Skip to content

നാഗമാണിക്യം 2 – നീലമിഴികൾ 31

Online Malayalam Novel Neelamizhikal

പാർവതി അറവാതിൽ തള്ളി തുറന്നു.. ചെറിയ ഞരക്കത്തോടെ വാതിൽ പാളികൾ മലർക്കെ തുറന്നപ്പോൾ അവളുടെ മിഴികൾ വിടർന്നു.. നേർത്ത ഇരുട്ട് നിറഞ്ഞു നിന്നിരുന്ന അറയിലേക്ക് കാലെടുത്തു വെച്ചപ്പോൾ പാർവതിയുടെ ദേഹമൊന്ന് വിറച്ചു..

ചെറുതാവുമ്പോൾ പലതവണ ഈ അറയ്ക്കുള്ളിൽ കയറിയിട്ടുണ്ട്.. അച്ഛനും അമ്മയും അപ്പച്ചിയുമൊക്കെ കണ്ടുപിടിച്ചപ്പോൾ പല കഥകളും പറഞ്ഞു ഭയപ്പെടുത്തി.. അറവാതിലിൽ താഴ് വീണു.. പക്ഷെ ഉത്തര മരിച്ചതിൽ പിന്നെ പലപ്പോഴായി ആ വാതിലിൽ വീണ താഴുകളെ പോലെ അതും വൈകാതെ അപ്രത്യക്ഷമായി.. എങ്ങനെയാണെന്ന് ആർക്കും അറിയില്ല.. അന്വേഷിച്ചവർക്കൊന്നും ഇത്‌ വരെ ഉത്തരവും കിട്ടിയില്ല..

കുഞ്ഞുന്നാളിലേ ഉത്തര തനിക്ക് പ്രിയപ്പെട്ടവളായിരുന്നു.. അവളുടെ കഥകൾ മുത്തശ്ശിയും അപ്പച്ചിയും അമ്മയുമൊക്കെ പറഞ്ഞു പാർവതിയ്ക്ക് ഹൃദിസ്ഥമായിരുന്നു..

പ്രണയിച്ചയാൾ മണ്മറഞ്ഞു പോയിട്ടും മനസ്സിലെ പ്രണയം മായാതെ കാത്തുവെച്ചവൾ..

കാളിയാർമഠത്തിലെ അശ്വതി തമ്പുരാട്ടിയോളം അല്ലെങ്കിൽ അതിനേക്കാൾ സുന്ദരിയായിരുന്നത്രേ വാര്യത്തെ ഉത്തര..

മാധവനുണ്ണിയെ അശ്വതിതമ്പുരാട്ടിയുടെ കിടപ്പറയിൽ നിന്നും പിടിച്ചെന്ന വാർത്ത കാട്ടുതീ പോലെ പരന്നിട്ടും ഒരു വാക്ക് പോലും വിശ്വസിക്കാൻ പോയിട്ട് കേട്ടുനിൽക്കാൻ പോലും കൂട്ടാക്കാത്തവൾ.. തന്റെ പ്രണയത്തെയും അതിലുപരി സൗഹൃദത്തെയും ഒരു നോട്ടം കൊണ്ടു പോലും വേദനിപ്പിക്കാതെ, സംശയിക്കാതെ പൊതിഞ്ഞു പിടിച്ചവൾ.. ഉത്തര..

പക്ഷെ ആ രാത്രിയ്ക്ക് ശേഷം അശ്വതിയോടോ മാധവനുണ്ണിയോടോ  ഒരു വാക്ക് പോലും സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല ഉത്തരയ്ക്ക്..

ആരും സമ്മതിച്ചില്ല.. ഒന്ന് കാണാൻ പോലും..

രണ്ടു പേരുടെയും ഹൃദയത്തുടിപ്പുകൾ പോലും അറിയാമായിരുന്ന ഊർമിള പോലും..

അത് ഉത്തരയെ ഏറെ വേദനിപ്പിച്ചിരുന്നു..

അന്ന് അശ്വതിയെ കുറ്റപ്പെടുത്താൻ ഊർമിളയായിരുന്നു മുൻപിൽ..

