Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 29

Online Malayalam Novel Neelamizhikal

ഒന്ന് രണ്ടു നിമിഷങ്ങൾ രുദ്ര എന്ത് ചെയ്യണമെന്നറിയാതെ നിന്നു.. സൂര്യൻ അതേ പുഞ്ചിരിയോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..

രുദ്രയുടെ മിഴികൾ വീണ്ടും സൂര്യന്റെ കൈയിൽ എത്തിയതും അവൾ ഒന്നുമാലോചിക്കാതെ അവന്റെ അരികിലേക്ക് നടന്നു..

“ആരോട് ചോദിച്ചിട്ടാ ഇതൊക്കെ എടുത്തത്?”

സങ്കടവും ദേഷ്യവും കൊണ്ടു രുദ്രയുടെ അധരങ്ങൾ വിറ കൊണ്ടിരുന്നു.. കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു.. സൂര്യൻ കൗതുകത്തോടെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.. രുദ്ര എത്തി വലിഞ്ഞു സൂര്യന്റെ കൈയിലെ ഡയറിയും ചിലങ്കയും പിടിച്ചു വാങ്ങാൻ ശ്രെമിച്ചെങ്കിലും സൂര്യൻ കൈ പുറകിലേക്ക്  മാറ്റി പിടിച്ചു..

“എന്തിനാ അനുവാദമില്ലാതെ എന്റെ മനസ്സിലേക്ക് കയറി വന്നത്..? ഉം..?”

സൂര്യൻ അവളുടെ കണ്ണുകളിലേക്കായിരുന്നു നോക്കിയത്.. രുദ്രയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല…

“എന്തിനാ എന്നെ ഇത്രയും സ്നേഹിക്കുന്നത്..?”

സൂര്യന്റെ മിഴികളെ നേരിടാൻ ആവാതെ രുദ്ര മുഖം താഴ്ത്തി..അറിയാതെ അവളുടെ കാലുകൾ പിറകോട്ടു നീങ്ങി തുടങ്ങിയിരുന്നു..

“സൂര്യനാരായണനെ ആരും ഇങ്ങനെ സ്നേഹിച്ചിട്ടില്ല.. അറിഞ്ഞിട്ടില്ല.. മനസ്സിലാക്കിയിട്ടില്ല….”

സൂര്യന്റെ ശബ്ദം മൃദുവായിരുന്നു.. ആ മുഖത്ത് തെളിഞ്ഞത് രുദ്ര അത് വരെ കാണാതിരുന്ന ഭാവമായിരുന്നു.. അത് രുദ്രയുടെ ഉള്ളുലച്ചിരുന്നു..അവൾ അറിയാതെ അവനെ തന്നെ നോക്കി നിന്നു പോയി..

സൂര്യൻ കൈയിലെ ഡയറി മാത്രം  അവൾക്ക് നേരെ നീട്ടി.. യാന്ത്രികമായാണ്  രുദ്ര അത് വാങ്ങിയത്..

“ഇനി എനിക്കിത് ആവശ്യമില്ല..ഇയാൾ ഇതിൽ കുറിച്ച വാക്കുകളെല്ലാം എനിക്കിപ്പോൾ ഹൃദിസ്ഥമാണ്.. പക്ഷെ ഇത്..”

സൂര്യൻ ചിലങ്ക ഉയർത്തി കാണിച്ചു..

“ഇത് ഞാൻ ഇപ്പോൾ തിരികെ തരില്ല.. ഇനി ആ കാലുകൾ ചിലങ്കയണിയുന്നത്  എനിക്ക് വേണ്ടിയാവണം.. അത് വരെ ഇത്‌ ഞാൻ സൂക്ഷിച്ചു വെച്ചോളാം..”

സൂര്യന്റെ മിഴികളിലെ കുസൃതിയുടെ തിരിനാളം വീണ്ടും തെളിഞ്ഞിരുന്നു.. ഒരു നിമിഷം രുദ്ര ശ്വാസമെടുക്കാൻ മറന്നു പോയിരുന്നു…

സൂര്യൻ കൈയിലെ ചിലങ്ക ബെഡിലേക്കിട്ട് അവൾക്ക് നേരെ നടന്നതും രുദ്ര ഞെട്ടി..

