സുഖകരമല്ലാത്ത മൗനത്തിലൂടെ നിമിഷങ്ങൾ കടന്നു പോയി.. പത്മയുടെ മിഴികളിൽ അമ്പരപ്പായിരുന്നു.. കണ്ണുകൾ അനന്തനുമായി കൊരുത്ത നിമിഷത്തിൽ ആ ചുണ്ടിൽ ഊറിയ ചെറു പുഞ്ചിരി പത്മ കണ്ടു.. സ്വയമറിയാതെ എത്തിയ ഓർമ്മകളാലാവാം അവളിലും ആ ചിരി പടർന്നത്…
” മോളെന്താ ഇങ്ങനെയൊക്കെ പറയുന്നത്.. മോളല്ലേ പറഞ്ഞത് ആദിയുമായി ഇഷ്ടത്തിലായിരുന്നുവെന്നൊക്കെ…”
ദേവിയമ്മ പറഞ്ഞതും അറിയാതെ തന്നെ ഭദ്രയുടെ കണ്ണുകൾ ആദിത്യനിലെത്തി.. ആ കൂർത്ത നോട്ടം കണ്ടതും അവളൊന്ന് പരുങ്ങി…
“ദേവിയമ്മേ… അത് ഞാൻ.. “
ഭദ്ര എന്ത് പറയണമെന്നറിയാതെ നിന്നു.. അനന്തൻ അവളെ നോക്കി..
“ഭദ്രാ.. നീയും ആദിത്യനും…”
“അങ്കിൾ.. എനിക്ക് ഭദ്രയോടൊന്നു സംസാരിക്കണം..”
അനന്തനും ആദിത്യനും ഒരേ സമയത്താണ് പറഞ്ഞത്… അനന്തൻ ചിരിച്ചു..
“യസ് ഒഫ്കോഴ്സ്…..”
ഭദ്രയ്ക്ക് നേരെ ആംഗ്യം കാണിച്ചു കൊണ്ടു അനന്തൻ പറഞ്ഞു..
“ദേവമ്മേ അവരുടെ ഭാവിയാണ്.. അവരായി തന്നെ ഒരു തീരുമാനത്തിൽ എത്തട്ടെ..”
ആദിത്യനു പിറകെ അകത്തേക്ക് നടക്കുമ്പോൾ ഭദ്ര അച്ഛനെ ഒന്ന് പാളി നോക്കി.. ആ നോട്ടം പ്രതീക്ഷിച്ചെന്നോണം അനന്തൻ ഇരുകണ്ണുകളുമടച്ചു കാണിച്ചു..
“ഈ കുട്ട്യോൾടെ ഒരു കാര്യം.. ഒന്ന് അയയുമ്പോൾ മറ്റേത് മുറുകും..”
ദേവിയമ്മ ആരോടെന്നില്ലാതെ പറഞ്ഞു അകത്തേക്ക് കയറി പോയി..
പത്മ എഴുന്നേൽക്കാൻ തുടങ്ങിയതും അനന്തൻ വേഗത്തിൽ അരികിലെത്തി അവൾക്കിരുവശവും സോഫയിൽ കൈ കുത്തി നിന്നു മുഖം താഴ്ത്തി പത്മയെ നോക്കി..
“ഉം..?”
“എന്താ…?”
“നേരത്തെ ചിരിക്കുന്നത് കണ്ടല്ലോ…?”
അനന്തൻ ചോദിച്ചതും പത്മയുടെ മുഖം ചുവന്നു…
“അനന്തേട്ടനും ചിരിച്ചല്ലോ…?”
“ഇതിന്റെ ഫോട്ടോസ്റ്റാറ്റ് അല്ലെ ഇപ്പോൾ അകത്തേക്ക് പോയത്.. ആ ചെറുക്കന്റെയൊരു തലവിധി…”
കണ്ണിറുക്കി പറഞ്ഞപ്പോൾ ആ വാക്കുകളിൽ കുസൃതി തെളിഞ്ഞിരുന്നു.. പത്മയുടെ നെഞ്ചിടിപ്പ് കൂട്ടികൊണ്ട് ആ നുണക്കുഴികളും…
“ഓഹോ.. അപ്പോൾ ആ പോയ ഫോട്ടോസ്റ്റാറ്റിൽ താങ്കൾക്ക് വല്ല അവകാശവും ഉണ്ടോ ആവോ..?”
