നാഗമാണിക്യം 2 – നീലമിഴികൾ 18

1159 Views

Online Malayalam Novel Neelamizhikal

“രുദ്രാ..തന്റെ അസുഖമൊക്കെ മാറിയോ..?”

ഡൈനിങ്ങ് ഹാളിലേക്ക് നടക്കുന്നതിനിടെയാണ് ഹാളിലെ സോഫയിൽ ഫോണിൽ നോക്കിയിരിക്കുന്നയാളെ രുദ്ര കണ്ടത്..

“അത്.. ഇല്ല്യാ.. കുറവുണ്ട്..”

മൊബൈലിൽ നോക്കി കൊണ്ടിരുന്ന സൂര്യൻ മുഖമുയർത്തിയതും അയാളുടെ മുഖത്ത് നിന്നും ധൃതിയിൽ നോട്ടം മാറ്റിക്കൊണ്ട് രുദ്ര പറഞ്ഞു… അകത്തേക്ക് നടക്കുന്ന രുദ്രയിലായിരുന്നു സൂര്യന്റെ കണ്ണുകൾ..

അകത്തളത്തിലാകെ മുല്ലമൊട്ടുകൾ വിരിയുമ്പോഴുള്ള  സുഗന്ധം നിറഞ്ഞിരുന്നു.. നടുമുറ്റത്ത് നിന്നും വരാന്തയിലെ ഉരുളൻ കരിങ്കൽ തൂണുകളിലേക്ക് പടർന്നു കിടന്നിരുന്ന മുല്ലവള്ളികളിലെ പൂമൊട്ടുകൾ ഇതളുകൾ വിടർത്താൻ തുടങ്ങിയിരുന്നു..

വാതിൽ കടക്കുമ്പോൾ രുദ്ര മെല്ലെയൊന്ന് തല ചെരിച്ചു നോക്കിയപ്പോൾ സൂര്യനും അവളെ നോക്കുകയായിരുന്നു.. ആ ചുണ്ടിലെ ചിരി കണ്ടതും രുദ്ര ഒരു പിടച്ചിലോടെ അകത്തേക്ക് കയറി പ്പോയി..

എത്ര കാലം നീയിങ്ങനെ എന്നിൽ നിന്നും ഓടിയൊളിക്കും രുദ്രാ.. സൂര്യനാരായണനിൽ

നിന്നുമിനി ഈ നിശാഗന്ധിപ്പൂവിന് മോചനമില്ല..

മൊബൈലിൽ തെളിഞ്ഞ ചിത്രത്തിലേക്ക് നോക്കി സൂര്യനാരായണൻ പുഞ്ചിരിച്ചു.. നാഗക്കാവിൽ നിന്നും   ഇറങ്ങി വരുന്ന രുദ്രയുടെ ഫോട്ടോ ആയിരുന്നു അപ്പോൾ സ്‌ക്രീനിൽ തെളിഞ്ഞത്..

ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ടെങ്കിലും ആരിലും തോന്നാത്ത ഒരു പ്രത്യേകത തോന്നിയത് ഇവളിൽ മാത്രമാണ്…

ജീവിതത്തിൽ തന്നെ സ്വാധീനിക്കാൻ കഴിഞ്ഞ ഒരേയൊരു പെണ്ണ്..

അതുകൊണ്ട് തന്നെയാണ് താൻ തേടുന്ന നിശാഗന്ധി നാഗകളിമഠത്തിലാണെന്ന് അറിഞ്ഞപ്പോൾ ഉള്ളിലൊരു വിസ്ഫോടനം നടന്നത്..

രുദ്രയും ഭദ്രയും.. ഒരാൾക്ക് തുളസിക്കതിരിന്റെ നൈർമല്യമാണെങ്കിൽ മറ്റേത് കൂർത്ത മുള്ളുകൾ കൊണ്ട് പൊതിഞ്ഞ പനിനീർപ്പൂവാണ്..

സൂര്യന്റെ വിരലുകൾ വീണ്ടും സ്‌ക്രീനിൽ ഉരസി.. അതിൽ തെളിഞ്ഞ ചിത്രം കണ്ടതും ആ കണ്ണുകൾ തിളങ്ങി..

വലിയ പടിപ്പുരയും മതിൽക്കെട്ടുമായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന വാഴൂരില്ലത്തിന്റെ പഴയ കാല ചിത്രം…

അത്താഴം കഴിക്കാൻ ഇരുന്നപ്പോഴും രുദ്ര സൂര്യന് മുഖം കൊടുത്തില്ല.. സൂര്യന് അഭിമുഖമായുള്ള കസേരയിൽ ഇരിക്കാതെ രുദ്ര സൂര്യന്റെ വലതു വശത്തായി ഇരുന്നിരുന്ന ശ്രീനാഥിനരികെ ഇരുന്നു..

“കേട്ടോ ശ്രീ..അവസാനം  ഇവരുടെ കല്യാണക്കാര്യത്തിൽ  അനന്തൻ സമ്മതം മൂളി..”