പൊടുന്നനെയാണ് അവളുടെ മുഖം ഇരു കൈകളിലും ചേർത്തുയർത്തിയത്…

“ഇനി ഈ സ്നേഹം എനിക്ക് നിഷേധിക്കരുത്.. സൂര്യനാരായണൻ തകർന്നു പോവും..”

ആ ശബ്ദമൊന്ന് ഇടറിയത് പോലെ രുദ്രയ്ക്ക് തോന്നി..സ്വയമറിയാതെന്നോണം നോക്കി നിന്നെങ്കിലും അവസാനനിമിഷം മിഴികൾ വേർപെടുത്തിയത് സൂര്യൻ തന്നെയായിരുന്നു.. രുദ്ര ജാള്യതയോടെ നിലത്തേക്ക് നോക്കിയതും അവൻ ചിരിച്ചു..

അവളെയൊന്ന് നോക്കി മുറിയിലെ അലമാരയ്‌ക്കരികിലേക്ക് അവൻ നടന്ന നിമിഷം.. ബുദ്ധി കാലുകളെ ചലിക്കാൻ പ്രേരിപ്പിച്ചെങ്കിലും മനസ്സ് തടഞ്ഞു നിർത്തി.. അലമാരയ്ക്കുള്ളിൽ നിന്നും എന്തോ എടുത്തു അവൻ അരികിൽ എത്തുവോളം രുദ്ര അങ്ങനെ തന്നെ നിന്നതേയുള്ളൂ..

“രുദ്രാ ഞാൻ ഒരനാഥനാണ്..ജനിച്ചതും വളർന്നതുമെല്ലാം അങ്ങനെ തന്നെ.. എന്നെ പറ്റി താൻ അറിയേണ്ട ചില കാര്യങ്ങളുണ്ട്.. അതറിയുമ്പോൾ താനത് എങ്ങനെ ഉൾക്കൊള്ളുമെന്ന് എനിക്കറിയില്ല.. പക്ഷെ ഒന്ന് പറയാം സൂര്യന് രുദ്രയോടുള്ള പ്രണയം കലർപ്പില്ലാത്തതാണ്.. വെറുമൊരു പ്രണയിനിയെക്കാളും അപ്പുറത്താണ് എന്റെ മനസ്സിൽ താൻ.. എന്റെ പ്രണയത്തിൽ കളങ്കമില്ല…”

രുദ്ര ഒന്നും മനസ്സിലാകാത്തത് പോലെ അവനെ നോക്കി.. സൂര്യൻ കൈയിലെ ചെപ്പ് തുറന്നു..

“എന്നിൽ.. എന്റെ പ്രണയത്തെ വിശ്വാസമുണ്ടെങ്കിൽ…”

ചെപ്പിൽ നിന്നും സൂര്യൻ എടുത്തത് തിളക്കമാർന്ന നീല കല്ല് പതിച്ചൊരു മോതിരമായിരുന്നു.. പിന്നെ അയാൾ  അവൾക്ക് നേരെ കൈ നീട്ടി..

സ്വപ്നത്തിലെന്നോണം രുദ്ര വലത് കൈതലം സൂര്യന്റെ കൈയിൽ ചേർത്തു വെച്ചു.. അവളുടെ മിഴികളിലേക്ക് നോക്കിയാണ് മോതിരവിരലിൽ ആ കല്ല് മോതിരം അണിയിച്ചത്.. പിന്നെ പതിയെ ആ കൈയിൽ സൂര്യൻ അധരങ്ങൾ അമർത്തി.. രുദ്ര ഒന്ന് പിടഞ്ഞു പോയി..

“സൂര്യന്റെ നിശാഗന്ധിയ്ക്ക്….”