ഒരു പ്രത്യേക താളത്തിലുള്ള പത്മയുടെ ചോദ്യത്തിന് അനന്തൻ പൊട്ടിച്ചിരിച്ചു.. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…
“ആ ഫോട്ടോസ്റ്റാറ്റ് ഞാനല്ലേ പെണ്ണേ എടുത്തത്..?”
കള്ളച്ചിരിയോടെ പത്മയുടെ മുഖത്ത് പടരുന്ന ചുവപ്പിലേക്ക് കൗതുകത്തോടെ കണ്ണുകൾ നട്ടു അനന്തൻ..
“പോ അവിടുന്ന്.. ശൃംഗാരവുമായി വന്നിരിക്യാ കാമദേവൻ..”
പത്മ രണ്ട് കൈയും അനന്തന്റെ നെഞ്ചിൽ വെച്ചു ചെറുതായൊന്നു തള്ളി..
പിറകിലോട്ട് വേച്ചു പോവുന്നത് പോലെ കാണിക്കുന്നതിനിടയിൽ അനന്തൻ വലത് കൈ ഇടനെഞ്ചിൽ വെച്ചു..
“ഇങ്ങനെയൊന്നും ചെയ്യല്ലെയെന്റെ തമ്പുരാട്ടി.. വയസ്സായി വരുവാ..”
പത്മയുടെ വേവലാതി കലർന്ന നോട്ടത്തിലേക്ക് കണ്ണിറുക്കി കാണിച്ചു കൊണ്ടു ഒരു കാൽ മടക്കി സോഫയിൽ വെച്ചു അനന്തൻ പത്മയ്‌ക്കരികെ ചേർന്നിരുന്നു..
“അനന്തേട്ടാ അവര്..”
പത്മ പൂർത്തിയാക്കുന്നതിനു മുൻപേ അവളുടെ വലത് കൈപ്പത്തി അനന്തൻ കൈകൾക്കുള്ളിലാക്കിയിരുന്നു..
“ഒന്നുമില്ലെടോ.. ഭദ്രയെ പറ്റി എനിക്കൊട്ടും ആശങ്കയില്ല… വാശി പിടിച്ചാലും അവൾക്ക് അറിയാം എന്ത് തീരുമാനം എടുക്കണമെന്ന്.. പ്രതിബന്ധങ്ങൾ ഏറെയാണ്.. പക്ഷെ ഭദ്ര ധൈര്യമുള്ള കുട്ടിയാണ്.. അവൾ അതിജീവിക്കും..പക്ഷെ…”
അനന്തൻ ഒരു നിമിഷം ഒന്നും മിണ്ടാതെ പത്മയുടെ കൈയിൽ മെല്ലെ തഴുകി…
“രുദ്ര…?”
പത്മയുടെ സ്വരം നേർത്തിരുന്നു…
“ഉം.. അവളെയാണ് എനിക്ക് പേടി… സെൻസിറ്റിവാണ് രുദ്ര.. പുറമെ കാണാതെ എത്ര പൊതിഞ്ഞു പിടിക്കുമെങ്കിലും അവളുടെ മനസ്സിൽ ഒരു മുറിവേറ്റാൽ അത് പെട്ടെന്നൊന്നും ഉണങ്ങില്ല.. അതിന് ആഴം കൂടും.. രുദ്ര എല്ലാം ക്ഷമിച്ചാലും ഒന്നും മറക്കില്ല…”
ഒന്നു നിർത്തി അനന്തൻ പത്മയെ നോക്കി..
“അവളുടെ അമ്മയെ പോലെ…”
പത്മയുടെ കൈ ഒന്ന് വലിക്കാൻ ശ്രെമിച്ചതും അനന്തൻ ചിരിച്ചു.. പത്മ മുഖം കുനിച്ചു..
“അനന്തേട്ടാ രുദ്രയുടെ മനസ്സിൽ ഒരാളുണ്ട്…”
പെട്ടെന്നാണ് പത്മ പറഞ്ഞത്…
“സൂര്യനാരായണൻ… അല്ലെ…?”