അരുന്ധതി ശ്രീനാഥിനോടായി പറഞ്ഞു..

“ആഹാ ഗുഡ് ന്യൂസ്‌ ആണല്ലോ..?”

ശ്രീനാഥ് രുദ്രയെ നോക്കി.. അവൾ മുഖമുയർത്തിയില്ല..

“അതിന് ആ കാന്താരി സമ്മതിച്ചോ..?”

ശ്രീനാഥ് അരുന്ധതിയെ നോക്കി..

“അതൊക്കെ അനന്തൻ നോക്കിക്കോളും..”

“അപ്പോൾ ഇവളുടെ കാര്യമോ…?”

ശ്രീനാഥ്‌ വീണ്ടും രുദ്രയെ നോക്കി..

“അവൾക്ക് പിന്നെ അച്ഛനും അമ്മയും പറയുന്നതിന് അപ്പുറമുണ്ടോ..ഒന്ന് രണ്ട് ആലോചനകൾ വന്നിട്ടുണ്ട്.. അവൾക്ക് പറ്റിയൊരാളെ തേടി പിടിക്കണം..”

“കണ്ടുപിടിക്കുന്നതൊക്കെ കൊള്ളാം.. ഇതൊരു അവാർഡ് പടമാണെന്ന് അയാൾക്കൊരു മുന്നറിയിപ്പ് കൂടെ കൊടുത്തേക്കണേ..”

ശ്രീനാഥ് പൊട്ടിച്ചിരിയോടെ രുദ്രയെ നോക്കി കണ്ണിറുക്കി.. അവൾ അയാളെ നോക്കി മുഖം വെട്ടിച്ചു.. ശ്രീനാഥ് ചിരിയോടെ ഇടം കൈ കൊണ്ട് രുദ്രയുടെ തലയിൽ തഴുകി..

“എന്റെ കുഞ്ഞിയെ രാജകുമാരിയെപ്പോലെ നോക്കുന്നൊരാൾ വരും.. അത്രയ്ക്കും പാവമാ എന്റെ കുട്ടി…”

“ഈ ശ്രീമാമൻ.. ഒന്ന് വെറുതെ ഇരിക്കാമോ..?”

രുദ്ര പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞതും ശ്രീനാഥ് വീണ്ടും പൊട്ടിച്ചിരിച്ചു..

ഇടയിൽ ഒന്ന് പാളി നോക്കിയപ്പോൾ സൂര്യനാരായണൻ ഗൗരവം നിറഞ്ഞ മുഖത്തോടെ കഴിക്കുന്നത് കണ്ടു.. അവളുടെ ഉള്ളം പിടഞ്ഞു…

പാതിരാത്രി കഴിഞ്ഞിട്ടും മൊബൈലിൽ പ്രതീക്ഷിച്ച ശബ്ദം കേൾക്കാതെ വന്നപ്പോൾ സൂര്യന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…

അയാൾ മുഷ്ടി ചുരുട്ടി ബെഡ്‌ഡിൽ ഇടിച്ചു..

അവളുടെ നമ്പർ സ്വിച്ചഡ് ഓഫ്‌ ആണ്.. ഇതിപ്പോൾ രണ്ടാമത്തെ ദിവസമാണ് ഫോണിൽ കൂടെ ആ ശബ്ദം കേട്ടിട്ട്.. തന്റെ ചോദ്യങ്ങൾക്ക്  വെപ്രാളത്തോടെയുള്ള മറുവാക്കുകൾ കേട്ടിട്ട്…

രുദ്രയും ഉറങ്ങിയിരുന്നില്ല..അരുന്ധതി കൂടെ കിടക്കാമെന്ന് പറഞ്ഞപ്പോൾ ഏറെ ഒഴിവുകഴിവുകൾ പറഞ്ഞാണ് മുത്തശ്ശിയെ അപ്പുറത്തെ മുറിയിൽ ഉറങ്ങാൻ പറഞ്ഞു വിട്ടത്..

പക്ഷെ ഫോൺ കൈയിൽ എടുത്തിട്ടും ഓൺ ചെയ്യാൻ തോന്നുന്നില്ല..രണ്ടാമത്തെ ദിവസമാണിന്ന് ഫോണിലൂടെ ആ ശബ്ദം കേൾക്കാതെ..

മനസ്സിൽ ഇന്ന് വരെ മറ്റൊരു മുഖം തെളിഞ്ഞിട്ടില്ല.. പ്രണയം പറഞ്ഞിട്ടില്ല.. പ്രതീക്ഷകൾ തന്നിട്ടില്ല.. എന്തിന് തന്നെ അറിയുക പോലുമില്ല.. വെറുമൊരു വിളിപ്പേരിനുള്ളിൽ ഒളിച്ചു വെച്ച പ്രണയം..

