“തീരുമാനം സൂര്യന്റേതാണ്.. അറിയാലോ ഇതൊന്നും പറയുന്ന അത്ര എളുപ്പമല്ല.. ജീവൻ പോലും നഷ്ടമായേക്കാം.. ദാരിക ഒരിക്കലും ഭദ്രയെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ല.. പക്ഷെ രുദ്രയെ അപകടത്തിലേക്ക് തള്ളി വിടാനും വയ്യെടോ..ഇതെല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്ന് തിരുമേനിയും ഉറപ്പിച്ചു പറയുന്നു..”
അനന്തൻ പറഞ്ഞതത്രയും കേട്ടിരിക്കുകയായിരുന്നു സൂര്യനാരായണൻ.. താഴത്തെ വീട്ടിലെ പൂമുഖത്തായിരുന്നു അവർ.. എല്ലാം കേട്ട് കൊണ്ടു ശ്രീനാഥും അവർക്കരികെ ഉണ്ടായിരുന്നു..
നാഗക്കാവിൽ തിരി വെച്ചു രുദ്ര കാവിൽ നിന്നും പുറത്തേക്കിറങ്ങി പോവുന്നത് അവർ കാണുന്നുണ്ടായിരുന്നു..
അവരെല്ലാം അവിടെയുണ്ടെന്ന് അറിഞ്ഞത് കൊണ്ടാവും രുദ്ര അങ്ങോട്ട് നോക്കിയതേയില്ല..
“രുദ്ര.. രുദ്ര എന്തു പറഞ്ഞു…?”
ഇത്തിരി നേരം കഴിഞ്ഞാണ് സൂര്യൻ ചോദിച്ചത്..
“അവൾ പൂർണ്ണമായും ഒന്നും കേൾക്കാൻ പോലും കൂടെ കൂട്ടാക്കിയില്ലെടോ.. എന്ത് തന്നെയായാലും അവൾക്ക് സമ്മതമാണെന്ന് പറഞ്ഞു..”
അനന്തൻ പറഞ്ഞു..
“ഭദ്രയ്ക്ക് വേണ്ടി ജീവൻ പോലും നൽകാൻ രുദ്ര തയ്യാറാവും… തിരിച്ചും അങ്ങനെ തന്നെ..അതുകൊണ്ട് തന്നെ ഭദ്ര ഇതെല്ലാം അറിഞ്ഞാൽ ഒന്നിനും സമ്മതിക്കില്ല..”
ശ്രീനാഥായിരുന്നു പറഞ്ഞത്..
“പത്മയോടും ഞാൻ മുഴുവനും പറഞ്ഞിട്ടില്ല ശ്രീ.. ഇനിയൊരു നഷ്ടത്തെ കുറിച്ച് ഓർക്കുന്നത് പോലും അവൾക്ക് സഹിക്കില്ല..”
അനന്തൻ ശ്രീനാഥിനെ നോക്കി..
“എനിക്ക് സമ്മതമാണ് സാർ.. പക്ഷെ ഒരു കാര്യം പറയാനുണ്ട്.. രുദ്രയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞിരിക്കണം.. ഇനി ഒരിക്കൽ കൂടെ കുറ്റപ്പെടുത്തൽ കേൾക്കാൻ വയ്യ..”
“രുദ്രയോട് തനിക്ക് ഇപ്പോഴും ദേഷ്യമുണ്ടോ..?”
ചോദ്യം ശ്രീനാഥിന്റേതായിരുന്നു..
സൂര്യൻ പതിയെ ഒന്നു ചിരിച്ചു…
“മനസ്സ് വേദനിച്ചുവെന്നത് സത്യമാണ്.. അയാളെ ഞാൻ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെയാണ്.. എന്റെ സ്നേഹത്തിൽ കളങ്കമുണ്ടായിരുന്നില്ല.. പക്ഷെ ചില കാര്യങ്ങൾ ഞാൻ മറച്ചു വെച്ചുവെന്നുള്ളതും സത്യമാണ്.. പക്ഷെ അതിൽ ദുരുദ്ദേശമൊന്നും ഉണ്ടായിരുന്നില്ല..”