അതിനും ദിവസങ്ങൾക്കു മുൻപേ ആ നാട്ടിൽ നിന്നും ആരോടും ഒന്നും പറയാതെ അപ്രത്യക്ഷരായവരെ പറ്റി കൂടുതലാരും അന്വേഷിച്ചിരുന്നില്ല.. നാട്ടുകാരുമായൊന്നും വല്യ ബന്ധം ഇല്ലാതിരുന്ന ശങ്കരനാരായണന്റേയും മകളുടെയും തിരോധാനം ആരെയും കാര്യമായി ബാധിച്ചിരുന്നില്ല..ആരും അതിനെപ്പറ്റി കൂടുതലൊന്നും അന്വേഷിച്ചതുമില്ല..

അശ്വതിയുടെയും മാധവനുണ്ണിയുടെയും ഹരിയുടെയും മരണശേഷം ഉത്തര ആരോടും ഒന്നും സംസാരിച്ചില്ല.. ആ ഇരുട്ടറയിൽ മൗനത്തെ കൂട്ടു പിടിച്ചു മരണം കാത്തിരുന്നവൾ.. ഉത്തര…

എന്താണെന്നറിയില്ല പാർവതിയുടെ മനസ്സിൽ ഉത്തരയോട് ഒരു തരം ആരാധനയായിരുന്നു..

ആരോടും ഒന്നും സംസാരിക്കാതെ അറയിൽ ഒതുങ്ങികൂടിയ ഉത്തര വർഷങ്ങൾ കഴിയവേ അറയിൽ നിന്നും തനിയെ സംസാരിക്കാറുണ്ടായിരുന്നത്രെ.. ചിലപ്പോൾ അറയിൽ നിന്നും ചിരിക്കുന്നത് കേൾക്കാമായിരുന്നു പോലും.. ചിലപ്പോൾ ഉള്ളുരുകിയെന്നത് പോലുള്ള കരച്ചിലും…

പക്ഷെ അറവാതിൽ തുറക്കുന്നവരെ എതിരേറ്റിരുന്നത് മൗനം മാത്രമായിരുന്നു…ഉത്തരയുടെ മരണശേഷവും..

പാർവതി ചുറ്റും നോക്കി.. അവളുടെ മുഖത്ത് ആശ്ചര്യം നിറഞ്ഞിരുന്നു.. ഇതിനുള്ളിലേക്ക് കയറിയിട്ട് വർഷങ്ങളായി.. പക്ഷെ അവൾ പ്രതീക്ഷിച്ചിരുന്ന കാഴ്ചകൾ ആയിരുന്നില്ല അവിടെ..

പൊടുന്നനെ പാർവതിയുടെ ചുറ്റും പാലപ്പൂമണം നിറഞ്ഞു..അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു..മുറിയിൽ അവിടവിടെയായി അടിഞ്ഞു കൂടിയിരുന്ന പൊടിപടലങ്ങൾ വായുവിൽ ഉയർന്നു പൊങ്ങി…

പാർവതിയുടെ മനസ്സിലൊരു മുഖം തെളിഞ്ഞു..

കരി മഷി പടർന്ന തിളങ്ങുന്ന കണ്ണുകളും ചന്ദനകുറിയണിഞ്ഞ നെറ്റിത്തടവും നീണ്ട മുടിയിഴകളും.. തെളിഞ്ഞു കത്തുന്ന ഏഴുതിരിയിട്ട നിലവിളക്കു പോലെ.. പതിയെ തെളിഞ്ഞ സുന്ദരമായ ആ മുഖം പാർവതിയ്ക്ക് പരിചിതമായിരുന്നു.. ഞെട്ടൽ മാറുന്നതിനു മുമ്പേ അവൾ കേട്ടു ആ ശബ്ദം…

“പാർവതീ……”

പാർവതി പൊടുന്നനെ കണ്ണുകൾ തുറന്നപ്പോൾ അവിടെ ആരുമില്ലായിരുന്നു.