ആരോടാണ് പറയുക..? ആരാധന പ്രണയത്തിലേക്ക് വഴിമാറുന്നതറിഞ്ഞപ്പോൾ തന്നെ ഭദ്ര വിലക്കിയതാണ്.. രാവുകളിൽ  ആ ശബ്ദത്തിനായി മാത്രം കാത്തിരിക്കുന്നത് കണ്ടതിൽ പിന്നെ ഭദ്ര പൂർണ്ണമായും തടഞ്ഞു.. പക്ഷെ വിളിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ആ ശബ്ദം കേൾക്കാതിരിക്കാൻ ആവുന്നില്ല.. ആരുമറിയാതെ വീണ്ടും സൂര്യനാരായണന് വേണ്ടി നിശാഗന്ധിയായി മാറി..

പക്ഷെ ഇപ്പോൾ എത്ര ശ്രെമിച്ചിട്ടും ആ വേഷം അഴിച്ചു വെക്കാൻ കഴിയുന്നില്ല…

രാവേറെയായി… ഉറങ്ങിക്കാണണം.. വിളിക്കാതിരുന്നപ്പോൾ മെസ്സേജ് അയച്ചിട്ടുണ്ടാവും.. അതാണിപ്പോൾ പതിവ്..

രുദ്ര പതിയെ ഫോൺ ഓൺ ചെയ്തു.. പ്രതീക്ഷിച്ചത് പോലെ സന്ദേശങ്ങൾ വന്നു കൊണ്ടേയിരുന്നു.. പരിഭവത്തിൽ തുടങ്ങി ദേഷ്യത്തിൽ അവസാനിക്കുന്ന വാക്കുകൾ..

പൊടുന്നനെ മൊബൈൽ ശബ്ദിച്ചു..യാന്ത്രികമായാണ് വിരലുകൾ ചലിച്ചത്..

അവൾ ഒന്നും പറഞ്ഞില്ല..

“താൻ എന്താടോ വിചാരിച്ചിരിക്കുന്നത്..എന്റെ ജീവിതത്തിലേക്ക് ഇങ്ങനെ തോന്നുമ്പോൾ കയറി വരാമെന്നും ഒരു വാക്ക് പോലും പറയാതെ ഇറങ്ങി പോവാമെന്നുമാണോ..? ഉം..?”

ഇതുവരെ ഇത്ര രൂക്ഷമായി ആ ശബ്ദം ഉയർന്നു കേട്ടിട്ടില്ല..

“ഞാൻ.. അങ്ങനെയൊന്നും…”

“പിന്നെ..? ഒരിക്കൽ ഇതേ പോലെ ഒന്നും പറയാതെ പോയി.. പിന്നെ മാസങ്ങൾ കഴിഞ്ഞാണ് വീണ്ടും ഈ ശബ്ദം കേട്ടത്.. ഇപ്പോഴിതാ വീണ്ടും….എന്താ ഇയാളുടെ പ്രെശ്നം..?”

“ഞാൻ.. എനിക്ക് നല്ല സുഖമില്ലായിരുന്നു..”

രുദ്രയുടെ ശബ്ദം ഇടറി…

“കള്ളം പറയാൻ വശമില്ലെങ്കിൽ അതിന് ശ്രെമിക്കരുത്…”

ആ സ്വരത്തിൽ ഒട്ടും മയമില്ലായിരുന്നു.. രുദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. ആദ്യമായാണ് ഇങ്ങനെയൊക്കെ..

അല്പനേരത്തെ നിശബ്ദതയിലേക്കാണ് രുദ്രയെ ഞെട്ടിച്ചു കൊണ്ട് ആ വാക്കുകൾ വന്നത്…

“ഐ വാണ്ട്‌ ടു മീറ്റ് യൂ….”

“എന്തിന്…?”

അറിയാതെ അവൾ ചോദിച്ചു പോയി..

“എനിക്ക് തന്നെ കാണണം.. കണ്ടേ പറ്റൂ..”

ദൃഢമായിരുന്നു ആ വാക്കുകൾ…

“വേണ്ടാ….”

രുദ്രയുടെ ശബ്ദം നേർത്തിരുന്നു..

“കാരണം…?”

അവൾ മിണ്ടിയില്ല..

“എവിടെയായാലും വൈകാതെ ഇയാളുടെ  മുൻപിൽ എത്തിയിരിക്കും ഞാൻ…”

“എന്തിനാ എന്നെ കാണണമെന്ന് വാശിപിടിക്കുന്നത്…”

“ഈ നിശാഗന്ധിയെ എനിക്ക് വേണം.. എനിക്ക് മാത്രമായി…”

ആ സ്വരം ആർദ്രമായിരുന്നു.. ആദ്യമായി.. രുദ്രയുടെ ഉടൽ വിറച്ചു…

“കണ്ടാൽ മാഷിന് എന്നെ ഒരിക്കലും ഇഷ്ടമാവാൻ പോണില്ല.. അത് വേണ്ടാ..”

“അതെന്താ അത്രയ്ക്കും വിരൂപയാണോ താൻ…?”

ചോദ്യത്തിൽ കുസൃതിയായിരുന്നെങ്കിലും രുദ്ര ഒന്നും പറഞ്ഞില്ല..