അനന്തനും ശ്രീനാഥും ഒന്നും പറഞ്ഞില്ല..
“വാഴൂരില്ലത്തെ പിന്മുറക്കാരനാണെന്ന് അറിഞ്ഞാൽ നിങ്ങളെന്നെ ഒരിക്കലും സ്വീകരിക്കില്ലെന്ന് തോന്നി.. നാഗകാളി മഠത്തെ പറ്റി കൂടുതൽ അറിയാൻ തന്നെയായിരുന്നു ശ്രീയേട്ടനോട് സൗഹൃദം കൂടിയത്.. പക്ഷെ അതിലും മറ്റൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല…”
സൂര്യൻ അനന്തനെ നോക്കി..
“വാഴൂരില്ലത്തെ ഒന്നാകെ വിഴുങ്ങിയ ശാപങ്ങൾ കൊണ്ടു ജനിച്ചപ്പോഴേ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു.. എപ്പോഴും ഒറ്റയ്ക്കായിരുന്നു.. രുദ്രയെ അറിഞ്ഞതിൽ പിന്നെയാണ് ഒരു കൂട്ട് വേണമെന്ന് തോന്നിയത്.. നാഗകാളി മഠത്തിലെ കുട്ടിയാണെന്ന് അറിയുന്നതിലും മുൻപേ രുദ്രയെ ഞാൻ ഇഷ്ടപ്പെട്ടിരുന്നു.. പക്ഷെ..”
“താൻ പറഞ്ഞതൊക്കെ സത്യം തന്നെയാണ്.. വാഴൂരില്ലത്തതെന്നറിഞ്ഞാൽ ഞാൻ തന്നെ അടുപ്പിക്കില്ലായിരുന്നു.. അനന്തേട്ടനെയോ പത്മേച്ചിയെയോ കുറ്റം പറയാൻ പറ്റില്ല.. കാരണം ഭൈരവൻ അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ട് നാഗകാളി മഠത്തിനെ..”
ശ്രീനാഥ് പറയുന്നതിനിടെ സൂര്യനെ നോക്കി..
“രുദ്ര അങ്ങനെ പ്രതികരിച്ചത് തന്നെ അത്രയേറെ സ്നേഹിച്ചു പോയത് കൊണ്ടാണെന്നാണ് എനിക്ക് തോന്നിയത്.. അവളെ സംബന്ധിച്ച് താനൊരു കാന്തം പോലെയായിരുന്നു.. സ്നേഹിക്കാനും സ്നേഹിക്കാതിരിക്കാനും വയ്യ എന്നൊരു അവസ്ഥയിൽ.. അത് കൊണ്ടു തന്നെയാണ് പെട്ടെന്ന് എല്ലാം കേട്ടപ്പോൾ അത്രയും രൂക്ഷമായി അവൾ പ്രതികരിച്ചത്.. അത് ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു.. രുദ്രയുടെ ഈയൊരു ഭാവം ആദ്യമായി കാണുകയായിരുന്നു..”
അറിയാതെ സൂര്യന്റെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞിരുന്നു..
“താൻ എടുത്തു ചാടിയൊരു തീരുമാനം എടുക്കണ്ടാ.. ഒന്നൂടെ ആലോചിച്ചു തീരുമാനിച്ചാൽ മതി..”
അനന്തൻ എഴുന്നേൽക്കുന്നതിനിടെ പറഞ്ഞു..
സൂര്യൻ അനന്തനരികെ എത്തിയിരുന്നു..
“എനിക്ക് അധികമൊന്നും ആലോചിക്കാനില്ല.. ഞാനൊരു ഒറ്റാംതടിയാണ്… ഇതിനിടയിലങ്ങു കാഞ്ഞു പോയാലും നെഞ്ചത്തലച്ചു കരയാൻ പോലും ആരുമില്ല..കാത്തിരിക്കാനും.. എനിക്ക് സമ്മതമാണ്..”
സൂര്യന്റെ മുഖത്തപ്പോഴും പുഞ്ചിരിയായിരുന്നു… അനന്തൻ ഒരു നിമിഷം സൂര്യനെ നോക്കി നിന്നു.. പിന്നെ സൂര്യന്റെ കരം കവർന്നു..
