Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 19

Online Malayalam Novel Neelamizhikal

“ഉം എന്തേ..നിശാഗന്ധിയ്ക്ക് ഇപ്പൊ ഓടിയൊളിക്കാൻ തോന്നണുണ്ടോ..?”

ശബ്ദത്തോടൊപ്പം പതിഞ്ഞ ചിരിയും  ആ രൂപവും തൊട്ടരികെ എത്തിയിട്ടും രുദ്ര ചലിക്കാനാവാതെ നിന്നുപോയി…ദേഹമാകെ  തളരുന്നത് പോലെ അവൾക്ക് തോന്നി…

സൂര്യനാരായണന്റെ നിശ്വാസം അവളറിഞ്ഞു…

“ഹേയ്..”

സൂര്യൻ അവളുടെ മുഖത്തിന്‌ മുൻപിൽ വിരലുകൾ ഞൊടിച്ചു..

രുദ്ര അപ്പോഴും ഫോൺ ചെവിയോട് ചേർത്ത് പിടിച്ചിരുന്നു.. സൂര്യൻ ചിരിയോടെ  ആ ഫോൺ വാങ്ങിയതും അവളൊന്ന് ഞെട്ടി..

“ദേ കള്ളം ഞാൻ കയ്യോടെ പിടിച്ചിരിക്കുന്നു.. അപ്പോൾ എങ്ങനെയാ കാര്യങ്ങൾ..?”

“എ.. എന്ത്…?”

രുദ്ര വിക്കി.. വീണ്ടും ആ ചിരി അവൾ കേട്ടു..

“എന്റെ രുദ്രക്കുട്ടീ ഓ സോറി നിശാഗന്ധി.. പറഞ്ഞതല്ലേ  ഒരിക്കൽ ഞാനീ മുൻപിൽ വന്നു നിൽക്കുമെന്ന്… ഉം..?”

ഒരു കൈ പുറകോട്ടാക്കി വെച്ച് സൂര്യൻ തന്റെ കീഴ്ചുണ്ടിൽ വിരലമർത്തികൊണ്ടു ചോദിച്ചു.. ആ കണ്ണുകൾ തിളങ്ങുന്നത് രുദ്ര കണ്ടു.. അവൾ ഞൊടിയിടയിൽ മുഖം താഴ്ത്തി..

“ഒരിക്കൽ എന്നെ വെല്ലുവിളിച്ച് വാശികേറ്റിയതോർമ്മയില്ലേ .. ഒരിക്കലും കണ്ടുപിടിക്കാനാവില്ലെന്ന്…?”

“അത്.. അത്.. പണ്ടല്ലേ..”

സൂര്യൻ വീണ്ടും ചിരിച്ചു..

“അതെ.. പക്ഷെ അന്നെനിക്കൊരു വാക്കും തന്നിരുന്നു..”

രുദ്ര  ഇറുകെ മിഴികൾ ചിമ്മി.. അവൾ ആ നിമിഷം അപ്രത്യക്ഷയാവാൻ കൊതിച്ചു പോയി..

“ഇങ്ങനെ മുന്നിൽ വന്നു നിൽക്കുമ്പോൾ ഞാൻ ചോദിക്കുന്നതെന്തും തരുമെന്ന്…”

“ഞാ.. ഞാൻ അങ്ങനെ ഒന്നും പ.. പറഞ്ഞില്ല…”

അവൾ വിക്കലോടെ പറഞ്ഞൊപ്പിച്ചു..

“ഇല്ലേ..?”

രുദ്ര മുഖമുയർത്തിയില്ല..

“നിശാഗന്ധി എന്റെ മുഖത്തോട്ടൊന്ന് നോക്കിയേ.. എന്നിട്ട് പറ…”

രുദ്ര മുഖമുയർത്തിയില്ല.. അടുത്ത നിമിഷം സൂര്യൻ അവളിലേക്ക് ചേർന്നു നിന്നതും അവൾ ഞെട്ടലോടെ പിറകോട്ടു ചുവട് വെച്ചു..

“ഇയാൾ എന്നോട് കള്ളം പറയുന്നത് എനിക്കിഷ്ടമല്ല..”