പക്ഷെ അപ്പോഴും അവിടെ പാലപ്പൂമണം നിറഞ്ഞിരുന്നു..

############## ############ #######

അനന്തനെ യാത്രയയച്ച് പൂമുഖത്തേക്ക് കയറിയപ്പോൾ തന്നെ പത്മ കണ്ടിരുന്നു ഹാളിൽ തന്നെ കാത്തു നിൽക്കുന്ന അമാലികയേയും നന്ദനയെയും…

“അനന്തേട്ടൻ എന്തേ പറയാതെ പോയത് പത്മാ..?”

അമലയുടെ ചോദ്യത്തിൽ പരിഭവമായിരുന്നു.. മനസ്സിനെ അടക്കി നിർത്തി മനോഹരമായ ഒരു പുഞ്ചിരി മുഖത്തണിഞ്ഞു പത്മ…

“എന്നോട് പറഞ്ഞിട്ടാണല്ലോ പോയത് അമലാ..”

പത്മയുടെ അളന്നു മുറിച്ചത് പോലുള്ള മറുപടിയിൽ അമല ഒന്ന് പരുങ്ങി…

“അത്.. അതല്ല.. ഞങ്ങളോട് ഒന്നും സംസാരിച്ചത് പോലുമില്ല…”

“അതിപ്പോൾ ഞാൻ എന്താ പറയുക അമലാ.. ചിലപ്പോൾ സംസാരിക്കാൻ തോന്നിക്കാണില്ല..തിരക്കല്ലേ..”

അമലയുടെ മുഖം വിവർണ്ണമാവുന്നത് പത്മ കണ്ടു..പുഞ്ചിരി മായാതെ തന്നെ തിരിഞ്ഞു നടക്കാൻ തുനിയുന്നതിനിടെ അമാലിക വീണ്ടും ചോദിച്ചു..

“അല്ല.. രുദ്രയ്ക്ക് എന്തു പറ്റി..?”

“രുദ്രയ്ക്ക് എന്തു പറ്റാൻ..?”

പത്മയുടെ ചോദ്യത്തിന് മൂർച്ചയെറിയിരുന്നു..

“അല്ല.. നേരത്തെ മുഖം വല്ലാതിരുന്നത് പോലെ.. “

“അത്..അവൾക്കൊരു തലവേദന.. ഒന്ന് കിടന്നാൽ മാറാവുന്നതേയുള്ളൂ,..”

ഒരു വാക്ക് പോലും കൂടുതൽ പറയാനോ ചോദിക്കാനോ നിൽക്കാതെ തിരിഞ്ഞു നടക്കുന്ന പത്മയെ തെല്ലാശ്ചര്യത്തോടെ നോക്കി നിന്നു അമാലിക..

ഇങ്ങോട്ട് വന്നുകയറുമ്പോൾ ഇങ്ങനെയൊന്നുമായിരുന്നില്ല പ്രതീക്ഷിച്ചത്.. തന്നെയും നന്ദുവിനെയും കാണുമ്പോൾ തന്നെ പത്മ അസ്വസ്ഥയാവുമെന്നും ആ നീരസം അനന്തേട്ടനോടും കാണിക്കുമെന്നും കരുതിയിരുന്നു.. പക്ഷെ..

അനന്തൻ കുറച്ചു കാലമായി തന്നോട് കാണിക്കുന്ന അകൽച്ചയും അമാലികയെ അലോസരപ്പെടുത്തിയിരുന്നു..

ഒന്നു സംസാരിക്കാൻ പോലും നിൽക്കാതെ അനന്തൻ വീണ്ടും യാത്രക്കിറങ്ങിയതും അമലയെ നീരസപ്പെടുത്തി..

അനന്തൻ വന്നാലുടൻ സൂര്യനാരായണന്റെയും നന്ദനയുടെയും വിവാഹക്കാര്യം സംസാരിച്ചൊരു തീരുമാനം എടുപ്പിക്കാം എന്ന് മനസ്സിൽ കണക്ക് കൂട്ടിവെച്ചിരുന്നു അമാലിക…

അവൾ കൈകൾ കൂട്ടിതിരുമ്മി നന്ദനയെ നോക്കി.. നന്ദന ചിരിയോടെ അവളുടെ മുറിയിലേക്ക് നടന്നു..

