“ഇപ്പോഴുള്ള ആദിയേട്ടന്റെ ഈ മനംമാറ്റത്തിന് കാരണമെന്താ..? “
“അത് ഭദ്രാ..”
ഭദ്രയുടെ ചോദ്യത്തിന് മറുപടി നൽകാൻ ആദിത്യൻ ഒന്ന് മടിച്ചു.. ഭദ്ര ചിരിച്ചു..
“എന്തായാലും പറഞ്ഞോളൂ ആദിയേട്ടാ.. ഞാൻ പേടിച്ചു വിറക്കില്ല…”
“കാളിയാർമഠത്തിൽ ഉള്ളവരോടുള്ള പകയാണ് ദാരികയ്‌ക്കെന്നായിരുന്നു ഞാൻ കരുതിയത്.. അപ്പോൾ നീ എന്റെ ഭാര്യയായി ഇവിടെ വന്നാൽ നിനക്കും ആപത്ത് വരുമെന്ന് ഞാൻ വിശ്വസിച്ചു… പക്ഷെ..”
ആദിത്യൻ വീണ്ടും അവളെ നോക്കി..
“ആദിയേട്ടാ നിങ്ങളീ അവാർഡ് പടം കളിക്കാതെ ഒന്ന് പറയണുണ്ടോ..?”
“ദാരികയ്ക്ക് ഏറ്റവും പക ഭദ്രയോടാണ്..”
ഭദ്ര ഞെട്ടിയത് ആദിത്യൻ കണ്ടിരുന്നു.. അടുത്ത നിമിഷം ഭാവം മാറ്റി അവൾ ചോദിച്ചു..
“എന്നോടോ…?പക്ഷെ എന്തിന്..?”
“അതറിയില്ലെടോ.. പക്ഷെ തന്നെ ഇവിടെ എത്തിക്കുകയായിരുന്നു അവളുടെ ലക്ഷ്യം.. എന്നെ വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ഭദ്രയെ ഇവിടം വിട്ടു പോവാൻ ദാരിക അനുവദിക്കില്ല…”
ഭദ്രയുടെ നെറ്റി ചുളിഞ്ഞു…
“ഓ അപ്പോൾ നിങ്ങളായിട്ട് എന്നെ കൊലയ്ക്ക് കൊടുത്തൂന്നുള്ള കുറ്റബോധം ഉണ്ടാവില്ലല്ലോ അല്ലെ…?”
“ഭദ്രാ..?”
ആദിത്യന്റെ ശബ്ദം കനത്തിരുന്നു…
ഭദ്ര അവനെ നോക്കിയൊന്ന് കണ്ണിറുക്കി കാണിച്ചു…
“പക്ഷെ ഈ അശ്വതി തമ്പുരാട്ടിയുടെ കഥയിലെങ്ങും അവർക്ക് പക തോന്നേണ്ടുന്ന സ്ത്രീ കഥാപാത്രങ്ങളെ പറ്റി കേട്ടിരുന്നില്ലല്ലോ…”
“ഇല്ല.. പക്ഷെ അവർക്ക് രണ്ടു കൂട്ടുകാരികളുണ്ടായിരുന്നു.. ഒന്ന് രേവതി ഹരികൃഷ്ണന്റെ സഹോദരി.. അശ്വതിയുടെ ജീവശ്വാസമെന്ന് വേണമെങ്കിൽ പറയാം.. ഹരി അശ്വതിയെ വിവാഹം കഴിക്കുന്നതിൽ ഏറ്റവും സന്തോഷം രേവതിയ്ക്കായിരുന്നു.. മറ്റൊന്ന് തെക്കേ വാര്യത്തെ ഉത്തര…”
“ഉത്തര..”
ഭദ്ര ആ പേര് പതിയെ ഉരുവിട്ടു..
“ഉത്തരയും അശ്വതിയും രേവതിയും ഇണ പിരിയാത്ത കൂട്ടുകാരായിരുന്നു..”
“അശ്വതിയുടെ മരണത്തെ പറ്റി അവർക്കൊന്നും അറിയില്ലായിരുന്നോ..?”