“ഒരിക്കൽ പറഞ്ഞിരുന്നു ഈ ശബ്ദത്തിന് അവകാശികളൊന്നും വന്നു ചേർന്നിട്ടില്ലെന്ന്.. അത് മാത്രം മതി എനിക്ക്.. താൻ ആരായാലും… ഒരുപാടൊന്നും കള്ളങ്ങൾ ഈ ശബ്ദത്തിൽ ഒളിപ്പിച്ചു വെയ്ക്കാനും തനിക്കായിട്ടില്ലെടോ..”

രുദ്ര അപ്പോഴും ഒന്നും പറഞ്ഞില്ല..

“കാണണമെന്ന് പോലുമില്ല എനിക്ക് തന്നെ ഇഷ്ടമാവാൻ.. പക്ഷെ ഇനി ഒരിക്കൽ കൂടി എന്നിൽ നിന്നും ഒളിച്ചോടാൻ ഞാൻ സമ്മതിക്കില്ല പെണ്ണേ…”

രുദ്രയ്ക്ക് ഇതു വരെ അറിയാതിരുന്ന സൂര്യനാരായണന്റെ ഭാവമായിരുന്നു അത്.. പ്രണയം തുളുമ്പുന്ന ശബ്ദം… പക്ഷെ…

തൊട്ടടുത്ത നിമിഷം അവൾ കോൾ കട്ട്‌ ചെയ്യ്തു.. ധൃതിയിൽ മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്തു…

സൂര്യനാരായണൻ തന്നെ കണ്ടുപിടിച്ചാൽ..?

അവൾ ഭൂമി പിളർന്ന് അപ്രത്യക്ഷയായെങ്കിൽ എന്നാഗ്രഹിച്ചു പോയി..

തന്നെ ഇഷ്ടമാവില്ല.. അത് ഉറപ്പാണ്.. സൂര്യനാരായണൻ അവഗണിച്ചാൽ അത് രുദ്രയ്ക്ക് താങ്ങാനാവില്ല.. അതിലും നല്ലത് മരണമാണ്…

രാവിലെ നാഗക്കാവിലേക്ക് ദീപം തെളിയിക്കാനായി പോവുമ്പോഴും രുദ്രയുടെ മുഖം തെളിഞ്ഞിരുന്നില്ല.. കരഞ്ഞു വീർത്ത കണ്ണുകളിൽ നിറയെ മഷിയെഴുതി അരുന്ധതിയ്ക്കായി ഒരു ചിരി ചുണ്ടിൽ ഒട്ടിച്ചു വെച്ച് രുദ്ര കാവിലേക്കിറങ്ങി.

പതിവ് പോലെ നാഗശിലകൾക്ക് മുൻപിൽ തിരി തെളിയിക്കുമ്പോഴും കൈകൾ കൂപ്പുമ്പോഴുമൊന്നും രുദ്രയുടെ മനസ്സ് തണുത്തില്ല.. കവിളിലൂടെ ഒഴുകുന്ന നീര്തുള്ളികൾ പലവട്ടം നാഗക്കാവിൽ വീണു..

തിരികെ നടക്കുമ്പോൾ താഴത്തെ വീട്ടിലേക്കൊന്ന് പാളി നോക്കിയെങ്കിലും പൂമുഖവാതിൽ അടച്ചിട്ടിരിക്കുന്നത് കണ്ടു..

മനയ്ക്കലെ മുറ്റത്ത് എത്താറായപ്പോഴാണ് മതിൽകെട്ടിനുള്ളിൽ നിർത്തിയിട്ടിരിക്കുന്ന കാർ കണ്ടത്..

പൂമുഖത്ത് ആരൊക്കെയോ ഉണ്ട്..

കോലായിലേക്ക് കയറുമ്പോൾ ഞെട്ടലോടെയാണ് രുദ്ര ആ മുഖങ്ങൾ കണ്ടത്..

അമാലിക.. കൂടെ മകൾ നന്ദനയും..

അമലേന്റി ഇപ്പോൾ ഇങ്ങോട്ട് വരാൻ..?

രുദ്രയ്ക്ക് എന്തോ അമലികയോട് ഒരു അടുപ്പക്കുറവ് തോന്നാറുണ്ട്.. അച്ഛനും അമ്മയ്ക്കും ഇടയിലെ പ്രശ്നങ്ങളിൽ ഇടയ്ക്കെപ്പോഴോ അമലേന്റിയുടെ പേരും അവൾ കേട്ടിട്ടുണ്ട്.. അതാവാം..നന്ദനയുടെ രീതികളോടും അവൾക്ക് വലിയ ചായ്‌വില്ല.. പക്ഷെ ഭദ്ര അവരുമായി അടുപ്പത്തിലാണ്.. അച്ഛനും അമ്മയ്ക്കുമിടയിൽ അമ്മയുടെ ഓവർ പോസ്സസ്സീവ്നെസ്സ് കൊണ്ടുള്ള പ്രശ്നമാണെന്ന് ഭദ്ര പറഞ്ഞത് രുദ്രയ്ക്ക് പൂർണ്ണമായും ഉൾക്കൊള്ളാൻ ആയിട്ടില്ല..