ആ പതിഞ്ഞ ശബ്ദം രുദ്ര കേട്ടു…

പൊടുന്നനെ ഉയർന്ന കോളിങ്ങ് ബെല്ലിന്റെ ശബ്ദം അവരെ ഞെട്ടിച്ചു.. ഒന്ന് രണ്ടു നിമിഷം അങ്ങനെ തന്നെ നിന്നെങ്കിലും വീണ്ടും ബെല്ലടിച്ചതോടെ അവളെയൊന്ന് നോക്കിയിട്ട് സൂര്യൻ പുറത്തേക്ക് നടന്നു.. രുദ്രയ്ക്ക് ദേഹം തളരുന്നത് പോലെ തോന്നി..

സൂര്യൻ പൂമുഖവാതിൽ തുറന്നതും പുറത്തു വാതിലിനരികെ നിന്നിരുന്ന അനന്തൻ അകത്തേക്ക് കയറി. തൊട്ട് പിറകെ പത്മയും ഉണ്ടായിരുന്നു…

“രുദ്ര എവിടെ…?”

അനന്തന്റെ ശബ്ദം കനത്തിരുന്നു..

ഒന്നും പറയാതെ സൂര്യൻ തിരിഞ്ഞു നോക്കി.. രുദ്ര മുറിയിൽ നിന്നും ഹാളിൽ എത്തിയിരുന്നു.. തല താഴ്ത്തി നിന്നിരുന്ന അവളാകെ വിറയ്ക്കുന്നുണ്ടായിരുന്നു.. അത് കണ്ടതും സൂര്യന് അവളെയൊന്ന് ചേർത്ത് പിടിക്കാൻ തോന്നി പോയി..

പത്മയുടെ മുഖത്ത് സങ്കടവും ദേഷ്യവും നിറഞ്ഞു നിന്നിരുന്നു.. അവളൊരു പൊട്ടിത്തെറിയുടെ വക്കിലായിരുന്നെങ്കിൽ അനന്തന്റെ മുഖം ശാന്തമായിരുന്നു…

“രുദ്രാ…”

അനന്തന്റെ ശബ്ദം ഉയർന്നതും രുദ്ര മുഖമുയർത്താതെ അവർക്കരികിലേക്ക് നടന്നു.. അവൾ തനിക്കരികെ എത്തിയതും പത്മ കൈ വീശിയൊരടിയായിരുന്നു കവിളത്ത്.. രുദ്ര പുറകോട്ടൊന്ന് വേച്ചു പോയി..

“ഹേയ്…”

സൂര്യൻ അവർക്കരികിലേക്ക് ചുവടുകൾ വെക്കാൻ തുടങ്ങിയതും പത്മ അവനെ രൂക്ഷമായോന്ന് നോക്കി.. രുദ്ര കവിളിൽ കൈ ചേർത്തു നിന്നതേയുള്ളൂ..ഒന്നും പറയാതെ.. മുഖമുയർത്താതെ…

“രുദ്രാ..?”

അനന്തൻ അവൾക്ക് മുൻപിൽ എത്തി വിളിച്ചു..

“നിനക്ക് സൂര്യനാരായണനെ ഇഷ്ടമാണോ..?”

രുദ്ര ഒന്നും പറഞ്ഞില്ല..

“രുദ്രാ…?”

അനന്തന്റെ ശബ്ദമുയർന്നു..

“ഇഷ്ടം.. ഇഷ്ടമാണ്…”

നേർത്തതെങ്കിലും രുദ്രയുടെ വാക്കുകൾ  ഉറച്ചതായിരുന്നു..

“സൂര്യന് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ..?”

രുദ്ര ഒന്നും മിണ്ടിയില്ല..

“രുദ്രാ സൂര്യൻ നിന്നെ ഇഷ്ടമാണെന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടുണ്ടോ..?”

രുദ്രയ്ക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..

“എനിക്കിഷ്ടമാണ്.. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ട്.. രുദ്രയോട് ഞാനത് പറഞ്ഞിട്ടുമുണ്ട്..”