######### ######### ##############

പത്മ ചെന്നു നോക്കുമ്പോഴും രുദ്ര അതേ കിടപ്പായിരുന്നു..

അരുന്ധതിയോടും രുദ്രയ്ക്ക് തലവേദനയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പത്മ പറഞ്ഞിരുന്നു..

ശ്രീനാഥ് എത്തിയപ്പോൾ നേരം ഇരുട്ടിയിരുന്നു.. അവനോട് ഭദ്രയുടെ കാര്യങ്ങൾ ഉൾപ്പെടെ ഇത്‌ വരെ സംഭവിച്ചതെല്ലാം പത്മ പറഞ്ഞിരുന്നു..

അനന്തൻ പറഞ്ഞത് പോലെ സൂര്യനോട് ഒന്നും ചോദിക്കേണ്ടെന്നും പറഞ്ഞേൽപ്പിച്ചു.. സൂര്യൻ വിളിച്ചു നാളെ തിരിച്ചു പോവുകയാണെന്ന് ശ്രീനാഥിനോട്‌ പറഞ്ഞിരുന്നു..

കാരണം ശ്രീനാഥ്‌ ചോദിച്ചതുമില്ല സൂര്യൻ കൂടുതലൊന്നും പറഞ്ഞതുമില്ല..

രാത്രിയിൽ അത്താഴം കഴിക്കാൻ വിളിച്ചെങ്കിലും രുദ്ര എഴുന്നേറ്റില്ല.. പത്മ നിർബന്ധിച്ചതുമില്ല..

ഉറങ്ങാറായപ്പോൾ പത്മ അവൾക്കരികെ ചെന്നു കിടന്നു.. ഒന്നും സംസാരിച്ചില്ലെങ്കിലും രുദ്ര ഉറങ്ങിയിട്ടില്ലെന്ന് പത്മയ്ക്ക് അറിയാമായിരുന്നു..

രുദ്രയുടെ മനസ്സിൽ അപ്പോഴും മരവിപ്പായിരുന്നു.. ഒരു പാതി അപ്പോഴും സൂര്യൻ തന്നെ ചതിച്ചുവെന്ന് വിശ്വസിക്കാൻ തയ്യാറായിരുന്നില്ല.. പക്ഷെ മറുപാതി കേട്ടതൊക്കെ വെച്ചു സൂര്യനെ പ്രതിയാക്കി കൊണ്ടിരുന്നു.. സ്വന്തം ജീവനേക്കാളേറെ അച്ഛനമ്മമാരെയും ഭദ്രയേയും സ്നേഹിച്ചിരുന്ന രുദ്രയ്ക്ക് അത് വിശ്വസിക്കാനേ കഴിയുമായിരുന്നുള്ളൂ..

മനസ്സിലെ മുറിവുകളിൽ നിന്നും അപ്പോഴും ചോരയൊലിച്ചു കൊണ്ടിരുന്നു.. പക്ഷെ കണ്ണിൽ നിന്നൊരു തുള്ളി പോലും പുറത്ത് വന്നില്ല..

ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണതെന്ന് രുദ്രയ്ക്കറിയാമായിരുന്നു..ഇനിയിപ്പോൾ സൂര്യനാരായണൻ വെറുമൊരു ചതിയനാണെന്ന് തിരിച്ചറിഞ്ഞാൽ പോലും അയാളെ പൂർണ്ണമായും മറന്നു മറ്റൊരാളെ സ്നേഹിക്കാൻ അവൾക്കാവുമായിരുന്നില്ല…

അപ്പോൾ അവൾ ആഗ്രഹിച്ചിരുന്നത് ഭദ്രയുടെ സാന്നിധ്യമായിരുന്നു.

ഏതോ നിമിഷത്തിൽ മയക്കത്തിലേക്ക് വഴുതി വീണ രുദ്ര അടക്കിപ്പിടിച്ച സംസാരം കേട്ടാണുണർന്നത്..