“ഉം…”
പത്മ മെല്ലെയൊന്ന് മൂളി..
“സൂര്യനോട് അവൾക്കുള്ളത് വെറുമൊരു ആരാധനയല്ലെന്ന് ഞാനും തിരിച്ചറിഞ്ഞതാണ്…”
അനന്തൻ പറഞ്ഞു …
“പക്ഷെ അയാൾ…?”
“എന്തേ തനിക്കിഷ്ടമല്ലേ സൂര്യനെ…?”
“എനിക്കറിയില്ല അനന്തേട്ടാ.. എഴുത്തുകാരനല്ലേ.. പോരാത്തതിന് പ്രശസ്തനും…ഒരുപാട് ഗോസിപ്പുകൾ ഒക്കെ കേട്ടിട്ടുണ്ട്…”
“അതൊന്നും കാര്യമാക്കേണ്ടതില്ല.. ആളുകൾ പലതും പറയും..രുദ്രയ്ക്ക് വേണ്ടത് അവളെ മനസ്സിലാക്കുന്നൊരാളെയാണ്..”
“പക്ഷെ സൂര്യനെ പോലെ ഒരുപാട് സോഷ്യൽ കോൺടാക്ട്സ് ഒക്കെയുള്ള ഒരാൾക്ക് രുദ്രയെ പോലെ ഒതുങ്ങിയ ഒരു പെണ്ണിനെ ഇഷ്ടമാവുമോ.. അവർ തമ്മിൽ ഒരു ചേർച്ചയും ഉള്ളതായി തോന്നുന്നില്ല..”
“ഇത്രയും വർഷങ്ങൾ എന്റെ കൂടെ ജീവിച്ചിട്ടും ഒരു മാറ്റോമില്ലല്ലേ…”
പത്മ ജാള്യതയോടെ ചിരിച്ചു..
“ഈ സംശയങ്ങൾ തന്നെയായിരുന്നു എന്റെ തമ്പുരാട്ടിക്കുട്ടിയ്ക്കും..”
അനന്തൻ അവളെ തന്നിലേക്ക് ചേർത്തണച്ചു..
“അവരുടെ ജീവിതം അവരുടെ തീരുമാനമാണ്.. അവരുടെ സന്തോഷമാണ്… പക്ഷെ..”
അനന്തൻ മെല്ലെ തുടർന്നു…
“പക്ഷെ അവരുടെ സുരക്ഷിതത്വം.. അത് നമ്മുടെ മാത്രം ബാധ്യതയാണ് പത്മാ ….”
അനന്തന്റെ സ്വരം ദൃഢമായിരുന്നു..
“ഭട്ടതിരിപ്പാട് പറഞ്ഞത് പോലെ നാളെ രാവിലെ ഇവിടുത്തെ നാഗത്താൻ കാവിൽ തിരി തെളിയണം.. തന്റെ കൈ കൊണ്ട്…”
പത്മ പതിയെ അനന്തന്റെ ചുമലിലേക്ക് മുഖം ചേർത്തു വെച്ചു..
“ദാരിക അവളെ പ്രകോപിപ്പിക്കണം.. എന്നാലേ ഈ ഒളിപ്പോര് അവൾ നിർത്തൂ.. അനന്തനും പത്മയും ആദിശേഷന്റെ അനുഗ്രഹം സിദ്ധിച്ചവരാണ്.. നിങ്ങളുടെ മുൻപിൽ അവൾ നിസ്സഹായയായിരിക്കും..”
ഭട്ടതിരിപ്പാടിന്റെ വാക്കുകൾ അനന്തന്റെ കാതിൽ മുഴങ്ങി..
അനന്തൻ ഇടതു കൈ കൊണ്ട് പത്മയെ ചേർത്തു പിടിച്ചു… പൊടുന്നനെ അയാളോർത്തു..
പത്മയുടെ ഈ ചാഞ്ചാട്ടം നാഗകളിമഠത്തിൽ എത്തുന്നത് വരെയേ ഉണ്ടാവൂ..അവിടെ അമാലികയേയും നന്ദനയെയും കാണുമ്പോൾ പത്മ വീണ്ടും വാളും ചിലമ്പുമിട്ടാടുന്ന ഭദ്രകാളിയാവും…
ഇപ്പോൾ ഈ പൂച്ചക്കുഞ്ഞിനെ പോലെ തന്നോട് ഒട്ടിയിരിക്കുന്നവൾ പുലിയെ പോൽ ചീറും..