അവൾക്ക് നേരെ ചുവടുകൾ വയ്ക്കുന്നതിനിടെ സൂര്യൻ മൃദുവായി പറഞ്ഞു..

“കാരണം എന്താണെന്നറിയോ..?”

രുദ്ര ഇല്ലെന്ന് മെല്ലെ തലയിളക്കി..

“എന്റെ നിശാഗന്ധിയ്ക്ക് കള്ളം പറഞ്ഞു ഫലിപ്പിക്കാൻ അറിയില്ല.. അതാണ്‌ ഇയാളിൽ ഞാൻ ആദ്യം കണ്ടുപിടിച്ചത്…”

ആ കണ്ണുകളിൽ കുസൃതിയുടെ തിരയിളക്കം കണ്ടതും രുദ്രയുടെ ഉള്ള് വീണ്ടും പിടഞ്ഞു…പിറകോട്ടു നടന്നു കട്ടിലിന്റെ ക്രാസിയിൽ തട്ടി നിന്നതും രുദ്ര വെപ്രാളത്തോടെ ചുറ്റും നോക്കി.. അവളൊന്ന് അനങ്ങുമ്പോഴേക്കും സൂര്യന്റെ കൈകൾ ഇരുവശങ്ങളിലും ചേർന്നിരുന്നു..

ആ നിശ്വാസം കവിളിൽ തട്ടിയപ്പോഴേക്കും രുദ്രയുടെ മിഴികൾ നിറഞ്ഞിരുന്നു..

“സാർ… ഞാൻ.. വെ.. വെറുതെ.. പ്ലീസ്…”

കരിമഷി പടർന്ന വിടർന്ന കണ്ണുകളിലെ ഭയം കണ്ടതും സൂര്യന്റെ ഉള്ളൊന്ന് പിടഞ്ഞു.. ആ നിറഞ്ഞ കണ്ണുകൾ അയാളിൽ ഉണർത്തിയത് അത് വരെ അറിയാത്ത,ആരോടും തോന്നാത്ത പേരറിയാത്ത, വികാരമായിരുന്നു..

അടുത്ത നിമിഷം സ്വയമറിയാതെ അയാൾ അവളുടെ താടി വിരൽ കൊണ്ടുയർത്തി നിറഞ്ഞൊഴുകാൻ തുടങ്ങിയ മിഴികളിൽ മാറി മാറി ചുംബിച്ചു… രുദ്രയുടെ ദേഹം വിറച്ചത് സൂര്യനാരായണൻ അറിഞ്ഞിരുന്നു.. അവളിൽ നിന്നും മുഖമുയർത്തിയതും സൂര്യൻ അകന്നു മാറി നിന്നെങ്കിലും രുദ്ര കണ്ണുകൾ ഇറുകെ അടച്ചു അതേ നിൽപ്പ് നിന്നു…

“ഹേയ്…”

അവൾ അനങ്ങിയില്ല…

“നിശാഗന്ധി…”

സൂര്യന്റെ സ്വരം ആർദ്രമായിരുന്നു..

“ഡോ…”

രുദ്ര മിഴികൾ തുറന്നെങ്കിലും അയാളെ നോക്കിയില്ല..

“ഇവിടെ ഇരിക്ക്…”

കട്ടിലിൽ ഇരുന്നു കൊണ്ടു സൂര്യൻ പറഞ്ഞു.. അവൾ ഞെട്ടലോടെ മുഖമുയർത്തി…

“ഹാ ഇരിക്കെഡോ.. പേടിക്കണ്ട എനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് ഞാനങ്ങ് പോയേക്കാം…”

രുദ്ര തെല്ലു സംശയത്തോടെ അയാളെ നോക്കി..

“രുദ്രാ..”

തെല്ലു ഗൗരവം കലർന്ന ആ വിളിയിൽ ക്രാസിയിൽ ചേർന്നിരുന്ന സൂര്യനരികിൽ നിന്നും തെല്ലകലം വിട്ട് അവളിരുന്നു.. സൂര്യനാരായണന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.. രുദ്രയുടെ കൈകൾ നേര്യേതിന്റെ തലപ്പിൽ മുറുകുകയും അഴിയുകയും ചെയ്തു കൊണ്ടിരുന്നു.. അവളുടെ മിഴികൾ നിലത്തേയ്ക്കായിരുന്നു.. സൂര്യനാരായണന്റെ കണ്ണുകൾ തന്നിൽ തന്നെയാണെന്നുള്ള അറിവ് അവളിൽ വെപ്രാളം കൂട്ടിക്കൊണ്ടിരുന്നു..

