Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 24

Online Malayalam Novel Neelamizhikal

“ഊർമ്മീ..?”

ആ വിളി കേട്ട്, മട്ടുപ്പാവിലെ കൈവരിയ്ക്ക് മുകളിൽ നിരത്തി വെച്ച ചിരാതുകളിൽ തിരി തെളിയ്ക്കുകയായിരുന്ന ഉത്തരയും ഊർമിളയും തിരിഞ്ഞു നോക്കി..

നിറഞ്ഞു കത്തുന്ന കാർത്തികദീപങ്ങൾക്കിടയിൽ തെളിഞ്ഞ തിരിനാളം പോലെ അവൾ.. അശ്വതി.. അശ്വതിതമ്പുരാട്ടി…

അഴിച്ചിട്ട നീണ്ടിട തൂർന്ന മുടിയും മഷിയെഴുതിയ കണ്ണുകളും നെറ്റിയിലെ ചെറിയ ചുവന്ന പൊട്ടിനു മുകളിൽ നീട്ടിവരച്ച ചന്ദനകുറിയും.. വീതിക്കസവുള്ള മുണ്ടും നേര്യേതും അവളുടെ അഴകിനു മാറ്റ് കൂട്ടുന്നുണ്ടായിരുന്നു..

പതിവില്ലാതെ കഴുത്തിൽ അണിഞ്ഞ പാലയ്ക്കാമാല മുത്തശ്ശിയുടെ നിർബന്ധമായിരിക്കുമെന്ന് ഊർമിള ഊഹിച്ചു..

സന്തോഷം പടർന്ന ചിരിയോടെ അവർക്കരികിലേക്ക് എത്തുമ്പോൾ അശ്വതി ചെറുതായി അണയ്ക്കുന്നുണ്ടായിരുന്നു..

“ന്റെ അച്ചു ത്രനേരായി  നീയാ തിരി എടുക്കാൻ പോയിട്ട്..”

ഉത്തരയുടെ ചോദ്യം കേട്ടതും അവളൊന്ന് പരുങ്ങി..

“അത്.. താഴെ…”

അവളുടെ മുഖം ചുവക്കുന്നത് കണ്ടതും ഊർമിള പൊട്ടിച്ചിരിച്ചു..

“ഓ സംഗീതവിദ്വാൻ വന്നൂല്ലേ..?”

“ഉം… “

അശ്വതി ചിരിയോടെ മൂളി…

“ആര്.. ഹരിയേട്ടനോ..?”

ഉത്തരയുടെ ചോദ്യം കേട്ടതും ഊർമിള അവളെ നോക്കി..

“ഇവള്ടെ മുഖത്തെ ചുവപ്പും കളംവരപ്പുമൊക്കെ കണ്ടാൽ അറിഞ്ഞൂടെ താരേ ഹരിയേട്ടനെ കണ്ടിട്ടുള്ള വരവാണെന്ന്..”

ഉത്തരയുടെയും ഊർമിളയുടെയും കളിയാക്കലുകൾ മനം നിറയെ ആസ്വദിച്ചു ചിരിയോടെ അശ്വതി നിന്നു..

“ആട്ടെ.. ത്രേം ദിവസം കാണാഞ്ഞിരുന്നു കണ്ടപ്പോൾ പ്രിയതമൻ ന്ത് പറഞ്ഞു തമ്പുരാട്ടിയോട്..?”

ഉത്തര ചോദിച്ചതും അശ്വതിയുടെ മുഖമൊന്നു മങ്ങി..

“ന്ത് പറയാനാ താരേ.. ഹരിയേട്ടൻ  ഇവളെ കണ്ടതും കണ്ണുരുട്ടി കാണും ഇവള് പിന്നെ തല ഉയർത്തി നോക്കി കാണില്ല്യാ .. ല്ലെടി അച്ചു..?”

“വേളി നടക്കാനിനി ദിവസങ്ങളേയുള്ളൂ.. ന്നിട്ടും ഇവരിങ്ങനെ പൂച്ചയെയും എലിയെയും പോലെ നടന്നാലോ..?”

ഉത്തരയുടെ ചോദ്യത്തിന് മുൻപിൽ അശ്വതിയുടെ മുഖത്തെ സന്തോഷം തീർത്തും മങ്ങി തുടങ്ങുന്നതും ഊർമിള കാണുന്നുണ്ടായിരുന്നു…

“ഉവ്വ് ഉവ്വ്.. ഇന്ന് രാവിലെ കോവിലെ കഥകളി ഞാനും കാണണുണ്ടായിരുന്നു..വന്നു വന്നു ഉണ്ണിയേട്ടന് കോങ്കണ്ണ് വരുമോന്നാ ന്റെ പേടി..”

പറഞ്ഞിട്ട് ഊർമിള ഉത്തരയെ ഇടംകണ്ണിട്ട് നോക്കി.. ഇത്തവണ ചുവന്നത് ഉത്തരയുടെ കവിളുകളായിരുന്നു..

എണ്ണ പകർന്നു വെച്ച മൺചിരാതിലേക്ക് തിരി മുക്കി വെയ്ക്കുമ്പോൾ ഊർമിളയുടെ കണ്ണുകൾ വീണ്ടും അശ്വതിയിൽ എത്തി.. ആരുകണ്ടാലും മോഹിക്കുന്ന പെണ്ണ്.. ന്നിട്ടും ഏട്ടൻ ന്തേ ഇങ്ങനെ..?

എത്ര ആലോചിച്ചിട്ടും ഊർമിളയ്ക്ക് ഒരെത്തും പിടിയും കിട്ടിയില്ല.. ഓർമ്മ വെച്ച കാലം മുതലേ കേൾക്കുന്നുണ്ട് അശ്വതിയാണ് ഹരിയേട്ടന്റെ പെണ്ണെന്ന്..

അശ്വതിയുടെ അച്ഛൻ, അപ്പച്ചിയുടെ ഭർത്താവ്  നേരത്തെ മരണപ്പെട്ടതാണ്.. അതിൽ പിന്നെ അച്ഛനാണ് അപ്പച്ചിയുടെയും അശ്വതിയുടെയും കാര്യങ്ങളൊക്കെ നോക്കുന്നത്.. മഠത്തിലെ പാരമ്പര്യം അനുസരിച്ചു കാളിയാർമഠം അശ്വതിയ്ക്ക് അവകാശപ്പെട്ടതാണ്.. കാളിയാർ മഠത്തിലെ നാഗത്താൻ കാവിലെ നാഗകന്യക.. വേളി കഴിഞ്ഞാൽ പിന്നെ സർവ്വാധികാരമുള്ള പതിയോടൊപ്പം കാവിലമ്മയാവും.. അതാണ് മഠത്തിലെ ആചാരം.. അച്ഛന് സ്വന്തം മക്കളായ ഹരിയേട്ടനെക്കാളും തന്നെക്കാളും വലുത് അശ്വതി തന്നെയാണ്.. അച്ചു ഹരിയേട്ടന്റെ പെണ്ണായി തന്റെ ഏട്ടത്തിയമ്മയാവുന്നത് തന്റെയും സ്വപ്നമാണ്.. പക്ഷെ ഏട്ടൻ..?

ബാല്യം മുതലേ അച്ചുവും താനും ഏട്ടന്റെ പിന്നാലെ തന്നെയായിരുന്നു.. തങ്ങളുടെ എല്ലാ കുറുമ്പുകൾക്കും ഒപ്പം നിക്കുന്നതും വല്യ പരിക്കുകൾ ഇല്ലാതെ രക്ഷപെടുത്തുന്നതുമെല്ലാം ഏട്ടൻ തന്നെയായിരുന്നു.. തനിക്കും അച്ചുവിനും ഇടയിൽ ഒരു വേർതിരിവ് ഏട്ടൻ കാട്ടിയിട്ടില്ല..

ഹരിയുടെ പെണ്ണെന്ന വാക്കുകൾ ഉള്ളിലുറച്ചതോടെ എപ്പോഴോ അച്ചുവിൽ പ്രണയഭാവം തെളിഞ്ഞു തുടങ്ങിയിരുന്നു.. അതോടെയാണ് ഏട്ടനും മാറിതുടങ്ങിയത്..