അനന്തന്റെ ചുണ്ടിലൊരു പുഞ്ചിരി മിന്നിമാഞ്ഞു..
“വേറെ വഴിയില്ല.. കടിച്ച പാമ്പിനെ കൊണ്ടു തന്നെ വിഷമിറക്കണം.. എന്നാലേ പത്മയുടെ മനസ്സിലെ കാർമേഘങ്ങളൊഴിയൂ.. എനിക്കെന്റെ പഴയ കുറുമ്പിയെ തിരികെ കിട്ടൂ..”
അനന്തൻ മനസ്സിൽ പറഞ്ഞു.. പിന്നെ കണ്ണുകൾ അടച്ചു തന്റെ ചുമലിലേക്ക് തല ചായ്ച്ചു വെച്ചിരിക്കുന്നവളുടെ നെറുകയിൽ ചുണ്ടുകൾ ചേർത്തു..
ഭദ്ര ജനലിനരികെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു..
“ഭദ്രാ എന്താ നിന്റെ ഉദ്ദേശം…?”
“എന്ത് ഉദ്ദേശം…?”
“നീയെന്തിനാ വിവാഹത്തിന് സമ്മതമില്ലെന്ന് പറഞ്ഞത്..?”
“എനിക്ക് സമ്മതമല്ല.. അത്ര തന്നെ…”
ആദിത്യൻ ദേഷ്യത്തെ കടിച്ചമർത്തി.. കാര്യങ്ങളൊക്കെ ഒരു വിധം കരയ്ക്കടുപ്പിക്കാൻ ശ്രെമിക്കുമ്പോഴാണ് പെണ്ണിന്റെ വേഷം കെട്ട്..
“അതിന്റെ കാരണമാണ് ചോദിച്ചത്..”
“എനിക്ക് നിങ്ങളുമായുള്ള കല്യാണത്തിനു താല്പര്യമില്ല.. ഞാൻ അച്ഛനോട് പറഞ്ഞതാണ് പ്രയാഗുമായുള്ള കല്യാണം ഉറപ്പിക്കാൻ..”
ആദിത്യൻ ഒറ്റ കുതിപ്പിന് അവളുടെ തൊട്ടരികെ എത്തിയിരുന്നു..
“കണ്ടവന്മാരുടെ കൂടെ പോവാനാണേൽ പിന്നെ എന്തിനാടി പുല്ലേ നീ വീണ്ടും എന്റെ നെഞ്ചത്തൊട്ട് കയറാൻ നോക്കിയത്..?”
“അത്.. അത് എനിക്ക് മോഹങ്ങൾ തന്നിട്ട് എന്നെ തേച്ചിട്ട് പോയില്ലേ.. അപ്പോൾ പിന്നെ നിങ്ങളെ ഞാനൊന്ന് ചുറ്റിക്കണ്ടേ..”
ഭദ്രയുടെ സ്വരത്തിൽ പുച്ഛമായിരുന്നു..
“ഓ അങ്ങിനെ..”
വല്ലാത്തൊരു ചിരിയോടെ ആദിത്യൻ അവളിലേക്ക് ചേർന്നു നിന്നു..
“അപ്പോൾ മോള് ചേട്ടനോട് പ്രതികാരം ചെയ്യാൻ വന്നതാ…”
“ഹെലോ.. എങ്ങോട്ടാ ഈ തള്ളിക്കേറി വരുന്നേ…?”
ഭദ്ര രണ്ടു കൈ കൊണ്ടും ആദിത്യനെ തള്ളി മാറ്റാൻ ശ്രെമിച്ചെങ്കിലും അവൻ അനങ്ങിയില്ല..
“അപ്പോൾ നിനക്കെന്നെ വേണ്ടാ..? ഉം..?”
ആദിത്യന്റെ ചുടുനിശ്വാസം അവളുടെ മുഖത്തടിച്ചതും ഭദ്ര വേഗം മുഖം തിരിച്ചു ജനലിലൂടെ പുറത്തേക്ക് നോക്കി..