“ഇനി പറ… എന്തായിരുന്നു ഇതിന്റെയൊക്കെ അർത്ഥം…?വർഷങ്ങളായി ഒരു പൂവിന്റെ പേരിൽ മറഞ്ഞു നിന്ന് എന്നോട് സംസാരിച്ചത്.. ഉം?

തെല്ലു കഴിഞ്ഞാണ് അവൾ പതിയെ പറഞ്ഞത്…

“സാറിന്റെ.. സാറിന്റെ എഴുത്തിനോടുള്ള ഇഷ്ടം.. അതാണ്‌ എന്നെ കൊണ്ടു ഇതൊക്കെ ചെയ്യിപ്പിച്ചത്… ഞാൻ…”

“സാറെന്ന് വിളിക്കാറുള്ളത് നാഗകാളി മഠത്തിലെ ശ്രീരുദ്രയാണ്.. ഞാൻ വന്നത് എന്റെ നിശാഗന്ധിയെ കാണാനാണ്..”

രുദ്ര മുഖമുയർത്തി നോക്കിയതും സൂര്യൻ ചിരിച്ചു…

“ഹാ പിന്നെ എന്താ പറഞ്ഞത്.. ഓ എഴുത്തിനോടുള്ള ഇഷ്ടം… എഴുത്തിനോടുള്ള ഇഷ്ടം എന്നെങ്കിലും ഈ എഴുത്തുകാരനോട് തോന്നിയിട്ടുണ്ടോ…?”

രുദ്രയുടെ മിഴികൾ പിടഞ്ഞു..

“പറയെടോ…”

“സാർ….ഞാൻ..”

“ഉംഹും.. നിശാഗന്ധി എന്നെ ഒരിക്കലും സാർ എന്ന് വിളിച്ചിട്ടില്ല…”

രുദ്ര ഒന്നും മിണ്ടിയില്ല…

“എനിക്കുള്ള ഉത്തരം കിട്ടിയില്ല…”

“അത്… അത് എനിക്കറിയില്ല..”

രുദ്രയുടെ ചെവികളിൽ വീണ്ടും ആ പതിഞ്ഞ ചിരി നിറഞ്ഞു..

“തനിക്ക് കള്ളം പറയാൻ അറിയില്ലെടോ..”

രുദ്ര മറുപടി പറഞ്ഞില്ല..

“ഇടയ്ക്ക് താൻ വിളിക്കാതിരിക്കുമ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വരുമായിരുന്നു.. അപ്പോഴൊക്കെ വിചാരിക്കും തന്നെ കാണുമ്പോൾ ആ കവിളിൽ ഒന്ന് പൊട്ടിക്കണമെന്ന്..”

രുദ്ര പൊടുന്നനെ മുഖമുയർത്തി.. ആ ചിരിയിൽ കുസൃതി കലരുന്നതറിഞ്ഞതും അവൾ വീണ്ടും താഴേക്ക് നോക്കി..

“പിന്നെ ചിലപ്പോൾ തോന്നിയിട്ടുള്ളത് ആദ്യമായി കാണുമ്പോൾ കെട്ടിപിടിച്ചൊന്ന്  ഉമ്മ

വെയ്ക്കണമെന്നാണ്.. ചുമ്മാ ആ കണ്ണുകളിലെ വെപ്രാളമൊന്നു കാണാൻ..”

രുദ്ര ഞെട്ടലോടെ എഴുന്നേറ്റു… അയാളെ നോക്കി.. സൂര്യനിൽ അപ്പോഴും ചിരിയായിരുന്നു..

“ഹാ ഇരിക്കെടോ.. ഞാൻ പറഞ്ഞു കഴിഞ്ഞില്ലല്ലോ…”

പിന്നെയും ഒന്ന് രണ്ടു നിമിഷം കഴിഞ്ഞാണ് രുദ്ര ഇരുന്നത്..

“ഇയാളുടെ മനസ്സിൽ ഉള്ളത് ഞാൻ പറയട്ടെ..?”