“ഇല്ലെന്നാണ് കേട്ടത്.. ഏട്ടനുമായുള്ള കല്യാണം മുടങ്ങിയതിൽ രേവതിയ്ക്ക് അശ്വതിയോട് നീരസമുണ്ടായിരുന്നു.. അത് അശ്വതിയെ തളർത്തിയിരുന്നു..അശ്വതി മരിച്ചു ഏറെ കാലം കഴിയും മുൻപ് രേവതി ഒരപകടത്തിൽ കൊല്ലപ്പെട്ടു..”
ഭദ്രയിൽ ഒരു നടുക്കമുണ്ടായി…
“അപ്പോൾ ഉത്തര…?”
“കൂട്ടുകാരികളുടെ മരണശേഷം ഉത്തര വീട് വിട്ട് പുറത്തിറങ്ങിയില്ല.. മാധവനുണ്ണിയുമായി ഉത്തരയ്ക്ക് പ്രണയം ഉണ്ടായിരുന്നുവെന്നൊരു റൂമർ ഉണ്ടായിരുന്നത്രേ.. സത്യമാണോ എന്നറിയില്ല.. ഉത്തര ആരോടും ഒന്നും പറഞ്ഞില്ല..”
“ഉത്തരയുടേതും അപകടമരണം ആയിരുന്നോ..?”
“അല്ലെന്നാണ് കേട്ടു കേൾവി..പ്രായം ചെന്നിട്ടാണ് മരിച്ചത്.. ആള് അവിവാഹിതയായിരുന്നു..”
“ഈ തെക്കേ വാര്യംന്ന് പറയുമ്പോൾ പാർവതിയുടെ..?”
“അതെ.. നമ്മുടെ പാറൂട്ടിയുടെ വാര്യത്ത് ഉണ്ടായിരുന്നതാ ആള്..”
ഭദ്ര ചിരിച്ചു..
ആദിത്യൻ അവന്റെ നെറ്റിയിൽ കൈ കൊണ്ടു കൊട്ടി..
“ഓ നീയത് ഇത് വരെ വിട്ടില്ലേ പെണ്ണേ.. സീരിയസ് ആയിട്ടൊരു കാര്യം സംസാരിക്കുമ്പോഴാ അവളുടെ ഒരു തമാശ “
“എന്റെ കാമുകന്റെ മനസ്സിൽ ഉണ്ടെന്ന് പറഞ്ഞ പെണ്ണല്ലേ.. അത്ര പെട്ടെന്ന് മറക്കാൻ പറ്റുമോ..?”
ഭദ്രയുടെ ചുണ്ടിൽ കള്ളച്ചിരിയായിരുന്നു..
“ഭദ്രാ.. ഞാൻ.. എനിക്കെന്റെ ജാനി മോളെ പോലെ തന്നെയാ പാറൂട്ടിയും.. നീ വെറുതെ..”
ആദിത്യന്റെ സ്വരം ഇടറിയിരുന്നു..
“പൊന്നു വാദ്ധ്യാരെ ഈ സെന്റി വേണ്ടാ.. ഞാൻ ചുമ്മാ തമാശ പറഞ്ഞതാ..”
ആദിത്യന്റെ ഭാവം മാറിയപ്പോൾ ഭദ്ര ഒരു ചുവട് പിറകിലേക്ക് വെച്ചു..
“ഇനിയിപ്പോൾ നിങ്ങൾ സത്യം പറഞ്ഞതാണെങ്കിൽ കൂടുതൽ തല പുകയ്ക്കാനൊന്നുമില്ല.. നിങ്ങളേം കൊല്ലും ഞാനും ചാവും..എന്നെ ചതിച്ചാൽ ഞാൻ കരഞ്ഞു വിളിച്ചോണ്ടിരിക്കില്ല.. അറിയാലോ വാദ്ധ്യാർക്ക്..?”
ആദിത്യൻ അറിയാതെ ചിരിച്ചു പോയി..പിന്നെ പതിയെ ചോദിച്ചു..
“ഇതൊക്കെ കേട്ടിട്ടും ഒട്ടും പേടി തോന്നുന്നില്ലേ പെണ്ണേ നിനക്ക്..?”
ഒരു നിമിഷം കഴിഞ്ഞാണ് ഭദ്ര പറഞ്ഞത്..