“മുഖത്തോട്ട് നോക്കി പറയെടി..”
ആദിത്യൻ അവളുടെ കവിളിൽ ബലമായി പിടിച്ചു തിരിച്ചു..
ഭദ്ര വീറോടെ അവന്റെ കൈകൾ തട്ടി മാറ്റി..
“വേണ്ടാ.. ഒരിക്കലും മായാത്ത പ്രണയമാണ്..ജീവന്റെ പാതിയാണ് എന്നൊക്കെ പറഞ്ഞിട്ട് പെട്ടെന്നൊരു നാളിൽ എന്റെ ജീവിതത്തിൽ നിന്നും ഇറങ്ങി പോയി.. തിരഞ്ഞു വരാതിരിക്കാൻ എല്ലാ വഴികളും അടച്ചു.. ഒടുവിൽ കണ്ടുപിടിച്ചപ്പോൾ അയാളുടെ മനസ്സിൽ വേറെയാരോ കയറി ഇരിപ്പുണ്ടത്രേ.. എന്നിട്ടിപ്പോൾ കല്യാണോമാലോചിച്ചു വന്നിരിക്യാ അലവലാതി..”
ഭദ്ര ചുണ്ടുകൾ കോട്ടി മുഖം വെട്ടി തിരിച്ചു.. ആദിത്യൻ ചിരിയടക്കി..
“കഴിഞ്ഞോ..?”
ആദിത്യന്റെ മൃദുവായി ചോദിച്ചു..
“ഇല്ല്യാ .. എന്നെ കല്യാണം കഴിച്ചാൽ നിങ്ങളുടെ പാറൂട്ടിയെ എന്തോ ചെയ്യും.. അവളാണ് മനസ്സിൽന്നല്ലേ പറഞ്ഞത്..?”
ആദിത്യൻ ഒരു ഇളിഞ്ഞ ചിരി ചിരിച്ചു.. അടുത്ത നിമിഷം അവന്റെ കൈകൾ അവളുടെ ചുമലിൽ ചേർന്നു.. മുഖം അടുപ്പിച്ചു കണ്ണുകളിലേക്ക് നോക്കിയാണ് ചോദിച്ചത്..
“എന്റെ മനസ്സിൽ ഈ ഭദ്രകാളി അല്ലാതെ മാറ്റാരേലും കയറികൂടുമെന്ന് തോന്നണുണ്ടോ പെണ്ണേ..”
ആ പതിഞ്ഞ സ്വരം കേട്ടതും ഭദ്ര ഒന്ന് പതറി.. കണ്ണുകൾ ഒന്ന് പിടഞ്ഞു.. “
“പറയെടി..”
“പിന്നെ എന്തിനാ എന്നെ വീണ്ടും വീണ്ടും വേദനിപ്പിച്ചത്..? അകറ്റാൻ ശ്രെമിച്ചത്…നാഴികയ്ക്ക് നാല്പത് വട്ടം മനസ്സിൽ മറ്റൊരാളുണ്ടെന്ന് പറഞ്ഞത്..?”
ഭദ്രയുടെ വാക്കുകളിൽ പരിഭവമായിരുന്നു അപ്പോൾ..
ഒരു നിമിഷം ആദിത്യൻ അവളെ നെഞ്ചിലേക്ക് ചേർത്തപ്പോൾ ഒന്നും പറയാതെ ഭദ്ര അവനോട് ചേർന്നു നിന്നു..
“പേടിച്ചിട്ടാ പെണ്ണേ…”
ആദിത്യൻ മെല്ലെ പറഞ്ഞു.. പിന്നെ ഭദ്രയിൽ നിന്നും അകന്നു ജനൽകമ്പികളിൽ പിടിച്ചു പുറത്തേക്ക് നോക്കി…
“ഹൃദയത്തോട് ചേർന്നു നിൽക്കുന്നവർക്ക് ആപത്ത് വരുമ്പോൾ ആരുമൊന്ന് പതറിപ്പോകും ഭദ്രാ.. ചേർന്നു നിൽക്കുന്നവരെ നമ്മളിൽ നിന്നും അകറ്റി നിർത്താൻ നോക്കും.. അത് അത്രമേൽ സ്നേഹിക്കുന്നത് കൊണ്ടാണ്.. അവർക്കും ആപത്ത് വരുന്നത് കാണാൻ വയ്യാത്തത് കൊണ്ടാണ്…”
പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ആദിത്യന്റെ വാക്കുകൾ ഇടറിയപ്പോൾ ഭദ്രയുടെ ഉള്ളൂലഞ്ഞു..