രുദ്ര ഒന്നും പറഞ്ഞില്ല..

“ഉം..?”

മറുപടിയില്ല..

“തന്നെ ഞാൻ എങ്ങനെ കണ്ടെത്തിയെന്നല്ലേ…?”

രുദ്ര ആകാംക്ഷയോടെ അയാളെ നോക്കി..

“ശ്രീനാഥ്.. തന്റെ ശ്രീ മാമൻ…”

രുദ്രയുടെ സംശയം നിറഞ്ഞ മുഖം കണ്ടതും സൂര്യൻ ചിരിച്ചു..

“സൂര്യനറിയാതെയാ പ്രണയത്തിൻ ദളങ്ങൾ

വിടരുന്നത് രാവിന്റെ ഏകാന്ത യാമങ്ങളിൽ..

ആദിത്യനറിയില്ലൊരിക്കലും..തനിക്കായി വിടർന്നൊരാ ദളങ്ങൾ മണ്ണിൽ ലയിച്ചാലും ശുഭ്രവർണ്ണത്തിൽ അവളൊളിപ്പിച്ചൊരാ പ്രണയം..നിശാഗന്ധി തൻ പ്രണയം..”

രുദ്രയുടെ കണ്ണുകൾ സൂര്യനിലായിരുന്നു..

“വർഷങ്ങളായി എന്റെയൊരു ആരാധിക  ഒരു പൂവിനുള്ളിൽ മറഞ്ഞിരുന്നു എനിക്കായി എഴുതിയ കുറിപ്പുകളിലൊന്നിൽ കണ്ട,എനിക്കേറെ ഇഷ്ടമായ വരികൾ ഞാൻ വീണ്ടും കണ്ടെത്തിയത് സംവിധായകൻ ശ്രീനാഥ്‌ മാധവിന്റെ ഫ്ലാറ്റിൽ.. യാദൃശ്ചികമായി കണ്ട ഒരു ബുക്കിൽ …”

രുദ്ര അയാളുടെ വാക്കുകളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു..

“അത്ഭുതവും ആകാംക്ഷയുമൊക്കെ മറച്ചു വെച്ചു ഞാൻ അന്വേഷിച്ചറിഞ്ഞ ശ്രീയേട്ടന്റെ പ്രിയപ്പെട്ട മരുമക്കൾ..ശ്രീ ഭദ്രയും..ശ്രീരുദ്രയും.. ശ്രീയേട്ടന്റെ വാക്കുകളിൽ നിന്നും തന്നെ എനിക്കറിയാമായിരുന്നു ഞാൻ തേടുന്ന ആ നിശാഗന്ധി.. അത് താനാണെന്ന്…”

കുസൃതി നിറഞ്ഞ കണ്ണുകൾ തന്നെ തേടിയെത്തിയതും രുദ്രയുടെ മുഖം താഴ്ന്നു..

“പക്ഷെ ശ്രീയേട്ടന്റെ രുദ്രക്കുട്ടി അപരിചതരോട് സംസാരിക്കാത്ത വാക്കുകളിൽ പിശുക്ക് കാട്ടുന്നവളായിരുന്നു.. അക്ഷരങ്ങളിൽ ജീവിക്കുന്നവൾ.. ബഹളങ്ങളിൽ നിന്നൊഴിഞ്ഞു നാഗകാളി മഠത്തിന്റെ ശാന്തതയെ ഇഷ്ടപെടുന്ന അവൾക്കെങ്ങിനെ ഇങ്ങനെ ഒരു കാര്യം ചെയ്യാനുള്ള ധൈര്യം എന്നോർത്തപ്പോൾ വീണ്ടും സംശയമായി..”

സൂര്യൻ എഴുന്നേറ്റതും അവളും പിടഞ്ഞെണീറ്റു..

“പിന്നീടെപ്പോഴോ ഈ നിശാഗന്ധിയെ മറ്റാർക്കും കൊടുക്കാതെ എനിക്ക് മാത്രമായി വേണമെന്ന് തോന്നി… അതിനായിരുന്നു ഈ വരവ്… ഈ കള്ളിപെണ്ണിനെ കൈയോടെ പിടിക്കണമെന്നത് ഒരു വാശിയും..”