പത്മയുടെ പതിഞ്ഞ ശബ്ദം അവൾ തിരിച്ചറിഞ്ഞു.. കുറച്ചു നേരം ശ്രെദ്ധിച്ചപ്പോൾ അവൾ തിരിച്ചറിഞ്ഞു.. ഫോണിലാണ്.. അച്ഛനോടാണ് സംസാരിക്കുന്നത്.. പക്ഷെ അവർ പറയുന്നത്.. ഭദ്ര….

രുദ്ര ഞെട്ടലോടെ പിടഞ്ഞെഴുന്നേറ്റു.. ഫോണിലെ സംസാരം അവസാനിപ്പിച്ചു പത്മ കട്ടിലിനരികിലേക്ക് നടക്കുമ്പോഴാണ് എഴുന്നേറ്റിരിക്കുന്ന രുദ്രയെ കണ്ടത്.. പത്മയുടെ ഉള്ളൊന്ന് കാളി..

“അമ്മൂട്ടിയ്ക്ക് എന്താണ് പറ്റിയത്..? “

രുദ്രയുടെ സ്വരത്തിലെ ശാന്തത പത്മയെ ഭയപ്പെടുത്തി..

“അത്.. കുഞ്ഞി…”

“അമ്മേ..എന്റെ അമ്മൂട്ടിയ്ക്ക് എന്തു പറ്റിയെന്ന്..?”

ഇത്തവണ ആ സ്വരം മുറുകിയിരുന്നു..

പിന്നെ പത്മ ഒന്നും മറച്ചു വെച്ചില്ല.. ഒന്നൊഴിയാതെ എല്ലാം പറഞ്ഞു.. രുദ്ര മൂളിക്കേട്ടുകൊണ്ടുമിരുന്നു..

“എന്നോട് മാത്രം ആരും ഒന്നും പറഞ്ഞില്ല… അല്ലെ…?”

അവസാനമാണ് രുദ്ര അത് ചോദിച്ചത്..

“അത്.. കുഞ്ഞി.. മോൾക്ക് വിഷമമാവുമെന്ന് കരുതി..”

രുദ്ര മിണ്ടിയില്ല..പിന്നെ അവളൊന്നും പറഞ്ഞില്ല.. രാവേറെക്കഴിഞ്ഞിരുന്നു അമ്മയും മകളും ഉറങ്ങുമ്പോൾ…

പുലർച്ചെ പത്മ കണ്ണുകൾ തുറന്നപ്പോൾ രുദ്ര അരികെ ഉണ്ടായിരുന്നില്ല.. തെല്ല് വെപ്രാളത്തോടെ പത്മ എഴുന്നേറ്റതും രുദ്ര കുളി കഴിഞ്ഞെത്തിയിരുന്നു..

“അമ്മ കുറച്ചൂടെ കിടന്നോളൂ.. ഇന്നലെ ഉറങ്ങിയതേയില്ലല്ലോ.. കാവിൽ ഞാൻ തിരി വെച്ചോളാം..”

പത്മ ഒന്നും പറയാതെ രുദ്രയെ നോക്കി. ആ കണ്ണുകളിൽ സംശയത്തിന്റെ മിന്നലാട്ടം രുദ്ര കണ്ടിരുന്നു..

“അമ്മ പേടിക്കണ്ട.. ഞാൻ അവിവേകമൊന്നും കാണിക്കില്ല.. ആരാധിക്കുന്ന നാഗത്താന്മാരോട് ഇന്ന് വരെ രുദ്രയൊന്നും ആവശ്യപ്പെട്ടിട്ടില്ല.. പക്ഷെ ഇന്നെനിക്ക് പറയാനുണ്ട്.. ന്റെ അമ്മൂട്ടിയ്ക്ക് വേണ്ടി…”

രുദ്രയുടെ സ്വരം മുദ്രുവായിരുന്നു… പത്മയുടെ കണ്ണുകളിൽ നനവൂറിയിരുന്നു.. പതിവ് പോലെ അവൾ കണ്ണുകളിൽ മഷിയെഴുതിയിരുന്നില്ല..നനവാർന്ന നീണ്ട മുടി കുളിപ്പിന്നൽ കെട്ടിയിട്ട് രുദ്ര പുറത്തേക്ക് നടന്നു..