രണ്ട് ദിവസം മുൻപ് കണ്ട കാഴ്ച അവളുടെ ഉള്ളിലൂടെ മിന്നി മാഞ്ഞു.. ഒരുമിച്ച് ചേർന്നിരിക്കുന്ന അമ്മയും അച്ഛനും.. അവർക്കിടയിലേക്ക് വീണ്ടും അമലേന്റി…

“ആഹാ രുദ്രക്കുട്ടി ഞങ്ങളെ കണ്ടു ആകെ അന്തം വിട്ടുപോയോ..? എല്ലാർക്കും ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് കരുതി..”

അവളുടെ അടുത്തെത്തി ചുമലിൽ തഴുകി കൊണ്ട് അമല പറഞ്ഞപ്പോൾ രുദ്ര മുഖത്തൊരു ചിരി വരുത്തി…

സ്ലീവ്‌ലെസ് കുർത്തിയും ജീൻസും ഇട്ട നന്ദനയിൽ രുദ്രയുടെ മിഴികൾ എത്തി നിന്നു.. ലയർ കട്ട്‌ ചെയ്ത സിൽക്കുപോലുള്ള മുടിയിഴകൾ ചുമലിലേക്ക് ഉതിർന്നു വീഴുന്നു.. ചുണ്ടിൽ നേർത്ത ലിപ്സ്റ്റിക് മാത്രമേ ആ മുഖത്ത് അലങ്കാരമായി ഉണ്ടായിരുന്നു.. അമലേന്റിയെ പോലെ തന്നെ.. ആരും കണ്ടാലൊന്ന് തിരിഞ്ഞു നോക്കുന്ന സുന്ദരി..

ആ വെള്ളാരം കണ്ണുകളുടെ നോട്ടം തിരഞ്ഞപ്പോഴാണ് ശ്രീനാഥിനും അരുന്ധതിയ്ക്കും അരികെ നിൽക്കുന്ന സൂര്യനാരായണനെ അവൾ കണ്ടത്…

“ഹായ് രുദ്രാ..”

രുദ്ര നന്ദനയെ നോക്കിയൊന്ന് ചിരിച്ചു.. പതിയെ പറഞ്ഞു..

“ഹായ്…”

“ആക്ച്വലി ഇട്സ് എ ഡബിൾ സർപ്രൈസ്.. സൂര്യനെ ഇവിടെ കാണാനാവുമെന്ന് ഞാൻ കരുതിയതേയില്ല..”

ആ വെള്ളാരം കണ്ണുകൾ വീണ്ടും സൂര്യനിൽ എത്തുന്നത് രുദ്ര കണ്ടു.. സൂര്യനാരായണന്റെ ചുണ്ടുകളിൽ  ആ മനോഹരമായ പുഞ്ചിരി തെളിയുന്നതും…

“മോൾക്ക് സൂര്യനെ മുൻപേ പരിചയമുണ്ടോ..?”

അരുന്ധതി നന്ദനയെ നോക്കി.. മറുപടി പറഞ്ഞത് അമലികയാണ്..

“അവൾ സൂര്യനാരായണന്റെ ഡൈ ഹാർഡ് ഫാൻ ആണ് അമ്മേ..”

അരുന്ധതി ചിരിച്ചു..

“ഞാൻ അങ്ങോട്ട്‌ ഇടിച്ചു കയറി പരിചയപ്പെട്ടതാണ് മുത്തശ്ശീ..”

നന്ദന സൂര്യനെ നോക്കി കണ്ണിറുക്കി അരുന്ധതിയോടായി പറഞ്ഞു..

“ആഹാ കുറുമ്പി.. നീ ആള് കൊള്ളാലോ..”

അരുന്ധതി നന്ദനയെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു..

“ഇതെന്ത് പറ്റി രുദ്രമോള് ഒന്നും മിണ്ടാത്തത്..?”

അമല വീണ്ടും രുദ്രയെ നോക്കി..

“അതൊരു പുതിയ സംഭവം ഒന്നുമല്ലല്ലോ മമ്മാ..ഇവളുടെ വായിൽ നിന്നും എന്തേലും വീഴണമെങ്കിൽ ദൈവം തന്നെ കനിയണം..”

നന്ദന കുസൃതിയോടെ രുദ്രയെ നോക്കി.. എല്ലാവരും ചിരിച്ചപ്പോഴും തന്നിലെത്തുന്ന മിഴികളെ രുദ്ര നോക്കിയതേയില്ല…

“ആന്റിയും നന്ദനയും ബ്രേക്ക് ഫാസ്റ്റ് ഒന്നും കഴിച്ചു കാണില്ലല്ലോ.. അകത്തേക്ക് വരൂ…”

രുദ്ര അവരെ അകത്തേക്ക് ക്ഷണിച്ചു.. അമലയുടെ കൈയിലെ ട്രാവൽ ബാഗ് കണ്ടപ്പോൾ വെറുതെയൊന്ന് വന്നു പോകാനുള്ള പ്ലാൻ അല്ലെന്ന് അവൾക്ക് മനസ്സിലായി..രുദ്രയുടെ മനസ്സുടഞ്ഞു..