“ആദ്യം കണ്ടപ്പോഴേ ഒരിഷ്ടം തോന്നിയിരുന്നു.. ഏതോ ജന്മത്തിൽ കണ്ടിട്ടുണ്ടാവാം.. പക്ഷെ പിന്നെ..”
അനന്തൻ പൂർത്തിയാക്കിയില്ല..
“പക്ഷെ ആ ഇഷ്ടത്തെ ഇല്ലാതാക്കാൻ മാത്രം ശക്തിയുണ്ടായിരുന്നു വാഴൂരില്ലം എന്ന പേരിന്.. അല്ലെ..?”
ചിരിയോടെ തന്നെയാണ് സൂര്യൻ ചോദിച്ചത്..
അനന്തനും ചിരിച്ചതേയുള്ളൂ..
അനന്തനും ശ്രീനാഥും പടികളിറങ്ങി പോവുമ്പോഴും സൂര്യന്റെ മുഖത്ത് ആ പുഞ്ചിരി ഉണ്ടായിരുന്നു.. ആരെയും മയക്കുന്ന പുഞ്ചിരി..
അനന്തൻ പറഞ്ഞതൊക്കെ ഓർക്കുകയായിരുന്നു സൂര്യനാരായണൻ..
ഭദ്ര.. രുദ്രയുടെ പകുതി…
രണ്ടു പേരെയും ഒരുമിച്ചാണ് ആദ്യമായി കണ്ടത്.. രുദ്ര ഒരു ചിരി മാത്രമേ നൽകിയിരുന്നുള്ളൂ.. സംസാരിച്ചതത്രയും ഭദ്രയായിരുന്നു.. പക്ഷെ തന്റെ മിഴികൾ പിന്തുടർന്നത് രുദ്രയെയും..
നാഗകാളി മഠത്തിന്റെ പഴങ്കഥകൾ തനിക്കു സുപരിചിതമാണ്.. ഭൈരവന്റെ ക്രൂരതകളും..
ഭദ്ര.. മേലേരിയിലെ നാഗകന്യക.. വാഴൂരില്ലത്തെ ആദിത്യന്റെ പ്രണയിനി..രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയ്ക്ക് ബലിയാടായി തീർന്നവൾ.. ഭൈരവന്റെ ചതിയിൽ അകപ്പെട്ട് പകയുമായി പല ദേഹങ്ങൾ കയറിയിറങ്ങിയവൾ..
ഒടുവിൽ തിരിച്ചറിവുണ്ടാവാൻ ആദിത്യന്റെ പുനർജ്ജന്മമായ വൈശാഖൻ വേണ്ടി വന്നു.. ശ്രീദയെന്ന സ്ത്രീയുടെ ശരീരത്തിൽ നിന്നവൾ ജീവൻ വെടിഞ്ഞു..
ശ്രീഭദ്രയെന്ന അമ്മൂട്ടിയായി പത്മയുടെ വയറ്റിൽ കുരുത്ത അവൾക്ക് പക്ഷെ അറിഞ്ഞോ അറിയാതെയോ മുന്ജന്മത്തിൽ ചെയ്തു പോയ പാപങ്ങളുടെ ഫലമായി ബാല്യത്തിൽ തന്നെ വീണ്ടും മരണത്തിന് കീഴടങ്ങേണ്ടി വന്നു..
ആരുമറിയാതെ അതേ പേരിൽ ഒരിക്കൽ കൂടെ പത്മയുടെ ഗർഭപാത്രത്തിൽ ഇരട്ട സഹോദരിയായ രുദ്രയ്ക്കൊപ്പം അവൾ വീണ്ടും ജന്മമെടുത്തു.. തന്റെ നല്ല പാതിയെ കണ്ടെത്തി.. ആദിത്യന്റെ പുനർജ്ജന്മമായ ആദിനാരായണൻ..