നിലവറയിൽ കയറി കെടാവിളക്കിൽ എണ്ണ പകർന്നു തൊഴുതു പ്രാർത്ഥിച്ചാണ് രുദ്ര കാവിലേക്കിറങ്ങിയത്.. അവളുടെ മനസ്സിൽ അപ്പോൾ ഭദ്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ചുണ്ടുകളിൽ പ്രാർത്ഥനയും..

കാവിലേക്ക് കയറുമ്പോൾ പോലും രുദ്ര താഴെ വീട്ടിലേക്ക് നോക്കിയിരുന്നില്ല..

നാഗശിലയ്ക്ക് മുൻപിൽ തിരി തെളിച്ചു കൈകൾ കൂപ്പുമ്പോൾ രുദ്രയുടെ ചുണ്ടിൽ നിന്നും നാഗമന്ത്രങ്ങളുതിർന്നു കൊണ്ടിരുന്നു..

കണ്ണുകളടച്ചു മനസ്സേകാഗ്രമാക്കി കൈകൾ കൂപ്പി നിന്നിരുന്ന രുദ്രയുടെ മുൻപിൽ  നാഗത്തറയിലെ  തിരി തെളിഞ്ഞു കത്തുന്നുണ്ടായിരുന്നു..

നാഗത്തറയിലേക്ക് ഇഴഞ്ഞു കയറിയ മണിനാഗം നാഗകാളിയമ്മയുടെ ശിലയിൽ ചുറ്റിപിണഞ്ഞു കിടന്നു പതിയെ പത്തി വിടർത്തിയാടി..

രുദ്ര കണ്ണുകൾ തുറന്നതും മുന്പിലെ കാഴ്ച്ച കണ്ടു വീണ്ടും കൈകൾ കൂപ്പി..

നാഗത്താന്മാരുടെ പ്രീതി തനിക്ക് ലഭ്യമായെന്നറിഞ്ഞു രുദ്രയുടെ കണ്ണുകൾ വിടർന്നു.. അവയ്ക്കപ്പോൾ ഇളം നീല നിറമായിരുന്നു..

രുദ്രയുടെ നെറ്റിത്തടത്തിൽ തെളിഞ്ഞത് വെള്ളിനിറത്തിലെ നാഗരൂപമായിരുന്നു..

ശ്രീരുദ്ര നാഗകാളിമഠത്തിലെ നാഗകന്യകയായിമാറിക്കഴിഞ്ഞിരുന്നു.. അടുത്ത കാവിലമ്മയാവേണ്ടവൾ.. ആയില്യം നാളിൽ ജനിച്ച് നാഗത്താന്മാർ കനിഞ്ഞനുഗ്രഹിച്ചവൾ..

രുദ്ര തൊഴുതു നിൽക്കവേ തന്നെ മണിനാഗം അപ്രത്യക്ഷമായിരുന്നു..

തിരികെ നടക്കുമ്പോൾ ഇലഞ്ഞിമരത്തിൽ നിന്നും പൂക്കൾ പൊഴിയുന്നുണ്ടായിരുന്നു..

അവൾക്ക് മുൻപിലായി കുഞ്ഞി നാഗം പുറത്തേക്കിഴഞ്ഞു കൊണ്ടിരുന്നു..

കാവിൽ നിന്നും പുറത്തേക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ രുദ്രയുടെ മിഴികൾ അവളറിയാതൊന്ന് പാളി..

ഒരു നിമിഷം മനസ്സിനുള്ളിൽ ഒതുക്കി വെച്ച വേദനയുടെ കടൽ ഒന്നിളകിയത് അവളറിഞ്ഞു.. സൂര്യൻ പൂമുഖത്തുണ്ടായിരുന്നു.. ഒരു വട്ടം കൂടെ തിരിഞ്ഞൊന്ന് നോക്കാതെ രുദ്ര നടന്നകലുമ്പോഴും സൂര്യനാരായണൻ അവിടെ തന്നെ നിന്നിരുന്നു..