അച്ചുവിൽ നിന്നും അകന്നു നിൽക്കാൻ തുടങ്ങി.. ഒരു കാര്യത്തിനും അവളെ അടുപ്പിക്കാതെ ദേഷ്യം മാത്രം പ്രകടിപ്പിച്ചു തുടങ്ങി..അതുവരെ അവൾ ചെയ്തിരുന്ന ഏട്ടന്റെ കാര്യങ്ങളിൽ നിന്നൊക്കെ അവളെ മാറ്റി നിർത്താൻ തുടങ്ങി.. ഉള്ളു പൊള്ളിയപ്പോഴും അച്ചു ആശ്വസിച്ചത് ഹരിയേട്ടന്റെ ഉള്ളിലെ പ്രണയം തിരിച്ചറിയാതിരിക്കാനുള്ള അടവാണ് ഈ ദേഷ്യം എന്നൊക്കെ പറഞ്ഞായിരുന്നു..

എന്നിട്ടും എപ്പോഴൊക്കെയോ വല്ലാതെ വേദനിച്ചുള്ള അച്ചുവിന്റെ തേങ്ങലുകൾ കേട്ടിട്ടുണ്ട്..പലപ്പോഴും ഹരിയേട്ടനോട് ദേഷ്യം തോന്നിയിട്ടുണ്ട്.. ചോദിച്ചപ്പോഴൊക്കെ എനിക്ക് അവളോട് പ്രണയവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല എന്ന് പറഞ്ഞു പൊട്ടിത്തെറിച്ചു..

ഒടുവിൽ വേളിയ്ക്ക് നാള് കുറിച്ചന്ന് സന്ധ്യയ്ക്ക് അച്ഛന്റെ അറയിൽ നിന്നും പതിവില്ലാതെ ശബ്ദം ഉയർന്നപ്പോഴാണ് മറഞ്ഞു നിന്ന് കേട്ടത്..

എന്ത് വന്നാലും ഈ വേളി നടക്കില്ലെന്നു ഹരിയേട്ടനും ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഇത് നടത്തുമെന്ന് അച്ഛനും..

വഴക്കിട്ട് ഇറങ്ങി പോയ ഏട്ടൻ രാത്രിയിലെപ്പോഴോ കയറി വന്നപ്പോൾ രണ്ടും കല്പിച്ചാണ് അരികെയെത്തി  ചോദിച്ചത്..

“ഏട്ടന്റെ മനസ്സിൽ മറ്റാരേലും ണ്ടോ…?”

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചെങ്കിലും കുറച്ചു സമയം ഒന്നും മിണ്ടാതെ തന്നെ കുറച്ചു സമയം നോക്കി നിന്നു..

“നിക്ക് പ്രണയം സംഗീതത്തോട് മാത്രമാണ് ഊർമ്മിക്കുട്ടി…”

ഏട്ടന്റെ ശബ്ദം മൃദുവായിരുന്നു…

“അപ്പോ അച്ചു..?”

പിന്നെയും കുറച്ചു സമയത്തെ നിശബ്ദതയ്ക്ക് ശേഷമാണ് മറുപടി വന്നത്..

“നീയ്യ് എങ്ങനാണോ നിക്ക് അത് പോലെ തന്നെയാണ് അച്ചുവും.. അവളെ ഭാര്യയായി കാണാനൊന്നും നിക്ക് പറ്റണില്ല്യാ മോളെ.. അവളെന്നല്ല… ആരെയും…”

ഞെട്ടലോടെ നോക്കുന്നതിനിടെയാണ് ഹരിയേട്ടൻ തുടർന്നത്..

“നിക്കൊരു വേളി ആലോചിക്കേണ്ടെന്ന് അച്ഛനോട് ഞാൻ പറയാൻ തുടങ്ങീട്ട് കാലം ശ്ശി ആയിരിക്കണൂ… പക്ഷെ അച്ഛൻ..”

“ഏട്ടാ.. പക്ഷെ അച്ചു.. അവൾക്കിതൊന്നും സഹിക്കാൻ പറ്റില്ല്യാ.. ആ മനസ്സിൽ ഏട്ടൻ മാത്രേയുള്ളു.. “

“അറിയാം മോളെ.. അത് തന്നെയാണ് ന്റെ പേടിയും.. അവളുടെ ജീവിതം നശിപ്പിക്കാൻ നിക്ക് വയ്യാ..”

ഏട്ടന്റെ മനസ്സ് വാക്കുകളിൽ കാണാമായിരുന്നു..

അപ്പച്ചിയോടും അമ്മയോടും സൂചിപ്പിച്ചപ്പോൾ ഇരുവരും ഒന്ന് പരസ്പരം നോക്കി ചിരിച്ചു..

“വേളി ഒന്ന് കഴിഞ്ഞാൽ അതൊക്കെ അങ്ങട് ശരിയാവും കുട്ട്യേ..”

അപ്പച്ചി പറഞ്ഞു..

“ഭാരിച്ച കാര്യങ്ങളൊന്നും അന്വേഷിക്കാൻ നിക്കാണ്ട് നീയ്യൊന്ന് പോണുണ്ടോ ഊർമ്മി.. ബാക്കിള്ളോര് ഇതൊന്നു നടന്നു കാണാൻ നേരാത്ത നേർച്ചകളില്ല്യാ..”

അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ ഇനീയവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലായി..

അച്ചുവിനോട് ഇതൊക്കെ പറയാൻ പോയിട്ട് സൂചിപ്പിക്കാൻ പോലും ധൈര്യമില്ലായിരുന്നു..

ഹരിയേട്ടനല്ലാതെ വേറൊരു പുരുഷൻ അവളുടെ ചിന്തകളിൽ പോയിട്ട് കണ്ണുകളിൽ പോലും പെടില്ലെന്ന് തന്നെക്കാൾ നന്നായി മറ്റാർക്കും അറിയില്ലലോ..

ഹരിയേട്ടനായി വൃതങ്ങളെടുത്ത് നോമ്പ് നോറ്റ് നടക്കുന്നവളാണ്.. ഹരിയേട്ടന്റെ ഒരു നോട്ടം അവൾക്ക് നേരെ വന്നുവെന്ന് തോന്നിയാൽ പോലും മനസ്സ് നിറയുന്നവളാണ്.. ഹരിയേട്ടനില്ലാതെ അശ്വതി ഉണ്ടാവില്ല..പൂർണ്ണമായും തകർന്നു പോവുമവൾ…സ്വന്തം രക്തമാണെങ്കിലും ഒരു പൊടിയ്ക്ക് ഹരിയേട്ടനോടുള്ളതിനേക്കാൾ  ഇഷ്ടം അച്ചുവിനോട് തന്നെയാണ്..

ഹരിയേട്ടനോടല്ലാതെ അവൾ ആകെ ഇത്തിരി അടുപ്പത്തോടെ സംസാരിച്ചിട്ടുണ്ടാവുക ഉണ്ണിയേട്ടനോടാവും..

മാധവനുണ്ണി.. നീലിമലക്കാവിലെ പൂജാരി..

ഹരിയേട്ടനോടുനുള്ള പ്രണയത്തിനു തുല്യമായിരുന്നു നീലിമലക്കാവിലെ മഹാകാളിയോടവൾക്കുള്ള ഭക്തിയും.. അതുതന്നെയാവും ഉണ്ണിയേട്ടനോടുള്ള സൗഹൃദത്തിനു കാരണവും…

മാധവനുണ്ണി.. ആ മുഖം മനസ്സിൽ തെളിഞ്ഞതും ഊർമിളയുടെ മുഖവുമൊന്നു തെളിഞ്ഞു.. സുമുഖനും മിതഭാഷിയുമായ ചെറുപ്പക്കാരൻ..ക്ഷയിച്ചു തുടങ്ങിയ ഇല്ലത്തെ അംഗം..

അനിയത്തിയായി അശ്വതിയെ  കണ്ട ഉണ്ണിയേട്ടനോട് തനിക്ക് ഉണ്ടായിരുന്നത് പക്ഷെ മൗനാനുരാഗമായിരുന്നു..എന്നിട്ടും..

ഊർമിളയുടെ മിഴികൾ ചെരാതുകളിലെ ആടിയുലയുന്ന ദീപനാളങ്ങൾക്കിടയിൽ കണ്ട ഉത്തരയുടെ മുഖത്തെത്തി..

ബാല്യകാലത്തെ ഓർമ്മകളിൽ തന്നെ ഉത്തരയും കൂടെയുണ്ട്.. ഒരു നാൾ വാരസ്യാരോടൊപ്പം വന്നു കയറിയവൾ നടന്നു കയറിയത് തന്റെയും അച്ചുവിന്റെയും ഹൃദയത്തിലേക്കായിരുന്നു.. അന്നു മുതൽ കൂടെയുണ്ട്.. ഇണ പിരിയാത്ത കൂട്ടായിട്ട്…

പക്ഷെ തന്റെ ഹൃദയം കവർന്ന പുരുഷൻ ഹൃദയം നൽകിയത് പ്രിയ കൂട്ടുകാരിയ്ക്കായിരുന്നുവെന്ന് അറിയാൻ തെല്ലു വൈകിപ്പോയി… ഉണ്ണിയേട്ടനും ഉത്തരയും.. അപ്പോൾ വീണ്ടും സ്വന്തം കുറവുകളെ കുറിച്ചോർത്തു..

അശ്വതിയോളം തന്നെ സുന്ദരിയാണ് ഉത്തരയും.. പക്ഷെ താൻ.. അവരോളം നിറവും മുടിയും ഒന്നുമില്ലാത്ത ഒരു സാധാരണ പെണ്ണ്.. കാണാൻ തെറ്റില്ലെന്നതിൽ കൂടുതൽ ഒന്നും അവകാശപ്പെടാനില്ലായിരുന്നു..

ഉത്തരയോടോ ഉണ്ണിയേട്ടനോടോ ദേഷ്യമൊന്നും തോന്നിയിട്ടില്ല ഇതുവരെ.. ഉത്തര തനിക്ക് പ്രിയ്യപ്പെട്ടവളാണ്.. അവളുടെ സന്തോഷം തട്ടിപ്പറിക്കാൻ മനസ്സ് ആഗ്രഹിച്ചിട്ടില്ല ഒരിക്കലും ..

ആരുമറിയാതെ മനസ്സിൽ തോന്നിയ ഇഷ്ടം ആരുമറിയാതെ തന്നെ മനസ്സിന്റെ ഇരുണ്ട കോണിലേക്കെവിടെയോ പൊതിഞ്ഞു ഭദ്രമാക്കി വെച്ചു.. ആരുമറിയാതെ.. എങ്കിലും ചിലപ്പോഴൊക്കെ അതിൽ വെളിച്ചം തട്ടുമ്പോൾ ഉള്ളൊന്ന് നീറാറുണ്ട്..

നിറഞ്ഞു കത്തുന്ന ദീപങ്ങൾക്കിടയിലും മൂന്ന് പേരുടെയും മനസ്സ് മൂന്നിടങ്ങളിലാണെന്ന് അറിഞ്ഞപ്പോഴാണ് കാലിലെ നിറയെ മണികളുള്ള കൊലുസ്സൊന്ന് കിലുക്കിയത്.. വൈകാതെ അതിനൊപ്പം ചിരിമണികൾ വീണുടഞ്ഞു.. കൊലുസ്സിന്റെയും കരിവളകളുടെയും കിലുക്കത്തിനിടയിൽ സ്വരവീചികൾ ഉയർന്നു… അശ്വതി.. ഹരിയേട്ടന്റെ സംഗീതപ്രാന്ത് കണ്ടു ചെറുതിലേ അവളും സംഗീതം പഠിച്ചു തുടങ്ങിയിരുന്നു…

“മിന്നായം മിന്നും കാറ്റേ

മിഴിനാളം നീട്ടും ദീപം

കാവിനുള്ളിൽ കൈത്തിരിപ്പൂ

പൂത്തപൊലെ തിളങ്ങുന്നുവോ

അഴകോലും ഗന്ധർവന്മാർ

ശ്രുതി മീട്ടും പാല കൊമ്പിൽ

മഞ്ഞു കാറ്റിൻ മർമ്മരങ്ങൾ

മന്ത്രമായി തുളുമ്പുന്നുവോ

കോലോത്തെ മുറ്റത്തെ തൃത്താപ്പൂ മൊട്ടിലെ

ചില്ലോലം തുമ്പി കുറുമ്പോ

മനസ്സു നിറയെ മഴയോ

നിനവു പൊഴിയും അഴകോ”

തെല്ലകലെ കളിയാർമഠത്തിന്റെ മതിൽക്കെട്ടിനപ്പുറത്തെ കൊച്ചു വീടിന്റെ മുറ്റത്തും കാർത്തിക ദീപങ്ങൾ തെളിഞ്ഞിരുന്നു.. സംഗീതഞ്ജനായ ശങ്കരനാരായണനും മകൾ ദേവുവും.. കോലായിലെ ചാരുകസേരയിൽ ഇരുന്ന ശങ്കരനാരായണൻറെ കാതുകളിൽ കാളിയാർ മഠത്തിന്റെ മട്ടുപ്പാവിൽ നിന്നുമുള്ള സ്വരവീചികൾ അലയടിക്കുന്നുണ്ടായിരുന്നു.. മുറ്റത്തതിരിലെ മൺചിരാതിൽ തിരികൾ കൊളുത്തി കൊണ്ടിരുന്ന ദേവുവിന്റെ മുഖത്ത് കല്ലിച്ച ഭാവമായിരുന്നു..

ഇടയ്ക്ക് ദീപനാളത്താൽ തെളിഞ്ഞ ആ മുഖം കണ്ടതും ഭദ്ര ഞെട്ടി..

ആ നീലമിഴികൾ… ആ മുഖം ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.. അടുത്തറിയാവുന്ന മുഖം…

അതുപോലെ ഉത്തരയും… തനിക്കറിയാം അവരെ…അടുത്തറിയാം..

പൊടുന്നനെ നീലക്കണ്ണുകൾ അവൾക്ക് മുൻപിൽ തെളിഞ്ഞു.. അത് നേരത്തെ കണ്ട ദേവുവിന്റേതായിരുന്നില്ല..അതിൽ പക നിറഞ്ഞു നിന്നിരുന്നു..

ഭദ്രയ്ക്ക് ശ്വാസം കിട്ടാത്തത് പോലെ തോന്നി.. ആർത്തനാദത്തോടെ അവൾ പിടഞ്ഞെഴുന്നേറ്റിരുന്നു..

കൂടെ പത്മയും.. എന്താ മോളെ എന്നുള്ള ചോദ്യം കേട്ടതും ഭദ്ര പത്മയെ കെട്ടിപിടിച്ചു..

“സ്വപ്നം കണ്ടോ നീ..?”

ഭദ്രയുടെ മുടിയിൽ തഴുകി കൊണ്ടു പത്മ ചോദിച്ചു…

“ഉം..”

ബെഡ് ലാമ്പിന്റെ നേർത്ത വെളിച്ചത്തിൽ പത്മ ചുറ്റുമൊന്ന് കണ്ണോടിച്ചു..ഒന്നുമില്ല..

“സാരമില്ല്യാ.. ജപിച്ചു കിടന്നാൽ മതി.. അമ്മ.. അമ്മ കൂടെയുണ്ട്..”

“ഉം..”

തനിക്ക് ചുറ്റുമുള്ള പിടുത്തം ഒന്ന് മുറുകുന്നത് പത്മ അറിഞ്ഞു..

അമ്മയെ കെട്ടിപിടിച്ചു തന്നെയാണ് ഭദ്ര ഉറങ്ങിയത്..

അവരുടെ മുറിയുടെ അടഞ്ഞ ജാലകത്തിനപ്പുറം പാലപ്പൂ മണം നിറഞ്ഞിരുന്നു..

ചുമരിനപ്പുറം ഇറയത്തുനിന്നു ഇഴഞ്ഞു നീങ്ങിയ നാഗത്തിന്റെ ഉടലിനു മുകളിൽ  അപ്പോൾ  സുന്ദരിയായൊരു പെണ്ണിന്റെ മുഖമായിരുന്നു..ഭദ്ര സ്വപനത്തിൽ കണ്ട ആ നീലമിഴികളിൽ അപ്പോഴും പക തന്നെയായിരുന്നു.. ഇടയ്ക്കിടെ പുറത്തേക്ക് നീണ്ട നീളമുള്ള നാവിൽ വിഷമൂറി നിന്നിരുന്നു..

പുലർച്ചെ പത്മ വിളിച്ചപ്പോഴാണ് ഭദ്ര ഉണർന്നത്.. പെട്ടെന്ന് കുളിച്ചു വരാൻ പറഞ്ഞപ്പോൾ ഒന്ന് പകച്ചെങ്കിലും അവൾ വേഗം കുളിക്കാനായി പോയി.. അമ്മ പറഞ്ഞതനുസരിച്ച് നേര്യേതും മുണ്ടുമുടുത്ത് പൂമുഖത്തെത്തിയപ്പോൾ എല്ലാവരും അവിടെയുണ്ട്.. വെളുത്ത കുർത്തയും മുണ്ടുമണിഞ്ഞു നിൽക്കുന്ന ആദിത്യനെ കണ്ടതും അവളൊന്ന് ഞെട്ടി..