പക്ഷെ വിധി വീണ്ടുമവളെ വെല്ലുവിളിച്ചിരിക്കുന്നു.. ഭൈരവനുമൊത്തുള്ള കാലത്ത് ചെയ്തു പോയ ഏതോ പാപകർമ്മം വീണ്ടുമവളുടെ ജീവിതത്തെ വേട്ടയാടുന്നു.. ദാരികയെന്ന അശ്വതിയുടെ രൂപത്തിൽ…
വാഴൂരില്ലത്തെ ആദിത്യൻ പല ജന്മങ്ങളിലും അവളെ തേടിയെത്തിയിരുന്നെങ്കിലും ഭദ്ര ജീവൻ വെടിയാതെ പരകായ പ്രവേശം നടത്തി വന്നതിനാൽ അവർക്ക് ഒന്നിക്കാൻ കഴിഞ്ഞിരുന്നില്ലത്രേ..
തഞ്ചാവൂരിലെ വൈത്തീശ്വരൻ കോവിലിലേക്കായിരുന്നു അനന്തന്റെ യാത്ര.. പ്രസിദ്ധ നാഡീ ജ്യോതിഷി മണി സ്വാമിയുടെ അരികിലേക്ക്..
ആദിനാരായണന്റെ മുന്ജന്മങ്ങളെ പറ്റി അറിഞ്ഞതാണ് സംശയങ്ങൾക്ക് വഴി വെച്ചത്..
വാഴൂരില്ലത്തെ ആദിത്യൻ വൈശാഖനായി പിറവിയെടുക്കുന്നതിനും മുൻപേ ഹരികൃഷ്ണനായി കാളിയാർമഠത്തിൽ പിറവിയെടുത്തിരുന്നു..
അങ്ങനെയെങ്കിൽ ഭദ്രയോട് അശ്വതിയ്ക്ക് ഇത്രയും പക വരാൻ കാരണം എന്തായിരിക്കും…?
അതായിരുന്നു ചിന്ത..
എല്ലാ ഉത്തരങ്ങളും എത്തി നിൽക്കുന്നത് ഒരാളിലാണ്.. ഭൈരവൻ…
ഒരു പക്ഷെ അശ്വതിയുടെ ജീവിതത്തിലും ഭൈരവൻ തന്നെയായിരിക്കാം വില്ലൻ..സാഹചര്യങ്ങളെല്ലാം എത്തിനിൽക്കുന്നത് അതിലേക്കാണ്..
ഭദ്രയ്ക്ക് ഒന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല.. ആദിനാരായണനും..
പിന്നെ അശ്വതിയുടെ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് അറിയാൻ ഒരു വഴിയേയുള്ളൂ.. ഭൈരവൻ..
വാഴൂരില്ലത്തിന്റെ പടിപ്പുരയിൽ തളച്ചിട്ടിരിക്കുന്ന ദുരാത്മാവായ ഭൈരവൻ.. മോക്ഷമില്ലാതെ അനേകായിരം വർഷങ്ങൾ ദുരാത്മാവായി ഭൂമിയിൽ അലയാൻ വിധിക്കപ്പെട്ടവൻ…
അന്ന് സംഭവിച്ചതെന്തെന്ന് പറയാൻ സാധിക്കുന്നത് ഭൈരവന് മാത്രമാണ്.. അതറിഞ്ഞാൽ മാത്രമേ അശ്വതിയുടെ പ്രതികാരാഗ്നിയിൽ നിന്നും ഭദ്രയെ രക്ഷിക്കാനാവൂ..
പിന്നെയുള്ളത് ഉത്തരയുടെയും മുകുന്ദനുണ്ണിയുടെയും പുനർജ്ജന്മം ആരെന്ന് കണ്ടെത്തുകയാണ്.. അത് അസംഭവ്യം എന്ന് തന്നെ പറയാം..
ഭൈരവനിൽ നിന്നും ആ രഹസ്യങ്ങൾ അറിയുക എന്നതാണ് തന്നോട് ആവശ്യപ്പെട്ട കാര്യം..
സൂര്യനാരായണൻ കൗതുകത്തോടെ ഓർത്തു…
പക്ഷെ.. അതിനു മുൻപേ.. അവൾ.. ശ്രീ രുദ്ര…സൂര്യനാരായണൻ ആരെന്ന് ശരിക്കും അറിയും.. അറിയണം..
സൂര്യൻ വീണ്ടും ചിരിച്ചു..