വീണ്ടും അവൾക്കരികെ എത്തിയിരുന്നു സൂര്യനാരായണൻ…

“എന്റെ ചോദ്യങ്ങൾക്കൊന്നും ഇപ്പോഴും ഉത്തരങ്ങൾ കിട്ടിയിട്ടില്ല..”

തെല്ലു പരിഭവം കലർന്നിരുന്നു ആ ശബ്ദത്തിൽ..

“ഞാൻ.. എ.. എനിക്ക്.. പേടിയായിരുന്നു…”

സൂര്യൻ  ചിരിച്ചു..

“എന്നെയോ…?”

“ഉം…”

“ഇപ്പോഴും….?”

“ഉം…”

രുദ്ര മുഖമുയർത്തിയില്ല.. അഴിഞ്ഞുലഞ്ഞ മുടിയിഴകളും കരിമഷി പടർന്ന കവിളുകളും നെറ്റിയിലെ പാതി മാഞ്ഞ മഞ്ഞൾക്കുറിയും.. പിടയുന്ന മിഴിയിണകളും…

സൂര്യൻ മുഖം തെല്ലുയർത്തിയതും രുദ്രയുടെ കണ്ണുകളും ഒരു നിമിഷം  ആ മിഴികളിൽ തങ്ങി നിന്നു.. അവൾ കണ്ണുകൾ താഴ്ത്തുന്നതിനും മുൻപേ സൂര്യന്റെ അധരങ്ങൾ അവളിൽ ചേർന്നിരുന്നു.. നിമിനേരം ആ കണ്ണുകളിൽ തെളിഞ്ഞ അമ്പരപ്പും അവിശ്വസനീയതയും കണ്ടെങ്കിലും സൂര്യനാരായണൻ അവളിലേക്ക് ചേർന്നു തന്നെ നിന്നു..

സൂര്യൻ അകന്നു മാറിയപ്പോൾ രുദ്ര ചലനമറ്റ്

നിന്നു..

“ആദ്യത്തേത് അറിയാതെ സംഭവിച്ചു പോയതാണ്.. ആ നിറഞ്ഞ മിഴികൾ കണ്ടപ്പോൾ.. പക്ഷെ ഇത് അങ്ങനെയല്ല.. എന്റെ പ്രണയമാണ്.. പിന്നെ ഇത്രയും കാലം എന്നെ വട്ടം ചുറ്റിച്ചതിനുള്ള ചെറിയൊരു ശിക്ഷയും…”

രുദ്ര അപ്പോഴും മുഖമുയർത്തിയില്ല…

“അനുവാദം ചോദിച്ചില്ല.. തെറ്റാണ്… ബട്ട്‌ എവെരിതിങ്ങ് ഈസ്‌ ഫെയർ ഇൻ ലവ്  ആൻഡ് വാർ ..അല്ലെടോ..”

രുദ്ര ഒന്നും പറഞ്ഞില്ല…

“ദേഷ്യമുണ്ടോ ഇയാൾക്ക്…?”

അപ്പോഴും അവൾ മിണ്ടിയില്ല..

“ഉണ്ടെങ്കിൽ അത് കൈയിൽ തന്നെ വെച്ചോ…എന്നെ ഒരുപാട് പറ്റിച്ചതല്ലേ..”

സൂര്യൻ കള്ളച്ചിരിയോടെ പറഞ്ഞു…

“അതേയ്.. നാഗകാളി മഠത്തിലെ അനന്തപത്മനാഭനും പത്മയും തിരികെ വന്നിട്ട് വേണം എനിക്കൊന്ന് സംസാരിക്കാൻ..”

രുദ്ര ഞെട്ടലോടെ മുഖമുയർത്തി..സൂര്യൻ കണ്ണിറുക്കി കാണിച്ചു..

“ഈ നിശാഗന്ധിപ്പൂവിനെ എനിക്ക് തന്നേക്കാമോന്ന് ചോദിക്കണ്ടേ…? ഉം..?”

രുദ്രയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി..

“പേടിയ്ക്കണ്ടാ.. നിശാഗന്ധി ഈ സൂര്യന്റെ മനസ്സിനുള്ളിലാണ്.. ആരും അറിയില്ല.. ഒന്നും…പോരേ…?”