മുറ്റത്തെത്തുന്നതിന് മുൻപേ തന്നെ രുദ്ര കണ്ടിരുന്നു.. ജോഗിങ്ങിനെന്നും പറഞ്ഞു താഴത്തെ വീട്ടിലേക്ക് പോവുന്ന നന്ദനയെ..

എന്തോ വീണ്ടും മനസ്സിൽ തികട്ടി വരുന്നതറിഞ്ഞു അവൾ ധൃതിയിൽ പൂമുഖത്തേക്ക് കയറിപ്പോഴാണ് അവളെ തന്നെ നോക്കി നിൽക്കുന്ന അമാലികയെ കണ്ടത്..

“ഗുഡ് മോർണിംഗ് ആന്റി…”

കണ്ണുകളിൽ എത്താത്തോരു ചിരി മുഖത്തൊട്ടിച്ച് രുദ്ര അമാലികയെ വിഷ് ചെയ്തു..

“മോർണിംഗ് രുദ്രാ..”

അവളെ നോക്കി എന്തോ ആലോചനയോടെ അമല പറഞ്ഞു..

ഹാളിൽ അരുന്ധതി ഉണ്ടായിരുന്നു.. അവർക്കരികെ പോയിരുന്നു അല്പനേരം സംസാരിച്ചു.. പക്ഷെ അപ്പോഴെല്ലാം രുദ്രയുടെ മനസ്സ് ചരടറ്റ പട്ടം പോലെ  പാറിക്കളിക്കുകയായിരുന്നു..

എല്ലാവരെയും ബോധിപ്പിക്കാനായി അവൾ അവരോടൊപ്പം കഴിക്കാനിരുന്നു.. പക്ഷെ അവൾക്കൊന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല.. അമ്മയുടെയും ശ്രീമാമ്മന്റെയും കണ്ണുകൾ ഇടയ്ക്കിടെ തന്നെ തേടിയെത്തുന്നത് രുദ്ര അറിയുന്നുണ്ടായിരുന്നു..

ഏറെ നേരം കഴിഞ്ഞാണവൾ എല്ലാവരിൽ നിന്നും ഒഴിഞ്ഞു തന്റെ റൂമിലേക്ക് നടന്നത്..

ഭദ്രയെ വിളിക്കണം…

മൊബൈൽ റിങ് ചെയ്തു കൊണ്ടേയിരിക്കുന്നത് രുദ്ര കേൾക്കുന്നുണ്ടായിരുന്നു.. അമ്മയുടെ ഫോണാണ്..

രുദ്ര എടുക്കുമ്പോഴേക്കും കാൾ കട്ടായിരുന്നു.. അച്ഛനാണ്.. ഒരുപാട് തവണ വിളിച്ചിട്ടുണ്ടല്ലോ..

അപ്പോഴേക്കും മൊബൈൽ വീണ്ടും ശബ്‌ദിച്ച് തുടങ്ങിയിരുന്നു..

അനന്തേട്ടൻ കാളിംഗ്…

മറ്റൊന്നും ആലോചിക്കാതെ രുദ്ര കോൾ അക്‌സെപ്റ്റ് ചെയ്തു മൊബൈൽ ചെവിയിൽ വെച്ചു.. അവൾ ഹലോ പറയയുന്നതിന് മുൻപേ അനന്തൻ പറയാൻ തുടങ്ങിയിരുന്നു..

“എത്ര നേരമായെടോ ഞാൻ വിളിക്കുന്നു.. എവിടെ പോയി കിടക്കുവായിരുന്നു..?”

അനന്തന്റെ സ്വരത്തിലെ ഈർഷ്യ തിരിച്ചറിഞ്ഞു രുദ്ര സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അനന്തൻ വീണ്ടും പറഞ്ഞു..