######## ########### ##############
ഭദ്ര ചായയുമായി വന്നപ്പോൾ ആദിത്യൻ ഫോണിൽ സംസാരിക്കുകയായിരുന്നു.. കൈയിലെ ചായ ഗ്ലാസ് ചാരുപടിയിൽ വെച്ചു അവൾ അവിടെ ഇരുന്നു.. ആദി സംസാരം അവസാനിപ്പിച്ചിട്ടും ഭദ്രയെ നോക്കിയതേയില്ല..
പത്രം എടുത്തവൻ ചാരുകസേരയിലേക്ക് ഇരുന്നതും ഭദ്ര പത്രത്താളിൽ പിടുത്തമിട്ടിരുന്നു..
“എന്താടി..?”
ആദിത്യൻ അവളെ തുറിച്ചു നോക്കി.. മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു..
ഭദ്ര ഒരിളിഞ്ഞ ചിരിയോടെ ഒന്നുമില്ലെന്ന് ചുമലിളക്കി കാണിച്ചു…
പിന്നെയും അവൾ പിടി വിടാതിരുന്നപ്പോൾ ആദിത്യൻ ചോദ്യഭാവത്തിൽ അവളെ നോക്കി..
“പിണക്കമാണോ..?”
തെല്ലൊരു കൊഞ്ചലോടെ ഭദ്ര ചോദിച്ചതും ആദിത്യൻ ദേഷ്യത്തോടെ അവളുടെ കൈ തട്ടിയെറിഞ്ഞു..
“വേഷം കെട്ടെടുക്കാതെ അകത്തു കയറി പോടീ പുല്ലേ..”
“ആഹാ… ന്നാ പിന്നെ പോയത് തന്നെ..”
പറഞ്ഞതും ഭദ്ര അവന്റെ കൈയിലിരുന്ന പത്രം തട്ടിപ്പറിച്ചു കൊണ്ടോടാൻ ശ്രെമിച്ചെങ്കിലും അവളുടെ വലം കൈയിൽ പിടുത്തം വീണിരുന്നു.. ആദിത്യന്റെ ഒറ്റ വലിയിൽ തന്നെ അവൾ തിരിഞ്ഞു അവന്റെ മടിയിലേക്ക് വീണിരുന്നു..
കുളി കഴിഞ്ഞു നനവാർന്ന മുടിയിഴകൾ ആദിത്യന്റെ മുഖത്തേക്ക് വീണു…
ഭദ്ര പിടഞ്ഞെഴുന്നേൽക്കാൻ ശ്രെമിച്ചെങ്കിലും ആദിത്യൻ പിടി വിട്ടില്ല..
“ഇന്നലെ വല്യ ഡിമാൻഡ് ആയിരുന്നല്ലോ.. പിന്നെ ഇന്നെന്തിനാടി കൊഞ്ചാൻ വരുന്നത്..?”
ഭദ്രയുടെ കാതോരമാണ് ചോദിച്ചത്.. അവളൊന്ന് പിടഞ്ഞു.. ആദിത്യന്റെ കൈകൾ അപ്പോഴും അവളെ വലയം ചെയ്തിരുന്നു..
“ആദിയേട്ടാ.. പ്ലീസ്.. ആരെങ്കിലും കാണും.. വിട്ടേ..”
ഭദ്ര കുതറാൻ ശ്രെമിച്ചു കൊണ്ടു പറഞ്ഞു..
പൂമുഖ വാതിലിലേക്ക് നോക്കി കൊണ്ടവൾ വീണ്ടും പറഞ്ഞു…
“ആദിയേട്ടാ.. അമ്മ…”
ആദിയുടെ പിടി ഒന്നയഞ്ഞതും അവളെഴുന്നേറ്റോടി..
“അമ്മ തന്ന ചായയാ… തണുത്തു പോവുമെന്ന് പറയാൻ വന്നതായിരുന്നു..”
അകത്തേക്ക് കയറുന്നതിനിടയിൽ ഭദ്ര വിളിച്ചു പറഞ്ഞു.. അവളുടെ പൊട്ടിച്ചിരി കേട്ടതും ആദിത്യൻ പല്ലിറുമ്മി..