രുദ്രയുടെ മുഖത്ത് തെല്ലാശ്വാസം വന്നു..

“ഇനിയും ഇവിടെ ചുറ്റിതിരിയാൻ വയ്യ.. തന്റെ ബോഡിഗാർഡ് പുറത്ത് കാവലുണ്ട്..”

“കുഞ്ഞൻ…?”

“ഉം.. പുറത്തുണ്ട്..”

“എങ്ങനെ… കു.. കുഞ്ഞൻ അകത്തേക്ക് വിട്ടോ മാഷിനെ…?”

“ഉഫ്.. ആ മാഷെന്നുള്ള വിളി… അതാണ് എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നെ..”

രുദ്ര ഒന്നും മിണ്ടിയില്ല..

“ഈ നിശാഗന്ധിയെ മയക്കിയെടുത്ത പോലെ അവളുടെ കാവൽക്കാരനെയും ഞാൻ പാട്ടിലാക്കി..”

സൂര്യനാരായണൻ വീണ്ടും കണ്ണിറുക്കി കാണിച്ചതും രുദ്രയ്ക്ക്  അയാൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്നു തോന്നി..

മായാജാലക്കാരൻ.. ഗന്ധർവ്വൻ..

“ഇങ്ങനെ നോക്കാതെ പെണ്ണേ..”

തിരിഞ്ഞു വാതിൽക്കലേക്ക് നടക്കാൻ തുടങ്ങിയ സൂര്യൻ തല ചെരിച്ചു പറഞ്ഞതും രുദ്ര വീണ്ടും വെപ്രാളത്തോടെ മുഖം താഴ്ത്തി.. അപ്പോഴും ആ ചിരി അവളുടെ കാതുകളിൽ എത്തുന്നുണ്ടായിരുന്നു..

“ഹേയ് ഒരു കടം കൂടെ ബാക്കിയുണ്ട് ട്ടോ..”

രുദ്ര ഒന്നും പറഞ്ഞില്ല..

“ചോദിക്കുന്നത് എന്തും തരാമെന്നൊരു വാക്കുണ്ടായിരുന്നു..”

വാതിൽ തുറക്കുന്നതിനിടെ ചിരിയോടെയാണ് പറഞ്ഞത്..

“ഞാൻ ചോദിച്ചോളാം…”

വാതിൽ പുറത്ത് നിന്നും അടഞ്ഞതും രുദ്ര തളർച്ചയോടെ കട്ടിലിലേക്ക് വീണു…

വാതിൽ ചേർത്തടച്ചതും പുറത്തുണ്ടായിരുന്ന കുഞ്ഞു കരിനാഗം സൂര്യനാരായണന് നേരെയൊന്ന് ചീറ്റി..

“ഹാ.. ഞാനെന്റെ പെണ്ണിനെയൊന്ന് കാണാൻ പോയതല്ലേ ചങ്ങാതി.. ഒരു കുരുത്തക്കേടും കാട്ടിയില്ല.. സത്യം..”

പറഞ്ഞൂ കൊണ്ടു കുഞ്ഞു നാഗത്തിന് നേരെയൊന്നു കണ്ണിറുക്കി കാട്ടി സൂര്യനാരായണൻ ഇടനാഴിയിലൂടെ പുറത്തേക്ക് നടന്നു…

മുറിയിൽ എത്തിയപ്പോഴും ശ്രീനാഥ് നല്ല ഉറക്കമായിരുന്നു..

ശ്രീനാഥിനിപ്പുറത്തെ കട്ടിലിൽ കിടന്നപ്പോഴും സൂര്യന്റെ ചുണ്ടിൽ ചിരി വിടർന്നിരുന്നു.. കരിമഷി പടർന്നിരുന്ന വിടർന്ന കണ്ണുകൾ വെപ്രാളത്തോടെ പിടയുന്നതായിരുന്നു മനസ്സിൽ തെളിഞ്ഞത്…

രണ്ടു കാര്യങ്ങൾ സൂര്യനാരായണന് പകൽ പോലെ വ്യക്തമായിരുന്നു…

ഒന്ന്..താനല്ലാതെ മറ്റൊരു പുരുഷൻ രുദ്രയുടെ ജീവിതത്തിൽ ഉണ്ടാവില്ല…

രണ്ടാമത്തേത്…ശ്രീരുദ്ര സൂര്യന്റെതാവണമെങ്കിൽ അനന്തന്റെയും പത്മയുടെയും പൂർണ്ണസമ്മതം വേണം..