“നമ്മുടെ കാര്യം വീട്ടിൽ പറഞ്ഞിരുന്നു ഞാൻ.. അച്ഛൻ നന്ദനങ്കിളിനോട് സംസാരിക്കാമെന്ന് എനിക്ക് വാക്കും തന്നിരുന്നു.. ആ സന്തോഷവാർത്ത നേരിട്ട് പറയാനായിട്ടായിരുന്നു അന്ന് നിന്നോട് ഞാൻ കോഫി ഷോപ്പിലേക്ക് വരാൻ പറഞ്ഞത്.. പക്ഷെ നിന്റെ അടുത്തേക്ക് വരുമ്പോഴാണ് എനിക്ക് ആ കോൾ വന്നത്…വേഗം നാട്ടിലേക്ക് എത്താൻ പറഞ്ഞു കൊണ്ടുള്ള ആ വിളി.. പക്ഷെ..”
“എനിക്ക് ഓർമ്മയുണ്ട്…പിന്നെ എന്നെ വിളിച്ചു.. എന്തോ അത്യാവശ്യമുണ്ട്..എന്നോട് തിരിച്ചു പൊയ്ക്കോളാൻ പറഞ്ഞു.. ആദിയേട്ടന്റെ അവസാനത്തെ വാക്കുകൾ അതായിരുന്നു..”
“അന്ന് നാട്ടിൽ എത്തിയ എന്നെ കാത്തിരുന്നത് ചലനമറ്റ മൂന്ന് ശരീരങ്ങളായിരുന്നു.. അച്ഛൻ.. എന്റെ ചന്ദ്രു.. ജാനിമോൾ..”
ആദിത്യന്റെ കണ്ണുകളിൽ നീർതുള്ളി തിളങ്ങുന്നത് ഭദ്ര കണ്ടു…
“അന്ന് അമ്മ എന്തോ കാര്യത്തിന് അമ്മാവന്റെ വീട്ടിൽ പോയിരുന്നു… നാഗത്താൻകാവിന്റെ പടവുകളിലും മുറ്റത്തുമായിട്ടായിരുന്നു അവരുടെ ശവശരീരങ്ങൾ കിടന്നിരുന്നത്..”
ഏതോ ഓർമ്മയിൽ ആദിത്യന്റെ ശരീരം ഒന്ന് വിറച്ചു..
“ഇവിടുത്തെ നാഗത്താൻ കാവിലും കോവിലിലുമൊക്കെ കളിച്ചു വളർന്നതാണ് ഞാൻ.. വലുതാവുന്നതിനനുസരിച്ച് വിശ്വാസങ്ങളുടെ രീതികളിൽ വ്യത്യാസം വന്നെങ്കിലും ഞാനൊരിക്കലും യുക്തിവാദി ആയിരുന്നില്ല.. പക്ഷെ എന്റെ പ്രിയ്യപ്പെട്ടവരെയൊക്കെ ഇല്ലാതാക്കിയത് ഏതോ ഒരു അജ്ഞാതശക്തിയാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞില്ല ഭദ്രാ.. മനസ്സ് കൈ വിട്ടു പോയിരുന്നു.. പാവം അമ്മ.. കൗൺസിലിംഗുകളും മരുന്നുകളുമൊക്കെയായി ഒരുപാടലഞ്ഞു.. അപ്പോഴൊക്കെ നന്ദനങ്കിൾ തുണയായുണ്ടായിരുന്നു.. ഒടുവിൽ സ്വബോധത്തിലേക്ക് തിരികെ വന്നപ്പോൾ പഴയ ആദിനാരായണൻ മരിച്ചിരുന്നു.. പക്ഷെ മാറ്റമില്ലാതെ ഒന്നേ ഉണ്ടായിരുന്നുള്ളൂ.. ഭദ്ര..”
ആദിത്യൻ മുഖം ചരിച്ചു അവളെയൊന്ന് നോക്കി..
“പക്ഷെ നിന്നെയൊന്നു കാണാനോ സംസാരിക്കാനോ പോലും മനസ്സനുവദിച്ചില്ല..”
“എന്ത് വന്നാലും ഞാൻ കൂടെ നിൽക്കുമായിരുന്നില്ലേ ആദിയേട്ടാ..?”
ഭദ്രയുടെ സ്വരം ആർദ്രമായിരുന്നു…
“എല്ലാമെല്ലാമായിരുന്നവരുടെ മരണകാരണം അന്വേഷിക്കുന്നതിനിടയിലാണ് ഞാൻ കാളിയാർമഠത്തിലെ ദാരികയെന്ന അശ്വതി തമ്പുരാട്ടിയെ പറ്റി കൂടുതൽ അറിയാൻ ശ്രെമിച്ചത്..”
ഒന്ന് രണ്ട് നിമിഷം കഴിഞ്ഞു ആദിത്യൻ പറഞ്ഞു…
“എന്റെ ഉറ്റവരുടെ ജീവൻ എടുക്കാൻ മാത്രം ദാരികയെ പ്രകോപിപ്പിച്ചത് എന്താണെന്ന് ഭദ്രയ്ക്ക് ഊഹിക്കാനാവുമോ..?”
ഭദ്ര ഇല്ലെന്ന് തലയാട്ടി…
“എന്റെ വിവാഹം….നമ്മൾ തമ്മിലുള്ള വിവാഹത്തെ പറ്റിയുള്ള ചർച്ചകളായിരുന്നു ആ ദിവസങ്ങളിളെല്ലാം മഠത്തിൽ.. സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നത്രെ എന്റെ ചന്ദ്രുവും ജാനിമോളുമെല്ലാം…”
ഭദ്ര ഞെട്ടലോടെ ആദിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു…
“പക്ഷെ.. ആദിയേട്ടന്റെ വിവാഹവും ദാരികയും …?”
“ദാരികയായി അവൾ മോക്ഷം കിട്ടാതെ അലയുമ്പോൾ അവൾ സ്നേഹിച്ചവനെ ദാരിക മറ്റൊരു പെണ്ണിന് വിട്ട് കൊടുക്കുമോ ഭദ്രാ..?”
“ദാരിക സ്നേഹിച്ചവനോ… ആദിയേട്ടൻ..? എനിക്ക്.. എനിക്കൊന്നും മനസ്സിലാവുന്നില്ല..”
“ആദ്യമൊക്കെ ഞാനും ഒന്നും വിശ്വസിക്കുവാൻ കൂട്ടാക്കിയിരുന്നില്ല ഭദ്രാ.. പക്ഷെ.. നന്ദനങ്കിൾ തഞ്ചാവൂരിൽ പോയിരുന്നു.. അവിടെ വൈത്തീശ്വരൻ കോവിലിലെ സുപ്രസിദ്ധ നാഡീ ജ്യോതിഷി മണിസ്വാമി അങ്കിളിന്റെ അടുത്ത സുഹൃത്താണ്.. എന്നിട്ടും ഞാൻ വിശ്വസിക്കാൻ തയ്യാറായില്ല… പക്ഷെ എന്റെ അനുഭവങ്ങൾ… ദാരിക.. ആരെ ഉപദ്രവിച്ചാലും അവൾ എന്നെ ഒന്ന് ഭയപ്പെടുത്തിയിട്ട് പോലുമില്ല.. പക്ഷെ പലപ്പോഴും എന്റെ അരികിൽ അവളുടെ സാന്നിധ്യം ഞാനറിഞ്ഞിരുന്നു…”
“പക്ഷെ അശ്വതി തമ്പുരാട്ടി സ്നേഹിച്ചിരുന്നത് മുറച്ചെറുക്കൻ ഹരികൃഷ്ണനെ ആയിരുന്നില്ലേ.. അതും വർഷങ്ങൾക്ക് മുൻപേ…”
“ഉം… ആ ഹരികൃഷ്ണന്റെ പുനർജ്ജന്മമാണത്രേ കളിയാർമഠത്തിലെ ആദിനാരായണനെന്ന ഈ ഞാൻ..”
ഭദ്ര നിഷേധാർത്ഥത്തിൽ പതിയെ തലയാട്ടി..
“അപ്പോൾ.. അപ്പോൾ.. ഞാൻ…”
ആദിത്യൻ ഒന്നും പറഞ്ഞില്ല…
“ആദിയേട്ടന്റെ പെണ്ണായത് കൊണ്ടാണോ അവൾക്ക് എന്നോട് ഇത്രയും പക.. ദേഷ്യം..?”
ആദിത്യൻ അപ്പോഴും ഒന്നും പറഞ്ഞില്ല..
“അല്ല.. മറ്റെന്തോ ഉണ്ട്.. എനിക്കറിയാം.. അശ്വതി തമ്പുരാട്ടിയെയും എന്നെയും കണക്ട് ചെയ്യുന്ന മറ്റെന്തോ…”
ഭദ്ര സ്വയം പറഞ്ഞു…പിന്നെ ആദിത്യനെ പിടിച്ചു കുലുക്കി..
“പറ ആദിയേട്ടാ.. എന്താ അത്…?”
ആദിത്യൻ അവളെ ബലമായി തന്നെ ചേർത്ത് പിടിച്ചു..
“അറിയില്ല മോളെ.. മറ്റെന്തോ ഉണ്ട്.. ഭട്ടതിരിപ്പാടിന്റെ ഓട്ടുരുളിയിൽ തെളിയാത്ത മറ്റെന്തോ.. അത് അശ്വതിയുടെ മരണവുമായി ബന്ധപ്പെട്ടതാവാം..”
ഭദ്ര ഒന്നും പറഞ്ഞില്ല.. പക്ഷെ അവളുടെ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു.. ആദിത്യൻ അവളെ മുറുകെ പിടിച്ചിരുന്നു…
“ദാരികയല്ലാതെ അശ്വതിയുടെ മരണത്തെ പറ്റി അറിയാവുന്നവർ രണ്ടു പേരാണ്.. ഒന്ന് അവളുടെ മുറച്ചെറുക്കനായിരുന്ന ഹരികൃഷ്ണനും മറ്റെയാൾ കോവിലിലെ പൂജാരി മാധവനുണ്ണിയും..”
അയാൾ തുടർന്നു..
“എനിക്ക് അങ്ങനെ ഒരു ഓർമ്മയും ഇല്ല.. ഇന്നേ വരെ ഒന്നും മനസ്സിൽ തെളിഞ്ഞിട്ടില്ല.. ആകെയൊരു മുജ്ജന്മബന്ധം പോലെ തോന്നിയിട്ടുള്ളത് നിന്നോടുള്ള പ്രണയമാണ്..”
“മാധവനുണ്ണി…?”
“അറിയില്ല… അയാളെ പറ്റി ആർക്കും ഒന്നും അറിയില്ല.. ആ ഇല്ലം നശിച്ചു പോയി..പുനർജ്ജന്മത്തെ പറ്റിയും അറിവില്ല..”
“ഇനി ദാരിക അടങ്ങിയിരിക്കുമോ ആദിയേട്ടാ…?”
ആദിത്യൻ ഒന്നും പറയാതെ പതിയെ അവളുടെ മുടിയിഴകളിൽ തഴുകി..
ദാരികയ്ക്ക് ആദിത്യനോടുള്ളത് തീവ്രമായ അനുരാഗമാണെങ്കിൽ ഭദ്രയോടുള്ളത് അതിലും വലിയ പകയാണെന്ന് ആദിത്യന് പറയാൻ കഴിഞ്ഞില്ല.. പ്രതികാരാഗ്നിയുമായി മോക്ഷം പോലും വേണ്ടെന്നു വെച്ചു ദാരിക കാത്തിരുന്നത് ഭദ്രയെ ആണെന്നും…
നാഗത്താൻകാവിലെ കാറ്റ് ഉഗ്രരൂപം പൂണ്ടിരുന്നു..
(തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
🔻 ആരോ ഒരാൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission