നാഗമാണിക്യം 2 – നീലമിഴികൾ 28

2451 Views

Online Malayalam Novel Neelamizhikal

പടിപ്പുരയിലേക്ക് നടക്കുമ്പോൾ പാർവതി പൊട്ടിക്കരയുന്നുണ്ടായിരുന്നു.. കണ്ണുനീർ തുള്ളികൾ കാളിയാർമഠത്തിന്റെ മണ്ണിൽ വീണു കൊണ്ടിരുന്നു..

നാഗത്താൻകാവിൽ കാറ്റ് വീശുന്നതോ പാലപ്പൂമണം തന്നെയാകെ പൊതിയുന്നതോ അറിയാതെ പടിപ്പുരവാതിൽ കടന്നു വഴിയിലേക്കിറങ്ങുകയായിരുന്നു പാർവതി..

കാവിന്റെ അതിർത്തിയിലെ ഏഴിലംപാലയ്ക്ക് താഴെ കിടന്നിരുന്ന ആ നാഗത്തിന്റെ കണ്ണുകൾ പാർവതിയിലായിരുന്നു.. ആ നീല കണ്ണുകളിലപ്പോൾ തെളിഞ്ഞത് ഉത്തരയായിരുന്നു..

ജന്മാന്തരങ്ങൾക്ക് മുൻപേ പാർവതിയുടെ വാര്യത്ത് ജീവിച്ചിരുന്നവൾ.. ഉത്തര.. അശ്വതിയുടെയും ഊർമിളയുടെയും കൂട്ടുകാരി..

മാധവനുണ്ണിയുടെ പ്രണയിനി..

കഥയറിയാതെ ആട്ടം കാണേണ്ടി വന്നവൾ..

പെട്ടെന്നൊരു ദിനം,ഇരുട്ടി വെളുത്തപ്പോൾ പ്രാണനായി കരുതിയവനെയും പ്രിയ തോഴിയേയും ചേർത്ത് അരുതാത്ത കഥകൾ കേട്ടിട്ടും പതറാതെ നിന്നവൾ..

എന്നിട്ടും ഒടുവിൽ അവളോട്‌ ഒരു വാക്ക് പോലും പറയാതെ പ്രിയതമനും പ്രിയപ്പെട്ട കൂട്ടുകാരിയും മരണത്തിലേക്ക് നടന്നു കയറിയപ്പോൾ പകച്ചു പോയവൾ..

വാക്കുകളെ മൗനത്തിൽ തളച്ചവൾ..

ഇരുട്ടറയ്ക്കുള്ളിൽ ജീവിച്ചു മരിച്ചവൾ..

ദാരികയുടെ നീല മിഴികളിൽ അപ്പോൾ തെളിഞ്ഞത് വേദനയായിരുന്നു.. പിന്നെ പതിയെ വേദന പുകഞ്ഞൊടുവിലത് പകയായി.. സർവ്വതും ചുട്ടെരിക്കാനുള്ള അഗ്നിയിൽ തെളിഞ്ഞത് ശ്രീഭദ്രയുടെ മുഖമായിരുന്നു..

അവളോടുള്ള പ്രതികാരത്തിനായി കഴിഞ്ഞു പോയ ജന്മത്തിൽ പ്രാണനായവനെ ബലി കൊടുക്കാനും ദാരിക തയ്യാറായി കഴിഞ്ഞിരുന്നു..

ഹരികൃഷ്ണനെന്ന ആദിത്യനെ.. നാഗവിധി പ്രകാരം ആദിത്യൻ ഭദ്രയെ നല്ല പാതിയാക്കിയ ആ നിമിഷം.. കാളിയാർമഠത്തിലെ  ശേഷിക്കുന്ന ഏക ആൺ തരിയായ ആദിത്യനോട്, ഒരിക്കൽ ജീവനേക്കാളേറെ പ്രണയിച്ചവന്റെ പുനർജ്ജന്മത്തോട്,അത് വരെ കാണിച്ചിരുന്ന മമത ദാരിക അവസാനിപ്പിച്ചിരുന്നു..

##### ########## ########### ######

അശ്വതി ഗോവണിപ്പടികൾ ഇറങ്ങി വരുമ്പോഴാണ് താഴെ നിന്നും ആ ശബ്ദം കേട്ടത്..

ഹരിയേട്ടൻ.. ഹരിയേട്ടൻ വന്നിട്ടുണ്ട്.. വേളിയ്ക്ക് ദിവസം കുറിച്ചതിൽ പിന്നെ നേരിട്ട് കണ്ടിട്ടില്ല്യാ…

തന്റെ മനസ്സിലെ പ്രണയം അറിഞ്ഞതിൽ പിന്നെ കണ്ടാലും കാണാത്തത് പോലെ  പോവാറാണ് പതിവ്..

കുട്ടിക്കാലത്തെ ഓർമ്മകൾ തെളിയുന്നത് ഹരിയേട്ടനിലൂടെയാണ്..

