thudarkadha vaayikkaan athra thaalparyam ilyaathondu usually novel poorthiyayathu onnichu vaayikkaaraanu pathivu… Part 1 ne kaalum kure improve cheythitundu Part 2 nte writing style… U r such a talented writer… Keep writing…

Leave a Reply

Don`t copy text!