അവർക്കരികെ എത്തിയ സൂര്യനായിരുന്നു മറുപടി പറഞ്ഞത്.. അനന്തൻ അവനെയൊന്ന് നോക്കി.. പിന്നെ വീണ്ടും രുദ്രയോടായി പറഞ്ഞു..

“എന്റെ ചോദ്യം രുദ്രയോടാണ്..”

“പറഞ്ഞിട്ടുണ്ട്…”

രുദ്ര പതിയെ പറഞ്ഞു…

“ശരി.. രുദ്രയ്ക്ക് സൂര്യനെ പറ്റി എന്തറിയാം..? സൂര്യനാരായണൻ എന്ന എഴുത്തുകാരനെ പറ്റിയല്ല ഞാൻ ചോദിച്ചത്.. സൂര്യന്റെ വീട്.. മാതാപിതാക്കൾ, ബന്ധുക്കൾ… അങ്ങനെയുള്ള എന്തെങ്കിലും കാര്യങ്ങൾ രുദ്രയ്ക്ക് അറിയാമോ…?”

രുദ്ര മുഖമുയർത്തി.. അവളുടെ മുഖം വിവർണ്ണമായിരുന്നു.. നടുക്കത്തോടെ അവളോർത്തു.. തനിക്ക് ഒന്നുമറിയില്ല..

സൂര്യന്റെ മുഖത്ത് ടെൻഷൻ നിറയുന്നുണ്ടായിരുന്നു.. അനന്തന്റെ ചോദ്യങ്ങളുടെ ദിശ അവനറിയാമായിരുന്നു.. രുദ്ര വേദനിക്കുന്നത് കാണാൻ അവന് കഴിയില്ലായിരുന്നു… അതിലുപരി തന്നെ വെറുക്കുന്നതും..

“സൂര്യൻ അവന്റെ കുടുംബത്തെ പറ്റി എന്തെങ്കിലും രുദ്രയോട് പറഞ്ഞിട്ടുണ്ടോ..?”

അനന്തന്റെ ചോദ്യത്തിൽ അക്ഷമ നിറഞ്ഞിരുന്നു…

“ഇല്ല…”

പിന്നെ എന്തോ ഓർത്തത് പോലെ രുദ്ര കൂട്ടിച്ചേർത്തു…

“അനാഥനാണെന്ന് പറഞ്ഞിട്ടുണ്ട്…”

അനന്തൻ ഒന്ന് നിശ്വസിച്ചു.. പിന്നെ സൂര്യനെ നോക്കി രുദ്രയോടായി പറഞ്ഞു..

“ശരിയാണ്.. സൂര്യനാരായണൻ അനാഥനാണ്..ആദ്യമേ  അച്ഛനെ നഷ്ടമായി.. ജനനത്തോടെ അമ്മയെയും…”

രുദ്ര സൂര്യനെ നോക്കി.. ആ കണ്ണുകളിലെ വേദന രുദ്ര കണ്ടു.. പക്ഷെ അടുത്ത നിമിഷം..

“ഇനി… സൂര്യനാരായണന്റെ തറവാട് ഏതെന്നു രുദ്രയ്ക്ക് അറിയാമോ…?”

അനന്തന്റെ ചോദ്യം മനസ്സിലാകാത്തത് പോലെ രുദ്ര ഇല്ലെന്ന് തലയാട്ടി…

“സൂര്യനാരായണൻ വാഴൂരില്ലത്തെ സന്തതിയാണ്..”

ഒന്ന് നിർത്തി സൂര്യനെ തറച്ചു നോക്കി കൊണ്ടു അനന്തൻ പൂർത്തിയാക്കി..

“നാഗകാളി മഠത്തിന്റെ തകർച്ച മാത്രം ആഗ്രഹിച്ചിരുന്ന ഭൈരവന്റെ പിന്മുറക്കാരൻ..”

അനന്തന്റെ ശബ്ദം വലിഞ്ഞു മുറുകിയിരുന്നു.. രുദ്രയുടെ മുഖത്ത് അവിശ്വസനീതയായിരുന്നു.. അവൾ സൂര്യനെ തന്നെ നോക്കി.. ആ കണ്ണുകൾ കേട്ടത് സത്യമാവല്ലേയെന്ന് ദയനീയമായി പറയുന്നത് പോലെ സൂര്യന് തോന്നി.. ജീവിതത്തിൽ ആദ്യമായി സൂര്യനാരായണന് തീർത്തും നിസ്സഹായനായി പോയത് പോലെ തോന്നി…

“ശരിയാണ്.. ഞാൻ വാഴൂരില്ലത്തെയാണ്.. പക്ഷെ.. പക്ഷെ ഞാൻ രുദ്രയെ സ്നേഹിച്ചത് ആത്മാർത്ഥമായാണ്…”

സൂര്യൻ പറഞ്ഞെങ്കിലും അനന്തൻ അത് ശ്രെദ്ധിക്കാതെ രുദ്രയെ നോക്കി..

“ഈ കാര്യം എപ്പോഴെങ്കിലും സൂര്യൻ മോളോട് സൂചിപ്പിച്ചിട്ടുണ്ടോ…?”

കേട്ടതിന്റെ ഷോക്കിൽ നിന്നും വിട്ടുമാറാതിരുന്ന രുദ്ര നിഷേധാർത്ഥത്തിൽ തലയാട്ടി…

“എന്തുകൊണ്ടു സൂര്യൻ അത് മാത്രം മറച്ചു വെച്ചു?”

അനന്തന്റെ ചോദ്യം സൂര്യനോടായിരുന്നു..

“അത്.. അത് പെട്ടെന്ന് നിങ്ങൾക്ക് ഉൾക്കൊള്ളാൻ ആവില്ലെന്ന് തോന്നി..”

സൂര്യന്റെ ശബ്ദം പതറിയിരുന്നു..

അനന്തൻ ചെറുതായൊന്നു ചിരിച്ചു..

“”സൂര്യനാരായണൻ വാഴൂരില്ലം വാങ്ങിയത് അടുത്തിടെയാണ്.. ശരിയല്ലേ..”

സൂര്യൻ മറുത്തൊന്നും പറയാതെ തലയാട്ടി.. എന്നെങ്കിലും ഇങ്ങനെയൊരു രംഗം പ്രതീക്ഷിച്ചതാണ്.. പക്ഷെ അത് ഇങ്ങനെയൊരു അവസരത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചതല്ല..

രുദ്ര.. അവളുടെ മുഖത്തെ ഭാവം എന്തെന്ന് സൂര്യന് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.. പക്ഷെ അവളുടെ നോട്ടം .. അതവനെ വേട്ടയാടിക്കൊണ്ടിരുന്നു..

“അതെ..”

സൂര്യൻ പറഞ്ഞു..

“എന്തുകൊണ്ട് ഈ കാര്യങ്ങൾ എല്ലാം സൂര്യൻ ഞങ്ങളിൽ നിന്നും മറച്ചു വെച്ചു? ഇവിടെ വന്നു കയറാൻ കാരണക്കാരനായ ശ്രീനാഥിൽ നിന്നു പോലും…?”

“ആരെയും ചതിക്കാനോ പ്രതികാരം വീട്ടാനോ അല്ല.. പെട്ടെന്നൊരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടെന്ന് കരുതി..”

അനന്തൻ വീണ്ടും ചിരിച്ചു…

“ഒരു ദുരുദ്ദേശവും ഇല്ലായിരുന്നുവെങ്കിൽ സൂര്യന് അത് തുറന്നു പറയാമായിരുന്നു.. കള്ളങ്ങൾ പറഞ്ഞു നാഗകാളി മഠത്തിൽ വന്നു കയറേണ്ട കാര്യമില്ലായിരുന്നു.. നാഗകാളിമഠത്തിൽ ഉള്ളവർക്ക് പ്രിയങ്കരനായിരുന്നു ആദിത്യനെന്ന് സൂര്യന് ഓർക്കാമായിരുന്നു.. വാഴൂരില്ലത്തെ ഭൈരവന്റെ അതേ ചോരയായിരുന്നു ആദിത്യനും…”

“കാരണങ്ങൾ ഒരുപാടുണ്ടായിരുന്നു.. പക്ഷെ അതിനിടയിൽ രുദ്രയുണ്ടായിരുന്നില്ല..”

സൂര്യൻ പതിയെ പറഞ്ഞു.. കണ്ണുകൾ രുദ്രയുമായി ഇടഞ്ഞപ്പോൾ സൂര്യന്റെ മനമൊന്ന് പിടഞ്ഞു.. രുദ്രയുടെ ആ ഭാവം അവനൊട്ടും പരിചിതമായിരുന്നില്ല…

പെട്ടെന്നാണ് ഒന്നും പറയാതെ മുഖമുയർത്താതെ രുദ്ര പുറത്തേക്ക് നടന്നത്..

“രുദ്രാ.. പ്ലീസ്.. ഞാനൊന്ന് പറഞ്ഞോട്ടെ..”

സൂര്യൻ അവൾക്കരികിലേക്ക് നടക്കാൻ തുനിഞ്ഞതും അനന്തൻ തടഞ്ഞു.. അനന്തൻ പത്മയെ നോക്കിയതും അവൾ രുദ്രയ്‌ക്കൊപ്പം പുറത്തേക്ക് നടന്നു.. ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് നടക്കുന്ന രുദ്രയെ നോക്കി നിൽക്കവെയാണ് അനന്തൻ സൂര്യനോടായി പറഞ്ഞു..

“സൂര്യനോടെനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്…”

കാവിനരികിലൂടെ മനയ്ക്കലേക്ക് നടക്കുമ്പോൾ രുദ്ര ചുറ്റുമുള്ളതൊന്നും കാണുന്നുണ്ടായിരുന്നില്ല.. പത്മ ഒന്നും പറയാതെ അവളെ അനുഗമിച്ചു..

പൂമുഖത്തു ആരും ഉണ്ടായിരുന്നില്ല.. രുദ്ര നേരെ അവളുടെ മുറിയിലേക്കാണ് നടന്നത്.. മുറിയിലെത്തി പത്മയെ ഒന്ന് നോക്കി അവൾ കട്ടിലിൽ കയറി കിടന്നു….

പത്മയുടെ നെഞ്ച് പിടയുന്നുണ്ടായിരുന്നു.. രുദ്രയെ ഒന്ന് നുള്ളി പോലും നോവിക്കേണ്ടി വന്നിട്ടില്ലിതു വരെ.. അച്ഛന്റെയും അമ്മയുടെയും ഇഷ്ടങ്ങൾക്കപ്പുറം രുദ്ര ഒന്നും പറയാറില്ല.. അവരൊന്നും അടിച്ചേൽപ്പിക്കാറില്ലെങ്കിലും രുദ്ര അവരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞു ചെയ്യും..

രുദ്ര കണ്ണുകൾ ഇറുകെ അടച്ചു കിടക്കുകയായിരുന്നു.. പത്മ പിന്തിരിഞ്ഞു നടന്നു.. വാതിൽ ചാരുമ്പോൾ അവളൊന്ന് കരഞ്ഞത് പോലുമില്ലല്ലോ എന്ന് പത്മ മനസ്സിലോർത്തു…

ഹാളിലും ആരെയും കണ്ടില്ല.. അമ്മയും മകളും എവിടെപ്പോയെന്ന് പത്മയോർത്തു..

അനന്തനും അവളും കാറിൽ വന്നിറങ്ങുമ്പോൾ അമാലികയും നന്ദനയും പൂമുഖത്തുണ്ടായിരുന്നു..

പൂമുഖപ്പടികൾ കയറുമ്പോൾ അനന്തൻ പത്മയെ ചേർത്ത് പിടിച്ചിരുന്നു.. നിറഞ്ഞ പ്രണയത്തോടെ അയാളെ ഒന്ന് നോക്കി ചേർന്നു തന്നെ പൂമുഖത്തേക്ക് കയറുമ്പോൾ അമലയുടെ മുഖത്തെ പകപ്പ് പത്മ കണ്ടിരുന്നു..

ഇങ്ങനെയൊരു രംഗം അമാലിക ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല.. പിണങ്ങി അകന്നവർ വീണ്ടും സ്നേഹത്തോടെ…

അനന്തനും പത്മയും ഒരുമിച്ച് കയറി വന്നപ്പോൾ അമലയുടെ പിറകിൽ നിന്നിരുന്ന നന്ദന അമ്മയെ ഒന്ന് നോക്കി.. അമ്മയുടെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് സഹതാപമാണ് തോന്നിയത്..

“നിങ്ങൾ എപ്പോൾ വന്നു…?”

ഒന്നുമറിയാത്തത് പോലെ അനന്തൻ അവരെ നോക്കി..

“ഞങ്ങൾ.. ഞങ്ങൾ  രണ്ടു മൂന്ന് ദിവസമായി അനന്തേട്ടാ..”

അമലയുടെ ശബ്ദം പതറിയിരുന്നു.. പത്മ വിടർന്ന ചിരിയോടെ തന്നെ അവളെ നോക്കി.. അമാലിക ഒന്ന് പരുങ്ങി..

അവരെ കൗതുകത്തോടെ നോക്കി നിന്നിരുന്ന നന്ദനയിൽ പത്മയുടെ നോട്ടമെത്തിയതും നന്ദന കുറ്റവാളിയെപോലെ മുഖം കുനിച്ചു..

എന്തോ പത്മയ്ക്ക് അപ്പോൾ അവളോട് തെല്ലും ഈർഷ്യ തോന്നിയില്ല..നന്ദനയെന്ന പേര് കേൾക്കുമ്പോൾ പോലും താമരക്കുളത്തിൽ മുങ്ങി താഴുന്ന അമ്മൂട്ടിയുടെ മുഖം മനസ്സിൽ തെളിയുമായിരുന്ന പത്മയുടെ മനസ്സ് അപ്പോൾ ശാന്തമായിരുന്നു..

അരുന്ധതി ഉറക്കമായിരുന്നു.. അവരെ വിളിക്കാതെ പത്മ രുദ്രയുടെ മുറിയിലേക്ക് നടന്നു.. പക്ഷെ ചാരിയിട്ട വാതിലിനപ്പുറം രുദ്ര ഉണ്ടായിരുന്നില്ല.. ആരോടും പറയാതെ നാഗകാളി മഠത്തിലാകെ തിരഞ്ഞു കഴിഞ്ഞു പത്മ പൂമുഖത്തെത്തുമ്പോൾ അനന്തൻ മുറ്റത്തേക്കിറങ്ങി കഴിഞ്ഞിരുന്നു.. ഒന്നും പറയാതെയാണ്  രണ്ടു പേരും  താഴത്തെ വീട്ടിലേക്ക് നടന്നത്…

അടഞ്ഞു കിടക്കുന്ന പൂമുഖ വാതിലും പുറത്ത് പടികൾക്ക് താഴെ കിടന്നിരുന്ന രുദ്രയുടെ ചെരിപ്പുകളും പത്മയെ തളർത്തിയിരുന്നു..

രുദ്രയിൽ നിന്നും ഇങ്ങനൊരു നീക്കം അവരിരുവരും പ്രതീക്ഷിച്ചിരുന്നില്ല…

അനന്തൻ കോളിങ്ങ് ബെൽ അമർത്തുമ്പോഴും രുദ്ര സൂര്യനോടൊപ്പം അകത്തുണ്ടാവരുതെന്നായിരുന്നു പ്രാർത്ഥന..പക്ഷെ..

ആ രംഗം വീണ്ടും മനസ്സിൽ തെളിഞ്ഞതും പത്മയുടെ മനസ്സ് വിങ്ങി..

ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു പത്മ… അനന്തൻ അപ്പോഴും താഴത്തെ വീട്ടിൽ നിന്നും തിരികെ വന്നിരുന്നില്ല…

പറയേണ്ടതെല്ലാം പറഞ്ഞും കേൾക്കേണ്ടതെല്ലാം കേട്ടും കഴിഞ്ഞു അനന്തൻ പുറത്തേക്കിറങ്ങുമ്പോഴാണ് സൂര്യൻ പറഞ്ഞത്…

“എനിക്ക് രുദ്രയോട് ഒന്ന് സംസാരിക്കണം…”

അനന്തൻ തിരിഞ്ഞു സൂര്യനെ ഒന്ന് നോക്കി..

“അതിന്റെ ആവശ്യമുണ്ടോ സൂര്യാ.. എല്ലാം ഞാൻ പറഞ്ഞു കഴിഞ്ഞതല്ലേ .. ഇവിടെ വെച്ചു അവസാനിപ്പിക്കുന്നതല്ലേ നല്ലത്.. പിന്നെയും അവളെ വേദനിപ്പിക്കണോ..?”

“പ്ലീസ്.. ഒരു തവണ.. ഒരേയൊരു തവണ എനിക്ക് രുദ്രയോട് ഒന്ന് സംസാരിക്കണം.. ലോകം മുഴുവനും എന്നെ കുറ്റപ്പെടുത്തിയാലും ചതിയനെന്ന് മുദ്ര കുത്തിയാലും എനിക്കത് പ്രശ്നമില്ല.. പക്ഷെ രുദ്ര ഞാൻ അവളെ ചതിച്ചുവെന്ന് കരുതുന്നത് എനിക്ക് സഹിക്കില്ല.. നിങ്ങൾ പറയുന്ന മറ്റെന്തും ഞാൻ കേൾക്കാം..”

അനന്തൻ ഒന്നും പറഞ്ഞില്ല.. മനയ്ക്കലേക്ക് നടക്കുമ്പോൾ അനന്തനൊപ്പം സൂര്യനും ഉണ്ടായിരുന്നു..

പത്മ വീണ്ടും മുറിയിൽ  ചെന്നപ്പോഴും രുദ്ര അതേ കിടപ്പായിരുന്നു..

“രുദ്രാ..”

രുദ്ര അനങ്ങിയില്ല..മിഴികൾ അടച്ചു തന്നെ കിടന്നു..

“രുദ്രാ.. സൂര്യനാരായണൻ വന്നിട്ടുണ്ട്.. അവന് നിന്നോട് എന്തോ സംസാരിക്കാനുണ്ട്..”

പതിയെയാണ് പത്മ പറഞ്ഞത്.. രുദ്രയുടെ മിഴികൾ ഒന്ന് പിടയുന്നത് പത്മ കണ്ടു.. മെല്ലെ എഴുന്നേറ്റിരിക്കുമ്പോഴും അവളുടെ മുഖം നിസംഗതയായിരുന്നു.. കണ്ണുകളിൽ നിന്നും ഒരു തുള്ളി പോലും പൊഴിഞ്ഞിരുന്നില്ല..

“എനിക്ക് ആരെയും കാണേണ്ട.. ആരോടും ഒന്നും സംസാരിക്കാന്നുമില്ല..”

രുദ്രയുടെ മുഖത്തും വാക്കുകളിലും പ്രത്യേകിച്ചൊരു വികാരവും ഉണ്ടായിരുന്നില്ല..ആ മിഴികളിലും…

(തുടരും )

പൊങ്കാല കലം വെച്ചോളൂ.. ഇപ്പോൾ വയ്യ.. പിന്നെ വന്നെടുത്തോളാം

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

3.8/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 29”

  1. Ee kathiripp virasathayanu ketto…storykkai vayich interest koodipoyonda…onnum thonnalle …pattukanel divasavum stry post cheyyu randennam venamennillato divasom vayikkalo …🥰🥰

Leave a Reply

Don`t copy text!