അശ്വതി ഹരിക്കുള്ളതാണെന്ന് കേൾക്കാത്ത ദിവസങ്ങളില്ല.. കേട്ടു കേട്ട് ഉള്ളിൽ വേരുറച്ചു പോയതാണ് ഈ പ്രണയം..

പക്ഷെ ഹരിയേട്ടൻ…

തന്നിൽ നിന്നും അകന്നു മാറാനേ ശ്രെമിച്ചിട്ടുള്ളൂ..

പേടിച്ചിരുന്നത് പോലെ ആ മനസ്സിൽ മറ്റൊരാളില്ല എന്നറിഞ്ഞപ്പോഴാണ് ഉള്ളിലെ തീയണഞ്ഞത്..

വേളി കഴിഞ്ഞാൽ പിന്നെ എല്ലാം നേരെയാവും കുട്ട്യേ ന്നുള്ള അമ്മയുടെയും അമ്മായിയുടെയും വാക്കുകളിലാണ് പ്രതീക്ഷ മുഴുവനും..

അല്ലെങ്കിലും ഹരിയേട്ടനെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാവില്ല്യ ഈ അശ്വതിയ്ക്ക്..

വെറുതെ ഒന്ന് നോക്കിയാൽ മതി.. മനസ്സ് നിറയാൻ..

ഈയിടെയായി സംഗീതകച്ചേരികളും കൃഷിയും കാര്യങ്ങളുമായി ഹരിയേട്ടനെ ഒന്ന് കാണാൻ പോലും കിട്ടുന്നില്ല..

“അമ്മേ ഞാനിറങ്ങുന്നു..”

ഓർമ്മകളിൽ മുഴുകി നിൽക്കവേ ആ ശബ്ദം കേട്ടതും അശ്വതി തിരക്കിട്ടു പടികളിലിറങ്ങിയോടി.. ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുകയായിരുന്ന ഹരിയുടെ മുൻപിലാണ് കിതച്ചു കൊണ്ടു വന്നു നിന്നത്.. ആളൊന്ന് പകച്ചു.. അശ്വതിയുടെ പരുങ്ങൽ കണ്ടാവാം പൊടുന്നനെ ആ മുഖത്ത് ഗൗരവം തെളിഞ്ഞു..

“ഉം..?”

ചോദ്യഭാവത്തിൽ അവളെയൊന്ന് നോക്കി..

“ങുംഹും..”

അശ്വതി മെല്ലെ ചുമൽ കുലുക്കി..

അവളെയൊന്ന് നോക്കി ഹരി പുറത്തേക്ക് നടന്നു..

വേളിയ്ക്ക് ദിവസങ്ങളേയുള്ളൂ.. എന്നിട്ടും.. മുരടൻ..

അശ്വതി പിറുപിറുത്തു.. ഒന്ന് ചിരിക്കാറ് പോലുമില്ല.. ഊർമിളയോടും അമ്മയോടുമൊക്കെ  ചിരിച്ചു സംസാരിക്കുന്നത് കാണാം.. തന്നോട് മാത്രം..

നീളൻ മുടി കൈ കൊണ്ടു കോതിയൊതുക്കി ഹരി മുറ്റത്തേക്കിറങ്ങി നടക്കുന്നത് അശ്വതി കാണുന്നുണ്ടായിരുന്നു… ആള് മുറ്റത്ത് നെല്ലുണക്കുന്ന പണിക്കാരോട് എന്തോ പറയുന്നതും ചിരിക്കുന്നതും അശ്വതി കണ്ണിമയ്ക്കാതെ നോക്കി നിന്നു.. എന്തൊരു ഭംഗിയാണ് ആ ചിരിയ്ക്ക്..പക്ഷെ..

“അതേയ്.. അങ്ങേര് പോയിട്ട് മണിക്കൂറൊന്നായി.. നീയ് ഇപ്പോഴും ആ വഴിയിലേക്കും നോക്കി നിൽക്കാണോ ന്റെ അച്ചുവേ..?”

പൊടുന്നനെ കാതോരം വന്നു ഊർമിള ചോദിച്ചപ്പോൾ അശ്വതി ഞെട്ടി തിരിഞ്ഞു.. അവളൊന്ന് ചിരിച്ചു കാണിച്ചു..

“ന്നും ഏട്ടൻ ഒന്നും സംസാരിച്ചില്ല്യേ..?”

അശ്വതി ഒന്നും പറയാതെ മുഖം കുനിച്ചു..

“നീ വിഷമിക്കാതെടി.. വേളിയൊന്നു കഴിഞ്ഞോട്ടെ.. ഏറെക്കാലമൊന്നും ഏട്ടൻ നിന്നെ അനിയത്തിയെപ്പോലെയാണെന്ന് പറഞ്ഞു നിർത്തില്ല്യാ.. നീയ് നോക്കിക്കോ..”

ഊർമിള അവളെ നോക്കി കണ്ണിറുക്കി.. അശ്വതിയുടെ മുഖം ചുവന്നു.. പതിയെ അവളുടെ മനം തെളിഞ്ഞു..

“ടീ പോണ്ടേ.. ഉത്തര വന്നിട്ടുണ്ടാകും.. അല്ലെങ്കിലേ അയാൾക്കിത്തിരി ഇളക്കം കൂടുതലാ.. നിപ്പോൾ നേരം വൈകീന്നു പറഞ്ഞാവും..”

അശ്വതി പെട്ടെന്ന് അഴിച്ചിട്ട മുടി അറ്റം കെട്ടിയിട്ടു പോവാൻ തയ്യാറായി..

“ന്റെ അച്ചുവേ.. ഏതായാലും ഹരിയേട്ടനും നീയ്യും തമ്മിലുള്ള വേളിടെ ദിവസം വരെ നിശ്ചയിച്ചു.. ഇനീം ഏട്ടനെ കാണിക്കാൻ ഈ സംഗീതപഠനം വേണോ.. അല്ലെങ്കിലേ ആ കോന്തൻ ഭാഗവതരെ കാണുമ്പോഴേ നിക്കരിശം വരും.. ഉത്തരയ്ക്കാണേൽ ആ പെണ്ണിനെ കണ്ണിന് നേരെ കണ്ടൂടാ..”

“ആരെ.. ദേവൂനെയോ..?”

“അല്ലാണ്ടാരേ.. ആ പെണ്ണ് കൊറച്ചീസം മുന്നെ ഉണ്ണിയേട്ടനോട് സംസാരിക്കണത് കണ്ടൂന്ന് പറഞ്ഞു അവള്ണ്ടാക്കാത്ത പുകിലൊന്നുമില്ല്യാ..”

“ആര്… ദേവു ഉണ്ണിയേട്ടനോട് സംസാരിച്ചൂന്നോ..?”

“ങാ.. അല്ലേലും നമ്മളെയൊക്കെ കാണുമ്പോഴല്ലേ രാജകുമാരിയ്ക്ക് മുഖം തെളിയാതുള്ളൂ..”

ഊർമിളയുടെ വാക്കുകൾ കേട്ടപ്പോൾ അശ്വതിയുടെ മനസ്സിൽ തെളിഞ്ഞത് അവരുടെ സംഗീതദ്ധ്യാപകൻ ശങ്കരനാരായണന്റെ മകൾ ദേവുവിന്റെ മുഖമായിരുന്നു..

എപ്പോഴും കല്ലിച്ച മുഖവുമായി മാത്രം കാണാറുള്ള ദേവു.. സമപ്രായക്കാരാണെങ്കിലും ഒരിക്കൽ പോലും തങ്ങളെ നോക്കുമ്പോൾ ആ മുഖത്തൊരു ചിരി തെളിഞ്ഞു കണ്ടിട്ടില്ല.. എന്തെങ്കിലും ചോദിച്ചാൽ തന്നെ ഒറ്റ വാക്കിലോ ഒരു മൂളലിലോ തീരുന്ന ഉത്തരങ്ങൾ..

ശങ്കരനാരായണനും കുടുംബത്തിനും അയൽക്കാരുമായൊന്നും വല്യ അടുപ്പമില്ല.. ആകെ കൂട്ടായുള്ളത് ഹരികൃഷ്ണന്റെ അച്ഛനുമായാണ്..അശ്വതിയുടെ അമ്മാവൻ.. ആ അടുപ്പത്തിന്റെ പേരിലാണ് അശ്വതിയെയും കൂട്ടുകാരികളെയും അയാൾ സംഗീതം പഠിപ്പിക്കുന്നതും.. ആള് അറിയപ്പെടുന്ന കലാകാരനാണ്…

കാളിയാർ മഠത്തിന്റെ പടിപ്പുര കടന്നു പുറത്തേക്ക് നടക്കുന്നതിനിടെ ഇടവഴിയ്ക്കപ്പുറത്തെ കൊച്ചു വീട്ടിലേക്ക് ഹരികൃഷ്ണന്റെ കണ്ണുകളെത്തി..

എന്തോ അങ്ങോട്ട്‌ നോക്കുമ്പോഴൊക്കെ ഹൃദയമിടിപ്പ് കൂടുന്നു.. വല്ലാത്തൊരു അവസ്ഥ..

പതിവ് പോലെ ആ വീടിന്റെ പൂമുഖവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു..പക്ഷെ ഹരികൃഷ്ണൻ നടന്നു മറയുന്നത് വരെ ശങ്കരനാരായണന്റെ വീട്ടിലെ പാതി ചാരിയിട്ട ജാലകവാതിലനപ്പുറം രണ്ടു കണ്ണുകൾ അയാളെ പിന്തുടർന്നിരുന്നു…

####### ######### #############

രുദ്ര പുലർച്ചെ കാവിലേക്ക് നടക്കുമ്പോൾ താഴെ വീട്ടിലേക്ക് നോക്കിയിരുന്നെങ്കിലും പൂമുഖവാതിൽ അടഞ്ഞു കിടക്കുകയായിരുന്നു..എന്തിനെന്നറിയാതെയൊരു നിരാശ്ശ മനസ്സിൽ പിടി മുറുക്കി..