ഒരിക്കലും അച്ഛന്റെയും അമ്മയുടെയും അനുവാദമില്ലാതെ രുദ്ര തന്നോടൊപ്പം വരില്ല..

പക്ഷെ…

അനന്തപത്മനാഭൻ ഒരിക്കലും സമ്മതിക്കില്ല…

അന്ന് സൂര്യനാരായണന്റെ നിദ്രയെ കവർന്നത് അവളായിരുന്നു.. നിശാഗന്ധി..

തലയിണ നെഞ്ചോട് ചേർത്ത് പിടിച്ചു കിടക്കുമ്പോഴും രുദ്രയുടെ ഉടൽ വിറച്ചിരുന്നു..

കഴിഞ്ഞു പോയതൊക്കെ സ്വപ്നമായിരുന്നോ…?

അവൾ പതിയെ സൂര്യനാരായണന്റെ സ്പർശനമേറ്റ ചുണ്ടിൽ തൊട്ടു.. അപ്പോഴും ഉണ്ടായിരുന്ന ചെറിയ നീറ്റൽ കഴിഞ്ഞു പോയതൊന്നും സ്വപ്നമല്ലായിരുന്നുവെന്ന് അവളെ ഓർമിപ്പിച്ചു കൊണ്ടേയിരുന്നു..

പക്ഷെ.. സൂര്യനാരായണൻ പറഞ്ഞത് പോലെ കുഞ്ഞൻ ഇവിടെ ഉണ്ടായിരുന്നോ…?

പക്ഷെ…?

വാതിൽ ഒരുപക്ഷെ ലോക്ക് ചെയ്യാൻ താൻ മറന്നതാവും.. പക്ഷെ കുഞ്ഞന്റെ കാവലുണ്ടെങ്കിൽ സൂര്യന് എങ്ങനെ ഉള്ളിൽ കയറാൻ സാധിക്കും..?

മനസ്സിൽ നിറഞ്ഞു വരുന്ന ചോദ്യങ്ങൾക്കിടയിലും ഒന്ന് മാത്രം അവൾക്കുറപ്പായിരുന്നു… തന്റെ ജീവിതം ഇനിയൊരിക്കലും പഴയത് പോലെ ആവില്ല…

ഒരിക്കൽ കൂടെ സൂര്യനാരായണന്റെ മുൻപിൽ നിൽക്കുന്നതോർത്തപ്പോൾ രുദ്രയുടെ തൊണ്ട വരണ്ടു…

########## ########## ##########

കാളിയാർമഠത്തിന്റെ അകത്തളത്തിൽ ദേവിയമ്മയ്ക്കും പത്മയ്ക്കും അരികിൽ ഇരിക്കുമ്പോഴും ഭദ്രയുടെ മിഴികൾ ഇടയ്ക്കിടെ മഠത്തിന്റെ മതിൽക്കെട്ടിനു പുറത്തേക്ക് എത്തിക്കൊണ്ടിരുന്നു..

ഉച്ച കഴിഞ്ഞാണ് അനന്തനും ആദിത്യനും പുറത്തേയ്ക്ക് പോയത്.. ഭട്ടതിരിപ്പാടിനെ കാണാനാണെന്ന് പറയുന്നത് കേട്ടിരുന്നു.. ഇന്നലെ സന്ധ്യയ്ക്കാണ് അച്ഛനും അമ്മയും വന്നു കയറിയത്.. വന്നത് മുതൽ അച്ഛൻ ആദിത്യനൊപ്പം മുകൾ നിലയിൽ ആയിരുന്നു.. അമ്മയോടൊപ്പമാണ് താൻ കിടന്നത്..രണ്ടുപേരും കൂടുതലൊന്നും സംസാരിച്ചിരുന്നില്ല…

ഭദ്ര പത്മയെ ഒന്ന് നോക്കി.. ദേവിയമ്മയോട് എന്തോ സംസാരിച്ചു തിരിഞ്ഞ പത്മ ഭദ്രയുടെ നോട്ടം കണ്ടു.. പത്മ കണ്ടുവെന്നറിഞ്ഞതും ഭദ്ര മിഴികൾ മാറ്റിയിരുന്നു.. പത്മയുടെ ചുണ്ടിലൊരു ചെറുചിരി തെളിഞ്ഞിരുന്നു.. ഭദ്രയുടെ പരിഭാന്ത്രി പത്മ കാണുന്നുണ്ടായിരുന്നു..