വാതിലിനരികിൽ നിൽക്കുന്ന സൂര്യനെ നോക്കാതെ അവൾ അവനരികിലൂടെ അകത്തേക്ക് നടന്നു…

അടുക്കളയിൽ സഹായിക്കാനായി രണ്ടുപേരുണ്ട്..രുദ്ര കഴിക്കാനായി എല്ലാം എടുത്തു വെച്ച് വന്നപ്പോഴും എല്ലാവരും ഇരുന്നിരുന്നു.. സൂര്യന്റെ അടുത്തുള്ള സീറ്റ്‌ മാത്രമേ ഒഴിവുള്ളൂ.. അയാളുടെ ഇടതു ഭാഗത്തു നന്ദന ഇരിപ്പുണ്ട്.. വേറെ വഴിയില്ലാതെ രുദ്ര സൂര്യനരികെ ഇരുന്നു..എല്ലാവരും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..

നന്ദന ചോദിക്കുന്നതിനെല്ലാം സൂര്യൻ ഉത്തരം പറയുന്നുണ്ട്.. ചിരിക്കുന്നുണ്ട്.. പലപ്പോഴും രുദ്ര അറിയാതെ തന്നെ അവരുടെ വാക്കുകൾക്കായി കാതോർത്തു പോയി.. സൂര്യനും നന്ദനയും തമ്മിൽ നല്ല സൗഹൃദമുണ്ടെന്നു അവൾക്ക് മനസ്സിലായി..

“എന്ത് പറ്റി രുദ്രാ ആകെ ടെൻസ്‌ഡാണല്ലോ..?”

പൊടുന്നനെ കാതോരം ആ പതിഞ്ഞ ശബ്ദം കേട്ടതും അവളൊന്ന് ഞെട്ടി..

“ഹേയ് ഒന്നുമില്ല.. ഞാൻ വെറുതെ..”

“താൻ എപ്പോഴും തന്റേതായൊരു ലോകത്തിലാണല്ലേ.. ആൾക്കൂട്ടത്തിനിടയിലും…”

“അങ്ങനെയൊന്നുമില്ല.. ഞാൻ അച്ഛനെയും അമ്മയെയും ഭദ്രയെയുമൊക്കെ ആലോചിച്ചു….”

“കള്ളം പറഞ്ഞൂ ഫലിപ്പിക്കാൻ ഇയാൾക്ക് അറിയില്ലെടോ..”

രുദ്ര മുഖമുയർത്തിയപ്പോൾ സൂര്യന്റെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു..

ആ നിമിഷമാണ് രുദ്രയുടെ തൊട്ടപ്പുറത്തുള്ള കറിപാത്രം എടുത്തു കൊടുക്കാൻ ശ്രീനാഥ്  ആവശ്യപ്പെട്ടത്.. രുദ്ര പാത്രം എടുത്തപ്പോൾ സൂര്യൻ അത് വാങ്ങി.. അറിയാത്ത മട്ടിൽ സൂര്യന്റെ വിരലുകൾ കൈയിൽ സ്പർശിച്ച മാത്രയിൽ തീപ്പൊള്ളലേറ്റത് പോലെ രുദ്ര കൈ പിൻവലിച്ചു.. അവൾ സൂര്യനെ ഒന്ന് പാളി നോക്കിയതും ആള് ഒന്നും സംഭവിക്കാത്ത മട്ടിൽ ഇരുന്നു കഴിക്കുന്നു.. അറിയാതെയാവും.. സ്വയം ആശ്വസിച്ച് രുദ്ര വീണ്ടും കഴിക്കാൻ തുടങ്ങിയപ്പോൾ സൂര്യന്റെ മുഖത്ത് തെളിഞ്ഞ നേർത്ത ചിരി രുദ്ര കണ്ടില്ല..

അവരെ വീക്ഷിക്കുന്ന രണ്ട് കണ്ണുകൾ എല്ലാം കാണുന്നുണ്ടായിരുന്നു…

അമലേന്റി വന്നത് എങ്ങനെയെങ്കിലും അച്ഛനെ അറിയിക്കണം.. ഫോണെടുക്കാനായി റൂമിലേക്ക് പോവുമ്പോൾ ഇടനാഴിയുടെ അറ്റത്തുള്ള ജനലിനരികെ നിന്ന് ഫോണിൽ അമർത്തിയ സ്വരത്തിൽ സംസാരിക്കുന്ന ശ്രീ മാമ്മനെ കണ്ടു.. എന്താണ് പറയുന്നതെന്ന് മനസ്സിലായില്ലെങ്കിലും ഇടയ്ക്കിടെ അനന്തേട്ടാ എന്ന് വിളിക്കുന്നത് കേട്ടാണ് രുദ്ര അരികിൽ എത്തിയത്.. അപ്പോഴേക്കും ശ്രീനാഥ് സംസാരിച്ചു കഴിഞ്ഞിരുന്നു…

“എന്ത് പറ്റി മോളെ…?”