“ഭദ്രയുടെ കാര്യങ്ങളിൽ ചില കോംപ്ലിക്കേഷൻസ് ഉണ്ടെടോ.. നമ്മൾ വിചാരിച്ചത് പോലെയല്ല…”

രുദ്ര ഒന്നും മിണ്ടിയില്ല..

“സൂര്യനാരായണൻ… അവൻ…..”

രുദ്ര ശ്വാസമടക്കി പിടിച്ചു നിന്നു.. ഒന്നും പറയാതെ…

മറുപുറത്ത് നിന്നും മറുപടി ഒന്നും ഇല്ലാതായപ്പോഴാണ് അനന്തൻ ചോദിച്ചത്..

“പത്മാ..?ഇതൊക്കെ കേട്ടിട്ടും താനെന്താ ഒന്നും പറയാത്തത്..?”

രുദ്ര അപ്പോഴും ഒന്നും പറഞ്ഞില്ല..

“ഹെലോ.. പത്മാ…?”

“അച്ഛാ.. അമ്മയല്ല…രുദ്രയാണ്…”

രുദ്ര മെല്ലെ പറഞ്ഞു..

“മോളെ.. നീ…”

അനന്തന്റെ സ്വരത്തിൽ വെപ്രാളം നിറഞ്ഞു..

“അച്ഛൻ പേടിക്കണ്ട.. എല്ലാം.. എല്ലാം ഞാൻ നോക്കിക്കോളാം..”

രുദ്രയുടെ വാക്കുകൾ ഉറച്ചതായിരുന്നു..

“അമ്മയോട് ഞാൻ പറയാം.. തിരിച്ചു വിളിക്കാൻ…”

പറഞ്ഞതും രുദ്ര കോൾ കട്ടാക്കി..

അഴിഞ്ഞു കിടന്നിരുന്ന തലമുടി ഒതുക്കി വെച്ച്, സാരി നേരെയിട്ട് രുദ്ര ഫോണുമായി പുറത്തേക്കിറങ്ങി..

പത്മ വടക്കേപ്പുറത്തെ കോലായിൽ ആയിരുന്നു.. രുദ്ര ഫോൺ പത്മയെ ഏൽപ്പിച്ചു..

“അച്ഛൻ വിളിച്ചിരുന്നു..”

പത്മ ചോദ്യഭാവത്തിൽ നോക്കിയെങ്കിലും രുദ്ര ഒന്നും പറഞ്ഞില്ല.. പൂമുഖത്തേക്ക് നടന്ന അവൾ മുറ്റത്തേക്കിറങ്ങിയതും അരളിച്ചുവട്ടിൽ ചുരുണ്ടു കിടന്നിരുന്ന കുഞ്ഞു നാഗം ശരവേഗത്തിൽ അവൾക്കൊപ്പം ഇഴഞ്ഞെത്തി..

താമരക്കുളത്തിനരികിലൂടെ താഴത്തെ വീട്ടിലേക്ക് നടക്കുമ്പോൾ രുദ്രയുടെ മുഖത്ത് തെല്ലും പതർച്ചയില്ലായിരുന്നു..

സൂര്യനാരായണനോട് പറയേണ്ട വാക്കുകൾ  അവൾ മനസ്സിൽ അടുക്കിവെച്ചിരുന്നു…

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

സൂര്യകാന്തിയുടെ മറ്റു നോവലുകൾ

🔻 ആരോ ഒരാൾ

🔻അവളറിയാതെ

🔻പുനർജനി

🔻നിനയാതെ

🔻 നിൻ നിഴലായ്

🔻 നാഗമാണിക്യം

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi

4.6/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “നാഗമാണിക്യം 2 – നീലമിഴികൾ 31”

  1. നന്നായിട്ടുണ്ട് സൂപ്പർ. ബട്ട്‌ ഇനി രണ്ടു ദിവസം കാത്തിരികയണ്ടേ നെക്സ്റ്റ് പാർട്ടിനു. ഈ auther നു oru സ്നേഹോം illa

  2. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

Leave a Reply

Don`t copy text!