ഭദ്ര എപ്പോഴും അച്ഛൻകുട്ടിയായിരുന്നു.. പക്ഷെ ഒരിക്കലും തുറന്നു സമ്മതിക്കില്ലെങ്കിലും അച്ഛനോളം തന്നെ അവൾ തന്നെയും സ്നേഹിക്കുന്നുണ്ടെന്നും

പത്മയ്ക്ക് അറിയാമായിരുന്നു…

അനന്തന്റെ കാർ മതിൽക്കെട്ട് കടന്നതും ഭദ്ര ചാടിയെഴുന്നേറ്റു..

ദേവിയമ്മയും പത്മയും പൂമുഖത്തു എത്തുമ്പോഴേക്കും ഭദ്ര തൂണിനരികെ നിലയുറപ്പിച്ചിരുന്നു…

അനന്തനൊപ്പം കയറി വന്ന ആദിത്യന്റെ മിഴികൾ അവളെ തേടി വന്നെങ്കിലും ഭദ്ര അവനെ നോക്കിയതേയില്ല…

പത്മ‌യെ ഒന്ന് നോക്കിയിട്ട് അനന്തൻ ചിരിയോടെ ഭദ്രയെ ചേർത്ത് പിടിച്ചു അകത്തേക്ക് നടന്നു.. അനന്തൻ സോഫയിൽ ഇരുന്നപ്പോൾ ദേവിയമ്മ പറഞ്ഞു..

“ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം..”

“അതൊക്കെ പിന്നീടാവാം ദേവമ്മേ.. എനിക്ക് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്…”

“എന്ത് പറ്റി നന്ദാ..എന്തെങ്കിലും പ്രശ്നമുണ്ടോ..? തിരുമേനി വല്ലതും പറഞ്ഞോ..?”

ദേവിയമ്മയുടെ സ്വരത്തിൽ തെല്ലു ഭയമുണ്ടായിരുന്നു…

“പ്രശ്നങ്ങൾ…”

അനന്തൻ ഒന്ന് നിർത്തി എല്ലാവരെയും നോക്കി.. കണ്ണുകൾ ഭദ്രയിൽ എത്തി നിന്നു..

“പ്രശ്നങ്ങൾ ഉണ്ട് ദേവമ്മേ.. പക്ഷെ അദ്ദേഹം ഏറ്റവും പ്രധാനമായി പറഞ്ഞത് ഒരു കാര്യമാണ്.. ആദിത്യന്റെയും ഭദ്രയുടെയും വിവാഹം…”

ആരും ഒന്നും മിണ്ടിയില്ല… നാഗത്താൻ കാവിൽ കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു..

“അത് ഉടനെ നടത്തണം….”

ഭദ്രയുടെ കണ്ണുകൾ തന്നെ നോക്കിയിരിക്കുന്ന ആദിത്യനിൽ എത്തി.. ആ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞിരുന്നു…

“എനിക്ക് സമ്മതമല്ല.. ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല…”

ഭദ്രയുടെ വാക്കുകൾ ഉണ്ടാക്കിയ നിശബ്ദതയിൽ നാഗത്താൻകാവിൽ വീശിയടിച്ച കാറ്റും ശബ്ദമടക്കിയത് അനന്തൻ അറിഞ്ഞിരുന്നു…

(തുടരും )

അവസാനഭാഗത്തെ പറ്റി ചെറിയൊരു ആശയക്കുഴപ്പം..  ഇനി ഒരുപാടൊന്നും ഇല്ല.. സൂപ്പർ.. വെയ്റ്റിംഗ് ഒഴിവാക്കി.. കഥയെ പറ്റി പറയൂ

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.7/5 - (11 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!