ആഗ്രഹിച്ച മുഖം കണ്ടില്ല.. ബുദ്ധി അരുതെന്ന് വിലക്കുമ്പോഴും മനസ്സ് കൊതിക്കുന്നത് ആ സാമീപ്യമാണ്..

തൊഴുതു തിരിഞ്ഞപ്പോഴും അവളുടെ മുഖത്തിന്‌ തെളിച്ചം ഉണ്ടായിരുന്നില്ല.. നാലഞ്ച് ചുവട് നടന്നതിൽ പിന്നെയാണ് പെട്ടെന്നുള്ള തോന്നലിൽ മുഖമുയർത്തി നോക്കിയത്..

കാവിലേക്ക് കയറുന്ന വഴിയിലെ ഇലഞ്ഞി മരത്തിൽ ചാരി നിൽക്കുന്നയാൾ..

സൂര്യനാരായണൻ… ആ മിഴികൾ രുദ്രയിൽ തന്നെയായിരുന്നു.. ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയും അവൾക്ക് വേണ്ടിയായിരുന്നു..

രുദ്രയുടെ മനസ്സ് കുതിച്ചെങ്കിലും കാലുകളുടെ വേഗത കുറഞ്ഞിരുന്നു..

സൂര്യൻ അതേ നിൽപ്പായിരുന്നു..

സൂര്യന് അരികിലെത്തിയതും അവനെയൊന്ന് പാളി നോക്കി അവൾ സൂര്യനെ കടന്നു പോവാൻ ഭാവിച്ചതും ആ പതിഞ്ഞ ചിരി അവളിൽ എത്തിയതും ഒരുമിച്ചായിരുന്നു..

“ആ കണ്ണുകൾ എന്നെ തിരയുന്നതും കാണാതെ വന്നപ്പോൾ ഈ മുഖം മങ്ങിയതും ഞാൻ കണ്ടതാണ്.. എന്നിട്ടിപ്പോൾ…”

സൂര്യൻ പൂർത്തിയാക്കാതെ നിർത്തി..രുദ്ര നിന്നെങ്കിലും മുഖമുയർത്തിയില്ല.. തിരിഞ്ഞു നോക്കിയതുമില്ല..

“മറഞ്ഞിരുന്നു എന്നെ കളിപ്പിച്ച ആൾക്ക് മനസ്സിലെ ഇഷ്ടം പുറത്തു കാണിക്കാൻ പോലും ധൈര്യമില്ലെന്ന് ഞാൻ കരുതിയില്ല..”

സൂര്യൻ അവളുടെ തൊട്ടു പിറകിൽ ഉണ്ടായിരുന്നു..

“സൂര്യനാരായണനെന്ന എഴുത്തുകാരന് മറഞ്ഞിരുന്നു എഴുത്തുകൾ എഴുതിയത് നിശാഗന്ധിയായിരുന്നു.. പക്ഷെ ഇപ്പോൾ സാറിന്റെ മുൻപിൽ നിൽക്കുന്നത് രുദ്രയാണ് .. ശ്രീരുദ്ര..”

നേർത്ത ശബ്ദത്തിൽ രുദ്ര പറഞ്ഞു..

“ആഹാ ഇയാൾക്ക് ശബ്ദമൊക്കെ വന്നോ.. കൊള്ളാലോ..”

സൂര്യൻ ചിരിച്ചു.. അവൾക്ക് മുൻപിൽ എത്തി.. രുദ്ര അപ്പോഴും അയാളുടെ മുഖത്ത് നോക്കിയില്ല..

“പക്ഷെ ഈ ശ്രീരുദ്രയെന്ന മിണ്ടാപ്പൂച്ചയുടെ മുഖം മൂടിയ്ക്കുള്ളിൽ വിടരാൻ കൊതിക്കുന്ന ഒരു നിശാഗന്ധിയുണ്ട്.. ഒരുപാട് കുറുമ്പുകൾ നിറഞ്ഞൊരു മനസ്സുമുണ്ട്… സത്യമല്ലേ…?”

രുദ്ര ഞെട്ടലോടെ മുഖമുയർത്തി സൂര്യനെ നോക്കി.. സത്യമാണ് പറഞ്ഞതത്രയും.. ആരുമറിയാത്ത മറ്റൊരു രുദ്രയുണ്ട്…

അടച്ചിട്ട മുറിയിൽ മണിക്കൂറുകളോളം തനിയെ നൃത്തം ചെയ്തു തളരുന്ന രുദ്ര..

നിലാവുള്ള രാത്രികളിൽ മട്ടുപ്പാവിൽ സംഗീതവുമായി രാവ് പുലരുവോളം ഉറങ്ങാതെ ഇരിക്കാൻ ഇഷ്ടമുള്ള രുദ്ര..

ഭദ്രയോടൊപ്പം രാത്രിയിലുള്ള യാത്രകളെ ഇഷ്ടപ്പെടുന്ന രുദ്ര..

ആരോടും പറയാതെ കൂട്ടി വെച്ച കൊച്ചു കൊച്ചു മോഹങ്ങളുണ്ട്.. ആഗ്രഹങ്ങളും..