“ഇതിനെല്ലാം ചേർത്ത് ഞാൻ തരുന്നുണ്ടെടി ഭദ്രകാളി.. ഓർത്ത് വെച്ചോ നീ..”
അവൻ പിറുപിറുത്തു കൊണ്ടു ചായ കൈയിൽ എടുത്തു.. അത് തണുത്തു തുടങ്ങിയിരുന്നു..
തെല്ലകലെ നാഗത്താൻ കാവിലെ പാലമരചുവട്ടിൽ എല്ലാം കണ്ടു കൊണ്ടിരുന്ന നാഗരക്ഷസ്സിന്റെ നീലമിഴികളിൽ പകയാളി..
പതിയെ അതിഴഞ്ഞെത്തിയത് തൊട്ടപ്പുറത്തെ കൽത്തറയിൽ ഇരുന്നവളുടെ കാൽ ചുവട്ടിലായിരുന്നു.. അവളുടെ നീണ്ട മുടിയിഴകൾ അഴിഞ്ഞു കിടന്നിരുന്നു.. മഷിയെഴുതാത്ത കണ്ണുകൾ കലങ്ങിയിരുന്നു..
“ഉത്തരാ..”
നാഗത്തിന് അപ്പോൾ അശ്വതി തമ്പുരാട്ടിയുടെ മുഖമായിരുന്നു..
“കണ്ടില്ലേ അവളെ..? നമ്മുടെ ജീവിതം ഇല്ലാതാക്കിയവളെ.. എന്നിട്ടിപ്പോൾ ന്റെ ഹരിയേട്ടനെ.. “
ആ ശബ്ദം നേർത്തതായിരുന്നു..
“വെച്ചേക്കില്ല ഞാനവളെ… അയാളെയും.. വരുത്തും ഞാനിവിടെ… എന്റെ മുന്നിൽ.. നമ്മുടെ മുന്നിൽ..”
ദാരികയുടെ അലർച്ചയും ഉച്ചത്തിലുള്ള സീൽക്കാരവും കേട്ടിട്ടും ഉത്തരയെന്ന് വിളിച്ചവൾ ശബ്ദിച്ചില്ല.. ഒരു വാക്കുപോലും ഉരിയാടിയില്ലവൾ…
ചുവന്നു കലങ്ങിയ അവളുടെ മിഴികളിൽ ഒരു മുഖം തെളിഞ്ഞു …
ദേവുവിന്റെ… നീല മിഴികളും കല്ലിച്ച മുഖഭാവവും ഉണ്ടായിരുന്നവൾ..
പിന്നെ പതിയെ ആ മുഖം ഭദ്രയുടേതായി.. ശ്രീ ഭദ്രയുടെ.. ആദിനാരായണൻറെ പത്നിയുടെ..
കാവിലെ നാഗത്തറയിൽ അപ്പോഴും കരിനാഗങ്ങൾ പത്തിവിടർത്തിയാടുന്നുണ്ടായിരുന്നു.. വരാൻ പോവുന്ന വിപത്തിനെ പറ്റിയുള്ള മുന്നറിയിപ്പെന്നോണം…
(തുടരും )
ഇപ്പോൾ കുറച്ചൂടെ കത്തിയല്ലോ.. ആ ഭദ്ര കൊച്ച് പണ്ട് മ്മടെ ഭൈരവൻ ചേട്ടന്റെ കൂടെ കറങ്ങി നടന്നു ഉണ്ടാക്കി വെച്ച ഗുലുമാലാണ് ഇതിനൊക്കെ കാരണം
എന്ത്, എങ്ങിനെ, എന്ത് ചെയ്യുമെന്നൊക്കെ വൈകാതെ പറയാം.. കിളികളെ പറത്തി വിട്ടവർ കൂടൊക്കെ റെഡി ആക്കി വെച്ചോ.. തിരിച്ചു കയറ്റണ്ടേ ഉടനെ
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
സൂര്യകാന്തിയുടെ മറ്റു നോവലുകൾ
🔻 ആരോ ഒരാൾ
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neelamizhikal second part of popular novel Nagamanikyam written by Sooryakanthi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ellam valare clear aayi kathunnund..edakkidakk off aay pokum