ദേവിയമ്മയോട് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു നാഗത്താൻ കാവിലേക്ക് നടക്കുമ്പോൾ അനന്തന്റെ കൈയിൽ ആദിത്യന്റെ കൈ ഉണ്ടായിരുന്നു.. പത്മയുടെ കൈ ഭദ്രയുടെ കൈയിലും..അനന്തന്റെ കൈയിൽ വലിയൊരു താലവും അതിൽ തുളസി മാലകളും ഭദ്ര കണ്ടു..

നാഗത്താൻകാവിലേക്കുള്ള പടികളിൽ അവരെ പ്രതീക്ഷിച്ചെന്ന പോലെ നിൽക്കുന്ന കുഞ്ഞു കരിനാഗത്തെ ഭദ്ര കണ്ടു..

പൊടുന്നനെയാണ് പ്രകൃതിയുടെ ഭാവം മാറിയത്.. ഇരുണ്ട അന്തരീക്ഷത്തിൽ കാറ്റ് വീശിതുടങ്ങി.. പതിയെ അത് ശക്തി പ്രാപിച്ചു കൊണ്ടിരുന്നു..

കരിനാഗതറയുടെ മുൻപിൽ എത്തിയതും പത്മ ഭദ്രയുടെ കൈ അനന്തനിൽ ചേർത്തു.. ആദിത്യനും ഭദ്രയും അനന്തന് ഇരുവശവുമായി നിൽക്കവേ പത്മ നാഗത്തറയിൽ ദീപം കൊളുത്തി..

എല്ലാവരും തൊഴുതു കഴിഞ്ഞതിനു ശേഷമാണ് അനന്തൻ താലത്തിൽ നിന്നും നാഗരൂപത്തിന്റെ ലോക്കറ്റുള്ള മാല എടുത്തത്..

ഭദ്ര ഞെട്ടലോടെ പത്മയുടെ കഴുത്തിലേക്ക് നോക്കി.. അമ്മയുടെ കഴുത്തിൽ എപ്പോഴും കാണാറുള്ള നാഗത്താലി…അല്ല..അത് പോലെ തന്നെ മറ്റൊന്ന്..

“ഇതിപ്പോൾ ആദി ഇവളുടെ കഴുത്തിൽ കെട്ടണം.. അല്ലാതെ നിങ്ങളെ ഇവിടെ വിട്ടിട്ട് പോവാൻ ഞങ്ങൾക്ക് ആവില്ല.. പോവാതിരിക്കാൻ നിർവാഹവുമില്ല..”

അടുത്തനിമിഷം ആദിത്യൻ അത് വാങ്ങി പകച്ചു നിന്ന ഭദ്രയുടെ കഴുത്തിൽ കെട്ടി.. അനന്തൻ നീട്ടിയ താലത്തിലെ സിന്ദൂരചെപ്പിൽ നിന്നൊരു നുള്ള് സിന്ദൂരം ആദിത്യന്റെ വിരലുകളിൽ നിന്നും ഭദ്രയുടെ സീമന്ത രേഖയിൽ വീണു..

തനിക്ക് നേരെ നീട്ടിയ തുളസിമാല യാന്ത്രികമായാണ് ഭദ്ര വാങ്ങിയത്.. അത് ആദിത്യനെ അണിയിക്കുമ്പോൾ കാറ്റ് തങ്ങൾക്ക് ചുറ്റും ഹുങ്കാരം മുഴക്കുന്നതോ കാവിനുള്ളിലെ മരങ്ങൾ കടപുഴകി വീഴുന്നതോ ഭദ്ര അറിഞ്ഞില്ല.. അവളുടെ മനസ്സ് ജന്മാന്തരങ്ങൾക്കപ്പുറം എവിടെയോ ആയിരുന്നു.. ആദിത്യന്റെയും…

നിഴൽ രൂപങ്ങൾ പോലെ എന്തൊക്കെയോ അവർക്ക് മുൻപിൽ മിന്നി മായുന്നുണ്ടായിരുന്നു..

“നമ്മുടെ വിധി പ്രകാരമുള്ള വേളിയല്ല ഇത്.. പക്ഷെ നാഗദൈവങ്ങൾക്ക് മുൻപിൽ ഇപ്പോൾ നിങ്ങൾ പതി പത്നിമാരാണ്… നാഗകാളി മഠത്തിലെ കാവിലമ്മയ്ക്ക് അവരുടെ പതിയാവേണ്ടവൻ കെട്ടി കൊടുക്കുന്ന നാഗത്താലിയാണിത്.. നാഗദൈവങ്ങളുടെ  കടാക്ഷം ഉണ്ടാവും…”

അനന്തന്റെ വാക്കുകൾ കേട്ടതും രണ്ടുപേരും ഞെട്ടിയുണർന്നത് പോലെ പരസ്പരം നോക്കി..

കാവിന്റെ പടികൾ കയറുപ്പോഴും ഉൾക്കാവിൽ നിന്നെവിടെയോ നിന്നു കരിനാഗത്തിന്റെ സീൽക്കാരവും ചീറ്റലും അവർക്ക് കേൾക്കാമായിരുന്നു.. ഇടയ്ക്കെപ്പോഴോ ഒരു തേങ്ങലും  കേട്ടത് പോലെ ഭദ്രയ്ക്ക് തോന്നി..

പാലമരത്തിന് താഴെ കോപാഗ്നിയാൽ തളർന്നു കിടന്നിരുന്ന നാഗരക്ഷസ്സ് വീണ്ടും പിടഞ്ഞുയർന്നു.. നീലമിഴികൾ തിളങ്ങി..

“എനിക്ക് എത്താൻ കഴിയാത്തിടത്തേക്ക് എത്തിപ്പെടാൻ കഴിവുള്ളവർ വേറെയുമുണ്ട് എനിക്ക് തുണയായി… ഭദ്രാ.. നിനക്കൊരിക്കലും മാപ്പില്ല.. അവർ വരും.. നിന്നെ എന്റെ മുൻപിൽ എത്തിയ്ക്കാൻ.. എന്റെ പകയിൽ നീ പിടഞ്ഞു പിടഞ്ഞു ഇല്ലാതെയാവും.. പ്രണയമോ ജീവിതമോ സ്വന്തമായില്ലാതെ നീയും അലയും.. അവനെ പോലെ..എന്നാലും ഞാൻ അനുഭവിച്ചതിൽ ഒരംശം പോലുമാവില്ല.. കാത്തിരിപ്പുണ്ട് ഈ ദാരിക… “

ചീറിയടിച്ച കാറ്റിൽ ആ ശബ്ദം കാവിലാകവെ മുഴങ്ങി.. ഭദ്രയുടെ കാതുകളിലും..

(തുടരും )

കൺഫ്യൂഷൻ കൺഫ്യൂഷൻ ല്ലേ വൈകാതെ ക്ലിയർ ആവും.. മുകളിൽ കണ്ട പാസ്ററ് ഭദ്ര സ്വപ്നം കണ്ടതാണ്..

അശ്വതിയും ഊർമിളയും ഉത്തരയും.. അശ്വതിയുടെ മുറച്ചെറുക്കൻ ഹരികൃഷ്ണന്റെ അനിയത്തിയാണ് ഊർമിള.. ഉത്തര ഇരുവരുടെയും സുഹൃത്തും നീലിമലക്കാവിലെ പൂജാരിയായ മാധവനുണ്ണിയുടെ കാമുകിയും..

പിന്നെയുള്ളത് ഒരു പാട്ടുകാരൻ ശങ്കരനാരായണനും മകൾ ദേവും.. ഇത്രേയുള്ളൂ ഇവരൊക്കെ തന്നെയാണ് പാസ്റ്റിൽ ഉള്ളത്..

കഥ പഴയത് ആണെങ്കിലും പാട്ടിൽ ഇത്തിരി ജനറേഷൻ ഗ്യാപ് കാണും..

ഒന്ന് രണ്ടു പാർട്ടുകളിലായി പാസ്ററ് തീർക്കാം.. വായിച്ചു നോക്കിയിട്ടില്ല..

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!