സത്യമാണ്.. രുദ്ര ഒരു നിശാഗന്ധിയാണ്..രാത്രികളെ സ്നേഹിക്കുന്ന നിശാഗന്ധി… രാവിൽ വിടരുന്ന നിശാഗന്ധി..

പൊട്ടിച്ചിരിക്കുന്ന, കുറുമ്പുകൾ കാട്ടി  ഭദ്രയെ ദേഷ്യം പിടിപ്പിക്കുന്ന രുദ്രയെ പുറത്താരും കണ്ടിട്ടുണ്ടാവില്ല..

അത്രമേൽ പ്രിയമുള്ളവരുടെ മുൻപിൽ മാത്രം വിടരുന്നൊരു നിശാഗന്ധി..

സൂര്യന്റെ മുഖത്ത് അപ്പോഴും ആ മനം മയക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു.. ആ തിളങ്ങുന്ന ചെമ്പൻ കണ്ണുകൾ ഏതോ മായാജാലം കൊണ്ടെന്നവണ്ണം തന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു…

മായാജാലക്കാരൻ…

രുദ്രയുടെ മനസ്സ് പിറുപിറുത്തു കൊണ്ടിരുന്നു..

“ഈ മനസ്സിൽ നിറയെ ഞാനാണെന്ന് എനിക്കറിയാം.. ഒരിക്കൽ എങ്കിലും താനത് എന്നോട് പറഞ്ഞേ മതിയാവൂ.. പക്ഷെ എന്നെങ്കിലും എന്റെ കണ്ണിൽ നോക്കി എന്നോട് തനിക്കൊന്നുമില്ലെന്ന് പറഞ്ഞാൽ പിന്നെ ഞാൻ തന്റെ പിന്നാലെ വരില്ല.. സൂര്യനാരായണൻ പിന്നെ രുദ്രയുടെ കണ്മുന്നിൽ പോലും വരില്ല…”

അതിന് തനിക്കൊരിക്കലും കഴിയില്ലെന്ന് രുദ്രയ്ക്ക് ഉറപ്പായിരുന്നു.. സൂര്യനാരായണനോടുള്ളത് പെട്ടെന്നൊരു നിമിഷം കൊണ്ടു തോന്നിയ ഭ്രമമല്ല.. ആ അക്ഷരങ്ങളോട് ഒരിക്കൽ തോന്നിയ ആരാധനയിൽ നിന്നും മനസ്സ് ഒരുപാട് ദൂരം പൊയ്ക്കഴിഞ്ഞിരിക്കുന്നു.. ഇനിയൊരു തിരിച്ചു വരവില്ലാത്തവിധം..

“മാഷ് മാറിക്കെ.. എനിക്ക് പോണം..”

വീണ്ടുമാ ചിരി രുദ്ര കേട്ടു..

“എന്നാലും മനസ്സിലെ ഇഷ്ടം പറയില്ലെന്ന് വാശിയാണല്ലേ..?”

രുദ്ര മിണ്ടിയില്ല..

“എന്നാലും വീണ്ടുമെന്നെ മാഷേന്നു വിളിച്ചല്ലോ.. എന്റെ നിശാഗന്ധിയെ പോലെ..”

രുദ്രയുടെ മിഴികൾ ഒന്ന് പിടഞ്ഞു.. അവൾ ധൃതിയിൽ സൂര്യന്റെ ഇടതു വശത്ത് കൂടെ കടന്നു മുൻപോട്ട് നടന്നു..

“ഇതൊക്കെ ഞാൻ മനസ്സിൽ കുറിച്ചു വെക്കുന്നുണ്ട്..സമയമാവുമ്പോൾ ഇയാൾ തന്നെ ഞാൻ ആഗ്രഹിക്കുന്നതൊക്കെ പറയും.. നോക്കിക്കോ..”

സൂര്യൻ പിറകിൽ നിന്നും പറഞ്ഞെങ്കിലും രുദ്ര തിരിഞ്ഞു നോക്കിയില്ല.. പക്ഷെ അവളുടെ ചുണ്ടിലൊരു പുഞ്ചിരി തെളിഞ്ഞിരുന്നു..

“സൂര്യന്റെ പ്രണയത്തിനു ചൂട് കൂടുതലാണ് പെണ്ണേ..”

രുദ്ര അപ്പോഴും നിന്നില്ല. നോക്കിയതുമില്ല.. പക്ഷെ ആ മുഖം തുടുത്തിരുന്നു.. വിടർന്ന കണ്ണുകൾ തിളങ്ങിയിരുന്നു..

“ഒന്നു നിന്നേ…”

രുദ്ര മനയ്ക്കലെ പറമ്പിലേക്ക് കയറാൻ തുടങ്ങുമ്പോഴാണ് സൂര്യൻ പിറകിൽ നിന്നും വിളിച്ചതും ധൃതിയിൽ നടന്നടുത്തു വന്നതും..

രുദ്ര ചോദ്യഭാവത്തിൽ നോക്കിയതും ആ മുഖത്തൊരു കള്ളച്ചിരി തെളിഞ്ഞിരുന്നു..