“അച്ഛനെയാണോ വിളിച്ചത്…?”

“അതെ.. എന്താ…?”

“അമലേന്റി…”

അവളൊന്ന് നിർത്തി പതിയെ പറഞ്ഞു …

“അമ്മ അറിഞ്ഞാൽ.. ഇനിയും അവർ അകന്നു പോവുന്നത് കാണാൻ വയ്യ ശ്രീമാമ്മാ..”

“അയ്യേ ഇതിനാണോ കുഞ്ഞി വിഷമിക്കുന്നെ.. ഞാൻ അച്ഛനോട് എല്ലാം പറഞ്ഞിട്ടുണ്ട്.. തല്ക്കാലം അമാലികയും മോളും ഇവിടെ നിന്നോട്ടെയെന്നാണ് അനന്തേട്ടൻ പറഞ്ഞത്.. മോള് പേടിക്കണ്ട.. എല്ലാം അച്ഛൻ നോക്കിക്കോളും…”

“ഉം…”

അവളൊന്ന് മൂളി..

“ഇനി ഒന്ന് ചിരിച്ചേ…”

രുദ്ര പതിയെ ചിരിച്ചു..

മുറിയിലെത്തി ഫോണെടുത്തു അവൾ ആദ്യം വിളിച്ചത് ഭദ്രയെ ആയിരുന്നു.. സ്വിച്ചഡ് ഓഫ്‌.. അച്ഛനും അമ്മയും സന്ധ്യയ്ക്കാണ് അവിടെ എത്തിയത്.. രാത്രി വിളിച്ചിരുന്നു..

ഭദ്രയും ആദിയേട്ടനുമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട്..

ആലോചനയോടെ ജനലരികിൽ നിൽക്കുമ്പോൾ മുറ്റത്തു നിന്നും സംസാരം കേട്ടു..

സൂര്യനാരായണനും നന്ദനയും.. മുറ്റത്തതിരിലെ ചെമ്പകച്ചുവട്ടിൽ നിൽക്കുകയാണവർ.. നന്ദനയുടെ പൊട്ടിച്ചിരിയും സൂര്യന്റെ മുഴക്കമുള്ള ശബ്ദവും അവൾക്ക് കേൾക്കാമായിരുന്നു..

ഉള്ളിൽ നിറഞ്ഞ നീറ്റലിനെ അവൾ പ്രതിരോധിച്ചു…

എന്തിന്…?സൂര്യനാരായണനെ പറ്റി ഒരുപാട് കഥകൾ കേട്ടിട്ടുണ്ട്… പിന്നെ ഇപ്പോഴെന്തിന് മനസ്സ് വേദനിക്കണം…?

“എല്ലാരും പറയുന്നത് പോലെ സൂര്യൻ ഒരു വുമണൈസറൊന്നുമല്ല മോളെ.. പക്ഷെ ഒരു മാജിക് പേഴ്സണാലിറ്റിയാണ് അയാൾക്ക്.. പരിചയപ്പെടുന്നവരെല്ലാം അതിൽ ലയിച്ചു പോവും.. എന്റെ അറിവിൽ ഇന്നേവരെ സൂര്യൻ ആരെയും ചതിച്ചിട്ടോ വഞ്ചിച്ചിട്ടോ യില്ല.. പക്ഷെ അവനെ ആഗ്രഹിച്ച പെൺകുട്ടികളെല്ലാം വേദനിച്ചിട്ടുണ്ട്.. അതെനിക്കറിയാം.. അയാളുടെ മനസ്സിൽ കയറാൻ എളുപ്പമല്ല..”

ശ്രീമാമ്മന്റെ വാക്കുകൾ രുദ്രയുടെ ചെവികളിൽ അലയടിച്ചു.. അതിൽ ഒരു താക്കീതുണ്ടായിരുന്നു.. അതിനർത്ഥം സൂര്യനോടുള്ള തന്റെ പ്രണയം ഇപ്പോൾ എല്ലാവർക്കും മനസ്സിലാവുന്നുണ്ടെന്നാണോ… അപ്പോൾ സൂര്യനാരായണൻ…?

രുദ്ര വേപഥുവോടെ മിഴികൾ ഇറുകെ അടച്ചു.. അപ്പോഴും ആ പതിഞ്ഞ ചിരി അവൾക്ക് കേൾക്കാമായിരുന്നു..

കഴിവതും സൂര്യന് മുൻപിൽ ചെന്നു പെടാതെ അയാൾക്ക് മുഖം കൊടുക്കാതിരിക്കാൻ ശ്രെമിച്ചു രുദ്ര.. അരുന്ധതിയും അമലയും സംസാരിക്കുന്നതിനിടയിലും അവൾ തന്റേതായ ലോകത്തായിരുന്നു..

“അമ്മേ നന്ദൂട്ടിയ്ക്ക് സൂര്യൻ ന്ന് വെച്ചാൽ ജീവനാണ്.. അവരുടെ കല്യാണം ഒന്നാലോചിച്ചാലോന്ന് കരുതുവാണ് ഞാൻ.. അനന്തേട്ടനോടും ഒന്ന് സംസാരിക്കണം..”