“അറിയില്ല ആദിയേട്ടാ.. എനിക്ക് പ്രിയ്യപ്പെട്ടവരിൽ ആരെങ്കിലും വേദനിക്കുന്നത് എനിക്ക് സഹിക്കില്ല..എന്നെ വിവാഹം കഴിച്ചാൽ ആദിയേട്ടന് ആപത്ത് വരുമെങ്കിൽ അത് ഞാൻ സമ്മതിക്കില്ല.. അത് പോലെ അച്ഛൻ, അമ്മ,രുദ്ര.. അവരൊന്നും വേദനിക്കുന്നത് കാണാൻ എനിക്ക് വയ്യ.. പക്ഷെ..”
ഭദ്ര ആദിത്യനെ ഒന്ന് നോക്കി.. അവളുടെ ശബ്ദം ഉറച്ചതായിരുന്നു..
“എന്നെ ആരെന്തു ചെയ്യുമെന്ന് പറഞ്ഞാലും എനിക്ക് പേടിയില്ല.. ജനിച്ചാൽ ഒരു നാൾ മരിക്കണം.. അത് ആരാലും മാറ്റാൻ സാധിക്കില്ല.. പക്ഷെ ഭദ്ര ഒരിക്കലും ആർക്കും പേടിച്ചു കീഴ്പ്പെടില്ല.. പൊരുതും.. അവസാനശ്വാസം വരെ..”
ആദിത്യന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞു.. ഭദ്രയെ അറിയാമായിരുന്നെങ്കിലും ഉള്ളിന്റെ ഉള്ളിലെവിടെയോ ചെറിയൊരു പേടിയുണ്ടായിരുന്നു.. ഇതൊക്കെ കേട്ട് കഴിയുമ്പോൾ അവൾ എങ്ങനെ പ്രതികരിക്കുമെന്ന്..? പക്ഷെ…
ആദിത്യൻ തെല്ലത്ഭുതത്തോടെ ഓർത്തു..
അനന്തപത്മനാഭൻ…
നന്ദനങ്കിളിന് ഒരു പേടിയും ഉണ്ടായിരുന്നില്ല.. ഇതൊന്നും കേട്ട് ഭദ്ര പേടിക്കില്ലെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ശബ്ദം ഉറച്ചതായിരുന്നു..
“നിന്റെ ഏറ്റവും വലിയ ഭാഗ്യം എന്താണെന്നറിയാമോ ഭദ്രാ…?”
ആദിത്യൻ മെല്ലെ ചോദിച്ചതും ഭദ്ര പുഞ്ചിരിച്ചു.. പിന്നെ പറഞ്ഞൂ..
“അനന്തപത്മനാഭനും പത്മാദേവിയും.. പിന്നെ എന്റെ കുഞ്ഞിയും.. പിന്നെ.. പിന്നെ..”
ഭദ്ര വീണ്ടും കള്ളച്ചിരിയോടെ ആദിത്യനെ നോക്കി.. അവന്റെ ഭാവം കണ്ടതും അവൾ ചിരി അടക്കി പിടിച്ചു..
“പിന്നെ..?”
ആദിത്യന്റെ സ്വരം ആർദ്രമായിരുന്നു..അവൾക്കരികിലേക്ക് ചുവടുകൾ വെച്ചു കൊണ്ടാണ് അവൻ ചോദിച്ചത്…
“വേണ്ടാ.. അവിടെ നിന്നാൽ മതി.. എന്തിന്റെ പേരിൽ ആയാലും എന്നെ പാതിയിൽ വെച്ചു ഇട്ടേച്ച് പോയ ആളുടെ പേര് ഞാൻ പറയാൻ പോണില്ല..”
കൈ എടുത്തു വിലക്കി കൊണ്ടു ഭദ്ര പറഞ്ഞതും ആദിത്യന്റെ മുഖം മങ്ങി…
“ആട്ടെ.. കല്യാണം കഴിഞ്ഞാൽ എന്നെ ദാരികയിൽ നിന്നും രക്ഷിക്കാൻ ഈ വാദ്ധ്യാർക്ക് പറ്റുമോ..?”
കൈ കെട്ടി നിന്നു കൊണ്ടാണ് ഭദ്ര ചോദിച്ചത്..
“അമാനുഷിക ശക്തിയോടാണ് എതിരിടാൻ പോവുന്നതെന്ന് നല്ല ബോധ്യമുണ്ട് ഭദ്രാ..നിന്റെ അച്ഛനെയോ അമ്മയെയോ പോലെ അങ്ങനെയുള്ള യാതൊരു കഴിവുമില്ലാത്ത സാധാരണക്കാരനാണ് ഞാൻ.. പക്ഷെ…”
ആദിത്യൻ അവൾക്കരികെ എത്തിയിരുന്നു..
പൊടുന്നനെ അവളെ ചേർത്ത് പിടിച്ചു കൊണ്ടാണ് പറഞ്ഞത്..
“മനസ്സ് നിറയെ സ്നേഹമുണ്ട്.. എന്റെ പെണ്ണിന് വേണ്ടി പോരാടാനുള്ള ചങ്കൂറ്റമുണ്ട്.. അതിനി എന്റെ ജീവൻ കളഞ്ഞിട്ടായാലും..”
ആ നിമിഷം ഭദ്ര ആദിത്യന്റെ വാ പൊത്തിയിരുന്നു… കണ്ണുകൾ കൊരുത്തു..
“അപ്പോൾ കല്യാണത്തിന് സമതമാണോ മാഡം..?”
“അതെനിക്കൊന്ന് ആലോചിക്കണം മിസ്റ്റർ.. ആദിനാരായണൻ..”
ആദിത്യനെ തള്ളി മാറ്റികൊണ്ടാണ് ഭദ്ര പറഞ്ഞത്..
“ഡീ…”
ആദിത്യൻ അവളെ പിടിക്കാൻ കൈ നീട്ടുമ്പോഴേക്കും ഭദ്ര വാതിൽക്കൽ എത്തിയിരുന്നു..കണ്ണിറുക്കി കാട്ടി അവൾ പുറത്തേക്കിറങ്ങി.. ആദിത്യൻ ഒരു നിമിഷം ആലോചനയോടെ അവിടെ തന്നെ നിന്നു..
“വരണില്ലേ മിസ്റ്റർ കാമുകാ..?”
വാതിൽക്കൽ നിന്നും തലയിട്ട് ഭദ്ര വിളിച്ചു ചോദിച്ചു..
“പോടീ പുല്ലേ..”
ചുണ്ടുകൾ കോട്ടി കൊണ്ടു ആദിത്യൻ പറഞ്ഞു.. അടുത്ത നിമിഷം മിന്നായം പോലെ ഭദ്ര അവനരികെ എത്തി.. ആദിത്യന്റെ ഇടതു കവിളിൽ ചുണ്ടമർത്തി തിരികെ ഓടിയത് ശരവേഗത്തിലായിരുന്നു.. കവിളിൽ തലോടി കൊണ്ടു പുറത്തേക്ക് നടക്കുമ്പോൾ ആദിത്യന്റെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു..
അമ്മയെയും ദേവിയമ്മയെയും തിരഞ്ഞു അടുക്കളയിലേക്ക് നടക്കുമ്പോഴും ഭദ്രയുടെ മനസ്സിൽ ആദിത്യന്റെ വാക്കുകൾ ആയിരുന്നു..
“ദാരികയിൽ നിന്നും നിന്നെ രക്ഷിക്കേണ്ടവർ നിന്റെ അച്ഛനും അമ്മയുമല്ല ഭദ്രാ.. അവർക്ക് ദാരികയെ തടയാനേ സാധിക്കൂ.. നിനക്ക് തുണയാവേണ്ടത്……”
ആദിത്യൻ പറഞ്ഞ പേരുകൾ ഉള്ളിൽ ഉണർത്തിയ അത്ഭുതവും ഞെട്ടലുമൊന്നും ഭദ്രയ്ക്ക് അപ്പോഴും മാറിയിരുന്നില്ല…
പക്ഷെ… അവർ… അവരെങ്ങിനെ…?
രാത്രിയിൽ കാളിയാർമഠത്തിലെ മട്ടുപ്പാവിൽ മൊബൈലും കൈയിൽ പിടിച്ചു തന്നെ തേടി വരാനുള്ള ഫോൺ കോളിനായി കാത്തിരിക്കുകയായിരുന്നു അനന്തപത്മനാഭൻ.. അക്ഷമയോടെ നടക്കുന്നതിനിടയിലും നാഗത്താൻ കാവിൽ ആഞ്ഞു വീശുന്ന കാറ്റും അരികിൽ നിറയുന്ന പാലപ്പൂവിന്റെ മണവും അറിയുന്നുണ്ടായിരുന്നു അനന്തൻ…
അനന്തൻ ആദിത്യനൊപ്പം മുകൾനിലയിൽ കഴിയാമെന്ന് പറഞ്ഞപ്പോൾ ആദ്യം ശ്രീദേവിയ്ക്കും ആദിത്യനും എതിർപ്പായിരുന്നു.. ആദിത്യനെ മാത്രമേ മുകളിലേക്ക് കയറാൻ പോലും ദാരിക അനുവദിച്ചിരുന്നുള്ളൂ എന്നതാണ് സത്യം..
ഫോണിൽ നോക്കവേയാണ് ആ സീല്ക്കാരശബ്ദം അനന്തന്റെ ചെവിയിൽ എത്തിയത്..
കൈവരികളിൽ ചുറ്റി നിന്നിരുന്ന വലിയ കറുത്ത നാഗം പകയോടെ ചീറ്റുന്നത് അനന്തൻ കണ്ടിരുന്നു.. കണ്ണിമയ്ക്കാതെ അതിനെ നോക്കുമ്പോൾ അനന്തപത്മനാഭന്റെ തിരുനെറ്റിയിൽ സ്വർണ്ണവർണ്ണത്തിലൊരു നാഗച്ചിഹ്നം തെളിഞ്ഞിരുന്നു..
അടുത്ത നിമിഷം ആഞ്ഞൊന്ന് ചീറ്റി കൊണ്ടു അപ്രത്യക്ഷമായ ആ നാഗത്തിന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത് പകയായിരുന്നു..
നടക്കില്ല ദാരികാ.. എന്റെ ചോരയെ തൊടാൻ പോലും അനന്തൻ അനുവദിക്കില്ല.. നിന്റെ പക.. അതെന്ത് കാരണം കൊണ്ടായാലും.. എന്റെ കുഞ്ഞിനെ രക്ഷിക്കാൻ ഞാനും ഏതറ്റം വരെയും പോവും.. അതെന്റെ പെണ്ണിന് ഞാൻ കൊടുത്ത വാക്കാണ്…
അനന്തൻ മനസ്സിൽ മന്ത്രിച്ചു…
അടുത്ത നിമിഷം മൊബൈൽ ശബ്ദിച്ചു..
ഫോണിലെ വാക്കുകൾ ശ്രെദ്ധിച്ച അനന്തന്റെ ഭാവം അത്ഭുതത്തിൽ നിന്നും അതിശയത്തിലേക്ക് മാറിക്കൊണ്ടിരുന്നു..
കാൾ കട്ടായിട്ടും അനന്തൻ മൊബൈൽ ചെവിയിൽ നിന്നും മാറ്റിയില്ല.. നോട്ടം നാഗത്താൻ കാവിലേക്കായിരുന്നു..
വാഴൂരില്ലം വാങ്ങിയത്….. പക്ഷെ അതെങ്ങനെ ശരിയാവും…?
അനന്തന്റെ മനസ്സിൽ നിറയെ ചോദ്യങ്ങളായിരുന്നു…
############## ########## #########
പുലരുന്നതിനു മുൻപേ പതിവ് പോലെ രുദ്ര ഉണർന്നിരുന്നു..മിഴികൾ തുറന്നതും അടുത്ത നിമിഷം അവൾ ഞെട്ടിയെഴുന്നേറ്റു.. റൂമിലാകെ കണ്ണുകൾ പരതി നടന്നു.. നടന്നതെല്ലാം സത്യമായിരുന്നെന്ന് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല.. പക്ഷെ തെളിവ് ശരീരത്തിൽ തന്നെയുണ്ടായിരുന്നത് കൊണ്ടു സ്വപ്നമാണെന്ന് കരുതാനും കഴിഞ്ഞില്ല..
മാറാനുള്ള ഡ്രെസ്സുമെടുത്ത് ബാത്‌റൂമിലേക്ക് നടക്കുന്നതിനിടെ ചുവരിലെ കണ്ണാടിയിൽ മുഖം പതിഞ്ഞപ്പോൾ അവളൊന്ന് നിന്നു.. പതിയെ കണ്ണുകളിൽ തെളിഞ്ഞത് നാണമായിരുന്നു.. ഓർമ്മയെ ഒഴിവാക്കാനെന്നോണം കണ്ണുകൾ ഇറുകെ ചിമ്മിത്തുറന്ന് അവൾ കുളിക്കാനായി കയറി…
നാഗക്കാവിലേക്ക് പോകാനായി ഇറങ്ങിയപ്പോൾ മുത്തശ്ശിയെ കണ്ടില്ല.. നല്ല തണുപ്പുണ്ട്.. അതാവും.. തനിയെയാണ് ഇറങ്ങിയത്..
നേർത്ത ഇരുളിന്റെ ആവരണവുമായി ഇടതൂർന്ന മരങ്ങൾക്കിടയിലൂടെ മഞ്ഞു തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു.. ഉൾക്കാവിൽ ഏഴിലം പാലം പൂത്തു കാണണം.. ഇലഞ്ഞിപ്പൂമനത്തിനൊപ്പം പാലപ്പൂവിന്റെ സുഗന്ധവും കാവിനുള്ളിൽ നിറഞ്ഞിരുന്നു..
ഇലഞ്ഞിപൂക്കൾ വീണുകിടന്നിരുന്ന നാഗത്തറയിലെ കൽവിളക്കിൽ എണ്ണ പകർന്നു രുദ്ര തിരി തെളിച്ചു..
തൊഴുതു നിൽക്കുമ്പോൾ രുദ്രയുടെ മിഴികൾ നിറഞ്ഞിരുന്നു.. ചെയ്തത് തെറ്റാണെന്ന് ഉള്ളിൽ നിന്നാരോ മന്ത്രിക്കുന്നുണ്ട്..
“നാഗത്താന്മാരെ.. ഓർമ്മ വെച്ച നാൾ മുതൽ നിങ്ങൾക്ക് മുൻപിലാണ് രുദ്ര സങ്കടങ്ങളും സന്തോഷങ്ങളുമൊക്കെ പങ്കു വെച്ചിട്ടുള്ളത്..സ്വയം വേദനിക്കാനല്ലാതെ ആരെയും വേദനിപ്പിക്കാൻ എനിക്കാവില്ല്യാ… അദ്ദേഹത്തെ എനിക്ക് തരണേയെന്നും ഞാൻ ആവശ്യപ്പെടില്ല്യാ… പക്ഷെ മറ്റൊരു മുഖം ഇനി ചിന്തിക്കാനാവില്ല്യ..അത്…. അത് മാത്രം രുദ്രയുടെ ജീവിതത്തിൽ ഉണ്ടാവരുത്…”
രുദ്രയുടെ കണ്ണുനീർത്തുള്ളികൾ നാഗക്കാവിലെ മണ്ണിൽ പതിച്ചിരുന്നു… പാലപ്പൂമണവുമായി നേർത്ത കാറ്റ് അവളെ തലോടി കടന്നു പോയി.. നാഗത്തറയിലെ ദീപം തെളിഞ്ഞു കത്തി.. നാഗശിലയ്ക്ക് താഴെ വീണു കിടന്നിരുന്ന മഞ്ഞൾ പൊടി നുള്ളിയെടുത്ത് നെറ്റിയിൽ വരയ്ക്കുമ്പോൾ തന്റെ ശരീരത്തിൽ ഞൊടിയിടയിൽ ഉണ്ടായ മാറ്റം രുദ്ര അറിഞ്ഞിരുന്നില്ല.. നിമിഷർദ്ധമേ അതിന് ആയുസ്സുണ്ടായിരുന്നുള്ളൂ..
തിരികെ നടക്കുമ്പോൾ പൂമുഖത്ത് ആരൊക്കെയോ ഉണ്ടെന്ന് രുദ്രയ്ക്ക് മനസ്സിലായിരുന്നു..
“ആഹാ കുഞ്ഞി ഇന്ന് നേരത്തെ പോയി വന്നല്ലോ..”
പൂമുഖത്തു ഇരുന്നു മൊബൈലിൽ നോക്കുകയായിരുന്ന ശ്രീനാഥ് പറഞ്ഞു.. രുദ്ര വെറുതെ ചിരിച്ചു..അച്ഛൻ പോയതിന് ശേഷം ശ്രീമാമ്മൻ നേരത്തെ ഉണരുന്നുണ്ടല്ലോ.. അവളോർത്തു..
“ഇന്നെന്തു പറ്റി.. അല്ലാണ്ട് അവിടെ കഥയും പറഞ്ഞു ഒന്ന് രണ്ടു മണിക്കൂറെങ്കിലും ഇരിക്കുമല്ലോ..”
രുദ്ര അപ്പോഴും ചിരിച്ചതേയുള്ളൂ.. വെറുതെ കണ്ണുകൾ ചാരുപടിയിൽ പത്രവും പിടിച്ചിരിക്കുന്നയാളിൽ എത്തി.. നോട്ടം പത്രത്താളുകളിൽ ആയിരുന്നുവെങ്കിലും ചുണ്ടിൽ ആ ചിരി ഉണ്ടായിരുന്നു.. രുദ്ര വേഗം നോട്ടം പിൻവലിച്ചു.. അവൾക്ക് പിറകെ ജോഗിങ്ങ് കഴിഞ്ഞു കയറി വന്ന നന്ദന ചാരുപടിയിൽ ഇരുന്ന സൂര്യനാരായണന്റെ അരികിൽ ചെന്നിരുന്നു..
“എന്റെ മാഷേ.. നിങ്ങൾക്ക് ഇപ്പോഴും ഈ പഴഞ്ചൻ ഏർപ്പാട് ഒക്കെയുണ്ടോ.. ദേ ശ്രീ മാമനെ കണ്ടു പഠിക്ക്.. പുള്ളി ഹൈടെക്കാ.. മാഷിനെ പോലെ രാവിലെ തന്നെ പേപ്പറും പിടിച്ചിരിക്കുന്നില്ലല്ലോ..”
നന്ദന പറയുന്നത് അകത്തേക്ക് നടക്കുന്നതിനിടെ രുദ്ര കേൾക്കുന്നുണ്ടായിരുന്നു.. ചിരിച്ചെങ്കിലും സൂര്യന്റെ മിഴികൾ പിന്തുടർന്നത് അകത്തേക്ക് കയറുന്ന രുദ്രയെ ആയിരുന്നു.. നന്ദനയും അത് കാണുന്നുണ്ടായിരുന്നു..
“ഓ.. എഴുത്തുകാരനെ എല്ലാരും അപ്പോൾ മാഷെന്നാണ് വിളിക്കുന്നത്…വെറുതെയല്ല..”
അടുക്കളയിലേക്ക് നടക്കുന്നതിനിടെ രുദ്ര പിറുപിറുത്തു.. പിന്നെ തന്റെ വിഡ്ഢിത്തം ഓർത്തവൾ പതിയെ ചിരിച്ചു..
അവർ മുൻപേ പരിചയമുള്ളവരാണ്.. അതുപോലെ എണ്ണിയാൽ ഒടുങ്ങാത്ത ആരാധികമാർ ഒത്തിരിയുണ്ടാവും സൂര്യനാരായണന്…
അപ്പോൾ താൻ… താൻ ആരാണ് അയാൾക്ക്..?
വെറുതെ വിരലുകൾ ചുണ്ടിൽ തൊട്ടതും രുദ്രയുടെ ഉള്ളൊന്ന് നൊന്തു..
രുദ്ര എത്തിയപ്പോഴേക്കും എല്ലാവരും കഴിക്കാനായി ഇരുന്നിരുന്നു.. ചുറ്റും നോക്കിയപ്പോൾ സൂര്യനെ കണ്ടില്ല.. അടുത്തടുത്തായി ഒഴിവുള്ള രണ്ട് കസേരകളൊന്നിൽ തെല്ലു മടിയോടെയാണ് രുദ്ര ഇരുന്നത്.. അധികം വൈകാതെ സൂര്യനും എത്തി.. തൊട്ടരികെ പരിചിതമായ ആ സുഗന്ധം നിറഞ്ഞതും രുദ്രയുടെ ദേഹം വിറച്ചു.. അവൾ മുഖമുയർത്തിയതേയില്ല..
“എന്തേയ് രുദ്രകുട്ട്യേ നിന്റെ വയ്യായ്ക ഇതുവരെയും മാറിയില്യേ.. ഒന്നും കഴിക്കാനില്ല്യാലോ.. കുറെ നേരമായി ചിക്കി ചികഞ്ഞിരിക്കണൂ.. “
“അത്.. കഴിക്കാൻ തോന്നണില്ല്യാ മുത്തശ്ശി.. ഞാൻ..മതിയാക്കുവാ …?”
“കുറച്ചൂടെ കഴിക്കൂ കുട്ട്യേ..”
അവൾ പ്ലേറ്റ് കൈയിൽ എടുക്കാൻ നോക്കിയതും ഇടത്തെ കൈയിൽ പിടി വീണതും ഒരുമിച്ചായിരുന്നു.. കാതോരം അവൾക്ക് മാത്രം കേൾക്കാവുന്ന ആ പതിഞ്ഞ ശബ്ദവും..
“അത് മുഴുവനും കഴിച്ചിട്ട് എഴുന്നേറ്റാൽ മതി.. എന്റെ പേരിൽ ആരും പട്ടിണി കിടക്കുന്നത് എനിക്കിഷ്ടമല്ല.. പ്രത്യേകിച്ച് ഇയാൾ..”
രുദ്ര ഞെട്ടലോടെ സൂര്യനെ നോക്കിയപ്പോൾ ആള് ഒരു ഭാവഭേദവുമില്ലാതെ കഴിക്കുകയാണ്.. കൈയിലെ പിടി വിടുവിക്കാൻ രുദ്ര കൈ വലിച്ചെങ്കിലും മേശക്കടിയിലൂടെ സൂര്യന്റെ ഇടത്തെ കൈ അവളുടെ വിരലുകളിൽ മുറുകിയിരുന്നു.. രുദ്രയുടെ വെപ്രാളം കണ്ടു അവളുടെ കൈയിൽ ചെറുതായൊന്നു അമർത്തി കൊണ്ടു സൂര്യൻ പിടുത്തം വിട്ടു..
തൊണ്ടയിൽ നിന്നും ഇറക്കാൻ ബുദ്ധിമുട്ടിയെങ്കിലും കഴിക്കാതെ എഴുന്നേൽക്കാൻ സൂര്യൻ സമ്മതിക്കില്ലെന്ന് മനസ്സിലായത് കൊണ്ടു മുഴുവനും കഴിച്ചാണ് അവൾ എഴുന്നേറ്റത്…
അടുക്കളയിലെ ജോലിക്കാരെ സഹായിച്ച് രുദ്ര ഹാളിലേക്ക് ചെന്നപ്പോൾ എല്ലാവരും അവിടെ ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു..
സോഫയിൽ ഇരിക്കുന്ന സൂര്യനരികെ ഇരുന്നു ചിരിയോടെ എന്തെല്ലാമോ പറയുന്ന നന്ദനയെയും അവരെ ആലോചനയോടെ നോക്കുന്ന അമലേന്റിയെയും കണ്ടാണ് രുദ്ര മുകളിലേക്കുള്ള ഗോവണിപടികൾ കയറിയത്..
അവൾക്കൊന്ന് തനിച്ചിരിക്കാൻ തോന്നി..
(തുടരും )
വായിച്ചു നോക്കിയിട്ടില്ല. ഇവിടെ നെറ്റിനു റേഞ്ച് ഇല്ല.. ഹരിയുടെ അനിയത്തിയുടെ പേര് എനിക്ക് ഓർമ്മയില്ല തല്ക്കാലം രേവതി ന്ന് വെച്ചു അഡ്ജസ്റ്റ് ചെയ്യൂ പിന്നെ മാറ്റാം
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
🔻 ആരോ ഒരാൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Ath ormila ennalle i mean hariyude aniyaathiyude peru