“ഒരു കാര്യം പറയാൻ വിട്ടു പോയി.. ഇനി അടച്ചിട്ട മുറിയിൽ തനിയെ നൃത്തമാടേണ്ടതില്ല.. എനിക്ക് വേണ്ടിയാവണം ഇനി ഈ കാലുകളിൽ ചിലങ്കയണിയേണ്ടത്..നിലാവുള്ള രാത്രികളിൽ, മട്ടുപ്പാവിൽ  എന്റെ നെഞ്ചിൽ ചേർന്നിരുന്നാവണം രാവിന്റെ സൗന്ദര്യം ആസ്വദിക്കുന്നതും..പിന്നെ.. പിന്നെ രാത്രികളിലെ യാത്രകളും..”

രുദ്ര പകച്ചു നിന്നു പോയി.. ആരോടും പറയാത്ത കാര്യങ്ങൾ.. പക്ഷെ എങ്ങനെ..?

സൂര്യൻ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു..

“പറഞ്ഞില്ലേ ഞാൻ.. എനിക്കറിയാം.. എല്ലാമറിയാം…”

രുദ്ര എന്തോ പറയാൻ തുനിഞ്ഞതും സൂര്യൻ ആരെയോ നോക്കി ചിരിക്കുന്നത് കണ്ടു.. ജോഗിങ്ങിനായി ഇറങ്ങിയ നന്ദന അവർക്കരികെ എത്തിയിരുന്നു…

“ഗുഡ് മോർണിംഗ് സൂര്യൻ, ഗുഡ് മോർണിംഗ് രുദ്ര.. “

വിടർന്ന ചിരിയോടെ, ഊർജ്ജസ്വലതയോടെ നന്ദന അവരോടായി പറഞ്ഞു..

“എന്താണ് ഇവിടെയൊരു ഡിസ്കഷൻ..?”

നന്ദന രണ്ടുപേരെയും മാറി മാറി നോക്കി..

“പ്രത്യേകിച്ചു ഒന്നുമില്ലെടോ.. ഞങ്ങളിങ്ങനെ.. ചുമ്മാ..”

“ആഹാ.. നല്ലയാളെയാ കൂട്ട് കിട്ടിയിരിക്കുന്നെ.. ഇതുപോലെ വാക്കുകൾ പിശുക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല..”

നന്ദന രുദ്രയെ നോക്കി ചിരിയോടെ പറഞ്ഞു.. രുദ്ര മെല്ലെയൊന്ന് പുഞ്ചിരിച്ചു..

“സൂര്യൻ എനിക്ക് തരാമെന്ന് പറഞ്ഞ പുസ്തകം തന്നില്ലല്ലോ..കൈയോടെ വാങ്ങിക്കൊണ്ടു പോവാൻ വന്നതാണ് ഞാൻ..വന്നേ..”

നന്ദന തെല്ലധികാരഭാവത്തോടെ സൂര്യനാരായണന്റെ കൈയിൽ കയറി പിടിച്ചു.. രുദ്രയുടെ മുഖം മാറിയത് പെട്ടെന്നായിരുന്നു.. മുഖഭാവം തന്നിലേക്ക് നീണ്ട സൂര്യന്റെ കണ്ണുകളിൽ പെടാതിരിക്കാൻ രുദ്ര കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു..

“ഞാൻ… ഞാൻ.. പൊയ്ക്കോട്ടേ..”

മറുപടിയ്ക്ക് കാക്കാതെ രുദ്ര തിരിഞ്ഞു നടന്നു..

“നന്ദന.. എനിക്കൊന്ന് പുറത്തു പോവണം.. അതിനിറങ്ങിയതാണ് ഞാൻ.. തിരികെ വന്നയുടനെ പുസ്തകം ഞാൻ അവിടെ കൊണ്ടു തരാം.. ഇപ്പോൾ ഒട്ടും സമയമില്ല.. അതാണ്..”

സൂര്യൻ തെല്ലുറക്കെയാണ് പറഞ്ഞത്.. നന്ദന അപ്പോഴും പരിഭവം പറയുന്നുണ്ട്.. മെല്ലെയൊന്ന് തിരിഞ്ഞു നോക്കാതിരിക്കാനായില്ല രുദ്രയ്ക്ക്.. കുസൃതി നിറഞ്ഞ നോട്ടം തിരികെ കിട്ടിയതും വെപ്രാളത്തോടെ രുദ്ര തല തിരിച്ചു ധൃതിയിൽ നടന്നു..

അപ്പോഴും അവളുടെ മനസ്സിൽ സൂര്യന്റെ വാക്കുകളായിരുന്നു.. പക്ഷെ ഇതൊക്കെ എങ്ങിനെ അറിയാം.. തന്നെ പറ്റി..? കുറെയൊക്കെ ഭദ്രയ്ക്ക് അറിയാം.. പിന്നെ എങ്ങനെ..? ഒരിക്കൽ പോലും നൃത്തത്തെ പറ്റിയൊന്നും സൂചിപ്പിച്ചതായി പോലും ഓർമ്മയില്ല.. നൈറ്റ് റൈഡ്സ് ഭദ്രയുടെയും അവളുടെയും മാത്രം രഹസ്യമാണ്.. അച്ഛന് സംശയമുണ്ടെന്ന് തോന്നിയിട്ടുണ്ട്…അമ്മ അറിഞ്ഞാൽ ഭൂകമ്പം തന്നെയുണ്ടാവും..

പിന്നെങ്ങനെ..?

പൊടുന്നനെ രുദ്ര ഒന്ന് നടുങ്ങി.. ഓടിയാണ് അകത്തളത്തിലേക്ക് കയറിയത്.. സോഫയിൽ ഇരുന്നിരുന്ന അരുന്ധതിയെ നോക്കിയൊന്നു തലയാട്ടി അവൾ വേഗത്തിൽ തന്നെ തന്റെ മുറിയിലേക്ക് നടന്നു…

ഡ്രസ്സിങ് ടേബിളിൽ, നിറയെ കുപ്പിവളകളുള്ള മരചില്ലയുടെ ആകൃതിയിലുള്ള ബാംഗിൾ  സ്റ്റാൻഡിനരികെ വെച്ചിരുന്ന ഭംഗിയുള്ള ആമാടപ്പെട്ടി രുദ്ര തുറന്നു.. അതിൽ അവളുടെ പ്രിയപ്പെട്ട ചിലങ്കകൾ  ഉണ്ടായിരുന്നില്ല.. രുദ്ര ചുറ്റും നോക്കി.. കോർണർ ഷെൽഫിൽ നോട്ടമെത്തിയതും രുദ്ര വീണ്ടും ഞെട്ടി.. ലെറ്റർ ലോക്കിട്ട് സൂക്ഷിച്ച അവളുടെ ഡയറിയും അവിടെ ഉണ്ടായിരുന്നില്ല..

ഭ്രാന്തെടുത്തത് പോലെ രുദ്ര എല്ലാം വാരി വലിച്ചിട്ടു പരിശോധിച്ചിട്ടും രണ്ടും അവിടെങ്ങും കണ്ടില്ല..

ഒടുവിൽ അവൾ പതിയെ നിലത്തേക്കൂർന്നിരുന്നു.. കൂടുതലൊന്നും ആലോചിക്കാനില്ലായിരുന്നു.. സൂര്യനാരായണൻ… അല്ലാതെ മാറ്റാരുമല്ല..

രുദ്രയ്ക്ക് സ്വയമുരുകി ഇല്ലാതെയാവാൻ തോന്നിപ്പോയി.. നിശാഗന്ധി താനാണെന്ന് സൂര്യൻ തിരിച്ചറിഞ്ഞപ്പോഴും ഇത്രയും സങ്കടവും ദേഷ്യവും തോന്നിയിട്ടില്ല.. ഭദ്രയെ പോലും തന്റെ ഡയറി  വായിക്കാൻ സമ്മതിക്കാറില്ല..തന്റെത് മാത്രമായ ചിന്തകൾ.. കുറേകാലമായി അതിൽ നിറയാറുള്ളത് സൂര്യനാരായണനാണ്..

അതൊക്കെ മറ്റൊരാൾ വായിക്കുമ്പോൾ..

അതും ആരെക്കുറിച്ചാണോ എഴുതിയത് അയാൾ തന്നെ..

രുദ്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

അതെനിക്ക് തിരിച്ചു വേണം..

രുദ്ര മനസ്സിൽ നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞിരുന്നു..

പ്രാതൽ കഴിക്കാൻ സൂര്യൻ വന്നിരുന്നില്ല.. എവിടെയോ പോയതാണെന്ന് ശ്രീ മാമ്മൻ പറയുന്നത് കേട്ടു.. രുദ്രയുടെ മനസ്സ് അവിടെയൊന്നും ആയിരുന്നില്ല.. ഇന്ന് അച്ഛനും അമ്മയും തിരികെ വരുന്നുണ്ടെന്ന സന്തോഷത്തിനിടയിലും അനുവാദമില്ലാതെ കവർന്നെടുത്തവ അവളുടെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു..

വരാൻ വൈകുമെന്ന് പറഞ്ഞു ഉച്ചയൂണിന് മുൻപേ ശ്രീനാഥും പുറത്തേക്കിറങ്ങിയപ്പോൾ രുദ്ര കാത്തിരിക്കുകയായിരുന്നു..

ഉച്ചയൂണിന് ശേഷം എല്ലാവരും അവരവരുടെ ലോകത്തിലേക്ക് ചേക്കേറിയപ്പോൾ രുദ്ര പതിയെ പുറത്തേക്കിറങ്ങി..

താമരക്കുളത്തിനരികിലൂടെ താഴത്തെ വീട്ടിലേക്ക് നടക്കുമ്പോൾ അവൾ ചുറ്റും നോക്കുന്നുണ്ടായിരുന്നു.. ആരുമില്ല..

പൂമുഖ വാതിൽ അടഞ്ഞു കിടന്നിരുന്നു.. ഏന്തി വലിഞ്ഞു കോലായിലെ തൂണിൽ വെച്ചിരുന്ന താക്കോൽ എടുക്കുമ്പോൾ രുദ്ര അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു..

കൈയിലെ വിയർപ്പ് നേര്യേതിൽ അമർത്തി തുടച്ചവൾ വാതിൽ തുറന്നു.. ചുറ്റുമൊന്ന് നോക്കി അകത്തേക്ക് കയറി വാതിൽ ചേർത്തടയ്ക്കുമ്പോൾ തന്റെ ഹൃദയമിടിപ്പ് രുദ്രയ്ക്ക് കേൾക്കാമായിരുന്നു..

സൂര്യനാരായണന്റെ ബെഡ്‌റൂമിലെ പാതി ചാരിയ വാതിൽ തുറന്നവൾ അകത്തേക്ക് കടന്നു.. ഒരു നിമിഷം സ്വയം മറന്നെന്ന പോലെ രുദ്ര നിന്നു..എല്ലാം  നല്ല വൃത്തിയിൽ അടുക്കിപെറുക്കി വെച്ചിരിക്കുന്നു.. മേശമേലും ഷെൽഫിലും നിറയെ പുസ്തകങ്ങൾ..

പെട്ടെന്ന് ഓർമ്മ വന്നത് പോലെ രുദ്ര തിരച്ചിൽ തുടങ്ങി.. എല്ലായിടത്തും നോക്കിയെങ്കിലും തേടിയത് മാത്രം കണ്ടില്ല..

അവസാനമായാണ് രുദ്ര അലമാര തുറന്നത്.. നിറയെ സൂര്യന്റെ വസ്ത്രങ്ങളായിരുന്നു.. നിശാഗന്ധിയുടെ സുഗന്ധം അവളെ പൊതിഞ്ഞു.. സൂര്യനാരായണൻറെ മണം..

മുൻവശത്തെ വാതിൽ അടയുന്ന ശബ്ദം കേട്ട് രുദ്ര ഞെട്ടി… ഉള്ളിലുയർന്ന ഭയത്തോടെ തിരിയുമ്പോൾ സൂര്യൻ വാതിൽക്കൽ എത്തിയിരുന്നു..

വാതിലിൽ ചാരി അലസമായ ചിരിയോടെ.. കണ്ണുകളിൽ നിറഞ്ഞ കുസൃതിയോടെ.. ഒരു കൈ ഉയർത്തി വാതിൽപ്പടിയിൽ വെച്ചിരുന്നു.. മറുകൈയിൽ രുദ്ര കണ്ടു..

ചുവന്ന പുറംചട്ടയുള്ള തന്റെ ഡയറിയും.. ചിലങ്കയും…

“ഇതാണോ എന്റെ നിശാഗന്ധി അന്വേഷിക്കുന്നത്..?”

ഒരു നിമിഷം രുദ്രയ്ക്ക് ശബ്ദം നഷ്ടപ്പെട്ടിരുന്നു…

########### ########### ########

സീറ്റിൽ ചാരിക്കിടന്ന് പത്മ മയങ്ങിപ്പോയിരുന്നു.. ഞെട്ടിയുണർന്ന് മുഖം അമർത്തി തുടച്ചപ്പോൾ അനന്തൻ തല ചെരിച്ചൊന്ന് അവളെ നോക്കി.. പുഞ്ചിരിച്ചു..

പത്മ കാറിന്റെ ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി..

“ആഹാ എത്താനായല്ലോ.. ഞാനുറങ്ങിപോയി.. അനന്തേട്ടന് വിളിച്ചൂടായിരുന്നൊ..?”

“താൻ നല്ല ഉറക്കമായിരുന്നു.. വിളിക്കാൻ തോന്നിയില്ലെടോ..”

അനന്തൻ ചിരിയോടെ പറഞ്ഞു..

“അനന്തേട്ടൻ ശ്രീയെ വിളിച്ചിരുന്നോ..?”

“വിളിച്ചിരുന്നു.. പക്ഷെ കിട്ടിയില്ല.. രുദ്രയെ വിളിച്ചിട്ട്  അവൾ എടുത്തതുമില്ല…”

പത്മയ്ക്ക് എന്തോ അസ്വസ്ഥത തോന്നി.. വെറുതെ…

(തുടരും )

അവസാനഭാഗം ആവാറായി.. ഏകദേശം ഒരു 35 പാർട്ടിനുള്ളിൽ തീരുമെന്ന് തോന്നുന്നു.. അശ്വതിയുടെ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തി കഴിഞ്ഞു.. ഒപ്പം ചില സൂചനകളും ഊഹങ്ങൾ മനസ്സിൽ വെച്ചോളൂ

ഇനി അറിയാനുള്ളത് ഒരു രാത്രി കൊണ്ടു മാറിമാറിഞ്ഞ അശ്വതിയുടെ ജീവിതമാണ്.. ഒപ്പം ദാരികയുടെ പ്രതികാരത്തിന് ഇരയാവുന്നവരെ പറ്റിയും…

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “നാഗമാണിക്യം 2 – നീലമിഴികൾ 28”

Leave a Reply