അമല അരുന്ധതിയോട് പറഞ്ഞു..

“സൂര്യന്റെ അഭിപ്രായം അറിഞ്ഞോ..?”

രുദ്ര അമലയുടെ വാക്കുകൾക്കായി കാതോർത്തു..

“സൂര്യനും എതിർപ്പൊന്നും വരാൻ വഴിയില്ല..അവർക്ക് വര്ഷങ്ങളായി പരസ്പരം അറിയാം..”

“എങ്കിൽ പിന്നെ ഒന്നാലോചിക്കുന്നതിൽ തെറ്റില്ല..”

അരുന്ധതി പറഞ്ഞു.. രുദ്ര പതിയെ എഴുന്നേറ്റു റൂമിലേക്ക് നടന്നു..

ഭക്ഷണം കഴിക്കുമ്പോഴൊന്നും സൂര്യനടുത്തോ അഭിമുഖമായോ വരാതിരിക്കാൻ അവൾ ശ്രെദ്ധിച്ചിരുന്നു.. പക്ഷെ ഇടയ്ക്കിടെ ആ കണ്ണുകൾ തന്നെ തേടിയെത്തുന്നത് പോലെ രുദ്രയ്ക്ക് തോന്നിയിരുന്നു..

നാഗകാളിമഠം ഉറക്കത്തിലാണ്ടതിനു ശേഷം ഒരുപാട് നേരത്തെ ആലോചനയ്ക്കൊടുവിൽ രുദ്ര ഫോൺ കൈയിലെടുത്തു..

“ഹലൊ…”

ഒറ്റ റിങ്ങിൽ തന്നെ ആ ശബ്ദം കേട്ടു..

“ഇയാൾ ഇന്ന് വിളിക്കില്ല്യാന്നാ ഞാൻ കരുതിയത്…?”

“എന്തേ…?”

“ഒന്നുമില്ല.. അങ്ങനെ തോന്നി..”

രുദ്ര ഒന്നും പറഞ്ഞില്ല…

“എന്ത് പറ്റി തന്റെ ശബ്ദം വല്ലതിരിക്കുന്നു…”

“ഞാൻ.. ഞാനൊരു കാര്യം പറയാൻ വിളിച്ചതാണ്…”

രുദ്രയുടെ സ്വരം ഇടറിയിരുന്നു..

സൂര്യൻ ഒന്നും പറഞ്ഞില്ല…

“ഇനി.. ഇനി മാഷിനെ ഞാൻ വിളിക്കില്ല്യാ …”

അപ്പുറത്ത് നിന്ന് മറുപടി ഒന്നും കേട്ടില്ല…

“ഒരിക്കൽ കൂടെ പറയാതെ പോവാൻ തോന്നിയില്ല്യാ…”

രുദ്ര നേർത്ത ശബ്ദത്തിൽ പറഞ്ഞൊപ്പിച്ചു..

“അതിന് തനിക്ക് സാധിക്കുമോ..?”

തെല്ലു നേരം കഴിഞ്ഞാണ് അവൾ പറഞ്ഞത്..

“സാധിക്കും.. സാധിക്കണം..”

രുദ്രയുടെ വാക്കുകൾ ഉറച്ചതായിരുന്നു…

“തന്റെ തീരുമാനം അതാണെങ്കിൽ ഞാൻ നിർബന്ധിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ..”

രുദ്ര മിണ്ടിയില്ല പക്ഷെ അവളുടെ മനസ്സ് തകർന്നിരുന്നു..

“ഇനി എനിക്കൊരു കാര്യം പറയാനുണ്ട്..”

അതിനും അവൾ മറുപടി പറഞ്ഞില്ല..

“ഇനി എനിക്കീ ശബ്ദം ഫോണിൽ കേൾക്കണമെന്നില്ല.. പകരം നേരിട്ട് കേൾക്കണം..”

പൊടുന്നനെ മുറിയിൽ നിന്നാ ശബ്ദം കേട്ടതും രുദ്ര ചാടിയെഴുന്നേറ്റു..

ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ തന്റെ മുറിയിലെ വാതിലിൽ ചാരി നിൽക്കുന്നയാളെ അവൾ കണ്ടും.. ചെവിയിൽ ചേർത്തു വെച്ച ഫോണും…

“പറഞ്ഞതല്ലേ ഞാൻ.. വരുമെന്ന്.. ഈ നിശാഗന്ധിയെ സ്വന്തമാക്കാൻ…”

ചിരിയോടൊപ്പം ആ ശബ്ദവും തനിക്കരികിലേക്ക് എത്തുമ്പോൾ രുദ്രയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി..

പത്തി വിടർത്തിയ കുഞ്ഞ് കരിനാഗം അപ്പോഴും അടച്ചിട്ട രുദ്രയുടെ അറവാതിലിനു മുൻപിൽ ഉണ്ടായിരുന്നു..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply